History

വലിയ കിടങ്ങുകളും. വെന്നിമലയിൽ നിന്ന് ആരംഭിച്ച് കടുത്തുരുത്തിയിൽ അവസാനിക്കുന്ന “നാരായപ്പെരുവഴി” എന്ന ഗ്രാമം | History and mythology of Kitangur

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ മീനച്ചിലാറിൻ്റെ ഇരുകരകളിലുമായി പരന്നുകിടക്കുന്ന കിടങ്ങൂർ സാംസ്കാരികമായി തനിമയുള്ള ഒരു പ്രദേശമാണ് എന്നത് പുരാതന കാലം മുതൽ പ്രസിദ്ധമാണ്. ഈ പ്രദേശത്ത് കാണപ്പെടുന്ന ക്ഷേത്രങ്ങളും ചരിത്രാവശേഷിപ്പുകളും ജനസമൂഹങ്ങളും സ്ഥലനാമങ്ങളും ആ തനിമയിലേക്ക് നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. ചരിത്രാതീതകാലത്തെ ശിലായുഗ അവശേഷിപ്പുകൾ മീനച്ചിൽ താലൂക്കിലുൾപ്പെടുന്ന സമീപപ്രദേശങ്ങളിൽ കാണപ്പെടുന്നുണ്ട് എങ്കിലും അക്കാലത്തു നിന്നും കിടങ്ങൂരിൻ്റെ അറിയപ്പെടുന്ന പിൽക്കാല ചരിത്രത്തിലേക്ക് ഒരു പാലം തീർക്കാനാവുന്നില്ല എന്ന പരിമിതി നിലനിൽക്കുന്നുണ്ട്.

ഒരോ പ്രദേശത്തിൻ്റെയും പേരിന് പിന്നിലുള്ള വാമൊഴിവഴക്കങ്ങളോ ഐതിഹ്യങ്ങളോ ആ പ്രദേശത്തിൻ്റെ ചരിത്രത്തിലേക്കുള്ള ചുണ്ടുപലക കൂടിയായിരിക്കും. ഒരു പ്രദേശത്തിൻ്റെ തന്നെ പലതരത്തിലുള്ള സ്ഥലനാമകഥകൾ ഉണ്ടാകാം. പലതും യുക്തിക്ക് നിരക്കുന്നതാവണമെന്നുമില്ല. എങ്കിലും അത്തരം ആഖ്യാനങ്ങളിലും എന്തെങ്കിലുമൊക്കെ ചരിത്രാംശങ്ങളും കണ്ടെന്നിരിക്കാം.

കിടങ്ങൂർ എന്ന സ്ഥലനാമത്തിന് ആധാരമായി പൊതുവേ സ്വീകാര്യമായിരിക്കുന്നത് ഇവിടെ ഉണ്ടായിരുന്ന കിടങ്ങിൻ്റെ സാന്നിധ്യമാണ്. മധ്യകാലത്തെ പ്രബലശക്തികളായിരുന്ന തെക്കുംകൂർ- വടക്കുംകൂർ രാജ്യങ്ങളുടെ അതിർത്തി നിർണ്ണയിച്ച് കൈപ്പുഴ മുതൽ കൊണ്ടൂർ വരെ നീണ്ടു കിടന്നിരുന്ന മൺകോട്ട കടന്നുപോയിരുന്നത് കിടങ്ങൂർ ഗ്രാമത്തിൻ്റെ വടക്കേ അതിരിലൂടെയായിരുന്നു. ഇവിടെ ചുറ്റു കോട്ടയും പാളയവും ഉണ്ടായിരുന്നു. കൂടാതെ വലിയ കിടങ്ങുകളും. വെന്നിമലയിൽ നിന്ന് ആരംഭിച്ച് കടുത്തുരുത്തിയിൽ അവസാനിക്കുന്ന “നാരായപ്പെരുവഴി” എന്ന നാട്ടുപാത ഈ കിടങ്ങ് കടന്നാണ് പോയിരുന്നത്. കോട്ടയുടെ ഈ ഭാഗത്തെ കിടങ്ങ് യാത്രക്കാർക്ക് എല്ലാം പരിചിതമായതിനാൽ പ്രദേശത്തെ സൂചിപ്പിക്കുന്നതിനായി കിടങ്ങൂർ എന്ന് ഉപയോഗിച്ചുതുടങ്ങി.

 

വാമൊഴിയായി നിലനിൽക്കുന്ന മറ്റൊരു ഐതിഹ്യകഥയും കേൾവിക്ക് രസകരമാണ്. കുമാരനല്ലൂർ ദേവീക്ഷേത്രത്തിൻ്റെ ഉത്ഭവവുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യകഥയിൽ പാണ്ഡ്യരാജാവിൻ്റെ കോപത്തിനിരയായി പലായനം ചെയ്ത ബ്രാഹ്മണൻ കടന്നു വന്ന വഴിയിൽ ഇവിടെയെത്തി കിടന്നുറങ്ങി എന്നും കിടന്നുറങ്ങിയ ഊർ ലോപിച്ച് കിടങ്ങൂർ ആയതെന്നുമാണത്.

 

പഴയ ചില കാവ്യങ്ങളിൽ പരിഖാപുരം എന്ന് കിടങ്ങൂരിനെ സൂചിപ്പിച്ചു കാണുന്നു. സംസ്കൃതത്തിൽ പരിഖ എന്നാൽ കിടങ്ങ് എന്നർത്ഥം. അപ്പോൾ കിടങ്ങിൻ്റെ നാട് എന്ന സ്ഥലനാമ വ്യാഖ്യാനമാണ് കൂടുതൽ യുക്തിസഹം എന്നു കരുതേണ്ടി വരും.

 

പ്രാചീനചരിത്രം

 

പുരാതന ചരിത്രങ്ങൾ രേഖപ്പെടുത്തി വയ്ക്കുന്ന പതിവ് മലയാളനാട്ടിൽ ഇല്ലാതിരുന്നതിനാൽ അപൂർവ്വമായി ലഭ്യമാകുന്ന ശിലാരേഖകളും ഗ്രന്ഥവരികളും ഒഴികെ പുരാതന സാഹിത്യകൃതികളെയും വാമൊഴി ഐതിഹ്യങ്ങളെയും ഒരു പരിധി വരെ ആശ്രയിക്കേണ്ടി വരുന്നു. പല പ്രാചീന മണിപ്രവാളകൃതികളിലും “ഗൗണാനദി”യെന്ന മീനച്ചിലാറിനെ കുറിച്ച് പരാമർശമുണ്ട്. മീനച്ചിലാറിൻ്റെ ഉത്ഭവവുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യകഥ പ്രസിദ്ധമാണ്. രാവണനിഗ്രഹത്തിനു ശേഷം സീതാസമേതനായി പരിവാരങ്ങളോടൊപ്പം ശ്രീരാമചന്ദ്രൻ പുഷപകവിമാനമേറി അയോദ്ധ്യയിലേക്ക് സഞ്ചരിക്കവേ സഹ്യനിരകളിൽ നിന്ന് മുനിമാർ ആശീർവദിച്ച് അനുഗ്രഹിച്ചുവത്രെ. കുടമുരുട്ടി മലയിൽ തപസ്സനുഷ്ഠിച്ചിരുന്ന ഗൗണമുനിയും തൻ്റെ കമണ്ഡലുവിൽ തീർത്ഥജലവുമായി കാത്തുനിന്നിരുന്നു. ശ്രീരാമൻ അവിടെ ഇറങ്ങി ആശീർവാദം കൈക്കൊള്ളാതെ പോയതിൽ ഇച്ഛാഭംഗം നേരിട്ട ഗൗണൻ കോപത്തോടെ തൻ്റെ കമണ്ഡലു കാൽകൊണ്ട് തട്ടിത്തെറിപ്പിച്ചു എന്നും ആ ജലധാര മുറിയാതെ ഗൗണപുത്രിയായ ഗൗണയായി മാറിയെന്നുമാണ് മീനച്ചിലാറിൻ്റെ ഉത്ഭവകഥ. തൻ്റെ ഉപാസനാമൂർത്തിയായ സുബ്രഹ്മണ്യൻ്റെ വിഗ്രഹവും ഈ കുത്തൊഴുക്കിൽ പെട്ട് താഴേക്ക് പോന്നുവത്രെ. ഭൂമിയുടെ ചെരിവ് തീർന്ന് സമതലം ആരംഭിക്കുന്ന കിടങ്ങൂരിലെത്തിയതോടെ ഒഴുക്കിൻ്റെ ശക്തി കുറയുകയും വിഗ്രഹം അടിത്തട്ടിൽ അടിയുകയും ചെയ്തു. ഈ സുബ്രഹ്മണ്യവിഗ്രഹം പിൽക്കാലത്ത് കണ്ടെത്തി പ്രതിഷ്ഠിക്കയാണുണ്ടായത്. ഗ്രാമക്ഷേത്രമായ കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൻ്റെ ഉത്ഭവവുമായി ബന്ധപ്പെട്ടുള്ള കഥകളിൽ ഒന്നാണിത്.

”ശ്യേനസന്ദേശം” എന്ന കൃതിയിൽ

“സ്കന്ദം ഗൗണാ ലസിത പരിഖാ ഗ്രാമ ശാലാലയേശം” എന്നും

മാധവപ്പിള്ളി ഭട്ടതിരിയുടെ സുബ്രഹ്മണ്യസ്തോത്രത്തിൽ

“ഗൗണാതീര വിരാജമാന പരിഖാഗ്രാമ ശാലാലയേ” എന്നും കിടങ്ങൂർ ക്ഷേത്രത്തിലെ ദേവനെ പ്രകീർത്തിക്കുന്നു. കൂടാതെ ആര്യാമൃതം, പുരപ്രബന്ധം എന്നീ ഗ്രന്ഥങ്ങളിലും കിടങ്ങൂർ പരാമർശിക്കപ്പെടുന്നുണ്ട്.

 

ഭൂമിശാസ്ത്രം:

 

കാട്ടാമ്പാക്കിലും കുറവിലങ്ങാടുമുള്ള ചെറിയ മലകളിൽ നിന്ന് നീരുറവകളായി പുറപ്പെട്ട് കട്ടച്ചിറയിലൂടെ ഒഴുകി മീനച്ചിലാറ്റിൽ ചേരുന്ന കട്ടച്ചിറത്തോട് പടിഞ്ഞാറേ അതിർത്തി നിർണ്ണയിക്കുന്നു. ചേർപ്പുങ്കൽ മുതൽ പുന്നത്തുറ വരെയും കടപ്ലാമറ്റം മുതൽ കൊങ്ങാണ്ടൂർ വരെയും മീനച്ചിലാറിൻ്റെ ഇരുകരകളിലുമായി പരന്നുകിടക്കുന്ന വലിയൊരു പ്രദേശത്തെയാണ് പുരാതനകാലത്തെ കിടങ്ങൂർ ഗ്രാമമായി പരിഗണിച്ചിരുന്നത്. ഇന്നത്തെ കിടങ്ങൂർ പഞ്ചായത്ത് ഈ പ്രദേശത്തിൻ്റെ മദ്ധ്യത്തിലായി പരിമിതപ്പെട്ടിരിക്കുന്നു എങ്കിലും സാംസ്കാരികമായ പ്രത്യേകതകൾ വച്ചു നോക്കുമ്പോൾ മുമ്പുപറഞ്ഞ ചരിത്രപരമായ ഭൂഭാഗത്തെ മുഴുവൻ ചരിത്രപഠനത്തിനായി പരിഗണിക്കേണ്ടി വരും.

 

മധ്യകാലചരിത്രം:

സാംസ്കാരികമായി സമ്പന്നമായിരുന്ന ഈ മധ്യകാല ജനപദത്തെ കുറിച്ച് വളരെ പരിമിതമായ വിവരങ്ങൾ മാത്രമാണ് അക്കാദമിക് ഗ്രന്ഥങ്ങളിൽനിന്നും പുരാതന രേഖകളിൽ നിന്നും ലഭ്യമാകുന്നുള്ളൂ.

 

മലയാളദേശത്തെ 32 ബ്രാഹ്മണഗ്രാമങ്ങളിൽ ഒന്നായിരുന്നു കിടങ്ങൂർ എന്നത് ചരിത്രപരമായി കിടങ്ങൂരിൻ്റെ പ്രസക്തി എടുത്തുകാട്ടുന്നതാണ്.

പന്ത്രണ്ടാം നൂറ്റാണ്ടിൽ വെമ്പൊലിനാട് തെക്കുംകൂർ, വടക്കുംകൂർ എന്നിങ്ങനെ വിഭജിക്കപ്പെടുമ്പോൾ തെക്കുംകൂറിലെ അതിർത്തി ഗ്രാമമായിരുന്നു കിടങ്ങൂർ എന്നത് മുമ്പു പറഞ്ഞ കോട്ടയുടെ വിന്യാസത്തിൽനിന്ന് വ്യക്തമായിട്ടുണ്ടല്ലോ!

ഈ കോട്ടയുടെയും കിടങ്ങിൻ്റെയും അവശേഷിപ്പുകൾ ഇന്നും ചിലയിടങ്ങളിൽ കാണാൻ കഴിയുന്നുണ്ട്. “കിടങ്ങൂർ” കൂടാതെ കോട്ടപ്പുറം എന്ന സ്ഥലനാമവും കോട്ടയെ സൂചിപ്പിക്കുന്നതായിട്ടുണ്ട്. ശാസ്താംകോട്ട (ചാലക്കുന്നത്ത്) കേന്ദ്രമാക്കി തെക്കുംകൂറിൻ്റെ സൈനികത്താവളം സ്ഥാപിച്ച് അതിർത്തി സംരക്ഷണം പാലിച്ച് ആറു നൂറ്റാണ്ടുകളോളം കഴിഞ്ഞതായി കരുതപ്പെടുന്നു.

ചാലക്കുന്ന് ക്ഷേത്രസങ്കേതത്തിൻ്റെ പരിസരങ്ങൾ കിളയ്ക്കുന്ന അവസരങ്ങളിൽ വെടിയുണ്ടകളും കെട്ടിടത്തിൻ്റെ തറക്കല്ലുകളും കണ്ടു കിട്ടിയിട്ടുള്ളതായി അറിയുന്നുണ്ട്. ഈ ക്ഷേത്രത്തിന് സമീപത്തായി സൈനികത്താവളങ്ങളെ അനുസ്മരിപ്പിക്കുന്ന പടയിടം, കുതിരമറ്റം തുടങ്ങിയ പേരുകളോട് കൂടിയ പുരയിടങ്ങളുണ്ട്. കട്ടച്ചിറത്തോടിന് സമീപം കൊത്തളമെന്നു പേരുള്ള ഭാഗവും ഈ കോട്ടയുടെ കൊത്തളം സ്ഥിതി ചെയ്തിരുന്ന സ്ഥാനം ആയിരിക്കണം.

 

കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മേവട, പൂവരണി, കടപ്പാട്ടൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് പണ്ട് കാവടിയാട്ടമുണ്ടായിരുന്നു. ഇതിന് പിന്നിലും ഒരു കഥയുണ്ട്. കിടങ്ങൂർ ക്ഷേത്രത്തിൻ്റെ ഭരണച്ചുമതല തെക്കുംകൂർ രാജാവ് കിടങ്ങൂരിൽ നിയോഗിച്ചിരുന്ന ഒരു അടിയോടി നായർക്കായിരുന്നത്രേ. മീനച്ചിൽ കർത്താവിൻ്റെ ആക്രമണം അടിയ്ക്കടി ഉണ്ടായ കാലത്ത് അടിയോടി നായർ ക്ഷേത്രഭരണം കൊങ്ങോർപ്പള്ളിയെ ഏൽപ്പിച്ച് വടക്കുള്ള തൻ്റെ സ്വദേശത്തേയ്ക്ക് പോയി. തിരിച്ചു വന്നപ്പോൾ ക്ഷേത്രത്തിൻ്റെ ഊരാണ്മ പതിനാല് നമ്പൂതിരി ഇല്ലങ്ങളുടെ കീഴിലായി. അവരിൽ ചിലർ സുബ്രഹ്മണ്യന് പകരം ശിവൻ്റെ മുഖ്യദേവനായി പ്രതിഷ്ഠിക്കാൻ ഒരുങ്ങിയത്രേ. അടിയോടികളുടെ നിർദ്ദേശമനുസരിച്ച് ളാലം, കടപ്പാട്ടൂർ, വെള്ളിയേപ്പള്ളി പ്രദേശങ്ങളിൽ നിന്ന് നായർ യോദ്ധാക്കൾ വന്നെത്തി. അപ്പോൾ ക്ഷേത്രത്തിൽ ആനയെ എഴുന്നള്ളിച്ചു നിർത്തിയിരുന്നു. അതിന് വേലയ്ക്ക് എഴുന്നള്ളിപ്പ് എന്നു പേരും നൽകി. സുബ്രഹ്മണ്യനെ മാറ്റി ശിവപ്രതിഷ്ഠ നടത്താൻ ഉദ്ദേശിച്ചതായി ആരോ അപവാദം പ്രചരിപ്പിച്ചതാണെന്നു പറഞ്ഞ് അടിയോടിയെ സമാധാനിപ്പിച്ചു. മേൽപ്പറഞ്ഞ കാവടിയാട്ടങ്ങൾ ഈ പടനീക്കത്തിൻ്റെ ഓർമ്മപ്പെടുത്തലായി പീന്നീട് തുടർന്നു വന്നതാണെന്നും പറയപ്പെടുന്നു.

 

AD 1750ൽ കിടങ്ങൂരിൽ വച്ച് തിരുവിതാംകൂർ സൈന്യവും മീനച്ചിൽ കർത്താവും തമ്മിൽ യുദ്ധമുണ്ടായതായി വാമൊഴി അറിവുകൾ ഉണ്ട്. മാർത്താണ്ഡവർമ്മ യുദ്ധം വിജയിച്ച് തെക്കുംകൂർ തിരുവിതാംകൂറിൽ ചേർത്തതോടെ കിടങ്ങൂരും അതിലുൾപ്പെട്ടു.

 

ജനവിഭാഗങ്ങൾ:

 

ആധുനികകാലത്ത് കിടങ്ങൂരിൽ ഇരുപത്തിയാറിൽ പരം വ്യത്യസ്ത സമുദായങ്ങൾ അധിവസിച്ചു വരുന്നതായി പഞ്ചായത്ത് രേഖകളിൽ കാണുന്നു. ചരിത്രത്തിൽ വളരെ പ്രസക്തമായ മൂന്നു കുടിയേറ്റങ്ങളാണ് കിടങ്ങൂരിൽ ഉണ്ടായത്. യഥാക്രമം നമ്പൂതിരിമാർ, നസ്രാണികൾ, തമിഴ് ബ്രാഹ്മണർ എന്നിവരാണ് ആ ജനവിഭാഗങ്ങൾ. അവർക്ക് മുമ്പ് കാർഷികജീവിതം നയിച്ചിരുന്ന അടിസ്ഥാന ജനവിഭാഗങ്ങളായിരുന്നു തലമുറ-തലമുറകളായി ഇവിടെ വസിച്ചിരുന്നത്. കുടിയേറിയവരിൽ പ്രധാനപ്പെട്ട മൂന്നു ജനവിഭാഗങ്ങളെ കുറിച്ച് മാത്രമേ തൽക്കാലം ഇവിടെ പ്രതിപാദിക്കുന്നുള്ളൂ.

 

നമ്പൂതിരിമാർ: പുരാതന കേരളത്തിൽ വടക്കുനിന്ന് കുടിയേറിയ നമ്പൂതിരിമാരുടെ പൂർവ്വികർ തങ്ങളുടെ പൂർണ്ണാധികാരത്തിലുള്ള ഗ്രാമങ്ങൾ സ്ഥാപിച്ച് പ്രബലരായിത്തീർന്നു. ഇങ്ങനെ ബ്രാഹ്മണർ കൂട്ടായി താമസിച്ചിരുന്ന ശുകപുരം, പന്നിയൂർ ഗ്രാമക്കാർ തമ്മിൽ ശത്രുതയുണ്ടാവുകയും നിരന്തരം ലഹളകൾ പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ഇരുഗ്രാമങ്ങളിൽ നിന്നും സമാധാന പ്രിയരായ നിരവധി നമ്പൂതിരി കുടുംബങ്ങൾ തെക്കോട്ട് പലായനം ചെയ്ത് തങ്ങൾക്ക് പ്രാപ്യമായ വിവിധയിടങ്ങളിൽ കൂട്ടായി പാർക്കാൻ തുടങ്ങി. തെക്കോട്ട് എത്തിയവരിൽ നല്ലൊരു പങ്ക് ഓണംതുരുത്ത് (ഏറ്റുമാനൂർ), കിടങ്ങൂർ, കുമാരനല്ലൂർ എന്നിവിങ്ങളിലാണ് എത്തിച്ചേർന്നത്. കിടങ്ങൂരിലെ ഉത്തമേശ്വരം എന്ന പ്രദേശം കേന്ദ്രമാക്കിയാണ് അവർ പാർപ്പ് ആരംഭിച്ചത്. പിന്നീട് കൂടുതൽ ആൾക്കാർ വരികയും കുടുംബങ്ങൾ വളരുകയും ചെയ്തതോടെ കിടങ്ങൂർ, പിറയാർ, കുമ്മണ്ണൂർ, മാറിയിടം, പുല്ലപ്പള്ളി, ചെമ്പിളാവ് എന്നീ ആറു കരകളിലേക്ക് വേർതിരിഞ്ഞു പാർത്തു. ഭൂമിയുടെയും ഗ്രാമക്ഷേത്രത്തിൻ്റെയും അധികാരം തങ്ങളിലെത്തിയതോടെ കിടങ്ങൂർ മലയാള ദേശത്തെ 32 നമ്പൂതിരികേന്ദ്രീകൃത ഗ്രാമങ്ങളിൽ ഒന്നായി മാറി.

 

തൃക്കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഗ്രാമക്ഷേത്രമായി മാറിയതോടെ മേൽപ്പറഞ്ഞ പ്രകാരം പതിനാലു നമ്പൂതിരിയില്ലങ്ങൾ ചേർന്ന ഊരാണ്മയാണ് ക്ഷേത്രഭരണം നടത്തിയിരുന്നത്. ഋക്, യജുസ്, സാമം എന്നീ മൂന്നു വേദങ്ങളിൽ അപാരമായ പാണ്ഡിത്യമുണ്ടായിരുന്നവർ ഇവർക്കിടയിലുണ്ടായിരുന്നു. നമ്പൂതിരി കുടിയേറ്റം ബൗദ്ധികവും സാംസ്കാരികവുമായ തലത്തിൽ കിടങ്ങൂരിന് വളരെയേറെ സംഭാവനകൾ നൽകിയിട്ടുണ്ട്. സംസ്കൃതഭാഷാ പഠനത്തിനും സാഹിത്യാദി കലാപോഷണത്തിനും പാരമ്പര്യശാസ്ത്രങ്ങളുടെ വളർച്ചയ്ക്കും അത് കരുത്തേകി എന്നത് നിഷേധിക്കാനാവില്ല.

 

ക്രിസ്ത്യാനികൾ:

പുരാതനകാലത്തെ പ്രശസ്തമായ തുറമുഖമായിരുന്നു മുസിരിസ് എന്ന ഇന്നത്തെ കൊടുങ്ങല്ലൂർ. ക്രിസ്തുവിന് മുമ്പ് തന്നെ പശ്ചിമേഷ്യൻ രാജ്യങ്ങളുമായി കേരളത്തിന് വാണിജ്യബന്ധങ്ങൾ ഉണ്ടായിരുന്നു. വ്യാപാരങ്ങൾക്കായി പല കാലഘട്ടങ്ങളിൽ എത്തിച്ചേർന്നവരിലൂടെ ക്രിസ്തുമതം ഇവിടെ പ്രചരിപ്പിക്കപ്പെട്ടു. ക്രിസ്തു ശിഷ്യനായ സെൻറ് തോമസിനാൽ പരിവർത്തനം ചെയ്യപ്പെട്ടവർ എന്നറിയപ്പെട്ട ആദിമ നസ്രാണികൾ കൊടുങ്ങല്ലൂരിന് വടക്ക് പാലയൂരിലും പരിസര പ്രദേശങ്ങളിലുമാണ് കേന്ദ്രീകരിച്ചിരുന്നത്. അവർ വടക്കുംഭാഗക്കാർ എന്നറിയപ്പെട്ടു.

 

പിൽക്കാലത്ത് സിറിയൻ വർത്തക പ്രമാണിയായ ക്നായി തോമയുടെ ഒപ്പം എത്തിച്ചേർന്നവർ കൊടുങ്ങല്ലൂർ പട്ടണത്തിൻ്റെ തെക്കുഭാഗത്തായി പാർപ്പുറപ്പിച്ചു. അവർ തെക്കുംഭാഗക്കാർ എന്നും അറിയപ്പെട്ടു. ഒമ്പതാം നൂറ്റാണ്ടിൽ സ്ഥാണു രവിവർമ്മ പെരുമാളുടെ കാലത്ത് കൊല്ലം പട്ടണത്തിൽ മണിഗ്രാമക്കാരായ തരിയായ്ക്കൾ വ്യാപാരരംഗത്ത് ആധിപത്യം നേടി എന്നതിൻ്റെ വ്യക്തമായ തെളിവാണ് തരിസാപ്പള്ളി പട്ടയം. ഇപ്രകാരം വ്യാപാരരംഗത്ത് കേന്ദ്രീകരിച്ചിരുന്ന വിവിധ വിഭാഗങ്ങളിൽ പെട്ട ക്രിസ്ത്യാനികൾ കാലങ്ങൾ കഴിയുംതോറും പലയിടങ്ങളിലേക്ക് മാറിമാറി താമസിക്കുവാൻ തുടങ്ങി. മലഞ്ചരക്ക് ശേഖരണവും വിപണവും കൂടാതെ സവർണ്ണർക്കായി എണ്ണ വ്യാപാരവും ഈ വിഭാഗക്കാരുടെ പ്രധാന തൊഴിലായിരുന്നു. സമുദ്രാന്തര വ്യാപാരം വിപുലമായതോടെ നാടുവാഴികൾ കാർഷികവിളകളുടെ ഉദ്പാദനം വർദ്ധിപ്പിക്കാൻ നിർബന്ധിതരായിത്തീർന്നു. അതോടെ നസ്രാണികളിൽ നല്ലൊരു പങ്ക് വ്യാപാരരംഗത്തു നിന്ന് കൃഷിയിലേക്ക് പറിച്ചു നടപ്പെട്ടു. കൃഷിയും വ്യാപാരവും ലക്ഷ്യമാക്കിത്തന്നെയാണ് കിടങ്ങൂരിലേക്ക് ക്രിസ്ത്യൻ വിഭാഗങ്ങൾ കുടിയേറിയത്.

 

കുറവിലങ്ങാട്ടു നിന്ന് എത്തിയ വടക്കുംഭാഗക്കാരെ( മാർത്തോമ നസ്രാണികൾ) തുടർന്ന് കടുത്തുരുത്തിയിൽ നിന്ന് തെക്കുംഭാഗക്കാരും പുന്നത്തുറ, കിടങ്ങൂർ പ്രദേശങ്ങളിൽ കുടിയേറിപ്പാർത്തു. തെക്കുകിഴക്കൻ പ്രദേശങ്ങളിൽ നിന്നുള്ള വാണിജ്യവിഭവങ്ങൾ എത്തിച്ചേരുന്ന പന്നഗംതോടും കുറവിലങ്ങാടു നിന്നുള്ള കട്ടച്ചിറത്തോടും മീനച്ചിലാറ്റിൽ സംഗമിക്കുന്ന പുന്നത്തുറയ്ക്ക് നൂറ്റാണ്ടുകൾക്ക് മുമ്പ് വലിയ വ്യാപാര പ്രാധാന്യമുണ്ടായിരുന്നു.ഇരു വിഭാഗം ക്രിസ്ത്യാനികളുടെയും വരവോടെ പുന്നത്തുറയങ്ങാടി സജീവമായി. AD 1625 ൽ അരീപ്പറമ്പു വകയായുളള സ്ഥലത്ത് പള്ളി വെയ്ക്കാൻ തെക്കുംകൂർ രാജാവ് അനുമതി നൽകി. മർത്തമറിയത്തിൻ്റെ നാമധേയത്തിലുള്ള പുന്നത്തുറയിലെ പഴയ പള്ളി ഇരുവിഭാഗത്തിനും വേണ്ടിയായിരുന്നു. എന്നാൽ പിൽക്കാലത്ത് വിഭാഗീയത ഉടലെടുത്തതിനെ തുടർന്ന് AD 1898 ൽ വടക്കുംഭാഗക്കാർ തെക്കോട്ടു മാറി വെള്ളാപ്പള്ളി എന്ന സ്ഥലത്ത് പുതിയ സെൻറ് മേരീസ് പള്ളി സ്ഥാപിച്ചു. കുറവിലങ്ങാടു നിന്ന് എത്തിയ വടക്കുംഭാഗക്കാർ മധ്യകാലത്ത് പുന്നത്തുറയിൽ നിന്ന് പഴയ തെക്കുംകൂറിൻ്റെ വിവിധ സ്ഥലങ്ങളിലേക്ക് കുടിയേറി പാർത്തിട്ടുണ്ട്. കോട്ടയത്തങ്ങാടിയിലേക്കും ഇവിടെ നിന്ന് ചില കുടുംബക്കാർ കുടിയേറിയിട്ടുണ്ട്. കടുത്തുരുത്തിയിൽ നിന്ന് എത്തിയ ക്നാനായക്കാർ കിടങ്ങൂർ, ഉഴവൂർ പ്രദേശങ്ങളിലേയ്ക്കാണ് കൂടുതലായും കുടിയേറിയത്. കുമ്മണ്ണൂർ, പാദുവ, അയർക്കുന്നം, ചേർപ്പുങ്കൽ എന്നിവിടങ്ങളിൽ ക്രമേണ നസ്രാണികുടിയേറ്റം ശക്തമാവുകയും തുടർന്ന് കിടങ്ങൂരിന് ചുറ്റും വ്യാപകമാവുകയും പ്രബല ജനവിഭാഗമായി മാറുകയും ചെയ്തു.

ചേർപ്പുങ്കൽ ഹോളിക്രോസ് പള്ളിയും കിടങ്ങൂരിലെ കല്ലമ്പള്ളി മനയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. കല്ലമ്പള്ളി മനയുടെ വക സ്ഥലമാണ് പള്ളി പണിയുന്നതിന് വിട്ടുകൊടുത്തത്. എല്ലാ വർഷവും സെപ്തംബർ പതിനാലാം തീയതി നടക്കുന്ന കല്ലിട്ട പെരുന്നാളിന് കല്ലമ്പള്ളി മനക്കാരെ പള്ളിയിൽ നിന്ന് ഔദ്യോഗികമായി ക്ഷണിക്കുകയും അവരെത്തി ആഘോഷങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നുണ്ട്.

 

പതിനാറാം നൂറ്റാണ്ടിൻ്റെ അന്ത്യപാദത്തിൽ പോർച്ചുഗീസ് മിഷണറിമാരുടെ ദ്വിഭാഷിയായി എഡേസയിൽ നിന്നെത്തിയ ആദായി എന്ന വൈദിക വിദ്യാർത്ഥി കിടങ്ങൂരിലെ ഒരു നായർ കുടുംബത്തിലെ മാധവിയമ്മ എന്ന യുവതിയെ വിവാഹം ചെയ്തു. ആ കുടുംബത്തിൽ നിന്ന് പിൽക്കാലത്ത് നിരവധി വൈദികരുണ്ടായി. കൊഴുവനാൽ, പോത്താനിക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ പിൽക്കാലത്ത് കുടിയേറി പാർത്ത ഇവർ തോലാനിക്കൽ ആദായി പണിക്കർമാർ എന്നറിയപ്പെടുന്നു.

 

കിടങ്ങൂർ സെൻ്റ് മേരീസ് പള്ളി: പരിശുദ്ധ കന്യാമറിയത്തിൻ്റെ നാമത്തിൽ 1909 ൽ സ്ഥാപിതമായതാണ് കിടങ്ങൂർ സെൻ്റ് മേരീസ് ഫെറോനാ പള്ളി. കിടങ്ങൂരിലെ അന്യം നിന്നുപോയ മധുരഞ്ചിറ മനയുടെ സ്ഥലത്താണ് ആദ്യം പള്ളി പണിതത്. പിന്നീട് രണ്ടു പ്രാവശ്യം പള്ളിപുതുക്കിപ്പണിതിട്ടുണ്ട്. പുതുക്കിപ്പണിയുന്നതിന് ആവശ്യമായ സ്ഥലം തീറുനൽകിയത് നെടുമ്പുറത്ത് നീലകണ്ഠപ്പിള്ളയാണ്.കരപ്രമാണിയായ മേക്കാട്ടു രാമകൃഷ്ണപിള്ളയും മറ്റും നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മറ്റു നിരവധി ക്രൈസ്തവ ദേവാലയങ്ങൾ കിടങ്ങൂരിലും സമീപപ്രദേശങ്ങളിലുമായി ഇന്നുണ്ട്.

 

തമിഴ് ബ്രാഹ്മണർ: കിടങ്ങൂരിൽ താമസമുറപ്പിച്ച മറ്റൊരു പരദേശി ജനവിഭാഗം ശൈവരായ(അയ്യർ) തമിഴ് ബ്രാഹ്മണരാണ്. (ചോഴിയദേശത്തു നിന്ന് ശൈവ ബ്രാഹ്മണർ മുൻകാലങ്ങളിൽ മധ്യകേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ കുടിയേറിപ്പാർത്തിട്ടുണ്ട്ചോഴിയപ്പട്ടർ അഥവാ കുട്ടിപ്പട്ടർ എന്നറിയപ്പെട്ടിരുന്ന ഇവർ പാചകരംഗത്ത് പ്രശസ്തരായിരുന്നു.) ളാലം, പുലിയന്നൂർ എന്നീ പ്രദേശങ്ങളിലും തുടർന്ന് കിടങ്ങൂരുമാണ് ഇവർ കുടിയുറപ്പിച്ചത്. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നും കസവു തുണിയും പട്ടുതുണിയും മറ്റു ജൗളിത്തരങ്ങളും വ്യാപാരം ചെയ്യുന്നതിനായി എത്തിച്ചേർന്നവരാണ് എങ്കിലും പിൽക്കാലത്ത് മറ്റു തൊഴിൽ മേഖലകളിലേയ്ക്കും അവരുടെ പ്രവർത്തനങ്ങൾ വ്യാപിച്ചു. പണം പലിശയ്ക്കു കൊടുക്കുവാൻ തുടങ്ങിയതിലൂടെ ഇവരിൽ പലരും സമ്പന്നരായി. സംഭാരമഠം, പുന്നവേലി മഠം എന്നീ ഗൃഹങ്ങൾ അവർക്കിടയിൽ നിന്ന് പ്രസിദ്ധങ്ങളാണ്. പഥികർക്കും ചുമടേറ്റിത്തളർന്നു വരുന്നവർക്കും കുടിക്കാനായി സൗജന്യമായി സംഭാരം നിറച്ച വലിയ കൽത്തൊട്ടി മഠത്തിനോട് ചേർന്ന വഴിവക്കിൽ വീട്ടുകാർ വച്ചിരുന്നു. അതിനാൽ സംഭാരമഠം എന്ന ഗൃഹനാമം ഉണ്ടായി. കിടങ്ങൂർ ക്ഷേത്രത്തിന് സമീപത്തായി ഇന്നും പല കുടുംബങ്ങളും ഇപ്പോഴും വസിച്ചുവരുന്നു.

 

സംസ്കാരികപാരമ്പര്യം:

വളർച്ച പ്രാപിച്ച

മറ്റേതൊരു പുരാതന ജനപദത്തെയും പോലെ തന്നെ ഭാഷയിലും സാഹിത്യത്തിലും തത്വവിചാരങ്ങളിലും കലകളിലും പാരമ്പര്യവിജ്ഞാന ശാഖകളിലുമെല്ലാം കിടങ്ങൂർ നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ സമ്പന്നത കൈവരിച്ചിരുന്നു. കിടങ്ങൂർ ക്ഷേത്രത്തെ കേന്ദ്രീകരിച്ച് ക്ഷേത്രസഭയും പട്ടത്താനവും ഉണ്ടായിരുന്നു. ക്ഷേത്രഭരണത്തിന് അംഗീകാരമുള്ള ഒരു സഭയും ഗ്രാമാദ്ധ്യക്ഷനും ഉണ്ടായിരുന്നു.

കൊല്ലവർഷം 1072 (AD 1897) വരെ ഈ സഭ ഊർജിതമായി പ്രവർത്തിച്ചിരുന്നു.ഇതോടൊപ്പം ഒരു വിദ്വൽസദസ്സും ഉണ്ടായിരുന്നു. മാർത്താണ്ഡവർമ്മ ഈ പ്രദേശം തിരുവിതാംകൂറിൽ ചേർത്തതിനു ശേഷം കിടങ്ങൂരിൽ ഒരു പട്ടത്താനം തുടങ്ങി വച്ചുവെന്നും കൊല്ലവർഷം 1079 (AD 1904) ൽ അത് നിലച്ചുപോയതായും അറിയാൻ കഴിയുന്നുണ്ട്.

 

കാന്തളൂർ, പാർത്ഥിവപുരം തുടങ്ങിയ സ്ഥലങ്ങിലുണ്ടായിരുന്ന ശാലകൾ എന്നറിയപ്പെട്ടിരുന്ന വിജ്ഞാനകേന്ദ്രങ്ങൾ കേരളത്തിൽ പ്രസിദ്ധങ്ങളായിരുന്നല്ലോ. അതുപോലെ കിടങ്ങൂരിലുണ്ടായിരുന്ന ഗ്രാമശാലയുടെ സാന്നിധ്യം ചാല, ചാലയ്ക്കൽ എന്നീ വാക്കുകളിൽ നിന്ന് വെളിവാകുന്നുണ്ട്. കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് ചാലയ്ക്കൽ ക്ഷേത്രമെന്നും പറഞ്ഞു വരുന്നു എന്നതാണ് അതിലൊന്ന്. ചാലക്കുന്നത്തു ക്ഷേത്രവും കിടങ്ങൂരിൻ്റെ ഹൃദയഭാഗത്തുള്ള മറ്റൊരു ക്ഷേത്രമാണ്.

 

“സ്കന്ദം ഗൗണാ ശാലാലയേശം” എന്ന ശ്യേനസന്ദേശത്തിലെ വരികളിൽ ശാല എന്ന പദത്തിന് ഊന്നലുണ്ട്.

 

ഉണ്ണുനീലിസന്ദേശത്തിൽ കിടങ്ങൂരിനെ കുറിച്ച് പരാമർശം ഉണ്ടെങ്കിലും അത് ഈ കിടങ്ങൂർ തന്നെയാണെന്നുള്ളതിന് തെളിവ് നൽകുന്ന ഒന്നും അതിലില്ല. ആര്യാമൃതം, പൂരപ്രബന്ധം എന്നീ കൃതികളിൽ കിടങ്ങൂർ പരാമർശിക്കപ്പെടുന്നുണ്ട്.

 

ഗ്രാമക്ഷേത്രമായ കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രമാണ് കിടങ്ങൂരിലെ ആദ്യ സാംസ്കാരികകേന്ദ്രം.ഗൗണാതീരത്തെ ഗ്രാമശാലയിലെ നിലയത്തിൽ വിരാജിക്കുന്ന ഈ ക്ഷേത്രം, ഗ്രാമത്തിൻ്റെ സാംസ്കാരികമായ അഭ്യുന്നതിക്ക് ഒരു ക്ഷേത്രം എങ്ങനെ നിദാനമാകുന്നു എന്ന തിന് ഉത്തമോദാഹരണമാണ്.

ഇന്നും നിലവിലിരിക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കമേറിയ നാടക രൂപമായ കൂടിയാട്ടത്തിന് യുനസ്കോ പൈതൃക പദവി നൽകിയപ്പോൾ ആ കലാരൂപം തൻ്റെ ചലച്ചിത്രത്തിൻ്റെ ഭാഗമായി ചിത്രീകരിക്കുന്നതിന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തെരഞ്ഞെടുത്തത് കിടങ്ങൂരിലെ കൂത്തമ്പലത്തിൻ്റെ പശ്ചാത്തലമാണ്.

 

കിടങ്ങൂർ ക്ഷേത്രത്തിലെ കൂത്തമ്പലം വലിപ്പത്തിൽ കേരളത്തിലെ രണ്ടാമത്തേതാണ്. ഇവിടുത്തെ വാസ്തുപരമായ പ്രത്യേകതകളും കൊത്തുപണികളും വേറിട്ടതാണ്. ആയിരത്തോളം വർഷങ്ങൾ പഴക്കം പറയുന്ന കൂത്തമ്പലത്തിനുള്ളിലെ ശില്പവിദ്യ ഭരതമുനിയുടെ നാട്യശാസ്ത്ര പ്രകാരമുള്ളതാണ്. പെരുന്തച്ചൻ പണിതതാണ് ഈ കൂത്തമ്പലം എന്നാണ് ഐതിഹ്യം. രാമായണത്തിലെയും മഹാഭാരതത്തിലെയും രംഗങ്ങൾ രംഗമണ്ഡപത്തിൽ കൊത്തിവച്ചിരിക്കുന്നു. കുറുന്തോട്ടി എന്ന സസ്യത്തിൻ്റെ തടിയിൽ “മഴുവന്നൂർ കൊല്ലൻ” എന്ന ശില്പി മഴു ഉപയോഗിച്ച് കൊത്തിയെടുത്തത് എന്നു കരുതുന്ന ഒരു വലിയ തൂൺ ഈ കൂത്തമ്പലത്തിൻ്റെ വടക്കുഭാഗത്തെ മേൽക്കൂര താങ്ങുന്നു. താരതമ്യേന ചെറിയ ചെടിയായി അറിയുന്ന കുറുന്തോട്ടിയിൽ നിന്ന് ഇത്രയും ഭീമാകാരമായ തൂൺ നിർമ്മിച്ചു എന്നത് എക്കാലത്തും ആശ്ചര്യകരമായി നിൽക്കുന്ന ഒരു വസ്തുതയാണ്. ഭുവനേശ്വരി ദേവിയുടെ സാന്നിധ്യവും കൂത്തമ്പലത്തിലുണ്ടെന്നു സങ്കല്പം.

 

കൂത്തും കൂടിയാട്ടവും അഭ്യസിപ്പിക്കുകയും പരിശീലിക്കുകയും അവതരിപ്പിക്കുകയും ചെയ്തിരുന്ന സമ്പന്നമായ ഒരു ഭൂതകാലപാരമ്പര്യം കിടങ്ങൂരിനുണ്ട്. നൂറ്റാണ്ടുകളോളം കിടങ്ങൂർ ക്ഷേത്രത്തിലെ കൂത്തമ്പലം ഇതിനെല്ലാം വേദിയായിരുന്നതായി കരുതാവുന്നതാണ്. ഇപ്പോഴും ഉത്സവകാലങ്ങളിൽ ഇവിടെ കൂത്ത് അവതരിപ്പിക്കാറുണ്ട്.കൂത്തമ്പലത്തിലെ ചാക്യാരുടെ ശില്പവും പ്രസിദ്ധമാണ്. നൃത്തം ചെയ്യുന്ന കിടങ്ങൂർ ചാക്യാരെ കുറിച്ച് ഏതോ പുരാതന കൃതിയിൽ പരാമർശവുമുണ്ട്.

 

ഗർഭഗൃഹത്തോടു കൂടിയ ശ്രീകോവിൽ, മനോഹരമായ താങ്ങുകാൽ ശില്പങ്ങൾ, കുടംകൂത്ത് ആലേഖനം ചെയ്ത സോപാന ഭിത്തി, വാസ്തുവിദ്യാ മികവ് വിളിച്ചോതുന്ന ഗോപുരങ്ങളും എടുപ്പുകളും ഇവയൊക്കെയും കൂത്തമ്പലത്തെ കൂടാതെ ക്ഷേത്രനിർമ്മിതിയിലെ സവിശേഷതകളെ എടുത്തുകാണിക്കുന്നവയാണ്.

 

കാർഷികരംഗം:

മീനച്ചിൽ നദീതടത്തിലെ സമതല ഭൂഭാഗങ്ങൾ ആരംഭിക്കുന്നത് കിടങ്ങൂരിൽ നിന്നാണ്. നദിയുടെ ദാനമായ ഫലപൂയിഷ്ടമായ കൃഷിയിടങ്ങളിൽ നെല്ലും കരിമ്പും തെങ്ങും വാഴയും കിഴങ്ങുവർഗ്ഗങ്ങളും പച്ചക്കറികളുമൊക്കെ നൂറ്റാണ്ടുകളായി സമൃദ്ധമായി വളരുന്നു. റബ്ബറിൻ്റെ വരവോടെ പല പാരമ്പര്യവിളകളും അന്യമായി.

 

പുരാതനകാലം കിടങ്ങൂരിലെ കരിമ്പു കൃഷിയും ശർക്കരയുദ്പാദനവും പ്രശസ്തമായിരുന്നു. മധ്യകാല മണിപ്രവാള കൃതിയായ ഈശ്വര ശർമ്മ രചിച്ച “ശൃംഗാരസുന്ദരം” എന്ന കൃതിയിൽ കിടങ്ങൂരിലെ കരിമ്പുകൃഷിയെ കുറിച്ച് സൂചനയുണ്ട്.

 

” ഗൗണീകൂലേ കില വിചരതി

നീല സ്ഫീതേഷു ജാല” എന്ന ഭാഗത്ത് മീനച്ചിലാറിൻ്റെ ഇരുകരകളിലും നീലക്കരിമ്പ് ധാരാളമായി വളരുന്നു എന്നും അതിനാൽ കരിമ്പ് വില്ലാക്കി പുഷ്പശരമെയ്യുന്ന കാമദേവന് അത് വളരെ പ്രയോജനപ്രദമായിരിക്കുമെന്നും കാവ്യ ഭാവന.

 

പരമ്പരാഗത ഇനങ്ങളായ ചെറുകരിമ്പും ആലുവാ ക്കരിമ്പും ജാവാക്കരിമ്പും കൃഷി ചെയ്ത് ശർക്കര ഉദ്പാദിപ്പിച്ചിരുന്ന നിരവധി ഗൂർഖണ്ഡ സാരികൾ കിടങ്ങൂരിലും അടുത്തുള്ള ഗ്രാമങ്ങളിലും പ്രവർത്തിച്ചിരുന്നു. ഗുണമേന്മയിൽ ഇവിടുത്തെ ശർക്കര ഒന്നാം സ്ഥാനം കയ്യടക്കിയിരുന്നു. ഇന്ന് കരിമ്പുകൃഷി കുറഞ്ഞതോടെ ശർക്കരയുദ്പാദനം നാമമാത്രമായിരിക്കുന്നു. ലോക പൈതൃക പട്ടികയിൽ ഇടം നേടിയ മറയൂർ ശർക്കരയോട് കിടപിടിക്കുന്നതാണ് കിടങ്ങൂർ ശർക്കര. കോട്ടയം ശർക്കര എന്ന പേരിൽ മീനച്ചിൽ നദീതട പ്രദേശങ്ങളിൽ ഉദ്പാദിപ്പിച്ചിരുന്ന ഈ ശർക്കര പതിറ്റാണ്ടുകൾക്ക് മുമ്പുവരെ അന്യദിക്കുകളിൽ പ്രശസ്തമായിരുന്നു. കോട്ടയത്തെ താഴത്തങ്ങാടിയിൽ നിന്ന് മറ്റു നാടുകളിലേക്ക് ജലമാർഗ്ഗം ഈ പാരമ്പര്യവിഭവം കയറ്റിപ്പോയിരുന്നു. മുപ്പതു വർഷങ്ങൾക്ക് മുമ്പ് താഴത്തങ്ങാടിയിൽ പൊളിച്ചുനീക്കിയ പുരാതന ഗൃഹത്തിൻ്റെ അടഞ്ഞുകിടന്ന നിലവറയിലെ ഭരണികളിൽനിന്ന് ദ്രവരൂപത്തിലായ കിടങ്ങൂർ ശർക്കര കണ്ടെടുത്തുവത്രെ.

 

കളിമൺ വ്യവസായം:

കളിമണ്ണ് സുലഭമായിരുന്ന കിടങ്ങൂരിലെ പാടശേഖരങ്ങളിൽ നിന്നുള്ള മണ്ണുപയോഗിച്ച് നിർമ്മിച്ചിരുന്ന പിറയാറൻ മൺപാത്രങ്ങൾ വളരെ പ്രശസ്തമായിരുന്നു. കട്ടച്ചിറയിലെ വേളാർ സമൂഹമാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്. അസംഘടിതരായ ഈ തൊഴിലാളികളെ സംഘടിപ്പിച്ച് സഹകരണ മേഖലയിൽ കളിമൺപാത്ര വ്യവസായ സഹകരണ സംഘം പ്രവർത്തിക്കുന്നുണ്ട്.

കട്ടച്ചിറ എന്ന സ്ഥലനാമം അന്വർത്ഥമാക്കി ഇഷ്ടിക വ്യവസായവും ഇവിടെ തഴച്ചുവളർന്നു. മേച്ചിലോടുകൾ നിർമ്മിക്കുന്ന ഓട്ടുകമ്പനികളും ഇവിടെ മുൻകാലത്ത് പ്രവർത്തിച്ചിരുന്നു. ഇഷ്ടികവ്യവസായം ശക്തി പ്രാപിച്ചതോടെ കൃഷിനിലങ്ങലെ കളിമൺ ഖനനത്തിനായി ക്രമാതീതമായി ചൂഷണം ചെയ്യാനാരംഭിച്ചത് പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിവയ്ക്കുകയുണ്ടായി.

വാണിജ്യരംഗം:

മീനച്ചിലാറും അതിൻ്റെ കൈവഴികളും പ്രവഹിക്കുന്ന കിടങ്ങൂരിൽ ഇവിടെ ഉത്പാദിപ്പിക്കപ്പെട്ട വാണിജ്യ വിഭവങ്ങൾ ജലമാർഗ്ഗം മറ്റു നദീതീര അങ്ങാടികളിലെത്തിച്ച് വ്യാപാരം നടത്തിയിരുന്നതിൻ്റെ പാരമ്പര്യമുണ്ട്. കിടങ്ങൂരിനോടു ചേർന്ന് നൂറ്റാണ്ടുകളോളം സജീവമായിരുന്ന പുന്നത്തുറയങ്ങാടിയുടെ ചരിത്രം ഇരുളടഞ്ഞ എടുകളിലാണ്.

 

കിടങ്ങൂർ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ഇടിഞ്ഞപുഴ ഭാഗത്തെ മണൽതിട്ടകളിൽ ഒരു വ്യാപാരമേള നടന്നിരുന്നു. ചെമ്പ്, ഇരുമ്പ്, ഓട്, പിച്ചള എന്നീ ലോഹങ്ങളിൽ നിർമ്മിച്ച പാത്രങ്ങൾ, വിളക്കുകൾ ,ഗൃഹോപകരണങ്ങൾ ഒക്കെയും ഇവിടെ വിറ്റഴിഞ്ഞിരുന്നു. ഈ വെച്ചുവാണിഭം ഉത്സവത്തിനു ശേഷമുള്ള വേനൽക്കാലത്ത് ഇടവമാസത്തിലെ ഇടവപ്പാതി മഴയെത്തും വരെ തുടർന്നിരുന്നു. പിൽക്കാലത്ത് ഇത് നിലച്ചുപോയി.

കിടങ്ങൂർ ക്ഷേത്രത്തിൻ്റെ കിഴക്കേ കോവിൽ പാടത്ത് ആറാട്ടിൻ്റെ പിറ്റേന്ന് നടന്നിരുന്ന കാളച്ചന്ത പ്രസിദ്ധമായിരുന്നു. മദ്ധ്യകേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് കാള, പോത്ത്, പശു, എരുമ എന്നിവയെ വാങ്ങുന്നതിനും വിൽക്കുന്നതിനും നിരവധി ആളുകൾ എത്തിച്ചേരുമായിരുന്നു. കാർഷികോത്പന്നങ്ങളുടെ വിപണനവും ഉത്സവത്തോടനുബന്ധിച്ച് നടന്നിരുന്നു.

 

മലഞ്ചരക്കുകൾ ശേഖരിച്ച് വലിയ കെട്ടുവള്ളങ്ങളിലാക്കി പടിഞ്ഞാറൻ അങ്ങാടികളിലെത്തിച്ച് വിറ്റഴിച്ച് അവിടെ നിന്ന് കിടങ്ങൂർ നിവാസികൾക്ക് ആവശ്യമുള്ള അരിയും പലവ്യഞ്ജനങ്ങളും എത്തിച്ചിരുന്നു. ആലപ്പുഴ തുറമുഖത്തിൻ്റെ സുവർണകാലത്തും കിടങ്ങൂരിൽ നിന്ന് വ്യാപാരത്തിനായി പോയി വന്നവർ ഏറെയുണ്ടായിരുന്നു. വേനൽക്കാലത്ത് മീനച്ചിലാറ്റിൽ വെള്ളം വറ്റിയാൽ വള്ളങ്ങൾക്ക് സുഗമമായി സഞ്ചരിക്കുന്നതിന് വലിയ ചാലുകൾ വെട്ടിത്തുറന്നിരുന്നു.

 

പ്രശസ്ത വ്യക്തിത്വങ്ങൾ:

കിടങ്ങൂർ രാമചാക്യാർ, നാരായണ ചാക്യാർ എന്നിവർ കൂത്തു – കൂടിയാട്ടരംഗത്ത് വലിയ സംഭാവനകൾ നൽകിയവരാണ്. തുള്ളൽ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവായ മഹാകവി കുഞ്ചൻ നമ്പ്യാരുടെ പിതൃഗൃഹം കിടങ്ങൂർ ഗ്രാമത്തിലെ കല്ലമ്പള്ളി ഇല്ലമാണെന്നാണ് കരുതപ്പെടുന്നത്. നമ്പ്യാരുടെ ബാല്യകൗമാരങ്ങൾ കിടങ്ങൂരിലായിരുന്നു.അങ്ങനെയെങ്കിൽ കൂത്തു – കൂടിയാട്ട കലാകാരന്മാരുടെ സങ്കേതമായിരുന്ന കിടങ്ങൂരിൽ നിന്നു തന്നെയാവാം പാണിവാദനത്തിൽ കുഞ്ചൻ നമ്പ്യാർ പ്രാഥമികശിക്ഷണം നേടിയിരുന്നതെന്നും കരുതാം. പിന്നീട് കുടമാളൂരിൽ തെക്കേടത്തു ഭട്ടതിരിയിൽ നിന്ന് സംസ്കൃതവും കാവ്യാലങ്കാരങ്ങളും പഠിച്ച നമ്പ്യാർ മാങ്ങാനം പൊതിയിൽ ചാക്യാരോടൊപ്പം കോട്ടയത്ത് നിരവധി കൂത്തരങ്ങുകൾ പിന്നിട്ട ശേഷമാണ് ചെമ്പകശ്ശേരി രാജാവിൻ്റെ ക്ഷണപ്രകാരം അമ്പലപ്പുഴയ്ക്ക് പോയതത്രെ. പിൽക്കാലത്ത് കുമാരനല്ലൂർ ഭഗവതിയെ സ്തുതിച്ച് രചിച്ച “കുമാരാലയ സ്തോത്രം ” എന്ന ഭക്തികാവ്യം ക്ഷേത്രത്തിൽ ഭജനമിരുന്ന് നമ്പ്യാർ രചിച്ചതാണ്. കിടങ്ങൂരിലെ ക്ഷേത്രങ്ങളിലെ ദേവൻമാരെയും നമ്പ്യാർ തൻ്റെ വിവിധ കൃതികളുടെ മംഗളശ്ലോകങ്ങളിൽ സ്തുതിക്കുന്നുണ്ട്.

Content highlight : History and mythology of Kitangur