വനങ്ങളാൽ നാടിന് സംരക്ഷണമൊരുക്കി മാനികാവ് സ്വയംഭൂ ശിവക്ഷേത്രം.ആറായിരം വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അവുടെയളള നീരുറവയാണ്. സ്വയം ഭൂവായ ശിവലിംഗത്തെ എപ്പോഴും നിര്‍ത്താതെ അഭിഷേകം ചെയ്തു കൊണ്ടിരിക്കുന്ന തീര്‍ത്ഥജല പ്രവാഹം ആരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. 1986-ലെ കടുത്ത വരൾച്ചയിൽ പോലും ജലപ്രവാഹത്തിന് യാതൊരു മുടക്കവുമുണ്ടായില്ലെന്ന് പഴമക്കാർ പറയുന്നു.മഴക്കാലത്തും കുത്തൊഴുക്കുകളില്ലാതെ തെളിമയാർന്ന ജലമാണ് ശിവലിംഗത്തിൽ പതിക്കുക. അഭിഷേകശേഷം ഈ ജലം കൃഷിക്കും മറ്റാവശ്യങ്ങൾക്കുമായി സമീപവാസികൾ ഉപയോഗിക്കുന്നുണ്ട്.
മുപ്പതേക്കർ കാടിനോടു ചേർന്നാണു ക്ഷേത്രം.കാടിനുള്ളിൽ അഞ്ചേക്കർ ചതുപ്പാണ്. കാവു തീണ്ടരുതെന്നു പറഞ്ഞു പഠിപ്പിച്ചതിനാൽ കാടിനകം ആരും കണ്ടിട്ടില്ല, ഒരു മരച്ചില്ലപോലും മുറിച്ചിട്ടില്ല . ശിവഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാടാണ് ജലധാര. അതുകൊണ്ട് തന്നെ ഒരിക്കലും അവസാനിക്കാത്ത ഈ ജലപ്രവാഹം ഭഗവാന്റെ നിത്യ പ്രീതിക്കു കാരണമാണ്. ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള കാടിന്റെ ഉള്‍ഭാഗത്തു നിന്നാണ് ഈ നീരുറവ വരുന്നത്. ഗംഗയായിട്ടാണ് ഇതിനെ കാണുന്നത്.കാത്തുസൂക്ഷിക്കുന്നതിനുള്ള സമ്മാനമായി കാട് തിരികെ നൽകുന്നത് ഏതു വേനലിലും വറ്റാത്ത അരുവി. ഈ അരുവിയിലെ വെള്ളം ചെറിയ പാത്തിയിലൂടെ ശ്രീകോവിലിലേക്ക് ഒഴുകി പുറത്തേക്കു പോകുന്നു. ഈ ജലപ്രവാഹം ഇതുവരെ മുറിഞ്ഞതായി പഴമക്കാർക്കു പോലും ഓർമയില്ല.
രാവിലെ 6 മുതല്‍ 11.30 വരെയും വൈകുന്നേരം 4.30 മുതല്‍ 8.30 വരെയുമാണ് ക്ഷേത്രത്തിലെ പൂജാസമയം. ചരിത്ര പ്രാധാന്യമുള്ള ഈ ക്ഷേത്രം ടിപ്പുവിന്റെ പടയോട്ട കാലത്ത് കൊളളയടിക്കുകയും തകര്‍ക്കുകയും ചെയ്തിരുന്നു എന്നു പറയപ്പെടുന്നു. ഔഷധഗുണമുള്ളതും അപൂർവങ്ങളുമായ മൂവായിരത്തോളം വൃക്ഷത്തൈകൾ ക്ഷേത്രത്തോടു ചേർന്നു വച്ചുപിടിപ്പിച്ചിട്ടുണ്ട്.ഭാരതത്തിലെതന്നെ സുപ്രധാന സ്വയംഭൂ ശിവലിംഗങ്ങളിലൊന്നാണ് ഇവിടെയുള്ളതെന്ന് ഹരിദ്വാറിൽ നിന്നും ഹിമാലയത്തിൽ നിന്നുമുള്ള സന്യാസിവര്യന്മാർ സ്ഥിരീകരിച്ചിട്ടുണ്ട്.
എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍, കമ്യൂണിറ്റി അഗ്രോ ബയോഡൈവേഴ്സിറ്റി സെന്ററിന്റെ സഹകരണത്തോടെ 2012-ല്‍ ആവിഷ്‌കരിച്ച പുണ്യവനം പദ്ധതിയിലൂടെയാണ് ഈ ക്ഷേത്ര പരിസരങ്ങള്‍ പച്ചപ്പണിഞ്ഞത്. ക്ഷേത്രത്തിന്റെ ഇരു ഭാഗങ്ങളിലുമായി രണ്ട് വനങ്ങളാണുള്ളത്. നക്ഷത്രവനവും പുണ്യവനവും. നക്ഷത്രവനം പരിപാലിക്കുന്നത് വനംവകുപ്പാണ്. 2012 ലെ ആദ്യ ഘട്ടത്തിൽ 115 ഇനം വൃക്ഷങ്ങളുടെ 2500 തൈകളാണ് നട്ടത്. മതമൈത്രിയേയും ഈ ശിവക്ഷേത്രം നട്ടുപരിപാലിക്കുന്നു. ഏത് മതത്തിലുള്ളവർക്കും ഏതുസമയത്തും ക്ഷേത്രത്തിലേക്ക് കടന്നുവരാം.