തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഇനിയും യൂണിഫോം എത്തിയില്ല. സ്കൂൾ തുറന്നിട്ട് 10 ദിവസം കഴിഞ്ഞു. ഉടൻതന്നെ വിദ്യാർത്ഥികൾക്ക് യൂണിഫോം എത്തിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടിയുടെ വാക്ക് പാഴ് വാക്കായി. സൗജന്യ യൂണിഫോം പദ്ധതി പാളിയതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഈ പ്രശ്നം പലപ്പോഴായി മാധ്യമങ്ങൾ ഉന്നയിച്ചതോടെ രണ്ടു ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പുനൽകിയിരുന്നു.
സൗജന്യ യൂണിഫോം വിതരണം ചെയ്യാത്തത് സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം കുടിശ്ശിക വന്നിട്ടുണ്ട്. ധനവകുപ്പ് പണം അനുവദിച്ചിട്ടുണ്ട്. കുടിശിക ഈ വര്‍ഷം കൊടുത്ത് തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇത്തരമൊരു പ്രതികരണം വന്ന് ഒരുമാസം കഴിഞ്ഞും യാതൊരു നടപടിയുമായിട്ടില്ല. എയ്ഡഡ് സ്‌കൂളുകള്‍ക്ക് യൂണിഫോം അലവൻസ് ലഭിച്ചിട്ട് വര്‍ഷങ്ങളായി. കൈത്തറി മേഖലയുടെ വിതരണവും പ്രതിസന്ധിയിലാണ്.