കാട്ടുമൃഗങ്ങൾക്കൊപ്പം മരങ്ങളിൽ ചാടി കുത്തി മറിഞ്ഞ മൗഗ്ലിയെ അറിയാത്തവരായി ആരുമുണ്ടാകില്ല. കാർട്ടൂൺ രൂപത്തിലും സിനിമകളിലൂടെയും മൗഗ്ലിയുടെ കഥയറിഞ്ഞവർക്ക് ആ കുട്ടി എന്നും ഒരു അത്ഭുതം തന്നെയായിരുന്നു. പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് പലർക്കും ആരാധനയായിരുന്നു ഈ മൗഗ്ലിയോട് . ബഗീരയും , ഷേർഖാനുമൊക്കെ ഓർമ്മയിൽ നിന്ന് അത്ര പെട്ടെന്ന് മാഞ്ഞു പോകില്ല . റുഡ്യാർഡ് ക്ലിപ്പ് മനസിൽ കോറിയിട്ട വരകളായിരുന്നു അതെങ്കിൽ ഇവിടെ യഥാർത്ഥ ജീവിതത്തിലും ഒരു മൗഗ്ലിക്കുട്ടിയുണ്ട്. പത്തുവർഷക്കാലം ആഫ്രിക്കൻ കാടുകളിൽ അലഞ്ഞുനടന്ന പെൺകുട്ടി ടിപ്പി ബെഞ്ചമിൻ ഒകാനി ഡെഗർ അതാണ് ആ യഥാർത്ഥ മൗഗ്ലിയുടെ പേര്. പത്തു വർഷം ആഫ്രിക്കയിലെ നമീബിയൻ കാടുകളിൽ വന്യജീവികളുമായി കളിച്ചുല്ലസിച്ചു കഴിഞ്ഞ ടിപ്പി സിൽവിയ റോബർട്ടിന്റെയും അലൈൻ ഡിഗ്രെയുടെയും മകളാണ്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരായിരുന്നു ഇവർ . മൂന്ന് പേരും കൂടി ആഫ്രിക്കൻ കാടുകളിലേക്ക് പോയ യാത്ര ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമായി തീർന്നു. ഇവരുടെ സാഹസികമായ ജീവിതം തുടങ്ങുന്നത് ടിപ്പിയുടെ ജനനത്തോടെയാണ്.
നമീബിയയിൽ വച്ചായിരുന്നു ടിപ്പിയുടെ ജനനം. അച്ഛനും അമ്മയും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർ ആയതു തന്നെയാണ് ടിപ്പിയെ കുഞ്ഞു മൗഗ്ലിയാക്കിയതും. ആനയെ തന്റെ സഹോദരനെന്നും പുള്ളിപ്പുലിയെ ബെസ്റ്റ് ഫ്രണ്ട് എന്നുമാണ് പെണ്‍കുട്ടി പരിചയപ്പെടുത്തുന്നത്. അവൾക്കു മൃഗങ്ങളെയൊന്നും തന്നെ പേടിയുണ്ടായിരുന്നില്ല . കണ്ണുകളും ഹൃദയവും ഉപയോഗിച്ചാണ് അവൾ അവരോട് ആശയ വിനിമയം നടത്തിയിരുന്നത്. നിബിഡവനത്തിനുള്ളിൽ ടെന്റു കെട്ടിയായിരുന്നു പലപ്പോഴും താമസം. കാട്ടാനയ്ക്കും പുലിയ്ക്കും ഒട്ടകപ്പക്ഷിയ്ക്കും കുരങ്ങുകൾക്കും എന്തിനധികം പാമ്പിനൊപ്പം പോലുമുള്ള ടിപ്പിയുടെ ചിത്രങ്ങൾ മാതാപിതാക്കൾ പകർത്തിയിരുന്നു. കാട്ടിലെ ആനകളുടെ സാമ്രാജ്യത്തിലെ അബു എന്ന ആഫ്രിക്കൻ ആനയുമായി അവൾ ചങ്ങാത്തതിലായി . കാട്ടിലെ ഭീകരർ എന്നറിയപ്പെടുന്ന മൃഗങ്ങളും ടിപ്പിയ്ക്ക് കളിക്കൂട്ടുക്കാരായിരുന്നു. പത്തുവർഷക്കാലം മൃഗങ്ങൾക്കൊപ്പം കൂടിയിട്ടും രണ്ടുതവണ മാത്രമേ അവയിൽ നിന്നും ടിപ്പിയ്ക്ക് ഉപദ്രവം ഏൽക്കേണ്ടി വന്നിട്ടുള്ളു. ഒരിക്കൽ ഒരു കീരി ടിപ്പിയുടെ മൂക്കിൽ കടിക്കുകയായിരുന്നു മറ്റൊരിക്കൽ ഒരു ആഫ്രിക്കന്‍ കുരങ്ങു വന്ന് അവളുടെ തലമുടിയിൽ പിടിച്ചുവലിച്ചു.
ഫോട്ടോഗ്രാഫര്‍മാരായ അച്ഛനമ്മമാര്‍ പലപ്പോഴായി ടിപ്പിയുടെ ജീവിതം റെക്കോഡു ചെയ്തു. ടിപ്പിയുടെ ജീവിതം പിന്നീട് പുസ്തകവും ഡോക്യുമെന്ററിയുമെല്ലാമായി പുനര്‍നിര്‍മ്മിക്കുന്നതിന് ഇത് സഹായിച്ചു. 1998ലാണ് ‘ടിപ്പി ഓഫ് ആഫ്രിക്ക’ എന്ന പേരില്‍ ഈ പെണ്‍കുട്ടിയുടെ കാട്ടിലെ ജീവിതം നോവലായി പുറത്തിറങ്ങി. തന്റെ പത്താം വയസ്സിൽ പാരീസിലേക്ക് മാതപിതാക്കലോടൊപ്പം പോയ ടിപ്പിയ്ക്ക് അവിടത്തെ നഗരജീവിതവുമായി പൊരുത്തപെടാൻ ബുദ്ധിമുട്ടായിരുന്നു.രണ്ടു വര്‍ഷം സ്‌കൂളില്‍ പോയെങ്കിലും തുടര്‍ന്നില്ല. വീട്ടില്‍ തന്നെയായിരുന്നു ടിപ്പിയുടെ പിന്നീടുള്ള പഠനം. ഇതിനിടെ ഡിസ്‌കവറി ചാനലിന് വേണ്ടി ആറ് ഡോക്യുമെന്ററികള്‍ നിര്‍മ്മിക്കാന്‍ ടിപ്പി ആഫ്രിക്കയിലേക്ക് തിരിച്ചെത്തി.
കാട്ടിലെ മൃഗങ്ങളെ അവൾക്ക് അത്രമേൽ മിസ് ചെയ്യുന്നുണ്ടായിരുന്നു. ഫ്ലാറ്റിൽ മറ്റു മൃഗങ്ങളെ വളർത്താൻ സൗകര്യമില്ലാത്തതിനാൽ ഒരുചെറിയ കിളിയെ അവൾക്കു കൂട്ടിനു വാങ്ങിക്കൊടുക്കുകയും ചെയ്തിരുന്നു. ജീവിതത്തില്‍ വലിയ സാഹസങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് കരുതുന്നവരെ പോലും ഞെട്ടിപ്പിക്കുന്നതായിരുന്നു ടിപ്പിയുടെ കാട്ടിലെ ജീവിതം.