പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻറ് നാളെ പ്രസിദ്ധീകരിക്കും. നാളെ രാവിലെ മുതൽ സ്കൂളിൽ ചേരാവുന്ന വിധത്തിലാണ് അലോട്ട്മെൻറ് ക്രമീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുവരെ സ്കൂളിൽ ചേരാം. 19-നാണ് മുഖ്യ അലോട്‌മെന്റ് ഘട്ടം പൂർത്തിയാകുക. അതിനിടെ മൂന്ന് അലോട്‌മെന്റുകളുണ്ടാകും. ക്ലാസ് ജൂൺ 24-നു തുടങ്ങും.മുഖ്യ അലോട്മെന്റിൽ പ്രവേശനം കിട്ടാത്തവർ സപ്ലിമെന്ററിയിൽ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കണം. നേരത്തേ അപേക്ഷിക്കാത്തവർക്കും അപ്പോൾ അപേക്ഷിക്കാം. ജൂലായ് രണ്ടുമുതൽ 31 വരെയാണ് സപ്ലിമെന്ററി അലോട്‌മെന്റ്.
ട്രയൽ അലോട്‌മെന്റിൽ 2,44,618 പേരാണ് ഉൾപ്പെട്ടിരുന്നത്. 2.5 ലക്ഷത്തോളം പേർ ആദ്യ അലോട്‌മെന്റിൽ ഉൾപ്പെടുമെന്നാണ് അറിയുന്നത്. കാൻഡിഡേറ്റ് ലോഗിനിലെ ഫസ്റ്റ് അലോട്‌മെന്റ് റിസൽറ്റ് എന്ന ലിങ്കിലൂടെയാണ് പ്രവേശന സാധ്യത പരിശോധിക്കേണ്ടത്. അലോട്‌മെന്റ് ലഭിച്ചവർ ഈ ലിങ്കിലൂടെ രണ്ടുപേജുള്ള അലോട്‌മെന്റ് കത്തുപരിശോധിച്ച് തങ്ങൾക്ക് അനുവദിക്കപ്പെട്ട സ്കൂൾ മനസ്സിലാക്കണം. അവിടെ നിശ്ചിതസമയത്തു ഹാജരാകണം. അലോട്‌മെന്റ് കത്തിന്റെ പ്രിന്റെടുക്കേണ്ടതില്ല. ചേരുമ്പോൾ സ്കൂളിൽനിന്ന് പ്രിന്റെടുത്തു നൽകും.
ആദ്യ ഓപ്ഷനിൽത്തന്നെ അലോട്‌മെന്റ് ലഭിച്ചവർ ഫീസടച്ച് നിർബന്ധമായും സ്ഥിരംപ്രവേശനം നേടണം. മറ്റുള്ളവർക്ക് താത്കാലിക പ്രവേശനത്തിന് അവസരമുണ്ട്. അവർ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. ഫീസടക്കേണ്ടതില്ല. മൂന്ന് അലോട്‌മെന്റുകളാണ് മുഖ്യഘട്ടത്തിലുള്ളത്. രണ്ടാം അലോട്‌മെന്റിനുകൂടി ഇതേരീതിയിൽ താത്കാലിക പ്രവേശനം സാധ്യമാണ്. എന്നാൽ, മൂന്നാമത്തെ അലോട്‌മെന്റിൽ സ്ഥിരമായി സ്കൂളിൽ ചേരണം.
ആകെ സീറ്റ് 4,33,471, അപേക്ഷകർ 4,65,815
പ്ലസ്‌വൺ പ്രവേശനത്തിന് ഇത്തവണ ലഭിച്ചത് 4,65,815 അപേക്ഷകളാണ്. ഏഴു ജില്ലകളിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 30 ശതമാനം സീറ്റു വർധനയ്ക്കൊപ്പം കഴിഞ്ഞ അധ്യയനവർഷത്തെ അധിക ബാച്ചുകൾ നിലനിർത്തുക കൂടി ചെയ്തപ്പോൾ ഈ അധ്യയനവർഷത്തെ സീറ്റെണ്ണം 4,33,471 ആയി. അപക്ഷകരും ആകെ സീറ്റും തമ്മിലുള്ള വ്യത്യാസം 32,344 മാത്രം.
മെറിറ്റ് സീറ്റുകൾക്കൊപ്പം മാനേജ്‌മെന്റ്, കമ്യൂണിറ്റി, അൺ എയ്ഡഡ് വിഭാഗങ്ങളിലെ സീറ്റുകൂടി ചേർത്താണ് ആകെ സീറ്റ് കണക്കാക്കുന്നത്.
ഏകജാലകംവഴി പ്രവേശനം നടത്തുന്ന ആകെ മെറിറ്റ് സീറ്റ് 3,06,215 ആണ്. സയൻസ് -1,46,280, ഹ്യുമാനിറ്റീസ് -69,972, കൊമേഴ്‌സ് -89,963. സംസ്ഥാനത്ത് ഏറ്റവുമധികം അപേക്ഷകരുള്ള മലപ്പുറം ജില്ലയാണ് സീറ്റെണ്ണത്തിലും മുന്നിൽ. ആകെ സീറ്റ് 71,036. അപേക്ഷകർ 82,426.
പത്താംക്ലാസ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് സ്വീകരിക്കും
പത്താംക്ലാസ് സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലാണ് പ്രവേശനസമയത്തു വേണ്ടത്. ബന്ധപ്പെട്ട ബോർഡുകളിൽനിന്ന് യോഗ്യതാസർട്ടിഫിക്കറ്റ് ലഭിക്കാത്തവർക്ക് അസൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സമയമനുവദിക്കും. ഇവർ പ്രവേശനസമയത്ത് മാർക്ക് ലിസ്റ്റിന്റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കിയാൽ മതി. ഡിജിറ്റൽ സർട്ടിഫിക്കറ്റും സ്വീകരിക്കും. ബോണസ് പോയിന്റ്, ടൈ ബ്രേക്ക് പോയിന്റ് എന്നിവയുമായി ബന്ധപ്പെട്ട അസൽ രേഖകൾ നിർബന്ധമാണ്.
സാമുദായിക സംവരണം ലഭിക്കുന്നതിന് എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിലെ സമുദായ വിവരങ്ങൾ മതിയാകും. സേനാവിഭാഗങ്ങളിൽ സർവീസിലുള്ളവരുടെ ആശ്രിത ആനുകൂല്യത്തിന് സർവീസ് സർട്ടിഫിക്കറ്റ് വേണം. വിരമിച്ചവരുടെ ആശ്രിതർ സൈനിക വെൽഫെയർ ബോർഡിൽനിന്നുള്ള സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.
അലോട്‌മെന്റ് കത്തു പ്രകാരമുള്ള ഫീസ് മാത്രം
:ഫീസ് എത്രയെന്ന് അലോട്‌മെന്റ് കത്തിൽ വിശദമാക്കുന്നുണ്ട്. ഫീസിനത്തിൽ അതുമാത്രം അടച്ചാൽ മതിയാകും. എസ്.സി., എസ്.ടി., ഒ.ഇ.സി. വിദ്യാർഥികൾ കോഷൻ ഡിപ്പോസിറ്റ് (സയൻസ്- 150, ഹ്യൂമാനിറ്റീസ്-കൊമേഴ്‌സ് 100) നൽകിയാൽ മതി. സർക്കാർ ഉത്തരവുപ്രകാരം സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പി.ടി.എ. അംഗത്വം രക്ഷിതാക്കൾക്കു നിർബന്ധമാണ്. ഹയർസെക്കൻഡറി വിഭാഗത്തിന് വർഷം 100 രൂപയാണ് അംഗത്വഫീസ്. പട്ടികജാതി-വിഭാഗങ്ങൾക്കും സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്നവർക്കും അംഗത്വഫീസ് നിർബന്ധമല്ല. മുൻവർഷത്തെ മൂന്നാംടേമിലെ പി.ടി.എ. ജനറൽ ബോഡിയുടെ തീരുമാനപ്രകാരം രക്ഷിതാവിൽനിന്ന് പരമാവധി 400 രൂപ പി.ടി.എ. ഫണ്ട് ശേഖരിക്കാം.