ന്യൂഡല്‍ഹി: അവധിക്കാല യാത്രയിലാണ് ബോളിവുഡിന്റെ പ്രിയതാരം കരീന കപൂര്‍. നടനും ഭര്‍ത്താവുമായ സേഫ് അലിഖാനും മക്കളായ തൈമൂറും ജയുമാണ് കരിനയുടെ യാത്ര പങ്കാളികള്‍. ഇത്തരത്തില്‍ അവധിക്കാലത്ത് വെച്ച് എടുത്ത കരീനയുടെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയി പോകുന്നത്. കരീന പങ്കുവെച്ച ചിത്രങ്ങളില്‍ ഒന്നില്‍ ദമ്പതികള്‍ ഇരുവരും കൈപിടിച്ചിരിക്കുന്നത് കാണാം. ബെറ്റര്‍ ടുഗതര്‍ എന്നാണ് കൈയ്യില്‍ ധരിച്ചിരിക്കുന്ന ബ്രേസ്ലെറ്റില് എഴുതിയിരിക്കുന്നത്. ഈ ബ്രേസ്ലറ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി പോകുന്നത്.
കരിനയും കുടുംബവും ഇത്തവണ വിനോദയാത്രയ്ക്കായി പോയത് യുകെയിലേക്കാണ്. അവധിക്കാല ചിത്രങ്ങള്‍ക്കൊപ്പം തന്നെ കരീനയുടെ മറ്റൊരു പോസ്റ്റും ഇപ്പോള്‍ വൈറലാണ്. കരീന കപൂര്‍ തന്നെ പകര്‍ത്തിയ ഒരു മിറര്‍ പിക്ചറാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കരീനയുടെ തന്നെ സ്വന്തം ഡ്രസ്സിംഗ് റൂം ആണ് ഇതെന്നാണ് ആരാധകര്‍ പറഞ്ഞുവെക്കുന്നത്. ചിത്രത്തില്‍ പിന്നില്‍ കാണുന്ന ഡ്രസ്സിംഗ് ടേബിളിന്റെ ഒരു വശത്ത് ഭംഗിയായി ക്രമീകരിച്ചിരിക്കുന്ന കരീനയുടെ ആകര്‍ഷകമായ ഷൂ ശേഖരം കാണാം. അതോടൊപ്പം തന്നെ മറ്റൊരു റാക്കില്‍ ഡിസൈനര്‍ ഹാന്‍ഡ് ബാഗുകളുടെ ഒരു വലിയ ശേഖരവും കാണാം.
ഡ്രസ്സിംഗ് റൂമിന് ഭംഗി കൂട്ടുന്ന വിധം തറയില്‍ ഒരു പരമ്പരാഗതമായ പരവതാനി വിരിച്ചിരിക്കുന്നതായും ചിത്രത്തില്‍ കാണാന്‍ സാധിക്കും. കണ്ണാടിക്ക് മുന്നിലായി ഒരു വുഡന്‍ കസേരയും കാണാം. എല്ലാത്തിനുമുപരി റെഡ് കളര്‍ കഫ്താനില് സുന്ദരിയായി നില്ക്കുന്ന കരീന കപൂറിന്റെ ചിത്രവും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
2000 മുതല്‍ ഹിന്ദി സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് കരീന. റൊമാന്റിക്, കോമഡികള്‍ മുതല്‍ ക്രൈം ഡ്രാമകള്‍ വരെയുള്ള വിവിധതരം ചലച്ചിത്ര വിഭാഗങ്ങളിലെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് നടി ശ്രദ്ധിക്കപ്പെട്ടു. ആറ് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ള കരീന ബോളിവുഡിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ്.