അഴിമതി എന്നതിന് പകരമായി വ്യാപകമായി പ്രയോഗിക്കപ്പെടുന്ന ഒരു വാക്കാണല്ലോ ‘കുംഭകോണം’.വ്യാപം കുംഭകോണം, കല്‍ക്കരി കുംഭകോണം , ശാരദ ചിട്ടി കുംഭകോണം ….
യഥാര്‍ത്ഥത്തില്‍ തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ തഞ്ചാവൂർ നഗരത്തിൽനിന്നും 40 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് കുംഭകോണം.
തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ ഒരു ഭാഗത്ത് എല്ലാ ക്ഷേത്രങ്ങളിലും ഒരോ കുടം(കുംഭം) കാണാം. തമിഴിൽ കോണം എന്ന വാക്കിനർത്ഥം വയൽ അഥവാ താമസസ്ഥലം എന്നാണ്.അതിനാൽ പ്രസ്തുത പ്രദേശം കുംഭകോണം എന്നറിയപ്പെട്ടു.
കുംഭകോണത്തെ ക്ഷേത്രവസ്തുക്കൾ നൂറ്റാണ്ടുകളായി കൃഷി ചെയ്തിരുന്നത് ദളിതർ ആയിരുന്നു.1920-25 കാലത്ത് ഒരു ബ്രാഹ്മണ അഡ്വക്കേറ്റിന്റെ സഹായത്തോടെ ക്ഷേത്രസ്വത്തുക്കളുടെ ഉടമകൾ ദളിതരുടെ പേരിൽ കള്ളക്കേസ്സുകൾ ഉണ്ടാക്കി അവരെ കുടിയിറക്കി വസ്തുവകകൾ കൈവശത്തിലാക്കി.
പട്ടിണിപ്പാവങ്ങളെ ഭരണാധികാരികൾ കൊള്ളയടിക്കുന്ന സമ്പ്രദായത്തിന് തുടർന്ന് കുംഭകോണം എന്ന പ്രയോഗം നിലവിൽ വന്നു എന്ന് കരുതുന്നു.
പണ്ട് തിരുവതാംകൂര്‍ രാജ്യത്തെ ഉദ്യോഗസ്ഥരായി വന്നവര്‍ എല്ലാം ഈ നാട്ടില്‍ നിന്നുള്ള ബ്രാഹ്മണര്‍ ആയിരുന്നു എന്നും അവര്‍ നടത്തിയിരുന്ന അഴിമതികള്‍ കൊണ്ട് വന്ന ഇരട്ടപ്പേരാണ് കുംഭകോണം എന്നും ഒരു കഥയുണ്ട് .
പ്രശസ്തഗണിതശാസ്ത്രജ്ഞനായിരുന്ന ശ്രീനിവാസ രാമാനുജൻ താമസിച്ചിരുന്നത് ഇവിടെ ആയിരുന്നു. ഇപ്പോൾ ഇവിടെ അദ്ദേഹം താമസിച്ചിരുന്ന വീട് മ്യൂസിയം ആയി സൂക്ഷിക്കുന്നു.