ബിസിനസ്സിലേക്ക് വീണ്ടും ശക്തമായി തന്നെ തിരിച്ചെത്താനുള്ള തീവ്രമായ ശ്രമങ്ങളിലാണ് അനിൽ അംബാനി. ഈ വർഷം തന്നെ ബാധ്യതകൾ എല്ലാം തീർക്കാനായിരുന്നു അദ്ദേഹം ലക്ഷ്യം വെച്ചിരുന്നത്. എന്നാൽ ഒന്നിനുപുറകെ ഒന്നായി വന്ന തിരിച്ചടികൾ അദ്ദേഹത്തെ വീണ്ടും പ്രതിസന്ധിയിലാക്കി. ഇപ്പോഴത്തെ വീണ്ടും ചിറകടിച്ചു വീഴാൻ ശ്രമിക്കുകയാണ് അദ്ദേഹം. 3000 കോടി രൂപ സമാഹരിക്കാൻ ആണ് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ശ്രമം. ഇതിലൂടെ വലിയ ബാധ്യതകൾ തീർക്കാനും പുതിയ ബിസിനസ് ആരംഭിക്കാനും സാധിക്കും.
പുതുതായി സമാഹരിക്കുന്ന തുക ഉപയോഗിച്ച് ഇലക്ട്രിക് പവർ ജനറേഷൻ ഉൾപ്പെടെയുള്ള പുതിയ ബിസിനസുകൾ ആരംഭിക്കാനും ആസൂത്രണം ചെയ്യുന്നു. ഫോറിൻ കറൻസി കൺവേർട്ടബിൾ ബോണ്ടുകൾ (FCCB) വഴി ഫണ്ട് സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ കമ്പനിയുടെ കടബാധ്യതകൾ രൂപയിൽ തിരിച്ചടയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.
നിലവിൽ സമാഹരിക്കുന്ന തുകയിലെ ഭൂരിഭാഗവും JCF ARC, മറ്റ് ബാങ്കുകൾ എന്നിവിടങ്ങളിൽ ബാക്കിയുള്ള വായ്പ തിരിച്ചടയ്ക്കാനും, ബോണ്ട് ഉടമകൾക്ക് നൽകാനുമായിരിക്കും ഉപയോഗിക്കുക. കാരണം ജെ.സി ഫ്ലവർ അസറ്റ് കൺസ്ട്രക്ഷൻ കമ്പനിയിൽ (JCF ARC) നിന്നെടുത്ത 1,505 കോടി രൂപയുടെ മറ്റൊരു ടേം ലോണും കമ്പനിക്ക് ബാധ്യതയായിട്ടുണ്ട്. ഇതു കൂടാതെ ഐ.ഡി.ബി.ഐ ബാങ്കിൽ നിന്ന് 600 കോടി രൂപയും, ജമ്മു & കശ്മീർ ബാങ്കിൽ നിന്ന് 82 കോടി രൂപയും, ജമ്മു & കശ്മീർ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവിടങ്ങളിൽ നിന്ന് 66 കോടി രൂപയും കമ്പനി വായ്പയെടുത്തിട്ടുണ്ട്.
നിലവിൽ JCF ARC യിൽ നിന്നെടുത്ത 1,505 കോടി രൂപയിൽ 1,347 കോടി രൂപയും കമ്പനി തിരിച്ചടച്ചിട്ടുണ്ട്. ബാക്കി തുക അടയ്ക്കേണ്ട അവസാന ദിവസം ഈ മാസം 30ാം തിയ്യതിയാണ്. അതേ സമയം ഈ സമയ പരിധി ദീർഘിപ്പിച്ചു ലഭിക്കാൻ കമ്പനി ശ്രമം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.