ഇന്നത്തെ തിരുവനന്തപുരം നഗരത്തിന് “പ്രതിമകളുടെ നഗരം” എന്ന വിശേഷണം കൂടിയുണ്ട്. അവയിൽ നഗര – ഗ്രാമപ്രദേശങ്ങളിലായ് അങ്ങോളമിങ്ങോളം ഉയർന്നു നിൽക്കുന്ന ഒട്ടേറെ ബൃഹദാകാരങ്ങളിൽ വ്യത്യസ്ഥവും, ചിന്തോദ്ദീപകവും, പൈതൃക – താന്ത്രിക തലങ്ങളെ അനുപമമായി ആധുനികതയോട് ചേർത്തു നിർത്തുന്നതുമായ നിർമ്മിതികളാണ് ‘കാനായി’ അനന്തപുരിക്കായി ഒരുക്കിച്ചേർത്തിട്ടുള്ളവ.
ഭാരതത്തിലെ പൊതുശിൽപ്പകലാ സങ്കൽപ്പത്തിന് തുടക്കമിട്ടു കൊണ്ട് 1986 – 2003 കാലഘട്ടത്തിൽ വേളി ശിൽപ്പ ഗ്രാമത്തിനു വേണ്ടി ‘കാനായി’ മെനഞ്ഞെടുത്തത് അന്നോളം ലോകം കണ്ടിട്ടില്ലാത്ത കലാസൃഷ്ടികളായിരുന്നു.
ശംഖ് ഒരു ശിൽപ്പ തലത്തിൽ വിശ്രമിക്കും വിധം ഒരുക്കി, അതിനു ചുറ്റും കൃത്രിമ തടാകവും ചേർത്ത് സചേതന ബിംബാത്മകതയെ പ്രതീകവൽക്കരിച്ചിരിക്കുന്ന രീതിയിലുള്ള ഒരു “ശംഖ്” ശിൽപ്പം.
നാഗച്ചുറ്റുകൾ ചേർത്ത്, ഇരമ്പിയെത്തുന്ന പുഴയേയോ, ആരോഹണ അവരോഹണങ്ങൾ തീർത്തൊഴുകുന്ന സംഗീത വീചിയേയോ സൂചിപ്പിക്കും വിധം ഭാവാത്മകമായ് ഒരുക്കിയിരിക്കുന്ന ‘ആലിംഗനം’ എന്ന മറ്റൊരു ശിൽപ്പം.
കൈകുത്തി എഴുന്നേൽക്കുകയാണോ? കാൽ ഉയർത്തിവച്ച് വിശ്രമിക്കുകയാണോ എന്ന് സംശയിപ്പിക്കും വിധം, അസ്തമയ പ്രകൃതിയുടെ അമൂർത്ത തലങ്ങളെ പ്രതിഫലിപ്പിക്കുന്ന സ്ത്രീരൂപമായ് വേളിയിലെ ‘അസ്തമയം’ ശിൽപ്പം.
സൈന്ധവതയുടെ പുനർവായനയെന്നവണ്ണം ഒരുക്കിയ “നന്ദി”(കാള) ശിൽപ്പം,
വൈകാരികതയുടെ മൂർദ്ധന്യത്തെ പകർത്തിയിട്ട “പ്രകൃതി പുരുഷ” ശിൽപ്പം, അമൂർത്ത സൗന്ദര്യം തുളുമ്പുന്ന “അമ്മ”, ഉർവ്വര ബിംബങ്ങളിൽ തീർത്ത “ഉർവ്വരത”, കഥകളി, മോഹിനിയാട്ടം, തെയ്യം എന്നിവയെ സ്വാംശീകരിച്ചൊരുക്കിയ “ആട്ടം”, കടലെടുത്തു പോയ നഷ്ടങ്ങളുടെ തീവ്രതയിൽ മുടിയഴിച്ച് കേഴുന്ന സ്ത്രീരൂപം, (2001 ൽ നിർമ്മിച്ച ഈ ശിൽപ്പം സുനാമി ദുരന്ത ശേഷം “സുനാമി” എന്ന പേരിൽ അറിയുന്നു.), പച്ചക്കുപ്പായമിട്ട് മണ്ണിൽ മലർന്നു കിടന്ന് വിശ്രമിക്കുന്ന “മണ്ണമ്മ” ഉൾപ്പടെയുള്ള ഓരോ ശിൽപ്പ സൃഷ്ടികളിലും തെളിയുന്നത് മൂർത്തമായ സ്ത്രീശക്തിയും പ്രകൃതിയുമാണ്.
വേളിയിൽ ചിതറിക്കിടക്കുന്ന ഇൻസ്റ്റലേഷൻ ശിൽപ്പ മാതൃകയിൽ തീർത്ത “മാടൻ തറയും”, മറ്റ് “ശിൽപ്പ പീഠങ്ങളി”ലും കാനായിയുടെ കരവിരുത് നിറയുന്നു.
പെണ്ണുടൽ വടിവിൻ്റെ വിസ്മയമായ് ശംഖ്മുഖത്തെ ”സാഗരകന്യക” അനന്തപുരത്തോട് ചേർക്കപ്പെടുന്നത് 1992 ലാണ്. നാഗ സൗന്ദര്യം പടർത്തിയ ഉടലും, അലയിഴകളാർത്ത മുടിയും, വാലഴകും കോർത്ത് ‘ത്രിഭംഗ പോസിലുള്ള’ ഈ ശിൽപ്പം സഞ്ചാരികൾക്കെന്നും അത്ഭുതമാണ്. ഇവിടുത്തെ “വിശ്രമിക്കുന്ന ആൾരൂപവും”, നിർമ്മിതികൊണ്ട് വ്യത്യസ്ഥമായ് നിലകൊള്ളുന്നു.
ആശാൻ്റെ കാവ്യഭംഗിയ്ക്ക് ശിൽപ്പഭാഷ്യം ചമച്ച് തോന്നയ്ക്കലിൽ പൂർത്തീകരിച്ചതും, പൂർത്തീകരിക്കപ്പെടുന്നതുമായ ശിൽപ്പങ്ങൾ അനന്തപുരിയുടെ വരുംകാല മുതൽക്കൂട്ടുകളാണ്. “സ്വാതന്ത്ര്യത്തിൻ്റെ വാതായനവും”, “ദുരവസ്ഥയും”, ”വീണപൂവും” ഇവിടെ ശിൽപ്പങ്ങളായ് പുനർസൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ചാതുർവർണ്യത്തിൻ്റെ മതിൽ കെട്ട് തകർത്ത്, മറക്കുട വാതിലിനപ്പുറം ഉപേക്ഷിച്ച്, ചെറുമനൊപ്പം ഇറങ്ങിപ്പോന്ന “സാവിത്രി” യെ ശിൽപ്പവൽക്കരിച്ചിരിക്കുന്ന രീതി നേരിട്ട് കണ്ടറിയേണ്ടതാണ്. നിരാലംബയും ഖിന്നയുമായ് ഭൂഗർഭത്തിലേക്ക് ആഴ്ന്നുപോംവിധം വീണു കേഴുന്ന “വീണപൂവ്” എന്ന ശിൽപ്പത്തിൽ ഒരേ സമയം അഗ്നിശുദ്ധി തെളിയിക്കപ്പെടേണ്ടി വന്ന ‘സീത’യേയും, അംഗഭംഗം വന്ന് കേഴുന്ന കരുണയിലെ വാസവദത്തയേയും കൂടി ദർശിക്കാം. ആശാൻ്റെ വെങ്കല പ്രതിമയ്ക്കൊപ്പം, ”മാറ്റുവിൻ ചട്ടങ്ങളെ” എന്ന ശിൽപ്പാവിഷ്കാരവും ഇവിടെ കാണാം.
Content highlight : City of statues Trivandrum