ഒമ്പതു വയസ്സുകാരിയായ മകള്‍ അലംകൃതയ്ക്ക് ആര്‍ത്തവത്തെ കുറിച്ചുള്ള അവബോധം നല്‍കാന്‍ തന്നെ സഹായിച്ച ഒരു പുസ്തകത്തെ കുറിച്ച്, നിര്‍മ്മാതാവും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ അമരക്കാരിയുമായ സുപ്രിയ മേനോന്‍ പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ‘മെന്‍സ്ട്രുപീഡിയ’ എന്ന പുസ്തകത്തെ കുറിച്ചാണ് സുപ്രിയയുടെ കുറിപ്പ്.
‘എനിക്ക് ആദ്യമായി ആര്‍ത്തവം വന്നപ്പോള്‍, ആര്‍ത്തവത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട മാറ്റങ്ങളെ കുറിച്ചും അറിവില്ലാത്തതിനാല്‍ എന്തോ മാരകമായ അസുഖം ബാധിച്ച് മരിക്കുകയാണെന്ന് ഞാന്‍ കരുതി! അതിനാല്‍, അല്ലി അതേ കുറിച്ച് അറിയാതെ പോവരുതെന്നും അവളുടെ സമപ്രായക്കാരില്‍ നിന്നും പാതി ബേക്ക് ചെയ്ത വിവരങ്ങള്‍ മാത്രം മനസ്സിലാക്കരുതെന്നും ഞാന്‍ ആഗ്രഹിച്ചു. പ്രായപൂര്‍ത്തിയാകുന്നതും അതുവഴി വരുന്ന മാറ്റങ്ങളും ചെറിയ കുട്ടികളോട് സംസാരിക്കുക ബുദ്ധിമുട്ടുള്ള വിഷയമാണ്. അല്ലിയോട് അതേക്കുറിച്ച് എങ്ങനെ സംസാരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ആര്‍ത്തവത്തെക്കുറിച്ചുള്ള ആശയം വിശദീകരിക്കാനും അവളെയത് മനസ്സിലാക്കിക്കാനും ഈ പുസ്തകം എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. നമുക്ക് ആര്‍ത്തവത്തെക്കുറിച്ച് സംസാരിക്കാം, നമ്മുടെ കുട്ടികള്‍ക്ക് അത് സാധാരണമാക്കാം!,’ എന്നാണ് സുപ്രിയ കുറിച്ചത്.
കുട്ടികള്‍ക്ക് പ്രാക്റ്റിക്കലായ അറിവ് സമ്മാനിക്കുന്ന ഈ പുസ്തകം 17 വ്യത്യസ്തമായ ഭാഷകളില്‍ ലഭ്യമാണ്. കോമിക് സ്വഭാവത്തിലുള്ള പുസ്തകം ആര്‍ത്തവത്തെ കുറിച്ച് കുട്ടികള്‍ക്ക് കൃത്യമായ അവബോധം നല്‍കുന്നു. ഏറെ റിസര്‍ച്ചുകള്‍ക്ക് ശേഷം തയ്യാറാക്കപ്പെട്ടിട്ടുള്ള പുസ്തകമാണിത്. ഒമ്പത് വയസ്സാകുമ്പോഴേക്കും പെണ്‍കുട്ടികളോട് ആര്‍ത്തവം എന്താണ്, അതിനു പിന്നിലെ ജീവശാസ്ത്രപരമായ വസ്തുതകള്‍ എന്തൊക്കെയാണ്, പെട്ടെന്ന് ആര്‍ത്തവം വന്നാല്‍ അതിനെ എങ്ങനെ നേരിടണം? തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.