കടൽ എണ്ണിയാൽ ഒടുങ്ങാത്ത കഥകളുടെ ആഴിയാണ് . അതിൽ ഒരു കഥയാണ് പറയാൻ പോകുന്നത് ഒരു പറക്കുന്ന കപ്പലിന്റെ കഥ . ഫ്ലൈയിംഗ് ഡച്ച്മാൻ കപ്പൽ , നാവികരുടെ പേടി സ്വപ്നമാണ് ഈ കപ്പൽ. ഫ്ലൈയിംഗ് ഡച്ച്മാന്റെ ഉത്ഭവത്തെ പറ്റി നിരവധി കഥകളാണ് പ്രചാരത്തിലുള്ളത്. കടലിൽ മരീചിക പോലുള്ള ഒപ്ടിക്കൽ ഇല്യൂഷനെയാണ് ഫ്ലൈയിംഗ് ഡച്ച്മാൻ എന്ന കപ്പലായി പണ്ടുകാലത്തെ നാവികർ തെറ്റിദ്ധരിച്ചതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം, ഇത് യഥാർത്ഥത്തിൽ ഉണ്ടെന്ന് വിശ്വസിച്ചവർ നിരവധിയാണ്. ഇംഗ്ലണ്ടിലെ ജോർജ് അഞ്ചാമൻ രാജാവും ഇക്കൂട്ടത്തിൽപ്പെടുന്നു. 1641ൽ മുങ്ങിയ കപ്പലാണ് ഫ്ലൈയിംഗ് ഡച്ച്മാനെന്നും ഹെൻറിക് വാൻ ഡെർ ഡെക്കൻ എന്നയാളായിരുന്നു അതിന്റെ ക്യാപ്ടൻ എന്നും പറയപ്പെടുന്നു.
ഡച്ച് ഈസ്‌റ്റ് ഇന്ത്യാ കമ്പനിയുടെ സുവർണ കാലഘട്ടമായിരുന്ന 17ാം നൂറ്റാണ്ടിലാണ് ഫ്ലൈയിംഗ് ഡച്ച്മാനെപ്പറ്റിയുള്ള കഥകൾ ആരംഭിക്കുന്നത്. ചുറ്റും പച്ച നിറത്തിലുള്ള അസാധാരണ പ്രകാശത്തോട് കൂടി ഒരു കപ്പൽ കടലിലെ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്നതായി പല നാവികരും കണ്ടിട്ടുണ്ടത്രെ. ഈ പ്രേതക്കപ്പൽ ഫ്ലൈയിംഗ് ഡച്ച്മാൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. 1880ൽ ഓസ്ട്രേലിയൻ തീരത്ത് മെൽബണിനും സിഡ്നിയ്‌ക്കും മദ്ധ്യേ വച്ച് ഇംഗ്ലണ്ടിലെ ജോർജ് അഞ്ചാമനും സഹോദരൻ ആൽബർട്ട് വിക്‌ടർ രാജകുമാരനും ഈ പ്രേതക്കപ്പലിനെ കണ്ടതായി പറഞ്ഞിട്ടുണ്ട്.ഫ്ലൈയിംഗ് ഡച്ച്മാന്റെ ക്യാപ്ടൻ ബെർണാഡ് ഫോക്ക് കപ്പൽ ഓടിക്കുന്നതിലെ അസാമാന്യ വേഗതയുടെ പേരിൽ ബെർണാഡ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അസാധാരണ വേഗതയിൽ സഞ്ചരിക്കാൻ ക്യാപ്ടനെ സഹായിച്ചിരുന്നത് ചെകുത്താൻ ആയിരുന്നത്രെ. എന്നാൽ ചെകുത്താനുമായി പന്തയം വച്ചതിനെ തുടർന്ന് ബെർണാഡ് ശാപമേറ്റു വാങ്ങുകയായിരുന്നു. രണ്ട് കഥകളിലും ഫ്ലൈയിംഗ് ഡച്ച്മാന് ലഭിച്ചെന്ന് പറയുന്ന ശാപം ലോകാവസാനം വരെ തീരം തൊടാതെ കടലിൽ അലയുമെന്നാണ്. ഒരിക്കൽ ക്യാപ്ടൻ ഹെൻറിക് ഹോളണ്ടിൽ നിന്നും ഈസ്‌റ്റ് ഇൻഡീസിലേക്ക് യാത്ര തുടങ്ങി. അങ്ങനെയിരിക്കെ ആഫ്രിക്കയിലെ ഗുഡ്ഹോപ്പ് മുനമ്പിലെത്തി. അവിടെ ശക്തമായ കാറ്റിൽപ്പെട്ട് പിന്മാറാൻ തയാറാകാതെ ക്യാപ്ടൻ ദൈവത്തെ വെല്ലുവിളിച്ചു. അങ്ങനെ ക്യാപ്ടനെയും കപ്പലിനെയും ദൈവം ശപിക്കുകയായിരുന്നുവെന്നും കഥകളുണ്ട് . കഥയോ,സത്യമോ ഏതായാലും ഗതികിട്ടാതെ കടലിൽ അലയുന്ന ഫ്ലൈയിംഗ് ഡച്ച്മാൻ പ്രേതക്കപ്പലിനെ കണ്ടാൽ അപകടമാണെന്നാണ് നാവികർ വിശ്വസിച്ചിരുന്നത്.