കൊച്ചി ∙ മലയാള ചലച്ചിത്ര അഭിനേതാക്കളുടെ കൂട്ടായ്മയായ ‘അമ്മ’ വാർഷിക യോഗം കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ ആരംഭിച്ചു. ഭാരവാഹി തിരഞ്ഞെടുപ്പിനായാണ് യോഗം. നിലവിലെ പ്രസിഡന്റായ മോഹൻലാൽ എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കു മത്സരം നടക്കും.
ജനറൽ സെക്രട്ടറിയാകാൻ സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണു മത്സരിക്കുന്നത്. രണ്ടു വൈസ് പ്രസിഡന്റുമാരുടെ ഒഴിവിലേക്കു 3 പേർ രംഗത്തുണ്ട്; ജഗദീഷ്, മഞ്ജു പിള്ള, ജയൻ ചേർത്തല. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു ബാബുരാജും അനൂപ് ചന്ദ്രനും തമ്മിലാണ് മത്സരം. 11 അംഗ എക്സിക്യൂട്ടീവിലേക്കു 12 പേർ മത്സരിക്കുന്നു. നിലവിലെ ജനറൽ സെക്രട്ടറി ഇടവേള ബാബു മത്സരരംഗത്തില്ല.
നിർവാഹക സമിതിയിലേക്ക് അനന്യ, അൻസിബ ഹസൻ, ജോയ് മാത്യു, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, റോണി ഡേവിഡ്, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹൻ എന്നിവർ മത്സരിക്കും. 11 പേരുള്ള നിർവാഹകസമിതിയിലേക്ക് മൂന്നു വനിതകളുൾപ്പെടെ 12 പേർ മത്സരിക്കും. ഭരണസമിതിയിലെ 17 അംഗങ്ങളിൽ നാലുപേർ വനിതകളാകണമെന്നാണ് അമ്മയുടെ നിയമാവലി.