മൂന്നാഴ്ചയോളം തുടര്‍ച്ചയായി പെയ്ത അതിശക്തമായ മഴ,അത് കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെള്ളപ്പൊക്കവും പ്രളയവും ആകുന്നു. പോരാത്തതിന് നൂറുകണക്കിന് ആളുകളുടെ ജീവിതം സ്വപ്നങ്ങളും നഷ്ടപ്പെട്ട വർഷം.തിരുവിതാംകൂറിനെയും മലബാറിന്‍റെ ഏതാനും ഭാഗങ്ങളെയും ബാധിച്ച പ്രളയം ഏറ്റവുമധികം കടന്നാക്രമിച്ചത് ഇന്നത്തെ മധ്യകേരളത്തെയായിരുന്നു. തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ ഭൂരിഭാഗവും ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്നു.
കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രളയങ്ങളിലൊന്നായിരുന്നു ’99ലെ വെള്ളപ്പൊക്കം’ എന്നറിയപ്പെടുന്ന 1924 ജൂലൈ മാസത്തിലുണ്ടായ മഹാപ്രളയം. കൊല്ലവര്‍ഷം 1099ൽ സംഭവിച്ചതിനാലാണ് 99ലെ വെള്ളപ്പൊക്കം എന്ന പേരിൽ അറിയപ്പെടുന്നത്.
പ്രളയത്തിന്‍റെ പ്രധാനകാരണം മൂന്നാഴ്ചയോളം തുടര്‍ച്ചയായി പെയ്ത അതിശക്തമായ മഴയായിരുന്നു.
ആയിരക്കണക്കിന് മനുഷ്യജീവന്‍ നഷ്‌ടമായ ആ പ്രളയത്തില്‍ നിരവധി പക്ഷിമൃഗാദികളും, കണക്കാക്കാന്‍ പറ്റാത്തിടത്തോളം കൃഷിയും നഷ്ടമായി. ഒട്ടനവധി പേര്‍ക്ക് വീടും, സ്വത്തുവകകളും, വളര്‍ത്തുമൃഗങ്ങളും നഷ്ടപ്പെട്ടു, വന്മരങ്ങളും, കുടിലുകളും, ചത്ത മൃഗങ്ങളും മലവെള്ളത്തില്‍ ഒഴുകിനടന്നു.
ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തിരുവിതാംകൂര്‍ ഭരിക്കുന്ന അക്കാലത്ത് തിരുവനന്തപുരം പട്ടണത്തിന്‍റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ചിലയിടങ്ങളില്‍ തെങ്ങിന്‍തലപ്പിനോളം വെള്ളമെത്തി എന്നാണ് പഴമക്കാര്‍ പറയുന്നത്. അന്ന് വെള്ളമുയര്‍ന്ന അളവ് കേരളത്തില്‍ പലയിടത്തും രേഖപ്പെടുത്തിവച്ചത് ഇപ്പോഴും കാണാനുണ്ട്.
ജൂലൈ 17നായിരുന്നു മഴയുടെ തുടക്കം. മൂന്നാഴ്ചയോളം ഇടമുറിയാതെ പെയ്ത മഴ തകര്‍ത്തത് നിരവധി സ്വപ്നങ്ങളായിരുന്നു. വെള്ളമിറങ്ങിപ്പോകാന്‍ പിന്നെയും ദിവസങ്ങളെടുത്തു. ഓലയും, പനമ്പും, മണ്ണും കൊണ്ടുണ്ടാക്കിയ പല കുടിലുകളും അപ്പോള്‍ സ്വസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നില്ല. പുഴകളും തോടുകളും വഴിമാറിയൊഴുകി, പാതകള്‍ ഇല്ലാതായി, കിണറുകളും കുളങ്ങളും തൂര്‍ന്നു, വന്മരങ്ങള്‍ കടപുഴകി, പേരിനുണ്ടായിരുന്ന പല കെട്ടിടങ്ങളും തകര്‍ന്നുവീണു. എക്കലും ചെളിയുമടിഞ്ഞ് രൂപം നഷ്ടപ്പെട്ട പട്ടണങ്ങളും ഗ്രാമങ്ങളും പൂര്‍വസ്ഥിതിയിലെത്താന്‍ വീണ്ടും വര്‍ഷങ്ങളെടുത്തു. ചില ഗ്രാമങ്ങള്‍ അങ്ങനെതന്നെ ഇല്ലാതായി.
മധ്യകേരളത്തെ പ്രളയം ഇത്രയ്ക്ക് ആക്രമിക്കാനിടയായതിനു കാരണം മഴയ്ക്കൊപ്പം പെരിയാറിലുണ്ടായ വെള്ളപ്പൊക്കം കൂടിയായിരുന്നു. പെരിയാറിന്‍റെ കൈവഴികളുടെ വൃഷ്ടിപ്രദേശങ്ങളിലായിരുന്നു മഴ ഏറ്റവുമധികം കോരിച്ചൊരിഞ്ഞത്. അന്ന് പെരിയാറില്‍ ആകെയുണ്ടായിരുന്ന ഡാം മുല്ലപ്പെരിയാര്‍ മാത്രമായിരുന്നു താനും. കൈവഴികള്‍ പെരിയാറിനെ വെള്ളം കൊണ്ടു നിറച്ചപ്പോള്‍ മധ്യകേരളമാകെ പ്രളയക്കെടുതിയില്‍ അമര്‍ന്നു.
ആ പ്രളയം തകര്‍ത്തുകളഞ്ഞത് ബ്രിട്ടീഷുകാര്‍ പടുത്തുയര്‍ത്തിയ മൂന്നാര്‍ പട്ടണം കൂടിയായിരുന്നു. ഇംഗ്ലണ്ടിലെ നഗരങ്ങളുടെ മാതൃകയില്‍ നിര്‍മിച്ച, അവരുടെ അഭിമാനസ്തംഭമായിരുന്ന മൂന്നാര്‍ എന്ന സ്വപ്നസാമ്രാജ്യവും അവിടെ അവര്‍ വര്‍ഷങ്ങള്‍കൊണ്ട് ഉണ്ടാക്കിയെടുത്ത സൌകര്യങ്ങളും ദിവസങ്ങള്‍ കൊണ്ട് ഒലിച്ചുപോയി. മലവെള്ളത്തിനൊപ്പം കുതിച്ചെത്തിയ പാറകളും മരങ്ങളും പട്ടണത്തെ തുടച്ചുനീക്കിയതിനൊപ്പം, നൂറില്‍പരം ജീവനുകളുമെടുത്തു.
സമുദ്രനിരപ്പില്‍ നിന്ന് 6000 അടിയോളം ഉയരത്തിലുള്ള മൂന്നാറിനെ ഈ വെള്ളപ്പൊക്കം എങ്ങനെ ബാധിച്ചു എന്ന് പലരും അത്ഭുതപ്പെടാറുണ്ട്.
പെരിയാറിന്‍റെ കൈവഴിയായ മുതിരപ്പുഴയാറ്റിലുണ്ടായ വെള്ളപ്പൊക്കമായിരുന്നു അതിനു കാരണം. ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഇടിഞ്ഞുവീണ പാറകളും ഒഴുകിയെത്തിയ മരങ്ങളും ചേര്‍ന്ന് മാട്ടുപ്പെട്ടിയില്‍ രണ്ടു മലകള്‍ക്കിടയില്‍ പ്രകൃത്യാ രൂപംകൊണ്ട അണക്കെട്ടായിരുന്നു വില്ലന്‍. മഴ കടുത്തപ്പോള്‍ സ്വയം തകര്‍ന്ന ഈ അണക്കെട്ടിലെ വെള്ളവും ഒഴുകിവന്ന മണ്ണും പാറയും മരങ്ങളുമാണ് മൂന്നാറിനെ നക്കിത്തുടച്ചത്. ദിവസങ്ങള്‍ക്കുശേഷം വീണ്ടുമൊരിക്കല്‍ക്കൂടി ഇത് ആവര്‍ത്തിച്ചപ്പോള്‍ പട്ടണം തന്നെ ഇല്ലാതായി.
ആ ജൂലൈമാസത്തില്‍ മാത്രം മൂന്നാര്‍ മേഖലയില്‍ 485 സെന്റിമീറ്റര്‍ മഴ പെയ്തുവെന്നാണ് സായിപ്പിന്‍റെ കണക്കുകള്‍ പറയുന്നത്. മൂന്നാറില്‍ അന്ന് വൈദ്യുതിയും, ടെലിഫോണും, റെയില്‍വേയും, റോപ് വേയും, വീതിയേറിയ റോഡുകളും, വിദ്യാലയങ്ങളും, മികച്ച ആശുപത്രിയും ഉണ്ടായിരുന്നു; പ്രളയം തകര്‍ത്തുകളഞ്ഞത് അതൊക്കെക്കൂടിയായിരുന്നു.
‘കുണ്ടളവാലി റെയില്‍വേ’ എന്നറിയപ്പെട്ടിരുന്ന മൂന്നാറിലെ നാരോഗേജ് റെയില്‍ ലൈനുകളും, സ്റ്റേഷനുകളും പ്രളയം പരിപൂര്‍ണമായി തുടച്ചുനീക്കിക്കളഞ്ഞു. റെയില്‍പാളങ്ങള്‍ ഒലിച്ചുപോയി, പാലങ്ങള്‍ തകര്‍ന്നു, കെട്ടിടങ്ങള്‍ ഉപയോഗശൂന്യമായി, തേയില ഫാക്ടറികള്‍ തകര്‍ന്നടിഞ്ഞു. തേയില കൊണ്ടുപോകാനായി 1902ല്‍ സ്ഥാപിച്ച റയില്‍പ്പാത മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടി, കുണ്ടള വഴി തമിഴ്നാടിന്‍റെ അതിര്‍ത്തിയായ ടോപ്‌സ്റ്റേഷന്‍ വരെയായിരുന്നു. മൂന്നാറിലെ തേയില ടോപ്‌സ്റ്റേഷനില്‍നിന്ന്‍ റോപ് വേ വഴി ബോഡിനായ്ക്കന്നൂരിലേയ്ക്കും, തുടര്‍ന്ന് തൂത്തുക്കുടി തുറമുഖത്തെത്തിച്ച് കപ്പല്‍ കയറ്റുകയുമായിരുന്നു പതിവ്.
പള്ളിവാസല്‍ മലകള്‍ക്ക് മുകളിലുണ്ടായിരുന്ന തടാകത്തിന്‍റെ നാശത്തെത്തുടര്‍ന്ന് പള്ളിവാസല്‍ പട്ടണവും, മൂന്നാറിലേയ്ക്ക് വൈദ്യുതി വിതരണത്തിനായി ഉപയോഗിച്ചിരുന്ന ഹൈഡ്രോ-ഇലക്‌ട്രിക് പവര്‍സ്റ്റേഷനും മണ്ണിനടിയിലായി. പ്രളയം പള്ളിവാസലിന്‍റെ രൂപം തന്നെ മാറ്റിക്കളഞ്ഞു.
കുട്ടമ്പുഴ- പൂയംകുട്ടി- മണികണ്ഡന്‍ചാല്‍- പെരുമ്പന്‍കുത്ത്- മാങ്കുളം- കരിന്തിരിമല- അന്‍പതാംമൈല്‍- ലെച്ച്മി വഴിയായിരുന്നു അന്ന് മൂന്നാറിനെയും ആലുവയെയും ബന്ധിപ്പിക്കുന്ന പാത കടന്നുപോയിരുന്നത്. മധുരയെയും മുസിരിസിനെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് പശ്ചിമഘട്ടത്തിലൂടെ കടന്നുപോയിരുന്ന പുരാതനപാതയാണിത് എന്നും വിശ്വസിക്കപ്പെടുന്നു.
മാങ്കുളത്തിനും മൂന്നാറിനുമിടയിലായി സ്ഥിതി ചെയ്തിരുന്ന കരിന്തിരി എന്ന വലിയ മല ഭീകരമായ ഒരു മണ്ണിടിച്ചിലിനെ തുടര്‍ന്ന് പൂര്‍ണമായിത്തന്നെ ഇല്ലാതായി. ‘പഴയ ആലുവ- മൂന്നാര്‍ റോഡ്’ എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ഈ പാത കടന്നുപോയിരുന്നത്, പെരിയാറിന്‍റെ കൈവഴിയായ കരിന്തിരിയാറിന്‍റെ കരയില്‍ തലയുയര്‍ത്തിനിന്നിരുന്ന ഈ മലയോരത്തുകൂടിയായിരുന്നു. മലയിടിച്ചില്‍ ആ പാതയുടെ ഒരു ഭാഗത്തെ ഭൂപടത്തില്‍ നിന്നുതന്നെ തുടച്ചുനീക്കി.
അന്ന് ആനപ്പാതയായിരുന്ന കോതമംഗലം- നേര്യമംഗലം- അടിമാലി- പള്ളിവാസല്‍ വഴി മൂന്നാറിനെയും ആലുവയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ റോഡ് നിര്‍മിച്ചത് ഇതിനെ തുടര്‍ന്നായിരുന്നു. എന്നാല്‍ ഈ പാത പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് 1931ല്‍ മാത്രമാണ്. പഴയ മൂന്നാറില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി നിര്‍മ്മിച്ചുതുടങ്ങിയ പുതിയ മൂന്നാര്‍ പട്ടണം പൂര്‍ത്തിയാകാനും രണ്ടു വര്‍ഷത്തിലധികം എടുത്തു. വെള്ളപ്പൊക്കത്തില്‍ രൂപംകൊണ്ട തടാകം ഇപ്പോഴും പഴയ മൂന്നാറിലുണ്ട്, ഒരു ദുരന്തസ്മാരകം പോലെ ചിലതൊക്കെ നമ്മെ ഓര്‍മ്മിപ്പിക്കാനായി.
പ്രളയം മായ്ച്ചുകളഞ്ഞത് അതിരുകളും അടയാളങ്ങളും മാത്രമല്ല, ചരിത്രത്തെ കൂടിയായിരുന്നു. കേരളത്തിന്‍റെ പല പ്രധാനചരിത്രരേഖകളും നശിച്ചുപോയത് ഈ പ്രളയത്തിലായിരുന്നു എന്നാണ് കരുതപ്പെടുന്നത്. പല പുരാതന ക്രിസ്ത്യന്‍പള്ളികളിലും ഇന്നവശേഷിക്കുന്ന ചരിത്രരേഖകള്‍ 1924നു ശേഷമുള്ളത് മാത്രമായത് ഇക്കാരണം കൊണ്ടാണ്.
പ്രളയം മാറ്റിവരച്ച ഭൂപടങ്ങള്‍ ലോകത്ത് പലയിടത്തുമുണ്ട്. പ്രകൃതിദുരന്തങ്ങള്‍ അത്ര പതിവില്ലാത്തതുകൊണ്ട് മാത്രമല്ല, ആ പ്രളയം കേരളചരിത്രത്തിലെ ഒരു പ്രധാനഅദ്ധ്യായം ആയതുകൊണ്ടുകൂടിയാണ് ’99ലെ വെള്ളപ്പൊക്കം’ എന്ന് ഇപ്പോഴും നമ്മള്‍ ഇടയ്ക്കിടെ കേട്ടുകൊണ്ടിരിക്കുന്നത്.
Content highlight : Flood-altered maps; Floods that took thousands of lives