വിദൂര രാജ്യമായ മംഗോളിയയിലെ പുൽമേടുകളിലെ ഗോത്രത്തിൽ നിന്നുള്ള ഒരു ചെറുപ്പക്കാരൻ പിൽക്കാലത്ത് ലോകം വിറപ്പിച്ച ഒരു സൈനിക ജനറലായി മാറിയ കഥ കേട്ടിട്ടുണ്ടോ? യൂറോപ്പ് ഉൾപ്പെടെ വിവിധ ഇടങ്ങളിലേക്ക് നിരവധി പടയോട്ടങ്ങൾ നടത്തി ലോക ഗതിയെ തന്നെ മാറ്റിമറിച്ച ആ ചെറുപ്പക്കാരൻ ചരിത്രത്തിൽ അറിയപ്പെട്ടത് ചെങ്കിസ് ഖാൻ എന്ന പേരിലായിരുന്നു. അന്നുമുതൽ ഇങ്ങോട്ടുള്ള യുദ്ധ രീതികളിൽ എല്ലാം വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ചെങ്കിസ് ഖാന് സാധിച്ചു.
ധാരാളം മുസ്ലിം ഭരണ പ്രദേശങ്ങൾ തകർത്തു തരിപ്പണമാക്കി അവിടങ്ങളിലെല്ലാം മരണവും നാശവും മാത്രം ബാക്കിവെച്ച കരുണയില്ലാത്ത അതിക്രമകാരികളായിരുന്ന ഇവർക്ക്, പിന്നീട് സംഭവിച്ച ഇസ്ലാമിലേക്കുള്ള പരിവർത്തന ചരിത്രം ഏറെ ആശ്ചര്യപ്പെടുത്തുന്നതാണ്.
ഇന്നും സൈനിക ആക്രമണങ്ങളിൽ ചെങ്കിസ്ഖാന്റെ സ്വാധീനം കാണാമെന്നാണ് വിദഗ്ധർ പറയുന്നത്. ചാരൻമാരെ ഉപയോഗിച്ചുള്ള വിവരശേഖരണം, വളരെ അച്ചടക്കമുള്ള കമാൻഡ് യൂണിറ്റ്,മികവുറ്റ സപ്ലൈ ചെയിൻ മാനേജ്‌മെന്‌റ് എന്നിവയൊക്കെ മംഗോൾ ആർമിയുടെ പ്രത്യേകതകളായിരുന്നു. ചെങ്കിസ് ഖാനാണ് ഇതിനെല്ലാം തുടക്കമിട്ടത്. ഇവയെല്ലാം ഇന്നത്തെ കാലത്തെ സൈന്യങ്ങളും അവലംബിക്കുന്നുണ്ട്.
ഇന്നത്തെ മംഗോളിയയുടെയും സൈബീരിയയുടെയും അതിർത്തി പ്രദേശത്തായിരുന്നു തെമുജിൻ എന്ന പേരിൽ 1162ൽ ചെങ്കിസ് ഖാന്റെ ജനനം. പുൽമേടുകൾ നിറഞ്ഞ ഇവിടെ ജീവിച്ച നാടോടി ഗോത്രങ്ങൾ പരസ്പരം പോരാടിക്കൊണ്ടിരുന്നു. കഠിനമായ ജീവിതരീതിയായിരുന്നു അവിടെ. കൊച്ചു തെമുജിന് 10 വയസ്സ് തികയുംമുൻപ് അവന്റെ അച്ഛനെ ആരോ ശത്രുക്കൾ വിഷം കൊടുത്തു കൊന്നു. തങ്ങൾക്ക് ബാധ്യതയായി മാറിയ ചെങ്കിസിനെയും ആറു സഹോദരൻമാരെയും അമ്മയെയും ഗോത്രം ഉപേക്ഷിച്ചു.
ലോകത്തിന്റെ ഭരണാധികാരി
1178ൽ തെമുജിൻ വിവാഹിതനായി. ബോർട്ടെ എന്ന യുവതിയെയാണ് അയാൾ വിവാഹം കഴിച്ചത്. ആ ബന്ധത്തിൽ കുറെ കുട്ടികളുമുണ്ടായി. ഇടയ്‌ക്കൊരുനാൾ ബോർട്ടെയെ ശത്രുഗോത്രത്തിലെ പടയാളികൾ തട്ടിക്കൊണ്ടുപോയി. ആ സംഭവമായിരുന്നു തെമുജിനിലെ പോരാളിയുടെ ഉദയത്തിന് കാരണമായത്. തന്റെ പ്രിയതമയെ വീണ്ടെടുക്കാനായി തെമുജിൻ ശ്രമങ്ങൾ തുടരുകയും മാസങ്ങൾക്കു ശേഷം ഒരു പോരാട്ടത്തിലൂടെ അതു സാധിക്കുകയും ചെയ്തു. തെമുജിന് ധാരാളം അനുയായികളുണ്ടായി.മംഗോളിയയിൽ പരസ്പരം പോരടിച്ചു നിന്ന ഗോത്രങ്ങൾ അയാൾക്കു പിന്നിൽ അണിനിരന്നു. തുടർന്ന് ലോകത്തിന്റെ ഭരണാധികാരി എന്നർഥം വരുന്ന ‘ചെങ്കിസ് ഖാൻ’ എന്ന പേര് തെമുജിൻ സ്വീകരിച്ചു.
പുറത്തുനിന്ന് കാണുന്നവർക്ക് അയാൾ ക്രൂരനായ ആക്രമണകാരിയായിരുന്നു. എന്നാൽ മംഗോളികളുടെ ജീവിതത്തിൽ വലിയ സംസ്കാരിക മാറ്റങ്ങൾ കൊണ്ടുവരാൻ ചെങ്കിസിന് സാധിച്ചു. ഗോത്രങ്ങൾ തമ്മിലുള്ള കൊള്ളയടിയും അടിമത്വവും സ്ത്രീകളെ തട്ടിക്കൊണ്ടു പോകലും എല്ലാം ചെങ്കിസ് നിരോധിച്ചു. അദ്ദേഹത്തിന് കീഴിൽ ഒരു ജനത തന്നെ അണിനിരക്കുകയായിരുന്നു.
ചരിത്രത്തിൽ ഇടം നേടിയ പടയോട്ടങ്ങൾ
ചെറുപ്പത്തിൽ തന്നെ മികച്ച യോദ്ധാവായി മാറിയ ചെങ്കിസ്ഖാൻ ആണ് നാടോടി യോദ്ധാക്കളായിരുന്ന മംഗോളിയരിലെ ആദ്യത്തെ ഏറ്റവും സുപ്രസിദ്ധനായ നേതാവ്. വടക്കു കിഴക്കൻ ഏഷ്യയിലെ നാടോടികളായ ഗോത്രങ്ങളെ ഒന്നിപ്പിച്ചതിനു ശേഷം നിരവധി പ്രദേശങ്ങൾ കീഴടക്കിയ അദ്ദേഹം ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയിൽ വളർന്നു പന്തലിച്ച സാമ്രാജ്യത്തിനാണ് അടിത്തറ പാകിയത്. അതിലൂടെ ലോകം ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച യോദ്ധാക്കളിൽ ഒന്നായി അദ്ദേഹം മാറുകയും ചെയ്തു.
സൈനിക കുതന്ത്രങ്ങൾ പ്രയോഗിക്കുന്ന കാര്യത്തിൽ യഥാർത്ഥ പ്രതിഭകൾ ആയിരുന്നു മംഗോളിയർ. അന്നത്തെ മുസ്ലിം സാമ്രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിശാലമായ ഭൂപ്രദേശങ്ങൾ കീഴടക്കുന്നതിൽ അവർ വിജയിച്ചതിന് പിന്നിലെ പ്രധാന ഘടകവും ഇതുതന്നെയായിരുന്നു. അതിതീവ്രമായ ക്രൂരതകൾ നിറഞ്ഞ പോരാട്ടങ്ങളിലൂടെ ആയിരുന്നു അവർ ഓരോ പ്രദേശങ്ങളും കീഴടക്കിയത്. മുസ്ലിം ലോകത്തിലൂടെ തുടങ്ങിയ അവരുടെ ആക്രമണങ്ങൾ നിരവധി നഗരങ്ങളെ നശിപ്പിക്കുകയും നാൽപതു വർഷത്തിനുള്ളിൽ നാലു പ്രമുഖ മുസ്ലിം രാജവംശങ്ങളെ തകർക്കുകയും ചെയ്തു.1219 നും 1222 നും ഇടയിൽ വടക്കു കിഴക്കൻ ഇറാനിൽ ചെങ്കിസ്ഖാന്‍റെയും അദ്ദേഹത്തിന്‍റെ മക്കളുടെയും പ്രാരംഭ പ്രചാരണങ്ങളിലൂടെയാണ് മുസ്ലിം പ്രദേശത്തേക്കുള്ള മംഗോളിയൻ അക്രമണങ്ങൾ ആരംഭിച്ചത്. അതിനുശേഷം അവിടങ്ങളിലെ ഏറ്റവും സമ്പന്നമായ പല നഗരങ്ങളും അവർ തകർത്തു തരിപ്പണമാക്കി.
ചരിത്രത്തിൽ ഇടം നേടിയ പടയോട്ടങ്ങളാണ് അദ്ദേഹം നയിച്ചത്. ചൈനയിലെ വടക്കുപടിഞ്ഞാറൻ മേഖലയെ ആദ്യം ആക്രമിച്ച ചെങ്കിസ് ഖാന്റെ സൈന്യം പിന്നീട് തുർക്ക്‌മെനിസ്ഥാൻ,ഉസ്‌ബെക്കിസ്ഥാൻ,അഫ്ഗാനിസ്ഥാൻ,ഇറാൻ,അർമീനിയ,ജോർജിയ,അസർബൈജാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ തങ്ങളുടെ പടയോട്ടം നടത്തി.ചെങ്കിസ് ഖാൻ മരിക്കുമ്പോൾ അയാളുടെ സാമ്രാജ്യത്തിന് ആഫ്രിക്ക ഭൂഖണ്ഡത്തിന്റെ വിസ്തീർണമുണ്ടായിരുന്നെന്ന് ചരിത്രകാരൻമാർ പറയുന്നു.
മാനസിക യുദ്ധം അഥവാ സൈക്കോളജിക്കൽ വാർഫെയറായിരുന്നു ചെങ്കിസിന്‌റെ ഒരു അടവ്. തന്‌റെ സൈന്യത്തിന്‌റെ ശക്തി പെരുപ്പിച്ചുകാട്ടി ശത്രുക്കളിൽ ഭീതി പരത്താൻ ചെങ്കിസിന് ആയി. തൻറെ സന്യത്തിന്റെ വിജയം ആ ചെറുപ്പക്കാരൻ സാധ്യമാക്കിയത് പടപ്പുറപ്പാടിന്റെ വേഗത കൂട്ടിയായിരുന്നു. അതിനുവേണ്ടി കുതിരപ്പുറത്തിരുന്ന് ആക്രമിക്കുന്ന പടയാളി വിഭാഗത്തെ അദ്ദേഹം കൂടുതലായി ഉൾപ്പെടുത്തി. ഇതോടെ മംഗോൾ പടയ്ക്ക് അതിവേഗം കൈവന്നു. പിന്നീട് അങ്ങോട്ട് എവിടെയും പെട്ടെന്നുള്ള ആക്രമണമാണ് സൈന്യം അഴിച്ചുവിട്ടത്. ഇന്നും പെട്ടെന്ന് സേന വിന്യസിക്കുന്നത് വിജയമന്ത്രമായി പല സേനകളും കരുതുന്നു. യുഎസിന്‌റെ 82-ാം എയർബോൺ ഡിവിഷന് ലോകത്തെവിടെയും 18 മണിക്കൂറിൽ യുദ്ധസജ്ജമാകാനുള്ള കഴിവുണ്ട്.
4 കോടി ജനങ്ങളെ കൊന്നൊടുക്കിയ ‘ദേശീയ ഹീറോ’
മംഗോളിയയുടെ ദേശീയ ഹീറോ പക്ഷേ അന്യദേശങ്ങൾക്കു കൊടും ക്രൂരനും വില്ലനുമായിരുന്നു. വിവിധ രാജ്യങ്ങളിൽ നടത്തിയ പടയോട്ടങ്ങളിലും തുടർന്നുണ്ടായ നരനായാട്ടിലും 4 കോടിയോളം ജനങ്ങളെയാണ് ഖാനും അയാളുടെ സൈന്യവും കൊന്നൊടുക്കിയത്. ഇറാനുമായുണ്ടായ യുദ്ധത്തിൽ ആ രാജ്യത്തിൽ ശേഷിച്ചത് കാൽ പങ്ക് ജനങ്ങൾ ആയിരുന്നു. സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളും കുറ്റകൃത്യങ്ങളും ഈ പടയോട്ടങ്ങളിൽ വ്യാപകമായിരുന്നു.
ചെങ്കിസ് ഖാന്റെ മരണം
ചെങ്കിസ് ഖാന്റെ മൃതശരീരം അടക്കിയ സ്ഥലം കണ്ടെത്താനായി വരെ വിവിധ സംഘങ്ങൾ തിരച്ചിൽ നടത്തിയിട്ടുണ്ട്.മംഗോളിയയിലെ ബർഖാൻ ഖാൽദുനിലും, ഖെൻതിയിലും ശാസ്ത്രജ്ഞർ ഗവേഷണത്തിനായി തിരച്ചിൽ നടത്തിയപ്പോൾ ഇതിലുൾപ്പെടാത്ത ചില സാഹസികർ മൃതശരീരത്തോടൊപ്പം അടക്കം ചെയ്തിരിക്കാവുന്ന വമ്പൻ നിധിയും മറ്റ് അമൂല്യ സമ്പത്തും തേടിയാണ് തിരച്ചിലിൽ ഏർപെട്ടത്.എന്നാൽ ആർക്കും ഒന്നും ഇതു വരെ കിട്ടിയിട്ടില്ല.
ചെങ്കിസ് ഖാന്റെ മരണമെങ്ങനെയായിരുന്നു എന്നുള്ളത് ഇന്നും ചരിത്രകാരൻമാരെ കുഴക്കുന്ന സംഗതിയാണ്. കുതിരപ്പുറത്തു നിന്നു വീണു മരിച്ചു എന്നൊരു വിഭാഗം വാദിക്കുമ്പോൾ , യുദ്ധത്തിൽ പിടിച്ച ഒരു തിബറ്റൻ രാജകുമാരിയുടെ ആക്രമണത്തിൽ രക്തം വാർന്നെന്നാണു മറ്റൊരു പക്ഷം. ചൈനക്കാരുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടെന്നും അതല്ല ഒരു അമ്പ് കൊണ്ടു കയറിയ മുറിവ് പഴുത്ത് വ്രണമായാണ് മരണം സംഭവിച്ചതെന്നും സിദ്ധാന്തങ്ങളുണ്ട്. ഇവയെയെല്ലാം തിരുത്തിയാണ് പുതിയ ഗവേഷണ ഫലം രംഗത്ത് വന്നിരിക്കുന്നത്.
ഇവയെല്ലാം തള്ളിക്കൊണ്ട് അടുത്തകാലത്ത് വേറൊരു സിദ്ധാന്തം വന്നിരുന്നു.ലോകത്ത് പടർന്നു പിടിച്ച മഹാമാരിയായ ബൂബോണിക് പ്ലേഗ് ആണ് ചെങ്കിസിന്‌റെ മരണത്തിനു കാരണമായതെന്നായിരുന്നു അതിൽ പറയുന്നത്.
ഖാൻ ഉറങ്ങുന്നതെവിടെ?
ചെങ്കിസ് ഖാന്റെ മൃതശരീരം അടക്കിയ സ്ഥലം കണ്ടെത്താനായി വരെ വിവിധ സംഘങ്ങൾ തിരച്ചിൽ നടത്തിയിട്ടുണ്ട്. മംഗോളിയയിലെ ബർഖാൻ ഖാൽദുനിലും, ഖെൻതിയിലും ശാസ്ത്രജ്ഞർ ഗവേഷണത്തിനായി തിരച്ചിൽ നടത്തിയപ്പോൾ ഇതിലുൾപ്പെടാത്ത ചില സാഹസികർ മൃതശരീരത്തോടൊപ്പം അടക്കം ചെയ്തിരിക്കാവുന്ന വമ്പൻ നിധിയും മറ്റ് അമൂല്യ സമ്പത്തും തേടിയാണ് തിരച്ചിലിൽ ഏർപെട്ടത്. എന്നാൽ ആർക്കും ഒന്നും ഇതു വരെ കിട്ടിയിട്ടില്ല.
ഇതിനി കണ്ടെത്താനും സാധ്യത കുറവാണെന്ന് ഡോ.വെങ്പെങ് യൂ പറയുന്നു. ഈജിപ്തിലെയും മറ്റു ചില സംസ്കാരങ്ങളിലെയും രാജാക്കൻമാർ മരിക്കുമ്പോൾ വമ്പൻ നിധി ഒപ്പമടക്കുന്ന രീതിയുണ്ടായിരുന്നു. എന്നാൽ മംഗോളുകൾക്ക് ഈ രീതിയായിരുന്നില്ല. ഘോരവനങ്ങൾക്കു നടുവിലോ, അല്ലെങ്കിൽ മലമുകളിലോ ഒക്കെ തികച്ചും അപ്രധാനമായ രീതിയിലായിരുന്നത്രേ അവരുടെ ശവസംസ്കരണം. ചിലപ്പോൾ ദഹിപ്പിച്ചു കളയുകയും ചെയ്തിരുന്നു. എവിടെ അടക്കിയെന്നുള്ളത് ചക്രവർത്തിയുടെ അടുത്ത ബന്ധുക്കൾക്കും മറ്റു ചില അഭ്യുദയകാംക്ഷികൾക്കും മാത്രമറിയാവുന്ന രഹസ്യമായിരുന്നു. ഇതു പുറത്തറിയാതിരിക്കാനായി മരണാനന്തരച്ചടങ്ങിൽ പങ്കെടുത്തവരെ എല്ലാവരെയും കൊന്നു കളഞ്ഞെന്നും കൊല നടത്തിയവർ ആത്മഹത്യ ചെയ്തെന്നുമാണ് ഐതിഹ്യം. ചിലപ്പോൾ ഒരു കെട്ടുകഥയാവും ഇത്. അതെന്തു തന്നെയായാലും ചെങ്കിസ് ഖാന്റെ മൃതസ്ഥലം ഒരിക്കലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനി സാധിക്കാനും പോകുന്നില്ലെന്നു ഗവേഷകർ പറയുന്നത്. അതിനാൽ തന്നെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെടുക്കാനോ അതിൽ പരിശോധന നടത്താനോ സാധിക്കില്ല.