Recipe

ലാലേട്ടന്റെ സ്‌പെഷ്യല്‍ ചിക്കന്‍ കറി; രുചിച്ചുനോക്കുന്നവർ സൂപ്പറെന്ന് പറയും, റെസിപ്പി വേണ്ടേ ?

നിരവധി ആളുകൾ ഈ കറി പരീക്ഷിച്ചു

സിനിമാതാരങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളും അവരുടെ ജീവിത ശൈലികളും എല്ലാം എന്നും സോഷ്യൽ മീഡിയയിൽ ട്രെൻഡാണ്. അത്തരത്തിൽ ഈ അടുത്തകാലത്ത് ഇൻറർനെറ്റ് ആഘോഷമാക്കിയ ഒന്നായിരുന്നു മോഹൻലാലിൻറെ ഹെൽത്തി ചിക്കൻ കറി. അധിക മസാലക്കൂട്ടുകൾ ഒന്നും ചേർക്കുന്നില്ല എന്നാണ് ഇതിൻറെ പ്രത്യേകത. ലാലേട്ടൻ സ്പെഷ്യൽ ചിക്കൻ കറി വീഡിയോ വീണ്ടും വൈറലാവുകയാണ്. നിരവധി ആളുകൾ ഈ കറി പരീക്ഷിച്ചു വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടു.

ചേരുവകള്‍

ചതച്ചെടുത്ത ചേരുവകള്‍ കൊണ്ടാണ് ഈ ചിക്കന്‍ കറി തയ്യാറാക്കുന്നത്. ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, കടുക്, പെരുംജീരകം, വറ്റല്‍ മുളക്, കുറച്ച് ഗരം മസാല, മഞ്ഞള്‍ ഉപ്പ്, ചുട്ടെടുത്ത തേങ്ങ (ചതച്ചത്) എന്നിവയാണ് ചേരുവകള്‍.

തയാറാക്കുന്ന വിധം

ഫ്രൈയിങ് പാന്‍ ചൂടാക്കി എണ്ണയൊഴിച്ച് കടുകു പൊട്ടിച്ച് ചതച്ചെടുത്ത ചേരുവകള്‍ എല്ലാം കൂടി ഇട്ട്, ഉപ്പ് ചേര്‍ത്ത് വഴറ്റിയെടുക്കാം. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, പെരുംജീരകം, കുരുമുളകുപൊടി, ഗരംമാസല, ഉണക്കമുളക് ചതച്ചത്, ചതച്ചുവച്ച തേങ്ങയും ചേര്‍ത്ത് യോജിപ്പിക്കാം.

ഇതിലേക്ക്, നേരത്തെ കഴുകി വൃത്തിയാക്കി വച്ച അരക്കിലോ ചിക്കന്‍ കൂടി ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. ഒട്ടും വെള്ളം ചേര്‍ക്കരുത്. ഇത് അടച്ചു വച്ച് വേവിച്ച് എടുക്കുക. ഒന്നാന്തരം രുചിയില്‍ മസാല ഇല്ലാത്ത ലാലേട്ടന്‍ സ്‌പെഷല്‍ ചിക്കന്‍ റെഡി.