കാഴ്ച്ചയിൽ തക്കാളിയെപ്പോലെ തോന്നിക്കുന്നതും ഓറഞ്ച് നിറത്തിലുള്ള നേർത്ത തൊലിയുള്ളതും അകം നിറയെ അതിമധുരവും രുചികരവുമായ കാമ്പോടുകൂടിയതുമായ ഒരു പഴമാണ് കാക്കിപ്പഴം അഥവാ കാക്കപ്പനച്ചിപ്പഴം. പുരാതന ഗ്രീക്കുകാർക്കിടയിൽ ഇത് ദൈവങ്ങളുടെ പഴം, പ്രകൃതിയുടെ കൽക്കണ്ടം എന്നൊക്കെ അറിയപ്പെട്ടു. ഹോമറുടെ ഓഡീസിയിൽ ഒഡീസിയസിന്റെ സഹനാവികരെ മോഹിപ്പിച്ച മധുരഫലം ഇതായിരുന്നു എന്നു കരുതുന്നവരുണ്ട്. കാക്കി പഴം ഉള്ളിൽ നല്ല മധുരം ആണ് .
അറുപതടി ഉയരത്തിലും 25 അടി ഇലപ്പടർപ്പു വിസ്താരത്തിലും വളരാവുന്ന കാക്കിപ്പഴമരം പത്തടി മാത്രം ഉയരത്തിലുള്ള കുറ്റിച്ചെടിയായും വളരും. വിത്തുമുളപ്പിച്ചാണ് വളർത്തുന്നതെങ്കിൽ ഏഴാം വർഷം കായ്ഫലം തന്നു തുടങ്ങുന്ന മരം മുപ്പതുമുതൽ അമ്പതുവർഷം വരെ കായ്ക്കും. പൂക്കളിൽ സ്വയം പരാഗണം നടന്നാണെങ്കിലും കായ്കൾ ഉണ്ടാവുമെങ്കിലും അത്തരം കായ്കളിൽ വിത്തുണ്ടാവില്ല. ഇളം പച്ച നിറത്തിലുള്ള ഇലകൾ, ക്രമേണ മഞ്ഞയും ഓറഞ്ചും ചുവപ്പുമായി മാറി, കായ്കൾ വിളയുന്നതിനു മുമ്പു കൊഴിയും. പൊതുവെ കീടബാധ ഏൽക്കാത്ത ഫലവൃക്ഷങ്ങളിലൊന്നാണ് കാക്കിപ്പഴമരം.
സാധാരണ ഗതിയിൽ മാർച്ചുമുതൽ ജൂൺ വരെയുള്ള കാലത്താണ് പൂക്കൾ ഉണ്ടാവുന്നത്. ഉയർന്ന താപനിലയിൽ പൂക്കൾ നിലനിൽക്കില്ല എന്നതിനാൽ കേരളത്തിലെ പൊതുവെ മുപ്പതു ഡിഗ്രിയിൽ താഴെ തണുപ്പുള്ള മലനിരകളിലാണ് കാക്കിപ്പഴം കൃഷി ചെയ്യാൻ നല്ലത്. തമിഴ് നാട്ടിലെ കൂനൂരിൽ ധാരാളം മരങ്ങൾ കൃഷിചെയ്യുന്നുണ്ട്.
അധികം നനവ് ആവശ്യമില്ലാത്ത ഈ മരങ്ങൾക്ക് പരിചരണവും കാര്യമായി ആവശ്യമില്ല. രോഗ കീടബാധകൾ പൊതുവെ കുറവാണ്. വിളഞ്ഞ പഴം കൊഴിഞ്ഞു വീഴുന്ന കാലത്ത് ഈ മരത്തിനടുത്ത് നിരവധി ജീവജാലങ്ങൾ സഞ്ചാരികളായും ഭക്ഷണപ്രിയരായും എത്താറുണ്ട്. തേനീച്ച മുതൽ ശലഭങ്ങൾ വരെയും അണ്ണാൻ മുതൽ കുരങ്ങൻ വരെയും.
കാക്കിപ്പഴത്തിന്റെ ഏകദേശം അൻപതു വിത്തുകൾ അടങ്ങിയ ഒരു പാക്കറ്റിന് ഇന്ത്യയിൽ 700 രൂപയാണ് വില. പഴത്തിന് കിലോഗ്രാമിന് 750 രൂപ വരെ പൊതുവിപണിയിൽ ലഭിക്കും. ഒരു കാക്കിപ്പഴത്തിന് ഏകദേശം 80 ഗ്രാം മുതൽ 150 ഗ്രാം വരെ ഭാരമുണ്ടാവും.