Movie News

ആരാധകരെ ശാന്തരാകുവിന്‍; പുഷ്പ 2 റിലീസ് തീയതി പ്രഖ്യാപിച്ച് അല്ലു അര്‍ജുന്‍

ഹൈദരാബാദ്: തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പുഷ്പ 2. 2024 ഓഗസ്റ്റ് 15ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ നേരത്ത പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ റിലീസ് തീയതി മാറ്റിയിരിക്കുകയാണ്. ഡിസംബറിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഡിസംബര്‍ 6 ആയിരിക്കും പുഷ്പ 2വിന്റെ റിലീസ് തീയതി. അല്ലു അര്‍ജുനാണ് വിവരം പങ്കുവെച്ചത്.

‘2024 ലെ സ്വാതന്ത്ര്യ ദിനത്തില്‍ റിലീസ് പ്രഖ്യാപിച്ചതിനാല്‍ ഷൂട്ട് പൂര്‍ത്തിയാക്കാനും എഡിറ്റ് ലോക്ക് ചെയ്യാനും നിര്‍മ്മാതാക്കള്‍ വലിയ പ്രയത്‌നത്തിലായിരുന്നു. ഷൂട്ടിംഗ് നീണ്ടുപോയതാണ് ചിത്രത്തിന്റെ റിലീസിനെ ബാധിച്ചത് എന്ന് ഈ വൃത്തം സ്ഥിരീകരിച്ചിരുന്നു. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ആദ്യ ഭാഗം രാജ്യമെമ്പാടും ചര്‍ച്ചയാക്കപ്പെടുകയും സിനിമയിലെ അഭിനയത്തിന് അല്ലുവിന് നാഷണല്‍ അവാര്‍ഡ് ലഭിക്കുകയും ചെയ്തിരുന്നു. അല്ലു അര്‍ജുനൊപ്പം ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം മലയാളികളും ഏറ്റെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിലൂടെ ആണ് പുഷ്പ അവസാനിച്ചത്. വരാനിരിക്കുന്ന സിനിമയില്‍ വന്‍ ആക്ഷന്‍ സ്വീക്വന്‍സുകള്‍ കാണാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അതിനിടെ് ‘പുഷ്പ 2’ന്റെ സെറ്റില്‍ നിന്ന് അല്ലു അര്‍ജുന്റെ ഒരു ഫോട്ടോ ചോര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു ്‌ചോര്‍ന്ന ഫോട്ടോ. ചിത്രത്തില്‍ അല്ലു സാരി പോലെയുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. ആന്ധ്രയിലെ ‘ഗംഗമ്മ തല്ലി’ എന്ന ആചാരത്തിന്റെ ഭാഗമായി ആണുങ്ങള്‍ പെണ്‍വേഷം കെട്ടാറുണ്ട്. അത് ചിത്രത്തിലെ ഒരു പ്രധാന രംഗമായി തന്നെ വരുന്നുണ്ട്. ഇതിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. 500കോടിയാണ് പുഷ്പയുടെ ബജറ്റ് എന്നാണ് വിവരം. ദേവി ശ്രീ പ്രസാദാണ് പുഷ്പയുടെ സംഗീതം.