എന്താണീ അജന്താ – എല്ലോറ ഗുഹകൾ..?
34 ഗുഹകൾ അടങ്ങുന്ന ഒരു വലിയ ഗുഹ സമുച്ചയം ഏതാണെന്ന് അറിയാമോ?ഉളികൊണ്ടു കൊത്തിയ ദശ ലക്ഷക്കണക്കിന് പാടുകൾ അവിടെയുണ്ട്…
മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലെ അജന്തയിൽ ബി.സി.ഇ. രണ്ടാം നൂറ്റാണ്ടു മുതൽ എ.ഡി. ഏഴാം നൂറ്റാണ്ടു വരേയുള്ള കാലഘട്ടത്തിൽ പലപ്പോഴായി കരിങ്കല്ലിൽ കൊത്തിയെടുത്ത ഗുഹാക്ഷേത്രങ്ങളാണ് അജന്ത ഗുഹകൾ എന്നറിയപ്പെടുന്നത്. ഈ ഗുഹകളിൽ കാണപ്പെടുന്ന ചിത്രങ്ങളും ശില്പങ്ങളും ബുദ്ധമതകലയുടെ മകുടോദാഹരണമായി കണക്കാക്കപ്പെടുന്നു. 1983 മുതൽ അജന്ത ഗുഹകളെ യുനെസ്കോയുടെയുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
1817-ൽ ഹൈദരാബാദ് നൈസാമിന്റെ സൈന്യത്തിൽ സേവനം അനുഷ്ഠിച്ചിരുന്ന ബ്രിട്ടീഷ് പടയാളികളാണ് ഈ ഗുഹ ആദ്യമായി കണ്ടെത്തുന്നത്. അവർ നടത്തിയ ചില സൈനിക പര്യടനങ്ങൾക്കിടയിൽ വാഗൂർ നദിയുടെ ഉത്ഭവസ്ഥനത്തിനടുത്ത് പാറക്കെട്ടുകൾക്കിടയിൽ യാദൃച്ഛികമായാണ് ഇത് കണ്ടെത്തിയത്. പലതരം ക്ഷുദ്രജീവികളുടെ ആവാസ കേന്ദ്രമായിരുന്ന ഇവിടം പിന്നീട് പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിൽ പെട്ട ശേഷമാണ് ഇന്നു കാണുന്ന അവസ്ഥയിലേക്ക് മാറ്റിയെടുത്തത്. 1829-ൽ ഫെർഗൂസൻ എന്ന പുരാവസ്തു ശാസ്ത്രജ്ഞൻ ഇവിടം സന്ദർശിക്കുകയും ഗവേഷണങ്ങളിൽ ഏർപ്പെടുകയുമുണ്ടായി.
എന്നാൽ അജന്താ – എല്ലോറ ഗുഹകൾ..എന്ന് കേട്ടിട്ടുണ്ടോ?
പേര് കേട്ടാൽ ഒരമ്മ പെറ്റ രണ്ട് അളിയന്മാർ ആണ് എന്ന് തോന്നുമെങ്കിലും ഈ രണ്ടും തമ്മിൽ ഏതാണ്ടൊരു പത്തു നൂറു കിലോമീറ്റർ ദൂര വ്യത്യാസമുണ്ട്.സംഗതി എല്ലാം ബുദ്ധ – ജൈന – ഹിന്ദു സന്യാസിമാരുടെ പ്രാർത്ഥനാ ഗുഹകളും അനുബന്ധ സംഗതികളും ഒക്കെ ആണെങ്കിലും ഇതിനിടക്കാണ് എല്ലോറയിലെ പ്രസിദ്ധമായ കൈലാസ നാഥ ക്ഷേത്രം വരുന്നത്.കൃത്യമായി പറഞ്ഞാൽ 34 ഗുഹകൾ ഉള്ള എല്ലോറ ഗുഹാ സമുച്ചയത്തിലെ 16 ആം നമ്പർ ഗുഹ.എന്നാൽ ഇതിനെ ഒരു ഗുഹ എന്ന് വിളിക്കാമോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് എന്റെ ഉത്തരം.കാരണം മറ്റു നിർമ്മിതികളെപ്പോലെ ഇത് സ്ഥിതി ചെയ്യുന്നത് ഒരു ഗുഹക്കുള്ളിൽ അല്ല, സത്യത്തിൽ മലഞെരുവിൽ കൊത്തിയുണ്ടാക്കിയ ഒരു ക്ഷേത്രമാണിത്.
ഒരു ക്ഷേത്രം എന്ന് പറയാനാവില്ല, ഒന്നൊന്നര ക്ഷേത്രം.കാരണം, ഏതാണ്ട് പത്തു നില കെട്ടിടത്തിന്റെ ഉയരമുള്ള ഈ ക്ഷേത്രത്തിന്റെ താഴികക്കുടം മുതൽ അകത്തെ ശിവലിംഗം മുതൽക്കുള്ള സകലമാന സാധനങ്ങളും കൊത്തിയുണ്ടാക്കിയിട്ടുള്ളത് ഒരൊറ്റ കല്ലിലാണ്.കൈലാസ നാഥ ക്ഷേത്രം ആര് ഉണ്ടാക്കി, എപ്പോൾ ഉണ്ടാക്കി, ഇത് ഇവിടെ സ്ഥിതി ചെയ്യുന്നു എന്നൊക്കെ നിങ്ങൾക്ക് വിക്കിപീഡിയയിൽ തിരഞ്ഞാൽ കിട്ടുന്ന കാര്യങ്ങളാണ് . എന്നാൽ എങ്ങനെ ഇതുണ്ടാക്കി എന്ന സിവിൽ എൻജിനീയറിങ് ചോദ്യവും പേറിയാണ് ഞാൻ ഔറംഗാബാദിലെ മല കയറുന്നത്.കാരണം ഇന്നും പലരും പറയുന്നത് ഈ ക്ഷേത്രം നിർമ്മിച്ചത് അന്യഗ്രഹ ജീവികളാണ് എന്നാണ്. കൂട്ടത്തിൽ നമ്മുടെ നാട്ടിലെ ചില യൂട്യൂബർമാരും പറഞ്ഞു.
അതിന് അവർ പറയുന്ന കാരണങ്ങളും ഉണ്ട്.
ഒന്ന് – ഇത്ര കൃത്യതയോടെ ഒരു വൻ മല അകത്തേക്ക് തുരന്ന് ക്ഷേത്രം നിർമ്മിക്കുക എന്നത് മനുഷ്യ സാധ്യമല്ല, അന്നും, ഇന്നും.
രണ്ട് – ഈ ക്ഷേത്രത്തിനു വേണ്ടി നീക്കം ചെയ്യപ്പെട്ട ലക്ഷക്കണക്കിന് ടൺ കല്ല് ഇന്നേവരെ സമീപ പ്രദേശത്തുനിന്ന് ഒന്നും കണ്ടെടുക്കപ്പെട്ടിട്ടില്ല, അതിനാൽ തന്നെ മനുഷ്യന് അപ്രാപ്യമായ ചില നിർമ്മാണ സാമഗ്രികൾ കൊണ്ടാണ് ഇവ ഉണ്ടാക്കിയിരിക്കുന്നത്.
മൂന്ന് – അന്യ ഗ്രഹ ജീവികൾക്ക് വന്നിറങ്ങാനായി ദിശ മനസ്സിലാക്കാൻ ക്ഷേത്രത്തിന്റെ താഴികക്കുടത്തിനു മുകളിലായി സിംഹാകൃതിയിൽ ഒരു വടക്കുനോക്കിയന്ത്രത്തിന്റെ മാതൃക നിർമ്മിച്ചിട്ടുണ്ട്.ഇതിലെ മൂന്നാമത്തെ സാധ്യത ഞാൻ ആദ്യമേ തള്ളി.
കാരണം, ഈ തെക്ക്, വടക്ക്, കിഴക്കു പരിപാടികൾ ഒക്കെ സൂര്യനെ ആശ്രയിച്ചു നിൽക്കുന്ന നമ്മൾ ഭൂവാസികൾക്കു മാത്രമുള്ളതാണ്.
ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഒരു നൂറു കിലോമീറ്റർ പൊങ്ങിയാൽ പിന്നെ തെക്കുമില്ല, വടക്കുമില്ല.
പിന്നെയാണ് വടക്കുനോക്കി യന്ത്രം.
ഇന്ത്യയിലെ ഏറ്റവും മനോഹരമായ, അത്ഭുതകരമായ സൃഷ്ടി താജ്മഹലാണോ, അതോ കൈലാസ നാഥ ക്ഷേത്രമാണോ എന്ന് ചോദിച്ചാൽ ഒരു ഉത്തരം എനിക്കില്ല.
കാരണം രണ്ടും ഒന്നിനൊന്നു മെച്ചമാണ്, കൂടാതെ തമിഴ്നാട്ടിലെ ശിലാ ക്ഷേത്രങ്ങളും ഇവക്കൊപ്പം നിൽക്കും.
എന്നാൽ നമ്മുടെ പ്രശ്നം അതല്ല, ഒരൊറ്റ കല്ലിൽ ഈ ക്ഷേത്രം എങ്ങനെ ഉണ്ടാക്കിയെടുത്തു എന്നതാണ്.
ഏതൊരു സിവിൽ എൻജിനീയറിങ് നിർമ്മിതിയും താഴെ നിന്ന് മുകളിലോട്ടു നിർമ്മിച്ച് പോകുമ്പോൾ, ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് മുകളിൽ നിന്ന് താഴോട്ടാണ് എന്നതാണ് ഇതിന്റെ പ്രത്യേകത.
മാത്രമല്ല പാറ തുരന്നാണ് ഇതിലെ ശ്രീകോവിലും അനുബന്ധ റൂമുകളും എല്ലാം നിർമ്മിച്ചിട്ടുള്ളത്.
പഠനങ്ങൾ സൂചിപ്പിക്കുന്നത് ” ബസാൾട്ട് ” ശിലയിലാണ് ഈ ക്ഷേത്രം കൊത്തിയെടുത്തിട്ടുള്ളത് എന്നാണ്.
എന്താണീ ബസാൾട്ട് ശില..?
അത് നമ്മുടെ കരിങ്കല്ല് പോലെയുള്ള, അഗ്നിപർവത ജന്യമായ ഒരിനം ശിലയാണ്, നമ്മുടെ കരിങ്കല്ലിന്റെ കുഞ്ഞമ്മയുടെ മകൻ എന്നൊക്കെ വേണമെങ്കിൽ പറയാം.
ഇതിന്റെ ഉറപ്പും മറ്റു സവിശേഷതകളും ഏതാണ്ട് കരിങ്കല്ലിനൊപ്പമാണ്. ചുമ്മാ എൻജിനീയറിങ് മൂല്യങ്ങൾ പറഞ്ഞു നിങ്ങളെ പേടിപ്പിക്കുന്നില്ല.
ഇത് തുരന്ന് ക്ഷേത്രം പണിയുക എന്ന് വച്ചാൽ അസംഭവ്യമാണ്.
ഇനി, ബസാൾട് അവിടെ നിൽക്കട്ടെ, നമുക്ക് വേറെ ചില വസ്തുതകളിലേക്കു വരാം.
അജന്താ – എല്ലോറ ഗുഹാ സമുച്ചയങ്ങളെക്കുറിച്ചു നാം ഇഷ്ടം പോലെ കേട്ടിട്ടുണ്ടെങ്കിലും അതുപോലുള്ള നൂറു കണക്കിന് ഗുഹകൾ മഹാരാഷ്ട്രയിലും പരിസര പ്രദേശങ്ങളിലും ഉണ്ട്. ഇനിയും കണ്ടെടുക്കപ്പെടാത്തതും ഉണ്ടാകാം.
അതായത് മല തുരക്കുന്ന ഈ കലാപരിപാടി പ്രാചീന മഹാരാഷ്ട്രക്കാർക്കു പുത്തരിയല്ല എന്നർത്ഥം.എന്നാൽ എന്തുകൊണ്ടാണ് ഈ ഗുഹകൾ എല്ലാം ഈ ഭാഗങ്ങളിൽ കേന്ദ്രീകരിച്ചത് ..?
പല കാരണങ്ങൾ ഉണ്ടാകാം എങ്കിലും ഭൗമശാസ്ത്രപരമായ ഒരു കാരണമുണ്ട്.
ഈ നാം മേല്പറഞ്ഞ ബസാൾട് സ്റ്റോൺ വ്യാപകമായി കാണപ്പെടുന്നത് മഹാരാഷ്ട്ര അടങ്ങിയ ഡക്കാൻ പീഠഭൂമിയിലാണ്.
ബസാൾട്ട് സ്റ്റോൺ, കരിങ്കല്ലിനൊപ്പം ഉറപ്പുള്ളതാണ് എന്നും, തുരന്ന് കയറാൻ ബുദ്ധിമുട്ടുള്ളതാണ് എന്നും നാം കണ്ടു കഴിഞ്ഞു.അങ്ങനെയാണ് ഞാൻ ബസാൾട്ട് സ്റ്റോണിൻ്റെ വിവിധ ഇനങ്ങളെക്കുറിച്ചു ചികയുന്നത്.തപ്പേണ്ടിടത്തു തപ്പി, ഡൈമൺ ചട്ടമ്പിയെ കിട്ടി.ബസാൾട്ട് സ്റ്റോണിൻ്റെ ഉപവിഭാഗമായ ” വേസിക്കുലാർ ബസാൾട്ട് ” താരതമ്യേന ഉറപ്പു കുറഞ്ഞ ഒരു ശിലയാണ്.ഗൂഗിളിൽ നിന്നും ഇതിന്റെ ചിത്രങ്ങൾ കണ്ടപ്പോൾ തന്നെ അവ എന്റെ കയ്യിലുള്ള ചിത്രങ്ങളുമായി പൊരുത്തപ്പെടുന്നവയാണ് എന്ന് മനസ്സിലായി.അതായത്, സാധാരണ ബസാൾട്ട് സ്റ്റോണിൻ്റെ നാലിലൊന്നു മാത്രം ഉറപ്പുള്ള ശിലയിലാണ് അവർ ഈ കലാപരിപ്പാടി നടത്തിയിരിക്കുന്നത്.
എന്ന് വച്ചാൽ ഒരു സാധാരണക്കാരൻ ഇതിനായി കണക്കാക്കുന്ന അദ്ധ്വാനത്തിന്റെ നാലിലൊന്നു മാത്രമേ അവർക്കു അതിന് വേണ്ടി വന്നിട്ടുള്ളൂ എന്ന് ചുരുക്കം.
കൊത്തു പണികളിൽ എല്ലാം തന്നെ വേസിക്കുലാർ ബസാൾട്ട് സ്റ്റോണിൻ്റെ സവിശേഷതയായ ചെറു കുമിളകൾ കാണാം.ഭൂമിക്കടിയിലുള്ള ഈ കൊത്തുപണിക്കിടെ പലപ്പോഴും അവർ ബസാൾട് സ്റ്റോണിൻ്റെ ഉറപ്പു കൂടിയ ഭാഗങ്ങളിലേക്ക് പ്രവേശിക്കുന്നുണ്ട്.
അവിടെ അവർ പണി നിർത്തുന്നുമുണ്ട്.അതുകൊണ്ടുതന്നെ പണി പൂർത്തീകരിക്കാൻ കഴിയാത്ത പല ഇടങ്ങളും ഇതിനുള്ളിലുണ്ട് എന്നർത്ഥം.കരിങ്കല്ലിന്റെ സ്വഭാവ സവിശേഷതകൾ ഉള്ളതുകൊണ്ട് പാറ ഇടിയും എന്ന പേടിയും വേണ്ട.ഈ പറഞ്ഞതിനർത്ഥം കൈലാസ നാഥ ക്ഷേത്രം മഹത്തായ ഒരു നിർമ്മിതി അല്ലെന്നോ,അതിന്റെ ശിൽപ്പികൾ നിസ്സാരക്കാരാണ് എന്നോ അല്ല.ഇത് നമ്മൾ മനുഷ്യന്മാർ തന്നെ നിർമ്മിച്ചതാണ്, അതിന്റെ ക്രഡിറ്റ് തട്ടിയെടുക്കാൻ ഒരു അന്യഗ്രഹ ജീവിയും കണിമംഗലത്തിന്റെ പടി കടക്കേണ്ട ആവശ്യമില്ല.
മാത്രമല്ല ഇതിന്റെ പിതൃത്വം അന്യഗ്രഹ ജീവികൾക്ക് നൽകുന്നത് ഈ മഹത്തായ സൃഷ്ടിയുടെ ശില്പികളെ അനാദരിക്കുന്നതിന് തുല്യമാണ്.
ഇനി രണ്ടാമത്തെ പോയന്റ് – ഈ ക്ഷേത്ര നിർമ്മാണത്തിന് ഉപയോഗിച്ച ശില എല്ലാം എന്ത് ചെയ്തു എന്നത്.
പൊടിച്ചു പുഴയിലൊഴുക്കിയിട്ടുണ്ടാവും, അല്ലെങ്കിൽ തൊട്ടടുത്തുള്ള ഏതെങ്കിലും താഴ്വരയിൽ കൊണ്ടുപോയി ഇട്ടിട്ടുണ്ടാവും.
കാരണം ആ അവശിഷ്ടങ്ങൾ ഉള്ളത് കരിങ്കല്ലിന്റെ രൂപത്തിൽ അല്ലായിരുന്നു.ഏതാണ്ട് മണ്ണിനോട് സമാനമായ ചെറു ശിലാഖണ്ഡങ്ങളുടെ രൂപത്തിൽ ആയിരുന്നു.ഏതാണ്ട് കൊട്ടയിൽ ചുമന്നു കൊണ്ട് പോയി ഇടാവുന്ന വിധത്തിൽ ഉള്ളവ.അത് ഇന്ന് കരിമണ്ണായി രൂപാന്തരം പ്രാപിച്ചു ഡെക്കാനിലെ വയലുകളിൽ എവിടെയെങ്കിലും കിടപ്പുണ്ടാവും.കാരണം കരിമണ്ണുണ്ടാവുന്നത് ഈ ബസാൾട്ട് ശില പൊടിഞ്ഞാണ്.ക്ഷേത്രം നിർമ്മിച്ചത് ഏതോ അജ്ഞാത സാങ്കേതിക വിദ്യകൾ കൊണ്ടാണ് എന്നത്
ഉളികൊണ്ടു കൊത്തിയ ദശ ലക്ഷക്കണക്കിന് പാടുകൾ അവിടെയുണ്ട്.താഴികക്കുടത്തിലെ വടക്ക് നോക്കി യന്ത്രം ..?അത് വടക്ക് നോക്കിയുമല്ല, ഒരു പിണ്ണാക്കുമല്ല. നാല് ദിശകളിൽ തിരിഞ്ഞു നിൽക്കുന്ന നാല് സിംഹങ്ങളാണ്.കഞ്ചാവ് കൂട്ടിയിട്ടു കത്തിച്ചു വലിച്ച ഏതോ ഒരുത്തനു തോന്നിയ ഭാവനയാണ് അത്.മാത്രമല്ല ഈ സിംഹങ്ങളെ ആകാശത്തുനിന്നു മാത്രമല്ല കാണാനാവുക.
ക്ഷേത്രത്തിന്റെ പിന്നിലെ മലയിൽ കയറി കാറ്റുകൊള്ളാനിരിക്കുന്ന ആർക്കും ഇതിനെ കാണാം.
എന്നാൽ ഇത്രയും മഹത്തായ ഈ പൈതൃക ക്ഷേത്രം ഇന്ന് വേണ്ട വിധത്തിൽ പരിപാലിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണുത്തരം .
നൂറ്റാണ്ടുകളുടെ മഴയിൽ കരിങ്കല്ലിന്റെ നാലിലൊന്നു ബലം മാത്രമുള്ള വേസിക്കുലാർ ബസാൾട്ട് ശിലയുടെ പല ഭാഗങ്ങളും തേഞ്ഞു ഇല്ലാതായിരിക്കുന്നു – വിശേഷിച്ചും മഴ കുത്തിയൊലിക്കുന്ന ഇടങ്ങളിൽ.
ദുർബലമായ ശിലകളിൽ നിന്നും ഭാരമേറിയ ഭാഗങ്ങൾ അടർന്നു വീണിരിക്കുന്നു – പ്രത്യേകിച്ചും ആന പ്രതിമകളുടെ തുമ്പിക്കൈ പോലുള്ള തൂങ്ങി നിൽക്കുന്ന ഭാഗങ്ങൾ.
അനിയന്ത്രിതമായ സന്ദർശക പ്രവാഹം സൃഷ്ടിക്കുന്ന തേയ്മാനം വലിയൊരു പ്രശ്നമാണ് . സന്ദർശകർക്ക് നടക്കാൻ നിയതമായ ഒരു പാതയോ, ആ പാതയിലെ തേയ്മാനം തടയാൻ കാർപ്പറ്റുകൾ വിരിക്കുന്ന ഏർപ്പാടോ ഇവിടെ നടപ്പാക്കിയിട്ടില്ല.
ഈ പോക്ക് പോയാൽ ഏതാനും നൂറ്റാണ്ടുകൾക്കപ്പുറം ഇന്ന് കാണുന്ന ക്ഷേത്രത്തിന്റെ നല്ലൊരു ശതമാനം ഇല്ലാതാകും.
നമുക്ക് വിശദീകരിക്കാൻ കഴിയാത്ത പലതിനെയും അന്യ ഗ്രഹ ജീവികളുടെ അക്കൗണ്ടിൽ ഉൾപ്പെടുത്തുന്നത് നമ്മളിൽ പലരുടെയും സ്ഥിരം പണിയാണ്.
കോടാനു കോടിക്കണക്കായ നക്ഷത്രങ്ങളെ ഉൾക്കൊള്ളുന്ന ഈ താരാപഥത്തിൽ അന്യഗ്രഹ ജീവികൾ ഉണ്ടാവാനുള്ള സാധ്യത ഞാനും വിശ്വസിക്കുന്നു.
ഞാൻ മാത്രമല്ല സ്റ്റീഫൻ ഹോക്കിങ്ങും, ഐൻസ്റ്റീനും, ഓക്സ്ഫോർഡ് സർവകലാശാലയും വിശ്വസിക്കുന്നു.നാം മാത്രമാണ് ഈ പ്രപഞ്ചത്തിൽ ജീവനോടെ ഉള്ളതെന്ന് വിശ്വസിക്കുന്നവൻ ഈ മഹാ വിഹായസ്സിലേക്കു കണ്ണ് തുറക്കുന്നില്ല എന്ന് ഞാൻ പറയും.
എന്ന് വിചാരിച്ചു നമ്മുടെ നാട്ടിൽ വാർക്കപ്പണിക്ക് വരുന്നതല്ല അവരുടെ ജോലി ..
ആൻഡ്രോമീഡ ഗ്യാലക്സിയിലെ അപ്പുകുട്ടൻ പറഞ്ഞതും അതാണ്