രാത്രിയുടെ അന്ത്യയാമത്തിൽ, ഏകദേശം 1 മണിയായിക്കാണും. വിജനമായ നഗരവീധിയിലൂടെ ചീറിപായുന്ന കാർ. കുറച്ചകലെ പിന്നാലെ ഒരു പോലീസ് ജീപ്പ് വിടാതെ പിന്തുടരുന്നു. വീഥികൾ പിന്നിട്ട്, നഗരം വിട്ട് ഗ്രാമ പ്രദേശങ്ങളിലേക്ക് എത്തി, വിജനമായ റോഡുകൾ. കാറിന്റെ ബാക്ക് സീറ്റിൽ ഒരു യുവതി. പരിഭ്രാന്തയായ അവളുടെ മുഖം. മടിയിൽ ഒരു എയർബാഗ്. ഡ്രൈവറിനു ഏകദേശം 50 വയസ്സ് പ്രായം കാണും. സുമുഖൻ. ഒട്ടും പരിഭ്രമം ഇല്ലാതെ, ഡ്രൈവിൻങിലെ തന്റെ നൈപുണ്യം തെളിയിച്ചുകൊണ്ട് പോലീസിനെ പിറകിലാക്കി ഉള്ള ഓട്ടം. യുവതിയുടെ മുഖത്ത് ചെറിയ ആശ്വാസം. വിയർപ്പ് കണികകൾ ടവ്വൽകൊണ്ട് തുടച്ചുനീക്കി പുറകോട്ട് നോക്കുന്നു. യുവതി ആരെയോ ഫോൺ ചെയ്യുന്നു. ഡ്രൈവറിനോട് എന്തോ പറയുന്നു. കാർ വീണ്ടുമൊരു നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ എത്തുന്നു. ദൂരെ കാണുന്ന ലൈറ്റുകളുടെ വെളിച്ചം കണ്ടു സമാശ്വസിപ്പികാനെന്ന വണ്ണം യുവതി സീറ്റിലേക്ക് ചാരിയിരുന്നു. ചെറുതായി ഒരു പുഞ്ചിരി വിടരുന്നതു കാണാം. കാർ എയർപോർട്ടിലെത്തി. നൊടിയിടയിൽ ഡ്രൈവർക്ക് ഒരുപിടി നോട്ടുകൾ നീട്ടി, ബാഗുമായി കാറിൽനിന്നിറങ്ങി. ഇറങ്ങാൻ നേരം ഡ്രൈവറോട് ആയി, ഇനിയും ഞാൻ ബാക്കി തരാൻ ഉണ്ടെങ്കിൽ, അത് അടുത്ത തവണ സെറ്റിൽ ചെയ്യാം. പോലീസിന്റെ പിടിയിൽ അകപ്പെടുമായിരുന്ന തന്നെ രക്ഷിച്ച ഡ്രൈവറോട്, കാറിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് പേരും മൊബൈൽ നമ്പറും വാങ്ങിക്കുവാൻ ആ യുവതി മറന്നില്ല. ഇനി വരുമ്പോൾ ആവശ്യമുണ്ടെങ്കിൽ വിളിക്കാം എന്ന് പറഞ്ഞു, വളരെവേഗം എയർപോർട്ട് ഡിപ്പാർച്ചർ ലോഞ്ചിലേക്ക് നടന്നുപോയി. കയ്യിൽ കിട്ടിയ കറൻസിനോട്ടുകൾ എണ്ണി നോക്കിയപ്പോൾ കണക്ക് പ്രകാരം ആ യുവതി തരേണ്ടത് ആയ പൈസയിൽ വളരെ കൂടുതലായി തനിക്ക് തന്നിരിക്കുന്നു എന്ന് മനസ്സിലായി. കിട്ടിയ പണം കാറിന്റെ ഡാഷ് ബോഡിൽ ഉള്ള ഗണപതിയുടെ ചെറിയ വിഗ്രഹത്തിന് മുന്നിൽ വച്ചശേഷം പോക്കറ്റിൽ ഇട്ട് കാർ സ്റ്റാർട്ട് ചെയ്തു എയർപോർട്ടിനു പുറത്തേക്കെടുത്തു.
പ്രഭാതം, മകനെ സ്കൂളിൽ അയക്കാനുള്ള തിരക്കിൽ ഭാര്യയുടെ ഉപദേശങ്ങളും, ശകാരങ്ങളും. എന്നും രാത്രികാലങ്ങളിൽ ഡ്യൂട്ടിക്ക് പോകുന്ന ഭർത്താവിന്റെ ജീവിത രീതിയിലുള്ള അതൃപ്തി അറിയിക്കുന്നു. ഉറക്കമില്ലായ്മ, സമയത്തിന് ഭക്ഷണം കഴിക്കാതെ ഉള്ള ജോലികൾ ഇങ്ങനെ നിരവധി കംപ്ലൈന്റസ്. താൻ ഇങ്ങനെ ജോലി ചെയ്യുന്നത് ഭാര്യക്കും, സ്കൂളിൽ പോയി കൊണ്ടിരിക്കുന്ന ആകെയുള്ള മകനെ പഠിപ്പിച് ഒരു നല്ല നിലയിൽ ആക്കാൻ വേണ്ടി ആണെന്നും പറയുന്നു.
ഡ്രൈവറുടെ പേര് മാധവൻ നായർ, കൂട്ടുകാർ മാധവൻ എന്ന് വിളിക്കും. ടാക്സി സ്റ്റാൻഡിലെ എല്ലാ ഡ്രൈവർമാരും ബഹുമാനിക്കുന്ന, പ്രായം കൊണ്ട് മറ്റുള്ളവരേക്കാൾ ചെറുപ്പമാണെങ്കിലും, മാധവന് നിരവധി കസ്റ്റമേഴ്സ് ഉണ്ട്. കാർ ഓടുന്നത് മിക്കവാറും രാത്രികാലങ്ങളിലാണ്. ഇതേക്കുറിച്ച് ഭാര്യയും ഭാര്യാപിതാവും നിരവധിതവണ ചോദിച്ചിട്ട് ഉണ്ടെങ്കിലും അതിനൊന്നും വ്യക്തമല്ലാത്ത ഉത്തരങ്ങളാണ് മാധവന് പറയാനുണ്ടായിരുന്നത്. പക്ഷേ രാത്രികാലങ്ങളിൽ കൂടുതൽ വാടക പൈസ കിട്ടുമെന്ന് ഉള്ളതുകൊണ്ടാണ് താനെന്നും രാത്രികാലങ്ങളിൽ ഓടുന്നതെന്ന് പറയുന്നു. മാധവന്റെ അയൽവാസിയും അടുത്ത സുഹൃത്തും ആണ് മുസ്തഫ. ഒരു കമ്പനിയിൽ ചെറിയ ജോലി. ഭാര്യക്ക് റേഷൻ ഷോപ്പിൽ ജോലി. ഒരു മകൾ, സന്തുഷ്ട കുടുംബം. മാധവനും മുസ്തഫയും എന്നും തമ്മിൽ കാണുകയും, വളരെനേരം ഓരോ കാര്യങ്ങൾ പറഞ്ഞ് ഇരിക്കുകയും പതിവാണ്.
ഒരു വൈകുന്നേരം മാധവനെ തിരക്കി രണ്ട് പോലീസുകാർ വീട്ടിൽ വരുന്നു. ഒരാൾ മാധവന്റെ പരിചയക്കാരനാണ്. സ്റ്റേഷനിലേക്ക് വരാൻ പറഞ്ഞു അവർ മാധവനെ കൂട്ടിക്കൊണ്ടുപോകുന്നു. മൊബൈൽഫോൺ ഭാര്യയെ ഏൽപ്പിച്ചു, സ്റ്റേഷനിൽ എത്തി വിവരങ്ങൾ അറിഞ്ഞു ഫോൺ ചെയ്യാമെന്ന് പറഞ്ഞു മാധവൻ പോലീസുകാരുടെ കൂടെ പോകുന്നു. ഭാര്യയും മകനും ഭയപ്പെട്ട് പരിഭ്രമത്തോടെ പോലീസിനോട് കാരണം അന്വേഷിക്കുന്നു. പോലീസ് സ്റ്റേഷനിലെത്തിയ മാധവനെ നേരെ ഇൻസ്പെക്ടറുടെ റൂമിലേക്ക് കൊണ്ടുപോകുന്നു. വളരെ ഗൗരവത്തോടെ നോക്കി, അയാൾ മാധവനെ ചോദ്യം ചെയ്യാൻ തുടങ്ങുന്നു. വിശദമായ ചോദ്യം ചെയ്യലിൽ, മാധവന് മയക്കുമരുന്ന് കള്ളക്കടത്തുമായുള്ള ബന്ധം, ഹവാല പണമിടപാട് ഇങ്ങനെ മാധവൻ സ്വപ്നത്തിൽ പോലും ആലോചിക്കാത്ത നിരവധി കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെടുന്നു. പോലീസിന് ലഭിച്ച വിവരം അനുസരിച്ച് നഗരത്തിലെത്തിയ ഒരു യുവതിയെ കുറിച്ചായിരുന്നു കുറെ ചോദ്യങ്ങൾ. രണ്ടു ദിവസം മുൻപ് മാധവന്റെ കാറിൽ യാത്ര ചെയ്തിരുന്ന ആ സ്ത്രീ ആരാണെന്നും, അവരുമായി മാധവനുള്ള ബന്ധം എന്താണെന്നും ചോദിക്കുന്നു. എല്ലാ ചോദ്യങ്ങൾക്കും മാധവന് ഒരേ ഒരു ഉത്തരം – താൻ നിരപരാധിയാണെന്നും, ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഉള്ള നിഷ്കളങ്കമായ നിലപാടും, അത് പോലീസ് ഇൻസ്പെക്ടർക് തീരെ സ്വീകാര്യമായിരുന്നില്ല. ആ രാത്രി അവർ മാധവനെ ലോക്കപ്പിൽ വയ്ക്കുന്നു. പിറ്റേന്ന് വെളുപ്പിന് മാധവന്റെ കാർ എടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടു വരുവാനായി ഒരു കോൺസ്റ്റബിളിനെ മാധവന്റെ വീട്ടിലേക്ക് അയക്കുന്നു. കാർ കൊണ്ടുവന്ന സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്യുന്നു, ഇൻസ്പെക്ടർ കാർ വളരെ വിശദമായി പരിശോധിക്കുന്നു. ഇതിനിടയിൽ മാധവൻ ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നു. ഭാര്യയും മകനും മുസ്തഫയും കൂടി പോലീസ് സ്റ്റേഷനിൽ വന്ന് മാധവനെ കാണുന്നു.
നാർക്കോട്ടിക്സ് സെല്ലിന്റെ ചുമതലകൾ ഉള്ള എസ്പി മാധവിനെ ചോദ്യം ചെയ്യുന്നു. പോലീസ് ആരോപിക്കുന്ന ഒരു കാര്യങ്ങളെക്കുറിച്ചും തനിക്ക് ഒന്നും അറിയില്ല എന്ന അതേ ഉത്തരം മാത്രമേ മാധവന് പറയാനുണ്ടായിരുന്നുള്ളൂ. അങ്ങനെ എസ്പിയുടെ നിർദേശപ്രകാരം മാധവനെ പോലീസ് ക്ലബിൽ എത്തിക്കുന്നു. അവിടെ ഒരു റൂമിൽ വലിയ സ്ക്രീൻ, പിന്നെ മറ്റു ഉപകരണങ്ങൾ. ലൈറ്റ് ഓഫ് ചെയ്ത് സ്ക്രീനിൽ വരുന്ന ദൃശ്യങ്ങൾ നോക്കുവാൻ മാധവനോട് പറയുന്നു. ഒരു കാർ സ്പീഡിൽ പോകുന്നു, അതിന്റെ പുറകെ ഒരു പോലീസ് ജീപ്പ് കാറിനെ ചേസ് ചെയ്യുന്നു. കാറിന്റെ നമ്പർ കാണുന്നു, ശ്രദ്ധിച്ചു നോക്കിയപ്പോൾ മാധവന്റെ കാർ നമ്പർ. അതെ മാധവന്റെ കർ നമ്പർ തന്നെ. റോഡ് ജംഗ്ഷൻസിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ. വേറെയും നാലോ അഞ്ചോ ദൃശ്യങ്ങൾ. എല്ലാത്തിലും മാധവന്റെ കർ നമ്പർ തന്നെ. പിറകെ പോലീസ് ജീപ്പും.
രണ്ടു ദിവസങ്ങൾക്ക് മുൻപ് അന്ന് രാത്രി ആ യുവതിയുമായി കാറിൽ, അവരുടെ അപേക്ഷ പ്രകാരം, അവരെ രക്ഷിക്കാൻ വേണ്ടി ജീവൻ പോലും പണയപ്പെടുത്തിയുള്ള ഓട്ടം, പിറകിലുള്ള പോലീസ് ജീപ്പ്. മാധവിന് എല്ലാം ഓർമ്മയുണ്ട്. ആ യുവതിയെക്കുറിച്ചുള്ള റിപ്പോർട്ട്സ് വളരെ ഗൗരവമേറിയ യായിരുന്നു. അന്താരാഷ്ട്ര രാജ്യങ്ങളിലെ ഡ്രഗ് കാർടെൽ, ഹവാല ഏജൻസ് എന്നിവരുമായുള്ള ബന്ധം, ബിസിനസ് ഇതേക്കുറിച്ചു പോലീസ് പറഞ്ഞപ്പോൾ മാധവൻ സ്തംഭിച്ചു പോയി. ആയുവതിയെ രക്ഷപ്പെടാൻ സഹായിച്ചതാണ് മാധവന്റെ പേരിലുള്ള കുറ്റം. മാത്രമല്ല മാധവൻ ആ സ്ത്രീയുടെ ഏജന്റ് ആണെന്നും, ആ സ്ത്രീ ചെയ്യുന്ന ബിസിനസിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും മാധവന് അറിയാമെന്നും പോലീസ് തറപ്പിച്ചു പറയുമ്പോഴും, മാധവന് ഒരു ഉത്തരം മാത്രം – താൻ നിരപരാധിയാണെന്നും ഇതേപ്പറ്റി തനിക്ക് ഒന്നും അറിയില്ല എന്നും. പോലീസ് പറയുന്ന ആ രാത്രിയിൽ ഒരു സ്ത്രീ യാത്രക്കാരിയെ കാറിൽ കയറ്റി കൊണ്ടുപോയി എന്നും അവരെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്തു എന്നും മാധവൻ പറയുന്നു. അതിനുമേൽ തനിക്ക് ഒന്നും അറിയില്ല എന്നും മാധവൻ പോലീസിനോട് പറയുന്നു. തിരിച്ചു മാധവനെ അവർ ലോക്കപ്പിലാക്കുന്നു.
പിറ്റേദിവസം രാവിലെ മാധവനെ കോടതിയിൽ ഹാജരാകുന്നു. ചോദ്യം ചെയ്യലിനും, അന്വേഷണത്തിനും ആയി 14 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടുന്നു.കേസിന്റെ ഭാഗമായി പോലീസ് മാധവന്റെ വീട്ടിലെത്തുന്നു, വീട് മുഴുവൻ സെർച്ച് ചെയ്യുന്നു. ഭാര്യയും ചെറിയ മകനും, ആകെ ഭയപ്പെട്ട്, പരിഭ്രാന്തരായി, എന്തുചെയ്യണമെന്നറിയാതെ പോലീസിനോട് അവരെ രക്ഷിക്കാൻ വേണ്ടി അപേക്ഷിക്കുന്നു. ഭർത്താവ് യാതൊരു തെറ്റും ചെയ്യാത്ത, ജീവിതത്തിൽ വളരെ മൂല്യങ്ങളുള്ള ഒരു വ്യക്തി ആണെന്ന് പറയുന്നു. ടാക്സി സ്റ്റാൻഡിൽ പോയി പോലീസ് മാധവിനെ കുറിച്ച് അന്വേഷണം നടത്തുന്നു. മാധവനെതിരെയുള്ള ചാർജ് ഷീറ്റ് റെഡിയായി, മയക്കുമരുന്ന് കള്ളക്കടത്ത് ആണ് മാധവിന്റെ പേരിൽ ആരോപിക്കപ്പെട്ട കുറ്റം. മാധവന്റെ കാറിൽ നിന്നും തൊണ്ടിമുതൽ കണ്ടെടുത്തിരിക്കുന്നു.
ഇതേസമയം ആകെ തകർന്ന ഭാര്യയും മകനും – സമാശ്വസിപ്പിക്കാൻ ആയി സുഹൃത്ത് മുസ്തഫയും കുടുംബവും. മാനഹാനി കാരണം പുറത്തിറങ്ങാൻ കഴിയാതെ ഭാര്യയും മകനും വീട്ടിൽ തന്നെ കഴിയുന്നു. മാധവന്റെ കേസ് കോടതിയിൽ എത്തുന്നു. മുസ്തഫ മാധവന്റെ കേസ് വാദിക്കുവാനായി , ഒരു വക്കീലിനെ ഏർപ്പാട് ചെയ്യുന്നു. പക്ഷേ തെളിവുകളെല്ലാം മാധവനെതിരെ ആയിരുന്നതിനാൽ, വകീലിന് കാര്യമായി ഒന്നും ചെയ്യുവാൻ സാധിക്കുന്നില്ല. മാധവിനെ പത്ത് വർഷം കഠിന തടവിനു ശിക്ഷിക്കുന്നു. സെൻട്രൽ ജയിലിലേക്ക് മാറ്റുന്നു.
മാസങ്ങൾ പിന്നിടുന്നു, മാധവന്റെ ഭാര്യയുടെ ജോലി നഷ്ടപ്പെടുന്നു. അവിടെ ജീവിക്കാൻ ബുദ്ധിമുട്ടായി തീർന്നത് കാരണം ഭാര്യയും മകനും ആ സ്ഥലത്തു നിന്നും മാറി ദൂരെ ബന്ധത്തിലുള്ള ചെറിയമ്മയുടെ അടുത്തേക്ക് താമസം മാറ്റുന്നു.
വർഷങ്ങൾ കഴിഞ്ഞ മാധവൻ ജയിൽശിക്ഷ കഴിഞ്ഞ് നാട്ടിലെത്തുന്നു. നല്ല പെരുമാറ്റത്തിന് ശിക്ഷയിൽ ഇളവ് ലഭിച്ചത് മൂലം, അഞ്ചു വർഷം കഴിഞ്ഞപ്പോൾ ജയിൽമോചിതനാവുന്നു. നാട്ടിലെത്തിയപ്പോൾ ഭാര്യയെയും മകനെയും കാണാതെ മാധവൻ ആകെ തകർന്നു പോകുന്നു. അവർ എങ്ങോട്ടോ പോയിരിക്കുന്നു. വീട് നിന്നിരുന്ന സ്ഥലത്ത് ഒരു പുതിയ കെട്ടിടം. അന്വേഷിച്ചപ്പോൾ ആ സ്ഥലം താൻ വാങ്ങി എന്ന് സ്ഥലത്തിന്റെ പുതിയ ഉടമ മാധവനോട് പറയുന്നു. തന്റെ ഫോൺ ഭാര്യയെ ഏൽപ്പിച്ച കാര്യം മാധവന് ഓർമ്മ വരുന്നു. പല പ്രാവശ്യം ആ നമ്പറിൽ ഭാര്യയെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കുന്നു. നിരന്തരമായി ശ്രമിച്ചുകൊണ്ടിരുന്നു എങ്കിലും ഫോൺ സ്വിച്ചഡ് ഓഫ് ആയിരുന്നു. മുസ്തഫയെ കുറിച്ച് അന്വേഷിച്ചപ്പോൾ ആകെ തകർന്ന മുസ്തഫയെയാണ് കാണാൻ സാധിച്ചത്. ഒരു ആക്സിഡന്റിൽ ഭാര്യ മരിച്ചതിനു ശേഷം മുസ്തഫയും മകളും ആ വീട്ടിൽ കഴിയുന്നു. മാധവൻ ജയിലിൽ ആയി ഒരു വർഷത്തിനുശേഷം, മാധവന്റെ ഭാര്യ ആ വീടും പറമ്പും വിറ്റ് മകന്റെ കൂടെ ദൂരെയുള്ള ചെറിയമ്മയുടെ വീട്ടിലേക്ക് താമസം മാറിയ വിവരം മുസ്തഫ പറയുന്നു. മാധവൻ അവിടെ നിന്ന് ഇറങ്ങുന്നതിനു മുമ്പ്, മുസ്തഫ അകത്തുപോയി ഒരു ചെറിയ പാക്കറ്റ് കൊണ്ടുവന്നു മാധവനെ ഏൽപ്പിക്കുന്നു. ആ രാത്രി ഇതു നീ എന്നെ ഏൽപ്പിച്ചതാണ്, നിനക്കായി ഞാൻ ഇത് ഇത്രയും കാലം സൂക്ഷിച്ചു വെച്ചു. ഇത് ഞാൻ തിരിച്ച് നിന്നെ ഏൽപ്പിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ട്. അതുമായി അവിടെ നിന്നിറങ്ങിയ മാധവൻ ഭാര്യയെയും മകനെയും തിരക്കി ഭാര്യയുടെ ചെറിയമ്മയുടെ വീട്ടിൽ എത്തുന്നു. അപ്പോൾ അവർ രണ്ടുപേരും ഒരു വർഷത്തിനു മുൻപ് അവിടെ നിന്ന് ആരുടെയോ കൂടെ വേറെ എങ്ങോട്ടോ പോയി എന്നും അവരെ പറ്റി യാതൊരു വിവരവും ഇല്ല എന്നും പറയുന്നു. നിരാശനായി മടങ്ങുന്ന മാധവന് ഇനി ജീവിതത്തിൽ ആകെ ഒരു ലക്ഷ്യം – തന്റെ ജീവിതം നശിപ്പിച്ച ആ സ്ത്രീയെ കണ്ടുപിടിക്കുക, അവരോട് പ്രതികാരം ചെയ്യുക – സമൂഹത്തിനുമുന്നിൽ തന്റെ നിരപരാധിത്വം തെളിയിക്കുക, ഭാര്യയെയും മകനെയും കണ്ടുപിടിക്കുക.
നാട്ടിൽ തിരിച്ചെത്തിയ മാധവന് നിറയെ കുത്തുവാക്കുകളും, പരിഹാസങ്ങളും നേരിടേണ്ടിവന്നു. ഒരു ജീവിതം മുന്നിൽകണ്ടുകൊണ്ട്, എല്ലാ പ്രതിബന്ധങ്ങളെയും വെല്ലുവിളിച്ച് മുന്നോട്ടു പോകുവാൻ മാധവൻ തീരുമാനിക്കുന്നു. തന്റെ ആത്മസുഹൃത്തായ മുസ്തഫയോട് കാര്യങ്ങൾ പറയുന്നു. എല്ലാ കാര്യങ്ങൾക്കും കൂടെ നിന്ന് സഹായിക്കാം എന്ന് മുസ്തഫ വാക് കൊടുക്കുന്നു. തനിക്ക് അറിയാവുന്ന ജോലി ഡ്രൈവിങ് ആണെന്നും, ഒരു ടാക്സി വാങ്ങാൻ ആഗ്രഹം ഉണ്ടെന്നു മുസ്തഫയെ അറിയിക്കുന്നു. ടാക്സി വാങ്ങി പഴയ ജീവിതം തുടർന്നു കൊണ്ടു പോയാൽ മാത്രമേ തന്റെ ജീവിതം നശിപ്പിച്ച ആ സ്ത്രീയെ എങ്ങനെയെങ്കിലും കണ്ടുപിടിക്കാൻ സാധിക്കുകയുള്ളൂ എന്ന് മാധവന് നന്നായി അറിയാമായിരുന്നു. മാധവൻ തന്റെ ഉള്ളിലെ തീരുമാനങ്ങളോ ആഗ്രഹങ്ങളോ ഒന്നും മുസ്തഫയോട് പറയുന്നില്ല. മുസ്തഫയുടെ സ്ഥലത്തിന്റെ ആധാരം ബാങ്കിൽ പണയം വെച്ച്, കടമെടുത്ത് മാധവൻ കാർ വാങ്ങുന്നു. ഒരു ടാക്സിയുമായി മാധവൻ തന്റെ പഴയ ജീവിതം പുതുതായി തുടങ്ങുന്നു. പഴയ കസ്റ്റമേഴ്സ് പലരും മാധവനെ തിരഞ്ഞു വന്നില്ല. വേറെ പുതിയ പല കസ്റ്റമേഴ്സ് വന്നുകൊണ്ടിരുന്നു. പെരുമാറ്റത്തിൽ ആരെയും വശീകരിക്കുന്ന മാധവന് തിരക്കുള്ള ഓട്ടം തന്നെയായിരുന്നു. അവിടെ നിന്നും മാറി കുറച്ചകലെയുള്ള ഒരു ത്രീ സ്റ്റാർ ഹോട്ടലുമായി ഒരു ടൈ അപ്പ് ആയി. അവിടെ താമസിക്കുന്ന കസ്റ്റമേർസിന്റെ ഓട്ടവും കിട്ടാൻ തുടങ്ങി. മനസ്സിൽ എപ്പോഴും തന്റെ ജീവിതം നശിപ്പിച്ച ആ സ്ത്രീയുടെ മുഖം മാത്രം. ഒരിക്കൽ കാറിൽ ഒരു കസ്റ്റമറുമായി പോകുമ്പോൾ റോഡിൽ കുറച്ചു ദൂരെ സ്വന്തം മകനെ കണ്ടു. അതെ 5 വർഷങ്ങൾക്കുശേഷം ആണെങ്കിലും, അവന്റെ മുഖം മറന്നിട്ടില്ല. കൂടെ കസ്റ്റമർ ഉള്ളത് കാരണം കാർ നിർത്തി അവനെ തിരിഞ്ഞു പോകാൻ സാധിച്ചില്ല. എങ്കിലും സമാധാനമായി, കാരണം അവൻ അവിടെ എവിടെയോ ഉണ്ടെന്നുള്ള ഒരു സമാധാനം. പിന്നീടൊരിക്കൽ വേറെ കാറിൽ മാധവൻ തിരഞ്ഞുകൊണ്ടിരുന്നു ആ യുവതിയെ കാണാനിടയായി. അവരുടെ കാറിന് പുറകെ പോയി, അവരെ തടഞ്ഞു നിർത്താൻ ശ്രമിച്ചെങ്കിലും, അവരുടെ കാർ എയർപോർട്ടിനു അകത്തേക്ക് കയറി. കാറിൽനിന്നിറങ്ങി അവർ വേഗം എയർപോർട്ടിലെ ഡിപാർച്ചർ ലോഞ്ചിലേക്കുള്ള എൻട്രി വഴി അകത്തുകയറി. എയർപോർട്ടിന് അകത്തേക്ക് കയറാനുള്ള പെർമിഷൻ ഇല്ലാതിരുന്നതിനാൽ ആ ശ്രമം വിഫലമായി. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി.
ഒരു രാത്രി 11 മണിയോടെ അടുത്ത് ഹോട്ടൽ മുൻവശത്തെ റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറിനകത്ത് ഇരുന്ന് മാധവൻ മയങ്ങുകയായിരുന്നു. ഹോട്ടലിലേക്ക് ഒരു യുവാവും സ്ത്രീയും നടന്നു വരുന്നത് കണ്ടു – സൂക്ഷിച്ചു നോക്കിയപ്പോൾ അവളുടെ മുഖം തെളിഞ്ഞു കണ്ടു – അതെ അവൾ തന്നെ – താൻ തിരഞ്ഞുകൊണ്ടിരിക്കുന്നവൾ. കൂടെ ഒരാൾ ഉള്ളത് കാരണം അവളെ തടഞ്ഞുവച്ച് സംസാരിക്കുവാൻ സാധിച്ചില്ല. പിറ്റേ ദിവസം രാവിലെ 9 മണിക്ക് ഹോട്ടലിലെ ട്രാവൽ ഡസ്കിൽ നിന്നും ഫോൺ വന്നു. കാർ എടുത്ത് കസ്റ്റമറിനെ പിക്ക് ചെയ്യാൻ ഹോട്ടൽ പോർചിലേക്ക് പോയപ്പോൾ ഒരു ചെറുപ്പക്കാരനും ആ യുവതിയും ഹോട്ടൽ മെയിൻ എൻട്രൻസിൽ വെയിറ്റ് ചെയ്യുന്നു. മനസ്സ് സന്തോഷിച്ചു, തേടിയ വള്ളി കാലിൽ ചുറ്റി എന്നുകരുതി കാറിൽനിന്നിറങ്ങി പിന്നിലെ ഡോർ തുറന്നു കൊടുത്തപ്പോൾ ആ യുവാവ് മാത്രം കാറിൽ കയറിയിരുന്നു. യുവാവിനെ യാത്രയയക്കാൻ വന്ന ആ യുവതി ഹോട്ടലിനകത്തേക്ക് തിരിച്ചു പോയി. വീണ്ടും നിരാശ. കാറിൽ വച്ച് യുവാവുമായി പരിചയപ്പെടുകയും, കുറെ നേരം സംസാരിച്ചു വളരെ സന്തോഷത്തോടെ അയാളെകുറിച്ചുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്തു. യുവാവ് തന്റെ ബിസിനസ് കാർഡ് കൊടുത്ത്, ഇനിയും ആവശ്യമുള്ളപ്പോഴെല്ലാം നേരിട്ട് മാധവനെ വിളിക്കാമെന്ന് പറഞ്ഞ് കാറിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ്, മാധവന്റെ ഫോൺ നമ്പർ വാങ്ങുകയും ചെയ്തു. കൂടെ വന്ന യുവതിയെ പറ്റി തിരക്കിയപ്പോൾ, അവർ ബോംബെയിൽ ബിസിനസ് ചെയ്യുകയാണെന്നും, പേര് മൃണാളിനി എന്നാണെന്നും പറഞ്ഞു. തന്റെ ഫോൺ നമ്പർ ആ യുവതിക്കു കൂടി കൊടുക്കുവാൻ മാധവൻ യുവാവിനോട് അഭ്യർത്ഥിക്കുന്നു. കൊടുക്കാമെന്നു പറഞ്ഞ ആ യുവാവ് കാറിൽനിന്നിറങ്ങി നടന്നകന്നു.
ദിവസങ്ങൾ പിന്നേയും കടന്നു പോയി. ഒരു ദിവസം രാവിലെ 11 മണിയോടുകൂടി ഒരു കോൾ വന്നു. അപ്പുറത്ത് ഒരു സ്ത്രീ ശബ്ദം. ഒരു ലോങ്ങ് ട്രിപ്പ്, അതും താൻ പണ്ട് താമസിച്ചിരുന്ന സ്ഥലത്തേക്ക്. ഏകദേശം 50 കിലോമീറ്റർ അകലെ- കാർ എടുത്തു ഹോട്ടൽ പോർച്ചിൽ കയറി കുറച്ചു സമയം കഴിഞ്ഞപ്പോൾ, അവൾ വന്നു- തന്നെ ഫോണിൽ വിളിച്ച കസ്റ്റമർ – സൂക്ഷിച്ചു നോക്കിയപ്പോൾ തന്റെ ഭാഗ്യം തെളിഞ്ഞു വന്നു എന്ന് മാധവന് തോന്നി. അതെ അവൾ തന്നെ. മൃണാളിനി… ഒന്നും പറയാതെ കാറിൽ കയറിയിരുന്നു, പോകാം എന്ന് മാത്രം പറഞ്ഞു. കാർ സ്റ്റാർട്ട് ചെയ്ത് യാത്ര തുടങ്ങി. താൻ കുറെ കാലമായി കാത്തിരുന്ന ആ ദിവസം വന്നെത്തി, തന്റെ എല്ലാ പ്രാർത്ഥനയും ദൈവം കേട്ടു എന്ന് സ്വയം മനസ്സിൽ പറഞ്ഞു കൊണ്ട്, കാർ ഓടിക്കുന്നതിനിടയിൽ ഇടയ്ക്കിടയ്ക്ക് മിററിൽ നോക്കി അവളെ ശ്രദ്ധിച്ചു, വീണ്ടും ഉറപ്പുവരുത്താൻ. അത് അവൾ തന്നെ. അലക്ഷ്യമായി പുറത്തേക്ക് നോക്കി ഇരിക്കുകയാണ് അവൾ. കുറച്ചുനേരം യാത്ര തുടർന്നപ്പോൾ, മാധവൻ തന്റെ സ്വതസിദ്ധമായ രീതിയിൽ സംഭാഷണം തുടങ്ങി. ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഒന്നോ രണ്ടോ വാക്ക് ഉത്തരത്തിൽ ഒതുക്കി, കൂടുതൽ സംസാരിക്കാതെ അവൾ വേറെ ഏതോ ഒരു ലോകത്തിൽ മുഴുകി ഇരിക്കുകയായിരുന്നു. ഇടയ്ക്കെല്ലാം ആരെയൊക്കെയോ ഫോൺ ചെയ്യുന്നുണ്ടായിരുന്നു.ഹിന്ദിയിൽ സംസാരിക്കുന്നു. വിജനമായ ഒരു സ്ഥലത്തെത്തിയപ്പോൾ തീരെ പ്രതീക്ഷിക്കാതെ അത് സംഭവിച്ചു. മാധവൻ കാർ നിർത്തി ഇറങ്ങി വന്ന് പുറകിലെ ഡോർ തുറന്ന്,മാഡം ഒന്ന് ഇറങ്ങി വരണം, ചില കാര്യങ്ങൾ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞു. വളരെയധികം കോപിഷ്ഠയായ ആ സ്ത്രീ, കാറിന്റെ ഡോർ വലിച്ചടച്ച്, മാധവനോട് ഉച്ചത്തിൽ, കാറെടുത്ത് തന്നെ എത്തേണ്ടിടത്ത് എത്തിക്കാൻ ആവശ്യപ്പെട്ടു. തീരെ വഴങ്ങില്ലെന്ന് മനസ്സിലായപ്പോൾ മാധവൻ തന്റെ പോക്കറ്റിൽ നിന്ന് ആ ചെറിയ പാക്കറ്റ് എടുത്തു തുറന്ന് അതിനുള്ളിലെ മോതിരം അവളെ കാണിച്ചു. ഇന്ദ്രനീലം, വളരെ വിലപിടിപ്പുള്ള വലിയ കല്ല്, ലക്ഷങ്ങൾ വിലമതിക്കുന്ന മോതിരം. മോതിരം കണ്ട് ആശ്ചര്യപ്പെട്ടു, അത് വാങ്ങിക്കാൻ എന്നവണ്ണം കൈ നീട്ടിയപ്പോൾ, അത് കൊടുക്കാതെ കാറിൽ നിന്നിറങ്ങാൻ മാധവൻ ആവശ്യപ്പെടുന്നു. വളരെ നീണ്ട മുടിയും താടിയും വളർത്തിയിട്ടുള്ള മാധവനെ ആ സ്ത്രീക്ക് മനസ്സിലായിരുന്നില്ല മോതിരം കണ്ടപ്പോൾ പഴയ കാര്യങ്ങൾ ഓരോന്നായി ഓർമവന്നു.
<Flash back:> ആ രാത്രി കാറിൽ നിന്ന് പരിഭ്രമിച്ചു, പെട്ടെന്നിറങ്ങിയപ്പോൾ, മോതിരം കാറിൽ വീണത് അവൾ അറിഞ്ഞിരുന്നില്ല. വീട്ടിലെത്തി രാവിലെ കാർ ക്ലീൻ ചെയ്യുമ്പോൾ ആ മോതിരം മാധവൻ കാണുന്നു. ആ സ്ത്രീയുടെ മോതിരം ആയിരിക്കുമെന്ന് മനസ്സിലാക്കിയ മാധവൻ അത് മുസ്തഫയെ ഏൽപ്പിക്കുന്നു. കാരണം ആ സ്ത്രീയെ പറ്റി വല്ല അന്വേഷണവും വന്നാൽ ആ മോതിരം കയ്യിൽ വെക്കുന്നത് യുക്തി ആയിരിക്കുകയില്ല എന്നു മാധവന് തോന്നി. ജയിൽ ശിക്ഷ കഴിഞ്ഞു വന്ന മാധവനെ, മുസ്തഫ ആ മോതിരം തിരികെ ഏൽപ്പിക്കുന്നു.
<ഫ്ലാഷ്ബാക്ക് ഓവർ >
നടന്ന കാര്യങ്ങൾ ഓരോന്നായി ആ യുവതി പറയാൻ തുടങ്ങുന്നു. അവർ കാരണം താൻ അനുഭവിച്ച ദുഷ്കീർത്തി, ദുരിതങ്ങൾ, ജയിൽവാസം, ഭാര്യയെയും മകനെയും നഷ്ടപ്പെട്ട കാര്യം എല്ലാം മാധവൻ അവരോട് പറയുന്നു. താൻ ഇത്രയും കാലം മാധവനെ തിരഞ്ഞു നടക്കുകയായിരുന്നു എന്നും, ഇപ്പോൾ പുറപ്പെട്ട യാത്ര പോലും മാധവിനെ തിരഞ്ഞു കൊണ്ടുള്ള യാത്രയായിരുന്നുവെന്നും ആ യുവതി പറഞ്ഞപ്പോൾ, മാധവന് അതൊന്നും അത്ര വിശ്വാസമായില്ല. തിരിച്ച് ഹോട്ടലിലേക്ക് പോകാൻ ആവശ്യപ്പെടുന്ന യുവതിയെ, ഒന്ന് തറപ്പിച്ചു നോക്കി, എന്തൊക്കെയോ തീരുമാനങ്ങൾ മനസ്സിൽ എടുത്തു ഉറപ്പിച്ചു എന്നവണ്ണം കാർ വളരെവേഗത്തിൽ മുന്നോട്ട് എടുക്കുന്നു. ചെറിയ ആശങ്കയോ ഭയമോ എന്താണെന്നറിയില്ല, ആ യുവതിയുടെ മുഖത്ത് പരിഭ്രമം തെളിഞ്ഞു കാണാമായിരുന്നു. മാധവനോട് എന്നവണ്ണം അവർ പറഞ്ഞു, വേണമെങ്കിൽ ഇപ്പോൾ നിങ്ങൾക്ക് എന്നെ പോലീസിൽ ഏൽപ്പിക്കാം. പോലീസിന്റെ പിടിയിൽനിന്നും രക്ഷപ്പെടനായി അന്ന് നിങ്ങളുടെ കാറിൽ ഞാൻ ഉപേക്ഷിച്ചു പോയ ബ്രൗൺ ഷുഗറിന്റെ പാക്കറ്റ്… അതുവഴി നിങ്ങളിൽ അടിച്ചേൽപ്പിക്കപ്പെട്ട ആ കുറ്റത്തിൽനിന്ന് നിങ്ങൾ മോചിതനാകും- ശിക്ഷ നിങ്ങൾ അനുഭവിച്ചു കഴിഞ്ഞു എങ്കിലും നിങ്ങൾക്കുണ്ടായ അപമാനത്തിൽ നിന്നും, ദുഷ്കീർത്തിയിൽ നിന്നും ഒരു മോചനം നിങ്ങൾക്കു ലഭിക്കും. അതിനു മുൻപായി കുറച്ചുസമയം നിങ്ങൾ എനിക്ക് നൽകണം, അതെന്റെ ഒരു അപേക്ഷയാണ്. ഹോട്ടലിലേക്ക് പോകാൻ അവർ മാധവിനോട് വീണ്ടും അഭ്യർത്ഥിക്കുന്നു. മാധവന്റെ നല്ല മനസ്സ് അത് അംഗീകരിക്കുന്നു. കാർ നേരെ ഹോട്ടലിലേക്ക് പോകുന്നു. അവിടെ എത്തി കാറിൽ നിന്നിറങ്ങുമ്പോൾ, മാധവനോട് അവർ തന്റെ റൂം നമ്പർ പറയുന്നു. അരമണിക്കൂർ കഴിഞ്ഞ് റൂമിലേക്ക് വരാൻ ആവശ്യപ്പെട്ട്, അവർ കാറിൽ നിന്ന് ഇറങ്ങി നടന്നു. അവർ പോയി കുറച്ചു നേരം കഴിഞ്ഞപ്പോൾ, അവരെ തനിച്ചു റൂമിലേക്ക് അയക്കേണ്ടി ഇരുന്നില്ല എന്ന് മാധവന് തോന്നി. തന്നെ പോലീസ് അറസ്റ്റ് ചെയ്യുവാൻ പോവുകയാണ് എന്നറിയാവുന്ന അവർ സ്വയം ജീവൻ അവസാനിപ്പിചാലോ എന്ന ചിന്ത മാധവനെ വല്ലാതെ അലട്ടി. ഉടനെ മാധവൻ അവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നു. ഫോൺ അടിച്ച് താനെ നിൽക്കുന്നു. വീണ്ടും ട്രൈ ചെയ്യുന്നു, നോ റെസ്പോൺസ്. പിന്നെ ഒട്ടും താമസിക്കാതെ കാറിൽനിന്നിറങ്ങി വളരെ ധൃതിയിൽ മാധവൻ ഹോട്ടലിലേക്ക് പോയി. ലിഫ്റ്റിനു വേണ്ടി വെയിറ്റ് ചെയ്യുമ്പോൾ, മനസ്സാകെ പരിഭ്രമിച്ചു, എന്തുചെയ്യണമെന്നറിയാതെയുള്ള നിൽപ്പായിരുന്നു.ലിഫ്റ്റിൽ കയറി 3 പ്രെസ്സ് ചെയ്യുന്നു. ലിഫ്റ്റ് അഞ്ചാമത്തെ നിലയിൽ പോയി നിൽക്കുന്നു. വീണ്ടും 3 പ്രസ് ചെയ്യുന്നു. ലിഫ്റ്റ് മൂന്നാം നിലയിൽ എത്തി. ലിഫ്റ്റ് തുറന്നു 312 നമ്പർ മുറിയുടെ മുന്നിൽ വന്ന് കോളിംഗ് ബെൽ പ്രസ്സ് ചെയ്യുന്നു ചെയ്യുന്നു. ഉള്ളിൽനിന്ന് ലോക് ചെയ്തിട്ടില്ലാത്ത റൂമിന്റെ വാതിൽ പകുതി തുറന്നു നോക്കുമ്പോൾ അവൾ ഒരു ചെയറിൽ ഇരുന്ന് ആരെയോ ഫോൺ ചെയ്യുന്നു. ഇരിക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു ഫോൺ സംഭാഷണം തുടർന്നു. ആ റൂം ഒരു പ്രസിഡൻഷ്യൽ സ്യൂട്ട് ആയിരുന്നു. ഒരു ചെറിയ സിറ്റൗട്ട്, അതിഥികളെ സ്വീകരിക്കാനുള്ള റൂം, പിന്നെ ബെഡ്റൂം. അകത്തെ ബെഡ്റൂമിലേക്ക് ഒരു ഡോറും ഉണ്ട്. ഇത്രയും ചിലവേറിയ റൂമിൽ താമസിക്കാൻ, അവൾ അത്രയും ധനിക ആയിരിക്കും, മാധവൻ മനസ്സിൽ വിചാരിച്ചു .
ഫോൺ കോൾ തീർന്നതിനുശേഷം മാധവിനെ നോക്കി, കുടിക്കാൻ ചായയോ കാപ്പിയോ എന്ന് ചോദിച്ചതിന് ഒന്നും വേണ്ട എന്ന് പറഞ്ഞ മാധവനെ നോക്കി അവൾ മന്ദഹസിച്ചു. എന്തോ നേടിയെടുത്തത്തിലുള്ള അഹങ്കാരമില്ലേ ആ ചിരിയിൽ എന്നു തോന്നും. എന്തിനാണ് തന്നോട് ഇവിടെ വരാൻ പറഞ്ഞതെന്ന് ചോദിക്കുന്ന മാധവനോട്, ഒന്നും പറയാതെ മൃണാളിനി ചെയറിൽ നിന്നെഴുന്നേറ്റ്, ബെഡ്റൂമിന്റെ വാതിൽ തുറന്നു, അകത്തേക്ക് നോക്കി യമുനയെ, മാധവന്റെ ഭാര്യയുടെ പേര് അതാണ്, വിളിക്കുന്നു . ആ പേരു കേട്ടപ്പോൾ മാധവൻ ആശ്ചര്യപ്പെട്ടു, ഇരുന്ന ഇരുപ്പിൽ സ്തംഭിച്ചു പോയി. റൂമിൽ നിന്നും മെല്ലെ യമുനയും കൂടെ മകൻ അരവിന്ദനും പുറത്തേക്ക് വന്നു. മാധവനെ കണ്ടമാത്രയിൽ രണ്ടുപേരും ഓടിവന്ന് മാധവനെ കെട്ടിപ്പിടിച്ചു സന്തോഷംകൊണ്ട് മൂന്നുപേരുടെയും കണ്ണിൽനിന്ന് കണ്ണുനീർ ഒഴുകിക്കൊണ്ടേയിരുന്നു. അഞ്ച് വർഷത്തിനു ശേഷമുള്ള കണ്ടുമുട്ടൽ. ഇനിയൊരിക്കലും കാണാൻ സാധിക്കുകയില്ല എന്ന് കരുതി ദിവസങ്ങൾ തള്ളിനീക്കി മുന്നോട്ടുപോയി കൊണ്ടിരിക്കുമ്പോൾ, അപ്രതീക്ഷിതമായ കണ്ടുമുട്ടൽ. അവിശ്വസനീയതയുടെയും, കൃതർത്ഥതയുടെയും സമ്മിശ്ര വികാരങ്ങൾ അവരുടെ മുഖങ്ങളിൽ പ്രതിഫലിച്ചു. ഇതെല്ലാം നോക്കി കണ്ടുകൊണ്ട് മൃണാളിനിയുടെ കണ്ണിൽനിന്നും രണ്ടുമൂന്ന് കണ്ണുനീർ ഒഴുകി വന്നപ്പോൾ അവൾ അത് കൈകൊണ്ടു തുടച്ച് അവരുടെ അടുത്ത് വന്ന് മാധവനോട് ആയി ഇങ്ങനെ പറഞ്ഞു. കഴിഞ്ഞുപോയ നീണ്ട അഞ്ച് വർഷങ്ങൾ നീ ഈയൊരു സമയത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്ന് എനിക്കറിയാം. ഞാനും നിനക്ക് വേണ്ടിയുള്ള ഒരു കാത്തിരിപ്പായിരുന്നു.
<Flash back>
ആദ്യം കണ്ടപ്പോൾ മാധവൻ കൊടുത്തിരുന്ന ഫോൺ നമ്പറിൽ മൃണാളിനി മാധവനെ വിളിക്കുന്നു. പക്ഷെ യമുനയുടെ കയ്യിലായിരുന്ന മാധവന്റെ ഫോൺ യമുന എടുക്കുന്നു. മൃണാളിനി അവരെ പോയി കണ്ട്
എല്ലാ കാര്യങ്ങളും തുറന്നു പറയുന്നു. അവർ അനാഥരാവാൻ താനാണ് കാരണം എന്ന് മനസ്സിലാക്കിയ മൃണാളിനി അവരുടെ സംരക്ഷണം ഏറ്റെടുക്കുന്നു.മകനെ പഠിപ്പിക്കുന്നു, അവർക്കൊരു നല്ല വീടും മറ്റ് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നു.
<flash back over>
ഇവരെ നിന്റെ കയ്യിൽ ഏൽപ്പിച്ചാൽ എന്റെ ദൗത്യം തീർന്നു, എന്ന് മൃണാളിനി പറയുന്നു. ഇനി നിനക്ക് പോലീസിനെ വിളിക്കാം, ഞാൻ റെഡിയാണ് എന്നുപറഞ്ഞ മൃണാളിനിയുടെ കയ്യിൽ മാധവൻ ആ മോതിരം ഏൽപ്പിക്കുന്നു, ഇതിന്റെ ഉടമസ്ഥൻ നിങ്ങളാണ് എന്ന് പറഞ്ഞുകൊണ്ട്. മാധവൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു പോലീസിനെ വിളിക്കാനായി തുടങ്ങുന്നു. -ആ സമയത്ത് മൃണാളിനിയുടെ മുഖത്തെ നിസ്സഹായതയും, കളങ്കമറ്റ ആ മുഖവും – കണ്ടാൽ ആർക്കും വിഷമം തോന്നുന്ന ആ നോട്ടവും- യമുന മാധവന്റെ കയ്യിൽ പിടിക്കുന്നു, പോലീസിനെ വിളിക്കരുത് എന്ന അപേക്ഷയുമായി. മൗനമായ ഒരു അപേക്ഷ, നോട്ടത്തിലൂടെ മാത്രം. അരവിന്ദൻ വന്നു മാധവന്റെ കൈ പിടിക്കുന്നു. മാധവൻ ഫോൺ തിരിച്ച് പോക്കറ്റിലിട്ട്, യമുനയുടെയും അരവിന്ദന്റെയും കൈപിടിച്ച് മൃണാളിനി യോട് യാത്ര പറഞ്ഞു റൂമിൽ നിന്ന് ഇറങ്ങാൻ തുടങ്ങുന്നു. യമുന മൃണാളിനിയുടെ കൈപിടിച്ചുകൊണ്ട് , യാത്ര പറയുന്നു, ദുഃഖം ഉള്ളിൽ ഒതുക്കികൊണ്ട്.
റൂമിലെ കോളിംഗ് ബെൽ അടിക്കുന്നു. മാധവൻ ഡോർ തുറക്കുന്നു. മൃണാളിനി യെ അറസ്റ്റ് ചെയ്യുവാനായി പോലീസ് ടീം എത്തിയിരിക്കുന്നു. കൂടെ സുഹൃത്തെന്നു നടിച്ചു രഹസ്യങ്ങൾ ശേഖരിക്കാനായി നടന്ന യുവാവും. നീ കുറേക്കാലം ഞങ്ങളുടെ കണ്ണ് വെട്ടിച്ച് നടക്കുകയായിരുന്നില്ലേ, ഇനി കുറേ കാലം നിന്നെ ഞങ്ങൾക്ക് വേണം എന്ന് വളരെ രൗദ്രം ഏറിയ ഭാഷയിൽ ഇൻസ്പെക്ടർ പറഞ്ഞപ്പോൾ മൃണാളിനിയുടെ മുഖത്ത് ഏറെ നിസ്സഹായത പ്രതിഫലിച്ചു. എല്ലാവരും പരിഭ്രമത്തോടെ അന്യോന്യം നോക്കുന്നു, യമുന മാധവനെയും മൃണാളിനിയെയും – മൃണാളിനി മാധവനെയും – മാധവൻ തന്നെയായിരിക്കും പോലീസിനെ അറിയിച്ചത് എന്ന സംശയം മൃണാളിനിയുടെ നോട്ടത്തിൽ വ്യക്തമായിരുന്നു. ഞാനല്ല എന്ന നിഷേധ ഭാവത്തിൽ തലയാട്ടി കൊണ്ട് മാധവൻ അവരെ തന്നെ നോക്കി നിന്നു. എന്തിനായിരുന്നു അവരോട് ഇത്രയും ക്രൂരത കാണിച്ചതെന്ന ചോദ്യം യമുനയുടെ നോട്ടങ്ങളിൽ സ്പഷ്ടമായിരുന്നു…
പക്ഷെ പോലീസിന് പിടികൊടുക്കാതെ ഞൊടിഇടയിൽ ധരിച്ചിരുന്ന ലെതർ ജാക്കറ്റിനുള്ളിൽ നിന്നും പിസ്റ്റൾ എടുത്തു അവൾ നെറ്റിയോട് ചേർത്ത് വെച്ചു നിറയൊഴിച്ചു.
എവിടെയോ ചില ചോദ്യങ്ങൾ അവശേഷിക്കുന്നു. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ. മാധവൻ പോലീസിനെ അറിയിച്ചിരുന്നുവോ? ഇന്ദ്രനീല കല്ല് മോതിരം കയ്യിൽ വച്ചാൽ അത് ചിലർക്ക് ജീവിതത്തിൽ നിർഭാഗ്യങ്ങൾ മാത്രം കൊടുക്കുമോ? അറിയില്ല, എല്ലാം കാലം തെളിയിക്കട്ടെ.