തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിർമിത അത്ഭുതമാണ് സുവര്‍ണ്ണ നിറത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആയിരക്കണക്കിന് പഗോഡകളും ക്ഷേത്രങ്ങളും നിറഞ്ഞ മ്യാൻമറിലെ പുരാതന നഗരമായ ബഗാൻ. ലോകത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ സൈറ്റ് ആയ ബഗാനില്‍ ഒൻപതാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയിൽ നിർമ്മിച്ച നാലായിരത്തോളം ക്ഷേത്രങ്ങളുടെ ശേഷിപ്പുകൾ ഇന്നും നിലനിൽക്കുന്നു. കംബോഡിയയിലെ അങ്കോര്‍ വാറ്റിനും ഇന്തോനേഷ്യയിലെ പ്രംബാനനും സമാനമായി മ്യാന്മാറിലെ വിനോദസഞ്ചാരമേഖലയുടെ പ്രധാന ആകർഷണമാണ് ബഗാൻ ആർക്കിയോളജിക്കൽ സോൺ. മ്യാൻമറിനെ ചരിത്രപരമായി ഏകീകരിച്ച പഗാൻ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു ഒൻപതാം നൂറ്റാണ്ട് മുതൽ പതിമൂന്നാം നൂറ്റാണ്ട് വരെ ഈ ക്ഷേത്രനഗരി. അക്കാലത്ത് വ്യാപാരത്തിനും ബുദ്ധമത പഠനത്തിനും മറ്റുമായി വിവിധ രാജ്യങ്ങളില്‍നിന്ന് ധാരാളം പേര്‍ ബഗാനില്‍ എത്തിയിരുന്നു. ബഗാനില്‍ അവശേഷിക്കുന്ന ഏക ഹിന്ദുക്ഷേത്രമാണ് നാഥ്ലൗങ് ച്യാഉങ് (Nathlaung Kyaung) ക്ഷേത്രം. ബഗാനിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നായ നാഥ്ലൗങ് ച്യാഉങ് വിഷ്ണുവിനാണ് സമര്‍പ്പിച്ചിരിക്കുന്നത്. ‘നാഥ്ലൗങ് ച്യാഉങ്’ എന്നാല്‍ നാഥന്മാരെ കുടിയിരുത്തിയിരിക്കുന്ന ഇടം എന്നാണ് അര്‍ഥം. ഥേരവാദ ബുദ്ധമതം പ്രബലമാകും മുന്‍പ് മ്യാന്മാറില്‍ നിലവിലിരുന്നതാണ് നാഥ് ആരാധനാസമ്പ്രദായം. ഒരു കൂട്ടം രക്ഷാദേവതകളാണ് നാഥന്മാര്‍. ഇന്ന് ഥേരവാദ ബുദ്ധമതത്തിന്റെ ഭാഗമായിത്തന്നെ നാഥ് ആരാധന നിലനില്‍ക്കുന്നുണ്ട്. അനവ്രത രാജാവിന്റെ ഭരണകാലത്താണ് നാഥ്ലൗങ് ച്യാഉങ് ക്ഷേത്രം പണികഴിപ്പിച്ചത്. സി ഇ 1044 മുതല്‍ സി ഇ 1077 വരെ മ്യാന്മാര്‍ ഭരിച്ചിരുന്ന അനവ്രത രാജാവാണ് പഗാന്‍ രാജവംശം സ്ഥാപിച്ചതും ഥേരവാദ ബുദ്ധമതം ഔദ്യോഗികമതമാക്കിയതും. ഥേരവാദ ബുദ്ധമതം സ്ഥാപിക്കപ്പെടുന്നതിനായി പഴയ ആരാധനാമൂര്‍ത്തികളെ മറ്റെല്ലാ ക്ഷേത്രങ്ങളിൽ നിന്നും മാറ്റി കുടിയിരുത്തുന്നതിനാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് കരുതുന്നു.
പുരാവസ്തു തെളിവുകൾ സൂചിപ്പിക്കുന്നത് നാഥ്ലൗങ് ച്യാഉങ് ക്ഷേത്രത്തിന് ഒരുകാലത്ത് വലിയ വിസ്തീര്‍ണവും ഘടനയും ഉണ്ടായിരുന്നുവെന്നാണ്. ഇപ്പോള്‍ മദ്ധ്യഭാഗം അവശേഷിക്കുന്നുണ്ടെങ്കിലും യഥാർത്ഥ ക്ഷേത്രത്തിന്റെ പല ഘടനകളും അപ്രത്യക്ഷമായി. ഗൗതമ ബുദ്ധൻ ഉൾപ്പെടെ വിഷ്ണുവിന്റെ 10 അവതാരങ്ങളുടെ പ്രതിമകൾ ഈ ക്ഷേത്രത്തിലുണ്ടായിരുന്നു. എന്നിരുന്നാലും, ഇന്ന് ഏഴ് മാത്രമേ അവശേഷിക്കുന്നുള്ളൂ. പ്രധാന വിഗ്രഹം 1890-ല്‍ കൊള്ളയടിക്കപ്പെട്ടു. അതിപ്പോള്‍ ബെര്‍ലിനിലെ ദഹ്ലേം മ്യൂസിയത്തില് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നിരന്തരം ഉണ്ടാകുന്ന ഭൂകമ്പങ്ങള്‍ ബഗാനിലെ പല നിര്‍മ്മിതികളേയും തകര്‍ത്തിട്ടുണ്ട്. 1904 നും 1975 നും ഇടയിൽ 400-ലധികം ഭൂകമ്പങ്ങൾ ബഗാനിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ദക്ഷിണേന്ത്യയിൽ നിന്നുള്ള വര്‍ത്തക സംഘങ്ങള്‍ക്കും ബർമീസ് രാജകീയ സേവനമനുഷ്ഠിച്ചിരുന്ന ബ്രാഹ്മണ പുരോഹിതന്മാര്‍ക്കും വേണ്ടിയായിരുന്നു ബഗാനിലെ വിഷ്ണു ക്ഷേത്രം നിര്‍മ്മിച്ചത്. സമീപപ്രദേശമായ മ്യിന്‍പാഗനില്‍നിന്നും 1902-ല്‍ ലഭിച്ച ഒരു ശിലാലിഖിതം ഈ മഹാക്ഷേത്രത്തിന് കൊടുങ്ങല്ലൂരിൽ നിന്നുള്ള ഒരു വ്യാപാരിയുമായുള്ള ബന്ധം സൂചിപ്പിക്കുന്നുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കുവേണ്ടി അശോക ലിഖിതങ്ങള്‍ വായിച്ചെടുത്ത് പ്രസിദ്ധനായ ജര്‍മ്മന്‍ പുരാവസ്തുഗവേഷകന്‍ Hultzsch ആണ് ഈ ലിഖിതവും വായിച്ചെടുത്തത്. ശിലാലിഖിതം ഇപ്പോള്‍ ബഗാന്‍ ദേശീയ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
ലിഖിതത്തില്‍ ഗ്രന്ഥലിപിയില്‍ ഒരു സംസ്കൃത ശ്ലോകവും തുടര്‍ന്ന് തമിഴ് ലിപിയില്‍ തമിഴ് ഭാഷയില്‍ ഒരു ഖണ്ഡികയും രേഖപ്പെടുത്തിരിക്കുന്നു. സംസ്കൃതശ്ലോകം മുകുന്ദമാല എന്ന പദ്യത്തില്‍നിന്നാണ് എടുത്തിരിക്കുന്നത്. കുലശേഖര ആഴ്വാര്‍ രചിച്ച വിഷ്ണുസ്തോത്രമാണ് മുകുന്ദമാല. ഒമ്പതാം നൂറ്റാണ്ടില്‍ മഹോദയപുരം എന്ന കൊടുങ്ങല്ലൂര്‍ ആസ്ഥാനമാക്കി കേരളം ഭരിച്ച രണ്ടാം ചേരരാജവംശത്തിന്റെ സ്ഥാപകൻ ഈ കുലശേഖര ആഴ്വാര്‍ തന്നെയാണെന്നാണ് കരുതപ്പെടുന്നത്.
തമിഴ് ഭാഗത്തില്‍ മഹോദയപട്ടണത്തു (കൊടുങ്ങല്ലൂര്‍) നിന്നെത്തിയ വിഷ്ണുഭക്തന്‍ ഈരായിരന്‍ ശിറിയാന്‍ എന്ന കുലശേഖര നമ്പി പുക്കം (ബഗാന്‍) എന്ന അരിവത്തനപുരത്തെ നാനാദേശികളുടെ വിഷ്ണുക്ഷേത്രത്തിന് നല്‍കിയ ദാനത്തെപ്പറ്റി പ്രതിപാദിക്കുന്നു. താന്‍ ക്ഷേത്രത്തിന്റെ തിരുമണ്ഡപവും പ്രവേശനകവാടവും പണിതതായും ഒരു കെടാവിളക്ക് സംഭാവന നല്‍കിയതായും കുലശേഖര നമ്പി പറയുന്നുണ്ട്. മലൈമണ്ഡലം സ്വദേശി എന്നാണ് നമ്പി സ്വയം വിശേഷിപ്പിക്കുന്നത്. ചേരപെരുമാള്‍ ഭരണവാഴ്ചക്കാലത്തെ ഒരു കച്ചവട സംഘമാണ് നാനാദേശികള്‍. നമ്പി കച്ചവട സംഘത്തിലെ അംഗം തന്നെയായിരിക്കാം.
എന്തായാലും നൂറ്റാണ്ടുകള്‍ക്കുമുന്‍പ് കേരളത്തിനും മ്യാന്മാറിനും ഇടയിൽ നിലനിന്നിരുന്ന വാണിജ്യബന്ധത്തിന്റെയും സംസ്കാരിക കൈമാറ്റത്തിന്റെയും തെളിവാണ് ഈ ക്ഷേത്രവും ശിലാലിഖിവും.
Content highlight : Vishnu Temple in Bagan and Kerala Bandha