ഇന്ന് നമ്മൾ ഉപയോഗിക്കുന്ന മിക്ക ഭക്ഷ്യവസ്തുകളും, ചെടികൾ ആയാലും മൃഗങ്ങൾ ആയാലും, പ്രകൃതിയിൽ സ്വാഭാവികമായും ഉണ്ടായതല്ല…ഹോമോ എന്ന ജെനുസിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക ജീവിയാണ് മനുഷ്യൻ.ഭൂമിയിലെ ജീവികളിൽ വിവേചന ബുദ്ധിയുള്ള ഏക ജീവി മനുഷ്യൻ ആണ്. മാനസികവും സാംസ്കാരികവുമായ പുരോഗതി പ്രാപിച്ച മനുഷ്യൻ, ഇന്ന് ഭൂമിയിലുള്ള മറ്റേതൊരു ജീവജാലത്തേക്കാളും മാനസിക വളർച്ച കൈവരിച്ചിരിക്കുന്നു. ഭൂമിക്കു പുറത്ത് ശൂന്യാകാശത്തിലും ചന്ദ്രനിലും വരെ മനുഷ്യൻ സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നു. ഭാഷ ഉപയോഗിച്ച് ആശയവിനിമയം ചെയ്യുന്ന ഏക ജീവിയും മനുഷ്യനാണ്.
ഭൂമി വൈവിദ്ധ്യമാർന്ന അനേകമനേകം സസ്യജന്തു ജാലങ്ങളുടെ ആവാസ കേന്ദ്രമാണ്. ഏകകോശ ജീവികൾ മുതൽ ബഹുകോശ സംങ്കീർണ ജീവികൾ ഉൾപ്പെടെ അവയിൽ പലതും മനുഷ്യൻ ഉണ്ടാവുന്നതിന് മുമ്പേ തന്നെ ഈ ഭൂമിയിൽ വസിച്ചു പോന്നവയുമാണ്. മനുഷ്യന്റെ ഇടപെടൽ മൂലം അനേകം ജീവി വിഭാഗങ്ങൾക്ക് വംശനാശം സംഭവിച്ചിട്ടുണ്ട്. അതിനേക്കാൾ എത്രയോ മടങ്ങ് മനുഷ്യന്റെ ഇടപെടലില്ലാതെതന്നെ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായിട്ടുമുണ്ട്. എന്നാൽ മനുഷ്യൻ എന്ന ജീവി ഉണ്ട് എന്നത് കൊണ്ട് മാത്രം ഈ ഭൂമിയിൽ ജന്മം ലഭിച്ച കുറെ അധികം ജീവികൾ കൂടി ഈ ഭൂമിയിൽ ഉണ്ട്; മനുഷ്യൻ കൃത്രിമായി രൂപപ്പെടുത്തി ഉണ്ടാക്കിയ കുറെ അധികം ജീവികൾ!
പരിണാമം ആണ് ഭൂമിയിലെ ജൈവവൈവിദ്ധ്യത്തിന് കാരണം എന്ന് നമുക്കറിയാം.. മനുഷ്യൻ അടക്കം ഭൂമിയിലെ സർവ്വ ജീവജാലങ്ങളും സൂക്ഷ്മ ജീവികളിൽനിന്ന് കോടിക്കണക്കിന് വർഷങ്ങൾകൊണ്ട് പരിണമിച്ച് ഉണ്ടായവയാണ്. സസ്യങ്ങളും
മത്സ്യങ്ങളും ഉരഗങ്ങളും സസ്തനികളും പക്ഷികളും എല്ലാമെല്ലാം..
എന്നാൽ, പ്രകൃതിയിൽ നടക്കുന്ന ഈ സ്വാഭാവിക പരിണാമത്തിൽ ബോധപൂർവം ഇടപെടാനും അത് തനിക്കനുകൂലമാക്കാനും കഴിയുന്ന ഏക ജീവി മനുഷ്യൻ മാത്രമാണ്. ഈ കഴിവും അറിവും ഉപയോഗിച്ച് ആയിരക്കണക്കിനു വർഷങ്ങളിലെ സെലക്റ്റീവ് ബ്രീഡിങ്ങ്’ വഴി
മനുഷ്യൻ കുറേ അധികം ജീവികളെ ഈ ഭൂമുഖത്ത് സൃഷ്ടിച്ചെടുത്തിട്ടുണ്ട്.
എന്താണ് ‘സെലക്റ്റീവ് ബ്രീഡിങ്ങ്’ എന്നല്ലേ- ഓരോ തവണയും അടുത്ത തലമുറയെ ഉണ്ടാക്കാൻ കൂടുതൽ ആരോഗ്യമുള്ള കൂടുതൽ വിളവ് തന്ന ചെടിയിൽ നിന്നുള്ള വിത്തും, കൂടുതൽ ഭാരമുള്ള കോഴികളുടെ മുട്ടയും, കൂടുതൽ പാൽ തരുന്ന പശുക്കളെയുമൊക്കെ ഉപയോഗിക്കുന്ന ഒരു കോമൺ സെൻസ് ഉണ്ടല്ലോ- അതിൽ നിന്നാണ് ഈ ജനിതക തെരഞ്ഞെടുപ്പ് (genetic selection) ആരംഭിക്കുന്നത്. മേത്തരം ജീനുകൾ അടങ്ങിയ രണ്ട് ഇനങ്ങളിൽ നിന്ന് അതിലും മേത്തരമായ മൂന്നാതൊരു ഇനം വികസിപ്പിക്കുക എന്ന തത്വമാണ് ജീൻ സെലക്‌ഷൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ജീവി വർഗ്ഗത്തിൽ, നമുക്ക് ആവശ്യമുള്ള ഗുണങ്ങൾ കാട്ടുന്ന ജീവികളെ മാത്രം തിരഞ്ഞെടുക്കുന്നു. ശേഷം അവയെ പരസ്പരം ഇണചേരാൻ അനുവദിക്കുകയും ചെയ്യുന്നു. അങ്ങനെ ഉണ്ടാവുന്ന കുഞ്ഞുങ്ങളിൽ നമ്മൾ ഉദ്ദേശിച്ച ഗുണം താരതമ്യേന കൂടുതൽ കാണിക്കുന്നവയെ മാത്രം വീണ്ടും തിരഞ്ഞെടുക്കുന്നു. ഇത് അടുത്ത തലമുറയിലും ആവർത്തിക്കും. ഇങ്ങനെ കുറെ തലമുറകൾ കഴിയുമ്പോൾ നാം തിരഞ്ഞെടുത്ത ഗുണങ്ങൾ കൂടുതലായി പ്രകടമാകുന്ന ജീവികളെയായിരിക്കും ലഭിക്കുക. നമ്മുടെ നാടൻ കോഴികളൊക്കെ ഒരു വർഷം പ്രായമായാലും രണ്ടു കിലോ ഭാരം വെയ്ക്കാത്തപ്പോൾ 45 ആം ദിവസം രണ്ടു കിലോയിലേറെ ഇറച്ചി തരുന്ന ബോയിലർ കോഴികളെ ഉൽപാദിപ്പിച്ചതിനു പിന്നിലെ സൂത്രം ഇതാണ്. അതായത് പണ്ടും നമ്മുടെ അപ്പനപ്പൂപ്പൻമാർ ചെയ്തിരുന്നത് തന്നെ- ഏറ്റവും കൂടുതൽ വിളവുതന്ന മത്തൻ വള്ളിയിലെ ഏറ്റവും മുഴുത്ത, സ്വാദുള്ള മത്തന്റെ കുരു മാത്രം വിത്തിനായി ഉപയോഗിക്കുന്നു. അടിസ്ഥാന പരമായി ജീൻസെലക്‌ഷൻ ആണ് ഇവിടെ നടക്കുന്നത്. നമുക്ക് ആവശ്യമുള്ള ഗുണങ്ങൾ പ്രകടമാകുന്ന ജീവികളിലെ അതിന് കാരണമായ ജീനുകളെ നമ്മൾ തിരഞ്ഞെടുക്കുന്നു. ജീനുകളെയാണ് സെലക്ട് ചെയുകയാണെന്നൊന്നും നമ്മുടെ പൂർവികർക് അറിയിലായിരുന്നു എന്ന് മാത്രം..
ഇങ്ങനെ മനുഷ്യൻ ആദ്യമായി സൃഷ്ടിച്ചെടുത്ത ജീവി ഏതാണെന്നറിയാമോ?
നായ തന്നെ; മനുഷ്യനോട് അടുപ്പം കാണിച്ച ചെന്നായ്ക്കളിൽ നിന്ന് പരിണമിച്ചാണ് നായ്ക്കൾ ഉണ്ടായത്. മനുഷ്യനോട് ഇണങ്ങുന്ന ചെന്നായ്ക്കളെ തിരഞ്ഞു പിടിക്കുകയും അവതമ്മിൽ മാത്രം ബന്ധപ്പെടാന്‍ സാഹചര്യം ഉണ്ടാവുകയും ചെയ്തു. വരും തലമുറകളിലും ഇണക്കമുള്ളവ മാത്രം തിരഞ്ഞെടുക്കപ്പെട്ടു. ഇങ്ങനെ കുറെ തലമുറ കഴിഞ്ഞപ്പോള്‍ ലഭിച്ച പുതിയ ഉപജീവി വര്‍ഗ്ഗമത്രേ നായ്കള്‍. ഇന്ന് നായ്ക്കളിൽ തന്നെ
എണ്ണൂറിലധികം വിവിധയിനങ്ങൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇവയിൽ പലതും മനുഷ്യൻ ബോധപൂർവ്വം തന്നെ അവന്റെ സൗകര്യത്തിനനുസൃതമായ രൂപത്തിലും ഗുണത്തിലും സൃഷ്ടിച്ചെടുത്തവയാണ്.
ഓടാനും നുഴഞ്ഞു കയറാനും മണത്തുകണ്ടു പിടിക്കാനുമൊക്കെയുള്ള ശേഷിയാണ് ഈ നായ്ക്കൾക്ക് ഓരോന്നിനും മനുഷ്യൻ തിരഞ്ഞെടുത്തതെങ്കിൽ ഓടാനും ചാടാനുമുളള ശേഷിയല്ല ബ്രോയിലർ കോഴികളിൽ സെലക്ട് ചെയ്യുന്നത്, അതിൻറെ ആവശ്യവുമില്ലല്ലോ. കൂടുതൽ വേഗത്തിൽ കൂടുതൽ മാംസവളർച്ച മാത്രമാണ് ഇവയിൽ സെലക്ട് ചെയ്യുന്നത്..
കുറേക്കാലത്തെ ജീൻ സെലക്‌ഷനിലൂടെ മേത്തരം ഇനം കോഴികളെ വികസിപ്പിക്കുകയും അതിൽ നിന്നും പിന്നെയും മേത്തരമായ രണ്ട് വ്യത്യസ്ത ഇനങ്ങളിൽ പെട്ട പൂവനെയും പിടയെയും ഇണ ചേർപ്പിച്ച് ആ മുട്ട വിരിയിച്ചാണ് ബ്രോയിലർ കോഴികളെ വികസിപ്പിച്ചെടുത്തിട്ടുള്ളത്.
ഏതാണ്ട് എണ്ണായിരം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മനുഷ്യന്‍ ആദ്യമായി കോഴികളെ (Red junglefowl, Gallus gallus) ഇണക്കിവളര്‍ത്താന്‍ തുടങ്ങുന്നത്.
നാമിന്നു കാണുന്ന വിഭിന്നങ്ങളായ മുട്ടക്കോഴിയിനങ്ങളും ഇറച്ചിക്കോഴിയിനങ്ങളുമൊക്കെ ചുവന്ന കാട്ടുകോഴികളില്‍ നിന്ന്‍, ആയിരക്കണക്കിന് വര്‍ഷത്തെ തിരഞ്ഞെടുപ്പിന് ശേഷം ഉരുത്തിരിഞ്ഞവയാണ്.
ഇതേ പോലെ ജീൻ സെലക്‌ഷൻ എന്ന പ്രക്രിയയിലൂടെ വികസിപ്പിച്ചെടുത്തതാണ് ഇന്ന് മനുഷ്യൻ വളർത്തുന്ന എല്ലാ മൃഗങ്ങളും പക്ഷികളും കൂടാതെ കൃഷി ചെയ്യുന്ന വിത്തുകളും. ഇതിനെയാണ് നമ്മൾ സങ്കരയിനം എന്ന് പറയുന്നത്.
ബ്രോയിലർ കോഴികൾ വേഗത്തിൽ വളരുന്നതും കൂടുതൽ മാംസളമാകുന്നതും വളരെ അസ്വാഭികമായ കാര്യമായി പലരും കരുതുന്നു. അഭ്യസ്ഥവിദ്യനെന്നോ അല്ലാത്തവനെന്നോ ഉള്ള വേർതിരിവൊന്നുമില്ല ഇക്കാര്യത്തിൽ. എന്നാൽ നാം മനസ്സിലാക്കാതെ പോവുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ ബ്രോയിലർ കോഴിയോളം തന്നെ ഈ പറയുന്ന ‘അസ്വാഭാവികമായ’ മാറ്റങ്ങൾക്ക് വിധേയമായവയാണ് നാമിന്നു കാണുന്ന ‘ബ്രോയിലർ ‘ വാഴപ്പഴവും, ക്യാരറ്റും, ചോളവും, തണ്ണിമത്തനുമെല്ലാം എന്ന വസ്തുതയാണ് അത്.
പുതിയ ജീവികളെ ഇങ്ങനെ ഉണ്ടാക്കുന്ന പണി മനുഷ്യന്‍ തുടങ്ങിയത് ഇന്നോ ഇന്നലയോ ഒന്നും അല്ല; എന്നാണോ മനുഷ്യന്‍ കൃഷിയും മൃഗങ്ങളെ ഇണക്കി വളര്‍ത്തലും തുടങ്ങിയത്, അന്നുമുതല്‍ അവന്‍ പുതിയ സ്വഭാവങ്ങളുള്ള ജീവികളെയും ഉണ്ടാക്കാന്‍ തുടങ്ങിയിരുന്നു.
ഇന്ന് നമ്മുടെ ചുറ്റിലും കാണുന്ന പശു എന്ന മൃഗം പതിനായിരം വർഷം മുമ്പ് ഭൂമിയില്‍ ഇല്ലായിരുന്നു. ഉണ്ടായിരുന്നത് ഇന്നത്തെ പശുവിന്റെ പൂർവികന്‍(Ancestor) ആയ ഓറോക്‌സ് ആണ്. പശുവിനോട് സാമ്യതയുള്ള, കൊമ്പ് മുന്നോട്ടായിട്ടുള്ള, വന്യപ്രകൃതിയില്‍ ജീവിക്കുന്ന ഒരു മൃഗം.
ഇന്നത്തെ വിവിധ ഇനം പശുക്കളെ എല്ലാം നമ്മുടെ പൂർവികർ ഓറോക്‌സില്‍ നിന്നും രൂപപ്പെടുത്തിയെടുത്തതാണ്.
നോകൂ-, മനുഷ്യൻ സൃഷ്ടിച്ചെടുത്ത പശുവും എരുമയും ആടുമൊക്കെ ലിറ്റർ കണക്കിന് പാലുല്പാദിപ്പികുന്നവയാണ്. സ്വാഭാവിക പ്രകൃതിയിൽ ഒരു ജീവിയും തന്റെ കുഞ്ഞിന് ആവശ്യമുള്ളതിൽ കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്നവയല്ല.
പുതിയ ഇനം പച്ചക്കറികൾക്കും പഴ വർഗ്ഗങ്ങൾക്കും എണ്ണവും വണ്ണവും നീളവും ഭാരവും കൂടിയാലും പശുവിനും ആടിനുമൊക്കെ പാൽ ഇരുപതിരട്ടി വർദ്ധിച്ചാലും ഇവയുടെ പാലിനോ മാംസത്തിനോ ഇല്ലാത്ത പേരുദോഷവും, കഴിക്കുമ്പോഴില്ലാത്ത ഭീതിയുമൊക്കെ ബ്രോയ്ലർ ചിക്കന്റെ കാര്യത്തിൽ മാത്രം കാണികുന്നുണ്ടെങ്കിൽ അതിനെ ശുദ്ധ വിവരമില്ലായ്മ എന്നല്ലേ കരുതേണ്ടൂ.
ബ്രൊക്കോളി, കെയിൽ, കാബേജ്,
കോളിഫ്ലവർ, ബ്രസൽ സ്പ്രൗട്ട തുടങ്ങിയ പച്ചക്കറികൾ 2500 വർഷം മുമ്പ് ജീവിച്ചിരുന്ന ഒരാളും ഈ ഭൂമുഖത്ത് കണ്ടിട്ടുണ്ടാവില്ല. കാരണം,
വന്യമായി വളർന്നിരുന്ന ഒറ്റ ഒരു കാട്ടു കടുക് ചെടിയിൽ
നിന്നു നൂറ്റാണ്ടുകളുടെ സെലേക്റ്റീവ് ബ്രീഡിങ് വഴി ഉണ്ടാക്കിയെടുതാണിവയെയെല്ലാം തന്നെ.
കുരുവില്ലാത്ത മുന്തിരിയോ ഇത്രയും മധുരമുളള ഓറഞ്ചോ സ്വാഭാവിക പ്രകൃതിയിൽ ഉണ്ടായിരുന്നവയേ അല്ല. പ്രകൃതിയിൽ സ്വാഭാവിക രീതിയിലുണ്ടായ ഏറ്റവും മധുരമുള്ള പഴത്തിന് ഏറി കവിഞ്ഞാൽ ഇപ്പോഴത്തെ കാരറ്റിന്റെ അത്രയും മധുരമെ ഉണ്ടാകൂ.
അതെ,സ്വാഭാവിക പ്രകൃതിക്ക് അത്ര മധുരം ഇല്ല എന്നതാണ് വാസ്തവം.
പ്രകൃതി മനുഷ്യന് ആകെ തന്നിരിക്കുന്നത് നഗ്നമായ ഒരു ശരീരം മാത്രമാണ്, തലച്ചോറിന്‍റെ വികാസം ഒന്ന് കൊണ്ട് മാത്രം നാം ആർജ്ജിച്ച് വികസിപ്പിച്ചെടുത്ത ശാസ്ത്രീയ അറിവുകളാൽ പ്രകൃതിയെ തന്‍റെ വരുതിക്കും ഗുണത്തിനു വേണ്ടി മാറ്റി മറിച്ചും മധുരം കൂട്ടിയുമൊക്ക തന്നെയാണ് മനുഷ്യ കുലം അതിജീവിച്ച് ഇവിടെ വരെയെത്തിയത്. രണ്ടു ലക്ഷം വർഷങ്ങൾക്ക് മേലെയായി മനുഷ്യൻ ഉണ്ടായിട്ട്. ഏകദേശം പന്ത്രണ്ടായിരം കൊല്ലം ആയി കൃഷി തുടങ്ങിയിട്ട്. അതിനു മുന്നേ കുറച്ചൊക്കെ നായാട്ടും പിന്നെ പെറുക്കിത്തീറ്റയും ആയിരുന്നു മനുഷ്യന്റെ രീതി. മറ്റു മൃഗങ്ങളിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ലാത്ത ജീവിതം.
ഈ രീതിതന്നെ തുടരുകയായിരുന്നെങ്കിൽ- പ്രകൃതിയുടെ സ്വാഭാവിക പരിണാമത്തിനൊപ്പം, ക്ഷമയോടെ സഞ്ചരിക്കുകയായിരുന്നെങ്കില്‍ മനുഷ്യകുലം ഈ ഭൂമിയിൽ ഇന്ന് അവശേഷിക്കുമായിരുന്നില്ല.
ഒരു കാലത്ത് റോസ് നിറത്തില്‍ മാത്രമായിരുന്നു റോസാപ്പൂ ഉണ്ടായിരുന്നത്. അതും ചുരുക്കം ഇതളുകളുമായി; ഇന്നത്തെ അത്ര ആകർഷകമൊന്നുമല്ലാതെ. ജനിതകവിദ്യയിലൂടെ ഇന്ന് മനുഷ്യൻ ചുവപ്പും, മഞ്ഞയും, നീലയും, എന്തിനു കറുപ്പ് നിറമുള്ള റോസാപ്പൂക്കൾ വരെ സൃഷ്ടിച്ചെടുത്തിട്ടുണ്ട്.
പെട്ടന്ന് ചീഞ്ഞുപോകാത്ത തക്കാളിയും, കീടങ്ങള്‍ ആക്രമിക്കാത്ത വഴുതനയുമൊക്കെ മനുഷ്യൻ സൃഷ്ടിച്ചതും ഇവയുടെ ജീനുകളില്‍ ഇങ്ങനെ മാറ്റങ്ങള്‍ വരുത്തിതന്നെയാണ്.
വന്യമായ ചില കാട്ടു പുല്ലുകൾ; വിളഞ്ഞാൽ കൊഴിഞ്ഞു വീണു പോകുന്ന – കാറ്റത്ത് പറന്നു പോകുന്ന സൂക്ഷ്മ ധാന്യങ്ങൾ ; അതായിരുന്നു ഒരു കാലത്ത് നെല്ലും ഗോതമ്പുമൊക്കെ. അവയെ ഇന്നത്തെ നിലയിൽ സമ്പുഷ്ടമാക്കിയത് മനുഷ്യനെന്ന ഇന്റലിജൻറ് ഡിസൈനർ ആണ്.
പ്രകൃതിദത്തമായ വാഴപ്പഴത്തിനും തണ്ണിമത്തനുമൊന്നും ഇന്നുള്ള രുചിയും, വലിപ്പവും, ഭംഗിയും ഒന്നും ഇല്ല. ചെറിയ കുരുക്കളും മെച്ചപ്പെട്ട രുചിയും, എളുപ്പം തൊലി പൊളിക്കാവുന്നതും ഒക്കെ ആക്കി മാറ്റി എടുത്തു അവയെ മനുഷ്യൻ.
പണ്ട് വാഴപ്പഴത്തിലെ കുരു മുളച്ച് വാഴതൈ ഉണ്ടാകുമായിരുന്നു. പക്ഷേ, അതിനു ധാരാളം സമയവും അനുകൂല സാഹചര്യങ്ങളും വേണം. ഇന്ന് കാടുകളിൽ മാത്രം ഈ വാഴ കണ്ടേയ്ക്കാം. കുരു ഉള്ളതിനാൽ തിന്നാനൊന്നും കൊള്ളില്ല.
ആയിരക്കണക്കിന് വർഷങ്ങൾ മൃഗങ്ങളെ വേട്ടയാടിയും, കയ്യിൽ കിട്ടുന്ന കിഴങ്ങും പഴവും തിന്നു നടന്നിരുന്ന മനുഷ്യന്റെ- കൃഷി, മൃഗങ്ങളെ ഇണക്കിവളർത്തൽ തുടങ്ങിയ പുതിയ പ്രവർത്തനങ്ങളാണ് നാച്ചുറലായ കാടൻ ധാന്യങ്ങളിൽ നിന്ന്, പച്ചക്കറികളിൽ നിന്ന് – വലിപ്പവും രുചിയും കൂടുതലുള്ള നാച്ചുറല്ലാത്ത ‘നാടൻ’ ഇനങ്ങളെ സൃഷ്ടിച്ചത്.
ചരുക്കി പറഞ്ഞാൽ
ഇന്ന് നമ്മൾ ഉപയോഗിക്കുന്ന മിക്ക ഭക്ഷ്യവസ്തുകളും, ചെടികൾ ആയാലും മൃഗങ്ങൾ ആയാലും, പ്രകൃതിയിൽ സ്വാഭാവികമായും ഉണ്ടായതല്ല. നമ്മുടെ ആവശ്യത്തിന് വേണ്ടി പല രീതിയിൽ സെലേക്റ്റീവ് ബ്രീഡിംഗ് വഴി കൃത്രിമമായി സൃഷ്ടിച്ചെടുത്തത് ആണെന്ന് അവയുടെ ഉല്പത്തി നോക്കി പോയാൽ കാണാനാവും.
പല പ്രകൃത്രിതീവ്രാദികളും പ്രകൃതിഭക്ഷണം മാത്രം കഴിക്കണമെന്നെല്ലാം വാശിയിൽ പറയുമ്പോൾ അവർ ഈ വസ്തുത അറിയുന്നില്ല!
സസ്യങ്ങളേയും ജന്തുക്കളേയും മാത്രമല്ല ചില സൂക്ഷ്മ ജീവികളെയും നമ്മൾ സൃഷ്ടി ച്ചിട്ടുണ്ട്. എണ്ണക്കപ്പലുകൾ ചോർന്നും മുങ്ങിയുമൊക്കെ കടലിൽ പരക്കുന്ന പെട്രോളിയ എണ്ണയിൽ നിന്നും കടലിനെ വിമുക്തമാക്കാൻ 1970 കളിൽ ജനിറ്റിക് എൻജിനീയറിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട എണ്ണതീനികളായ ബാക്ടീരിയയാണ് സ്യൂഡോമോണസ് പുട്ടിഡ(Pseudomonas putida) ഇന്ത്യൻ വംശജനായ ആനന്ദ് മോഹൻ ചക്രവർത്തിയാണ് ‘ സൂപ്പർ ബഗ് ‘ എന്നറിയപ്പെടുന്ന ഈ ബാക്ടീരിയയുടെ സൃഷ്ടാവ്.
പ്രകൃതിയിൽ നടക്കുന്ന പരിണാമം അലക്ഷ്യവും വളരെ അധികം കാലങ്ങളെടത്ത് നടക്കുന്നതുമാണെങ്കിൽ മനുഷ്യനത് ബോധപൂർവ്വം നടത്തുന്നു. തലമുറകള്‍ കൊണ്ട് പുതിയ സ്വഭാവമുള്ള ജീവികളെ ഇങ്ങനെ വളര്‍ത്തിയെടുക്കുന്നതും ഇപ്പോൾ പഴഞ്ചന്‍ വിദ്യയായി. അതിന് വര്‍ഷങ്ങള്‍ കുറേയെടുക്കും, എന്നാൽ ജനിതക ശാസ്ത്രം വന്നതോടെ ഈ സൃഷ്ടി കർമ്മം വളരെ എളുപ്പമായി. നമുക്ക് വേണ്ട ഗുണങ്ങള്‍ തരുന്ന ജീനുകളെതന്നെ ഒരു ജീവിയില്‍ ചേര്‍ത്ത് മാറ്റങ്ങള്‍ വരുത്താനാവും ഇന്ന്.