തകർന്ന് തരിപ്പണമായിരിക്കുകയാണ് തൃശ്ശൂരിലെ കോൺഗ്രസ്. പാർലമെന്റ് മണ്ഡലത്തിന്റെ 72 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 85,000 വോട്ടാണ് ചോർന്നത്. ഏഴു നിയമസഭാ മണ്ഡലങ്ങളിൽ മുസ്ലിം ലീഗിന് വലിയ സ്വാധീനമുള്ള ഗുരുവായൂരിൽ 7406 വോട്ടിന് യുഡിഎഫ് ലീഡ് ചെയ്തു. ലീഗ് തടയിട്ടില്ലായിരുന്നുവെങ്കിൽ സമ്പൂർണ്ണ പരാജയത്തിലേക്ക് കോൺഗ്രസ് കൂപ്പുക്കുത്തിയേനെ. ഈ തകർച്ച സുരേഷ് ഗോപിയോ ബിജെപിയോ സമ്മാനിച്ചതല്ല.
1952 ൽ തുടങ്ങിയ മുന്നേറ്റം ഇതുപോലെ തകർന്നുപോയത് കഴിഞ്ഞ അഞ്ചുവർഷം കൊണ്ടാണ്. ജോസ് വള്ളൂരിനെ ഡിസിസി പ്രസിഡണ്ടാക്കിയതോടെ ഗ്രൂപ്പ് പരസ്യമായി രംഗത്തുവന്നു. സമാന്തര ഡിസിസി യോഗം പോലും പ്രഖ്യാപിച്ചു. ഒത്തുതീർപ്പുണ്ടാക്കിയത് കസേര കിട്ടാത്ത എല്ലാ നേതാക്കൾക്കും പലയിടത്തും കസേര നൽകിയാണ്.
20 വർഷമായി പാർട്ടിക്ക് വേണ്ടി പോരാടിയ നൂറുകണക്കിന് പ്രാദേശിക നേതാക്കൾ തഴയപ്പെട്ടു. ഒടുവിൽ ഒത്തുതീർപ്പ് എന്ന നിലയിൽ ഈ ഗ്രൂപ്പ് നേതാക്കളും ജോസ് വള്ളൂരും ടി എൻ പ്രതാപനും ചർച്ചയിലൂടെ എല്ലാം പങ്കിട്ടെടുത്തു. പിന്നീട് നടന്ന സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് പാർട്ടിയുടെ ദുരവസ്ഥയുടെ ചിത്രമായി മാറി. 11 തിരഞ്ഞെടുപ്പുകളിൽ പത്തിടത്തും ഡിസിസി ഔദ്യോഗിക നേതൃത്വത്തിന്റെ പാനൽ തോറ്റു സമാന്തര കോൺഗ്രസ് പാനൽ വിജയിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ താൻ മത്സരിക്കുന്നില്ലെന്ന് ടി എൻ പ്രതാപൻ പരസ്യമായി പ്രഖ്യാപിച്ചു. പകരക്കാരനായി വി ടി ബൽറാമിനെ പുറത്ത് പറയാതെ അവതരിപ്പിച്ചു. മണലൂരിൽ നിന്ന് നിയമസഭയിലേക്ക് പ്രതാപൻ മത്സരിക്കുക എന്നത് അനൗദ്യോഗികമായി പ്രചരിപ്പിക്കുകയും ചെയ്തു.
പിന്നീടുള്ള പ്രവർത്തനവും മണലൂരിൽ കേന്ദ്രീകരിച്ചായിരുന്നു. പാർട്ടിയുടെ വയനാട് സമ്മേളനത്തിൽ വി ഡി സതീശൻ പൊട്ടിത്തെറിച്ചതോടെ പ്രതാപൻ വീണ്ടും മത്സര രംഗത്ത് വന്നു. ഈ ഇടവേളയും ആശയക്കുഴപ്പമുണ്ടാക്കിയ തളർച്ച ചെറുതല്ല.
കെപിസിസി വൈസ് പ്രസിഡന്റ് പത്മജാ വേണുഗോപാൽ ബിജെപിയിലേക്ക് പോയപ്പോഴാണ് വടകരയിൽ പോസ്റ്റർ ഒട്ടിച്ച് ജോലി തുടങ്ങിയ കെ മുരളീധരനെ തൃശ്ശൂരിലേക്ക് കൊണ്ടുവന്നത്. കെ കരുണാകരന്റെ മകൾ ബിജെപിയിലേക്ക് പോയതിന് നേരിടാൻ മകനെ ഇറക്കി എന്നായിരുന്നു വിശദീകരണം. പ്രതാപന് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് സ്ഥാനം നൽകുകയും ചെയ്തു.
മുരളി വന്നത് വലിയ ഓളത്തോടയായിരുന്നു. ശക്തമായ മുന്നേറ്റം മുരളിയുടെ വിജയത്തിലേക്ക് നയിക്കും എന്ന് പോലും തോന്നിപ്പിച്ചതായിരുന്നു ആദ്യ ദിവസങ്ങൾ. പക്ഷേ പിന്നീട് കോൺഗ്രസ് പുറകോട്ട് പോയി. 200 ബൂത്തുകളിൽ പ്രവർത്തനം ഉണ്ടായില്ലെന്നു കെപിസിസി യോഗത്തിൽ മുരളി പരാതിപെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അത് ശരിയായിരുന്നു എന്ന് തിരഞ്ഞെടുപ്പ് ദിവസത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ വ്യക്തമാകും.
പലയിടത്തും അടിത്തട്ടിൽ പ്രവർത്തനം നടന്നതേയില്ല. ഇത് കൃത്യമായി വിലയിരുത്താനോ തിരുത്താനോ ആരുമില്ലാതെയായി പോയി. എല്ലാവരും സ്വന്തം തട്ടകങ്ങളിലേക്ക് ചുരുങ്ങുന്ന കാഴ്ച പ്രകടമായിരുന്നു. വരാൻപോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ കളമൊരുക്കുകയായിരുന്നു നേതാക്കൾ പലരും. വോട്ട് ചേർത്താൻ പോലും ഏകീകരിച്ചു നടത്താനായില്ല.
ന്യൂനപക്ഷ സമുദായ വോട്ടുകൾ കൈവിട്ടെന്ന് കെ മുരളീധരൻ വിശദീകരിക്കുമ്പോഴും ഒരു ചോദ്യം ബാക്കിയാകുന്നു. അതുകൊണ്ട് മാത്രം 85,000 വോട്ട് ചോരുന്നതിനും തകർച്ചക്കും ഇടിയാകുമോ. സിപിഎം വോട്ടുകൾ ചോർന്നുവെന്നും കോൺഗ്രസ് ആരോപിക്കുന്നുണ്ട് പക്ഷേ ഇത് കണക്കുകളിൽ തെളിയിക്കാനാകില്ല.
എൽഡിഎഫിനെ 12,000 വോട്ട് കൂടുതൽ കിട്ടിയിട്ടുണ്ട്. പത്മജ പറഞ്ഞ ഒരു കാര്യം ഇവിടെ പ്രസക്തമാവുകയാണ്. കൂടെ നിൽക്കുന്നവർ തന്നെ മുരളിയേട്ടനെ വെട്ടും. കെ കരുണാകരൻ ഇതേ മണ്ഡലത്തിൽ തോറ്റപ്പോൾ പറഞ്ഞതും ഇതുതന്നെയാണ്. തോൽവിക്ക് ശേഷം മുരളി നടത്തിയ പത്രസമ്മേളനത്തിൽ സൗമ്യതയോടെയാണ് പ്രതികരിച്ചത്. ഇത് തുടരുമെന്ന് കരുതാനാകില്ല. കാരണം തൃശ്ശൂരിലെ കോൺഗ്രസിലെ പ്രശ്നം അത്രയേറെ ഗുരുതരമാണ്. ഇത്ര വലിയ അടിയേറ്റാൽ തലകുനിച്ചു തിരിച്ചു പോകുന്ന ആളല്ല കെ മുരളിധരൻ.