വാർദ്ധക്യം അനിവാര്യതയാണ്, ആർക്കും അതിനെ തടഞ്ഞു നിർത്താനോ വേണ്ടെന്നു വെയ്ക്കാനോ സാധിക്കില്ല. ജീവിതത്തിൻറെ നല്ല നാളുകൾ മാറി മറിഞ്ഞ് എല്ലാവരും എത്തിപ്പെടുന്ന ജീവിത യാത്രയിലെ മറ്റൊരു തുരുത്താണ് വാർദ്ധക്യം. അവർ കൊണ്ട വെയിലാണ് ഇന്ന് നാം അനുഭവിക്കുന്ന തണലിനും തണുപ്പിനും പിന്നിൽ, അതുകൊണ്ട് തന്നെ ജീവിത സായാഹ്നത്തിലേയ്ക്ക് കടന്ന വയോജനങ്ങൾക്ക് താങ്ങും തണലുമാകേണ്ടത് പുതു തലമുറയുടെ ഉത്തരവാദിത്തമാണ്. ലോക വയോജന ദിനം ആചരിക്കുന്ന ഈ ദിനത്തിൽ നമ്മുടെ വളർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച, ഇന്ന് വാർധക്യത്തിന്റെ അവശതകളിലെയ്ക്ക് നീങ്ങിത്തുടങ്ങിയവരോട് ചേർന്ന് നിൽക്കാൻ ശ്രമിക്കാം.
പുതിയ കാലഘട്ടത്തിന്റെ പച്ചയായ യാതാർത്ഥ്യം വരച്ചുകാട്ടുന്നത് മറ്റൊന്നാണ്. പ്രായമായവരെ ഉപയോഗ ശൂന്യമായ ജീവിതങ്ങളായി കണക്കാക്കി പലയിടങ്ങളിൽ ഉപേക്ഷിക്കുന്ന അവസ്ഥ വരെ നിലവിലുണ്ട്. വൃദ്ധ സദനങ്ങളിലോ സമാന സ്ഥലങ്ങളിലോ ഏൽപ്പിച്ച് ഉത്തരവാദിത്തത്തിൽ നിന്നും കടമയിൽ നിന്നും ഒഴിഞ്ഞു മാറുന്നവരുടെ എണ്ണവും ചെറുതല്ല.
വയോജനക്ഷേമരംഗത്തെ കേരള സംസ്ഥാന സർക്കാർ വിവിധങ്ങളായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്.ഈ മേഖലയിലെ ഏറ്റവും നന്നായി പ്രവർത്തിക്കുന്ന സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ അംഗീകാരവും പ്രശംസയും കേരളത്തിന് പലതവണ ലഭിച്ചിട്ടുണ്ട് ഈ ഘട്ടത്തിൽ ഇവിടുത്തെ മുതിർന്ന ജനത ഉറ്റുനോക്കുന്ന ഒരു പ്രധാന വിഷയമാണ് വയോജന കമ്മീഷൻ.
വയോജനങ്ങൾക്ക് പരാതി പരിഹാരത്തിനായി വയോജന കമ്മീഷൻ രൂപവൽക്കരണം അന്തിമഘട്ടത്തിലാണെന്ന് അറിയുന്നു.
സമഗ്ര സർവ്വേ സംസ്ഥാനത്ത് അധികം താമസിയാതെ ആരംഭിക്കുകയാണ്.
വയോജനങ്ങളെ സംരക്ഷിക്കുന്നതിനായി കേരളം ചില പദ്ധതികൾ മുന്നോട്ട് വച്ചിട്ടുണ്ട്.
വയോമിത്രം ,വയോരക്ഷ,വാതിൽപ്പടി സേവനങ്ങൾ വയോമധുരം,മന്ദഹാസം,സൗജന്യ ആയുർവേദ ചികിത്സ, അൽഷിമെഴ്‌സ് രോഗചികിത്സ, ആശ്വാസകിരൺ പദ്ധതി, സൈക്കോസോഷ്യൽ കെയർ, തുടങ്ങിയവ സംസ്ഥാനം നടപ്പാക്കിയ ക്ഷേമ പ്രവർത്തനങ്ങളാണ്. കൂടാതെ സംസ്ഥാനത്തും ജില്ലാ അടിസ്ഥാനത്തിലും വയോജന കൗൺസിലുകൾ പ്രവർത്തിക്കുന്നുണ്ട്.
എല്ലാ വർഷവും ഒക്ടോബർ ഒന്നിന് ലോക വയോജന ദിനമായി ആചരിക്കാൻ 1990 ഡിസംബർ 14നാണ് ഐക്യ രാഷ്ട്ര സംഘടന തീരുമാനിച്ചത്. 1991 ഒക്ടോബർ ഒന്നിന് ആദ്യ വയോജന ദിനം ആച്ചരിച്ചുകൊണ്ട് ഈ തീരുമാനം നടപ്പാക്കി. WHO യുടെ കണക്കുകൾ പ്രകാരം 2025 ആകുമ്പോഴേക്കും ലോകത്തെ വയോജനങ്ങളുടെ എണ്ണം 100 കോടി കടക്കും എന്നാണ്. അതുകൊണ്ട് തന്നെ വയോജന സംരക്ഷണത്തിനായി പുതിയ പദ്ധതികൾ രൂപപ്പെടെണ്ടതുണ്ട്.
കേരളത്തിൽ സാമൂഹിക നീതി വകുപ്പിന് കീഴിൽ 621 വൃദ്ധ സദനങ്ങൾ ഉണ്ട് എന്നാണ് കണക്ക്. കൂടുതലും സംഘടനകൾ ആരംഭിച്ചതും എന്നാൽ സർക്കാർ സഹായം ലഭിക്കുന്നതുമായ വൃദ്ധ സദനങ്ങൾ ആണ്. സ്വകാര്യ വ്യക്തികൾ ആരംഭിക്കുന്ന കണക്കിൽ ഉൾപ്പെടാത്തത് വേറെയുമുണ്ട്. വയോജനങ്ങലോടുള്ള സമൂഹത്തിൻറെ മനോഭാവത്തിൽ സംഭവിച്ച വലിയ മാറ്റമാണ് പലപ്പോഴും കച്ചവട താല്പര്യത്തോടെ വൃദ്ധ സദനങ്ങൾ ഉയർന്നു വരാനുണ്ടായ സാഹചര്യം. ഇത്തരം ഇടങ്ങളിൽ വയോജനങ്ങൾക്ക് എത്രത്തോളം ശ്രദ്ധയും പരിചരണവും ലഭിക്കുന്നു എന്ന കാര്യവും പഠന വിധേയമാക്കേണ്ടതാണ്.
വയോജന സംരക്ഷണത്തിൽ മികച്ച പരിശീലനം നേടിയവർ വേണം ഇവിടങ്ങളിൽ മുതിർന്ന ആളുകളെ പരിചരിക്കാൻ. അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനായി പ്രത്യേക പദ്ധതികളും വൃദ്ധ സദനങ്ങളിൽ തന്നെ അത്യാവശ്യ ചികിത്സ ലഭിക്കുന്നതുമായ മികച്ച സംവിധാനങ്ങൾ ഉണ്ടാകേണ്ടതുണ്ട്.
ഒരു സമഗ്രമായ വയോജന നയം കേന്ദ്രസർക്കാർ ഇതുവരെ രൂപവൽക്കരിച്ചിട്ടില്ല.2007 ൽ രക്ഷിതാക്കളെയും മുതിർന്ന പൗരന്മാരെ ക്ഷേമവുമായി ബന്ധപ്പെട്ടുള്ള ആക്ടിൽ നിർദേശിച്ച ഭേദഗതികൾ ഇനിയും പാർലമെന്റ് പാസാക്കിയിട്ടില്ല. ഒരു ദശാബ്ദത്തിനു മുൻപ് വാർദ്ധക്യ പെൻഷനിൽ കേന്ദ്ര വിഹിതമായി അനുവദിച്ച 200രൂപ സുപ്രീംകോടതിയുടെ അനുകൂല നിരീക്ഷണം ഉണ്ടായിട്ടുപോലും വർദ്ധിച്ചിട്ടില്ല വയോജനങ്ങൾ അനുഭവിച്ചു വന്നിരുന്ന തീവണ്ടി യാത്ര സൗജനങ്ങൾ പിൻവലിച്ചത് ഇനിയും പുനസ്ഥാപിച്ചിട്ടുമില്ല.
വയോജനങ്ങൾ ഭാരമല്ല, പകരം അവർ എന്നും വഴികാട്ടികളായിരുന്നു. അതുകൊണ്ട് തന്നെ വയോജനങ്ങളുടെ സംരക്ഷണ കാര്യത്തിൽ സമൂഹത്തിന് വലിയ ഉത്തരവാദിത്തമുണ്ട്. നന്മയുള്ള പല കാര്യങ്ങൾക്കും ഒരുമിച്ച് നിൽക്കുന്ന നല്ല ശീലമുള്ളതാണ് നമ്മുടെ സമൂഹം. ഈ നന്മ നമ്മുടെ വയോജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ നമ്മൾ ചിന്തിച്ചു തുടങ്ങേണ്ട ഘട്ടം അതിക്രമിച്ചിരിക്കുന്നു.
Content highlight : Those who are looking forward to the field of elderly welfare