Celebrities

‘നെഞ്ചിനകത്ത് നെഞ്ചുവിരിച്ച് ലാലേട്ടന്‍’; ആരാധകന് സര്‍പ്രൈസുമായി മോഹന്‍ലാല്‍

തന്റെ മുഖം നെഞ്ചില്‍ പച്ചകുത്തിയ ആരാധകനെ നേരില്‍ കണ്ട് നടന്‍ മോഹന്‍ലാല്‍. ചിത്രം പച്ച കുത്തിയതിന് സമീപത്തായി മോഹന്‍ലാല്‍ ഓട്ടോഗ്രാഫ് നല്‍കുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഇപ്പോള്‍. ആരാധകനൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്ത ശേഷമാണ് നടന്‍ മടങ്ങിയത്.

മോഹന്‍ലാലിനോടുള്ള കടുത്ത ആരാധനയില്‍ അദ്ദേഹത്തിന്റെ ചിത്രം നെഞ്ചില്‍ പച്ചകുത്തിയ ആരാധകന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ നേരത്തെ തന്നെ വൈറലായിരുന്നു. അനീഷ് അശോകന്‍ എന്ന ആരാധകനാണ് മോഹന്‍ലാലിന്റെ ചിത്രം നെഞ്ചില്‍ പച്ചകുത്തിയത്. 2023ലാണ് അനീഷ് മോഹന്‍ലാലിന്റെ ചിത്രം പച്ചകുത്തിയത്. ഒരു വര്‍ഷത്തിനു ശേഷമാണ് ആരാധകനെ തേടി ആ സന്തോഷ നിമിഷം എത്തിയത്. പച്ച കുത്തുന്നതിന്റെ വിഡിയോ വിവിധ ഫാന്‍ പേജുകളിലൂടെയാണ് വൈറലായത്. നെഞ്ചില്‍, പച്ച കുത്തിയതിന് സമീപത്തായി മോഹന്‍ലാല്‍ ഓട്ടോഗ്രാഫ് നല്‍കുന്നതിന്റെ വിഡിയോയും ശ്രദ്ധനേടുന്നുണ്ട്.

പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു പിടി മികച്ച സിനിമകളാണ് മോഹന്‍ലാലിന്റെതായി തിയേറ്ററില്‍ വരാനിരിക്കുന്നത്. പ്രഭാസ്, അക്ഷയ് കുമാര്‍ തുടങ്ങിയ വന്‍ താരനിര അഭിനയിക്കുന്ന ‘കണ്ണപ്പ’ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. ശോഭനയ്ക്ക് ഒപ്പം മോഹന്‍ലാല്‍ വീണ്ടും ഒന്നിക്കുന്ന തരുണ്‍ മൂര്‍ത്തി ചിത്രവും അണിയറയില്‍ ഒരുങ്ങുകയാണ്.
നടന്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനും ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ്.