റോഡ് അപകടങ്ങൾക്ക് ഇന്നത്തെ കാലത്ത് വലിയ ആമുഖത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കാരണം റോഡ് അപകടങ്ങൾ ഇന്ന് നിത്യസംഭവമായി മാറിയിരിക്കുകയാണ്. റോഡിൽ പൊലിയുന്ന ജീവന്റെ വർധിച്ചു വരുന്ന കണക്കുകൾ ഭയാനകവും ഹൃദയഭേദകവുമാണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ രേഖകൾ പ്രകാരം, റോഡപകടങ്ങളുടെ എണ്ണം മണിക്കൂറിൽ 18 ആളുകളാണ്, പ്രതിദിനം ഏകദേശം 500 ഓളം ആളുകൾ റോഡപകടങ്ങളാൽ ബാധിക്കപ്പെടുന്നു.
നാളിതുവരെ അപകടങ്ങൾ സംഭവിക്കുന്നതിന് പിന്നിൽ നാം വിശ്വസിച്ചു പോന്നിരുന്ന കാരണങ്ങൾ എന്തൊക്കെ ആയിരുന്നു? അമിതവേഗത, ഡ്രൈവർമാരുടെ അശ്രദ്ധ, മദ്യപിച്ച് വാഹനമോടിക്കുക, ട്രാഫിക് നിയമങ്ങൾ ലംഘിക്കുക ?
മിക്ക മാരകമായ അപകടങ്ങളും സംഭവിക്കുന്നത് അമിതവേഗത മൂലമാണ്. മദ്യപിച്ച് വാഹനമോടിക്കുന്നതാണ് അപകടങ്ങളുടെ മറ്റൊരു കാരണം. വാഹനമോടിക്കുന്നവരുടെ ശ്രദ്ധക്കുറവും റോഡപകടങ്ങളുടെ മറ്റൊരു കാരണമാണ്. ഇങ്ങനെയൊക്കെയാണ് നിങ്ങളും വിശ്വസിച്ചിരുന്നതെങ്കിൽ അത് തിരുത്താനുള്ള സമയം എത്തിയിരിക്കുകയാണ് എന്ന്പറയുകയാണ് ഒരു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അമ്മയുടെയും ഭാര്യയുടെയും പ്രാത്ഥന കൊണ്ടാണ് ഇത്രയും നാള്‍ അപകടം ഉണ്ടാകാതെ വാഹനം ഓടിച്ചത്. ഡ്രൈവിംഗ് മാത്രം പഠിച്ചതുകൊണ്ട് കാര്യമില്ലെന്നും കൂടെ ഭാഗ്യവും വേണമെന്ന് ലൈസെൻസ് എടുക്കാൻ പോകുന്നവരോട് അദ്ദേഹത്തിന് പറയാനുള്ളത്. നാളെ നിരത്തിലിറങ്ങാനുള്ളവരോട് ട്രാഫിക് നിയമങ്ങളെ കുറിച്ചല്ല മറിച്ച് ഭാഗ്യത്തെ കുറിച്ചായിരുന്നു ഉദ്യോഗസ്ഥന്റെ ക്ലാസ്.
നമ്മുക്കെല്ലാം ലൈസൻസ് അനുവദിക്കുന്ന ഉദ്യോഗസ്ഥരുടെ ഡ്രൈവിംഗ് പ്രാവീണ്യത്തെ കുറിച്ച് നമ്മൾ ആരും ചിന്തിക്കാറില്ല. കാരണം , നമ്മുടെ വിശ്വാസം ഇതെല്ലാം തികഞ്ഞവർ ആയിരിക്കുമല്ലോ നമ്മുക്കും ലൈസൻസ് അനുവദിക്കുന്നത് എന്നാണ്. എന്നാൽ ഒരു കൂട്ടം ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് തനിക്ക് നന്നായി വാഹനമോടിക്കാൻ അറിയില്ലെന്ന് യാതൊരു നാണവുമില്ലാതെയാണ് ആ ഉദ്യോഗസ്ഥൻ തുറന്നു സമ്മതിക്കുന്നത്.
ഉദ്യോഗസ്ഥന്റെ വാക്കുകൾ
“ഇക്കണ്ട കാലം അത്രയും പഠിച്ച കോഴ്സുകളിൽ നിന്നും ഏറ്റവും അപകടകരമായ ഒന്നാണ് ഈ കോഴ്സ്. നിങ്ങൾ കൊലപാതകി ആകാം. വലിയൊരു കേസിലെ പ്രതിയാകാം. ചിലപ്പോൾ നേരെ ജയിലിലേക്ക് പോകാം. അതുകൊണ്ടുതന്നെ മറ്റ് ഏത് കോഴ്സുകൾ പഠിക്കുന്നതിനേക്കാൾ കൂടുതൽ ജാഗ്രത ഇവിടെ വേണം. ഒരു ഭാഗ്യം കൂടി ഇതിനകത്ത് ആവശ്യമാണ്.
ആലപ്പുഴയിൽ നിന്ന് ഞാൻ ഏതാണ്ട് 9 മണിക്ക് ഇറങ്ങി. ദുർഘടമായ പാതയിലൂടെ കടന്നു വന്നു. രണ്ടു സ്ഥലത്ത് എൻ്റെ വണ്ടി തട്ടാൻ പോയി. രണ്ട് അപകടങ്ങൾ സംഭവിക്കേണ്ടതായിരുന്നു. ബ്രേക്ക് ചവിട്ടാൻ ഞാൻ ഡ്രൈവറോട് പെട്ടെന്ന് പറഞ്ഞു. അപ്പോഴാണ് ഡ്രൈവർ വണ്ടി നിർത്തുന്നത്.
ഓഫീസിൽ നിന്ന് വീട്ടിലേക്ക് എത്രയോ കിലോമീറ്റർ സഞ്ചരിക്കുന്നു. ഒരു കാര്യം എനിക്ക് തീർത്തു പറയാൻ ആകും. ഇക്കണ്ട കാലമത്രയും വണ്ടിയോടിച്ച് വീട്ടിലെത്തിയത് എൻറെ മിടുക്ക് കൊണ്ടല്ല. വീട്ടിലിരിക്കുന്ന ഭാര്യയുടെയും അമ്മയുടെയും പ്രാർത്ഥന
കൊണ്ടാണ്. നമ്മൾ എത്ര ശരിയായാലും എത്ര കൃത്യമായി വാഹനമോടിച്ചാലും എതിരെ വരുന്നവർ അങ്ങനെ ആവണമെന്നില്ല. നമ്മുടെ സമീപത്തുകൂടി വാഹനം ഓടിക്കുന്നവർ കൃത്യമായിരിക്കണം എന്നില്ല. അതുകൊണ്ടാണ് ഞാൻ ആദ്യം പറഞ്ഞത് ഒരു ഭാഗ്യം കൊണ്ട് അല്ലെങ്കിൽ വീട്ടിൽ ഇരിക്കുന്നവരുടെ പ്രാർത്ഥന കൊണ്ട് ഞാൻ വാഹനമോടിച്ച് വീട്ടിൽ എത്തുന്നു എന്ന്. ഞാനും പ്രമോദും സിറ്റിയിലൂടെ ചെത്തി വാഹനം ഓടിച്ച് നടന്നവരാണ്. അതിലൊന്നും ഒരു കാര്യവും ഉണ്ടായിരുന്നില്ല ഇപ്പോൾ മനസ്സിലാകുന്നു. അന്ന് എന്തൊക്കെയോ ഭാഗ്യം കൊണ്ട് എവിടെയും ഇടിക്കാതെ തലകുത്തിമറിയാതെ രക്ഷപ്പെട്ട ഇവിടം വരെയൊക്കെ എത്തി.
ഞാൻ ലക്ഷക്കണക്കിന് ആളുകൾക്ക് ലൈസൻസ് കൊടുത്ത ഉദ്യോഗസ്ഥനാണ്. അവരൊക്കെ റോഡിൽ വണ്ടിയോടിക്കുന്നു. പക്ഷേ ഞാൻ പറയുന്നു എൻറെ ഡ്രൈവിംഗ് അത്ര പെർഫെക്റ്റ് അല്ല. ഏതുസമയത്തും അപകടം നമ്മുടെ തൊട്ടുമുന്നിൽ ഉണ്ട്. ഒരടി മുന്നിൽ നമ്മുടെ മരണമുണ്ട്. വാഹന ഓടിക്കുന്ന ഓരോരുത്തരുടെയും മുന്നിലുണ്ട്. പക്ഷേ എല്ലാവരുടെയും വിചാരം താൻ പെർഫെക്റ്റ് ഡ്രൈവർ ആണെന്നാണ്. തനിക്കൊന്നും വരാനില്ല, അപകടം മറ്റാർക്കും പറഞ്ഞിട്ടുള്ളതാണ്, എന്നിലേക്ക് ഇത് ഒരിക്കലും പാഞ്ഞു കയറില്ല എന്നാണ് വിശ്വാസം. ഈ ദുരവസ്ഥ നമ്മുടെ ജീവിതത്തിൽ പാഞ്ഞു കയറാൻ ഒരു സെക്കൻഡ് വേണ്ട. ഒറ്റ സെക്കൻഡ് വേണ്ട നമ്മൾ കിടക്കയിൽ ആയി പോകാൻ. നിങ്ങളുടെ വെട്ടിക്കീറിയ തുന്നിക്കെട്ടിയ ശവശരീരം നിങ്ങളുടെ വീട്ടുമുറ്റത്തേക്ക് എത്തിക്കാൻ ഒരു സെക്കൻഡ് വേണ്ട. ഒരു നിമിഷത്തെ തെറ്റ് വേണ്ട, അത് നിങ്ങളുടെ വേണ്ട, മറ്റൊരാളുടെ അഭ്യാസങ്ങളും നിയമലംഘനങ്ങളും മതി. നമ്മൾ എത്ര തന്നെ വിദ്യാഭ്യാസം നേടിയിരുന്നാലും നാട്ടുകാരെ കൊണ്ട് നല്ലത് പറയിച്ചാലും എത്ര സൗന്ദര്യമുള്ളവർ ആയിരുന്നാലും എത്ര ആരോഗ്യമുള്ളവർ ആയിരുന്നാലും ഈ റോഡിലേക്ക് ഇറങ്ങി റോഡ് മുറിച്ച് കടക്കുമ്പോൾ ഒരാൾ ഇടിച്ചാൽ തീരാവുന്ന സംഗതിയെ ഉള്ളൂ. അതുകൊണ്ടാണ് ഞാൻ ആദ്യം പറഞ്ഞത് ഒരു ഭാഗ്യം കൊണ്ടാണ് ഞാൻ ഇന്നിവിടെ നിൽക്കുന്നതെന്ന്. ഇക്കണ്ട കാലം അത്രയും വണ്ടിയോടിച്ച് വീട്ടിലെത്തിയതെന്നും.
ഏറ്റവും ആദ്യം നമ്മളിൽ നിന്ന് ഒഴിവാക്കേണ്ടത് അഹങ്കാരമാണ്. നമ്മളുടെ കഴിവുകൊണ്ടല്ല നാം വാഹനം ഓടിച്ച് സുരക്ഷിതരായി വീട്ടിൽ എത്തുന്നത്. അപകടം നമുക്ക് കൂടി പറഞ്ഞിട്ടുള്ളതാണ്. ഏതു സമയത്ത് വേണമെങ്കിലും നാം അതിലേക്ക് വഴുതിവീഴാം. നാം അതിനൊന്നും അപ്പുറമല്ല. റോഡ് എല്ലാവർക്കുമുള്ളതാണ്. സ്നേഹത്തോടെയും സൗഹൃദത്തോടെയും കരുണയോടെയും എല്ലാവരും റോഡ് പങ്കിടണം . റോഡിൻറെ പ്രശ്നങ്ങൾ കൊണ്ടും കാലാവസ്ഥ വ്യതിയാനങ്ങൾ കൊണ്ടും ഉണ്ടാകുന്ന അപകടങ്ങൾ ഒരു ചെറിയ ശതമാനത്തിൽ ഒതുങ്ങും. വലിയ ശതമാനം നമ്മുടെ പിഴവാണ്. നമ്മുടെ കണക്കുകൂട്ടൽ ഇല്ല എന്ന്. അല്ലെങ്കിൽ നമ്മുടെ അഹങ്കാരം”.
അഞ്ചാം ക്ലാസിലെ മോറൽ സയൻസ് ക്ലാസ്സെടുക്കുന്ന ലാഘവത്തോടെ റോഡ് സുരക്ഷയെ കുറിച്ച് വളരെ ഉയർന്ന പദവിയിൽ ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥന് എങ്ങനെ സംസാരിക്കാൻ സാധിക്കുന്നു? ഈ സുവിശേഷം കൊണ്ടൊന്നും ഒരു രക്ഷയുമില്ല. നല്ലത് വരുമ്പോൾ ഭാഗ്യം എന്നും മോശമായത് വരുമ്പോൾ വിധിയെന്നും പറഞ്ഞു പഠിപ്പിക്കുന്ന ഒരു തലമുറയിലെ തലമൂത്ത അംഗമായേ അദ്ദേഹത്തെ കാണാൻ കഴിയു. അപകടം സംഭവിക്കാത്തത് ഭാഗ്യം കൊണ്ട് ആണെന്ന് അഭിമാനത്തോടെ വിളിച്ചു പറയുമ്പോൾ, അപകടം സംഭവിച്ചവരെല്ലാം ഭാഗ്യമില്ലാത്തവർ ആയിരുന്നെന്നാന്നോ അങ്ങ് പൊതുസമൂഹത്തോട് പറയാൻ ശ്രമിക്കുന്നത് ? ‘ഇക്കണ്ട കാലമത്രയും’ അങ്ങ് വീട്ടിലെത്തിയത് ഭാര്യയുടെയും അമ്മയുടെയും പ്രാർത്ഥന കൊണ്ടാണെങ്കിൽ, വെള്ളപുതച്ച് വീട്ടിലെത്തിയവരുടെ ഭാര്യയുടെയും അമ്മയുടെയും പ്രാർത്ഥന പോരാഞ്ഞിട്ടാണോ അവരുടെ ചോര റോഡിൽ ചിന്തിയത്?
ഡ്രൈവിങ്ങിൽ ഭാഗ്യം എന്നൊന്നില്ല .അറിവും എക്സ്പീരിയൻസും,വിട്ടുവീഴ്ച മനോഭാവവും ആണ് അപകടരഹിതമായി നമ്മെ മുന്നോട്ട് നയിക്കുന്നത്. മോശമല്ലാത്ത വാഹനമോടിക്കുമെന്ന് ഉറപ്പിച്ച് പറയാൻ കഴിയാത്ത ഒരാൾ ലക്ഷകണക്കിന് ആളുകൾക്ക് ലൈസൻസ് അനുവദിക്കുന്നു എന്നതാണ് ഇതിലെ മറ്റൊരു വിരോധാഭാസം. റോഡിലെ പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന വാഹനാപകടങ്ങളെ പോലും ചെറിയൊരു ശതമാനത്തിൽ ഒതുക്കി അദ്ദേഹം ആരെയാണ് വെള്ളപൂശാൻ ശ്രമിക്കുന്നതെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. അത്തരത്തിൽ വാഹനമോടിക്കാൻ അറിയാത്ത, നിരത്തിലെ ഭാഗ്യ പരീക്ഷണങ്ങളെ കുറിച്ച് മാത്രം 15 മിനുട്ട് ക്ലാസ്സിൽ വാചാലനാകുന്ന ഒരാൾ പറയുന്നത് കേൾക്കണോ അതോ നിങ്ങളുടെ യുക്തി പറയുന്നത് കേൾക്കണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.