Movie News

‘അവറാന്‍’വരുന്നു; മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് ടൊവിനോ തോമസ്

അവറാന്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പങ്കുവച്ച് നടന്‍ ടൊവിനോ തോമസ്. ശില്‍പ അലക്സാണ്ടര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബെന്നി പി നായരമ്പലം തിരക്കഥയെഴുതി ജിനു എബ്രഹാം ഇന്നൊവേഷന്റെ ബാനറില്‍ ജിനു എബ്രഹാമാണ് നിര്‍മാണം ചെയ്യുന്നത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ടൊവിനോയാണ്. ജേക്സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജോമോന്‍ ടി ജോണ്‍ ആണ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്.

മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലും മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. ടൊവിനോ ഒരു ചിരിയോടെ ക്യാമറയിലേക്ക് നോക്കുന്നതാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. തിരിച്ചറിയാന്‍ കഴിയാത്തവിധം വളച്ചൊടിച്ച ആയുധങ്ങളും മോഷന്‍ പോസ്റ്ററില്‍ കാണാം. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. സിനിമയില്‍ സമീറ സനീഷ് വസ്ത്രാലങ്കാരവും ഷാജി നടുവില്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു. മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സഹനിര്‍മ്മാണം: ദിവ്യ ജിനു, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സൂരജ് കുമാര്‍, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, സൗണ്ട് മിക്‌സിംഗ്: അരവിന്ദ് മേനോന്‍, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, മോഷന്‍ പോസ്റ്റര്‍: ഐഡന്റ് ലാബ്‌സ്, ഡിസൈന്‍: തോട്ട് സ്റ്റേഷന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്‍.

അതേസമയം, ജിതിന്‍ ലാലിന്റെ അജയന്റെ രണ്ടാം മോചനം, സൈജു ശ്രീധരന്റെ മുന്‍പേ, അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവരുടെ ഐഡന്റിറ്റി, മോഹന്‍ലാലിന്റെ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ എന്നിവയിലും ടൊവിനോ അഭിനയിക്കും. 2012-ല്‍ പ്രഭുവിന്റെ മക്കള്‍ എന്ന മലയാള ചിത്രത്തിലൂടെയാണ് ടൊവിനോ അഭിനയരംഗത്തേക്ക് കടന്നുവന്നത്. നായകന്മാര്‍, ശക്തമായ നിര്‍ണായക കഥാപാത്രങ്ങള്‍, നെഗറ്റീവ് റോളുകള്‍ എന്നിവ ഉള്‍പ്പെടുന്ന വിശാലമായ കഥാപാത്രങ്ങളിലൂടെയാണ് ടൊവിനോ അംഗീകരിക്കപ്പെടുന്നത്.