കണ്ണന്റെ ഉണ്ണിയപ്പം എന്നും ‘സ്പെഷ്യൽ’ ആണ്…ഒരിയ്ക്കൽ കഴിച്ചാൽ വീണ്ടും തേടിയെത്തുന്ന രുചി…കണ്ണന്റെ പിറന്നാൾദിവസത്തെ പ്രധാന വിഭവവും ഉണ്ണിയപ്പം തന്നെ…ഒരപ്പമെങ്കിലും കിട്ടാനുള്ള മോഹവുമായി പതിനായിരക്കണക്കിന് കൃഷ്ണ ഭക്തരാണ് ഗുരുവായൂരിലെത്തുക…
അഷ്ടമിരോഹിണിദിനത്തിൽ അത്താഴപ്പൂജയ്ക്ക് ശ്രീലകമാകെയും, പുറത്തും ഉണ്ണിയപ്പത്തിൻ്റെ നറുമണം പരക്കും..ഉണ്ണിയപ്പം തയ്യാറാക്കുന്നതിലുമുണ്ട് ചിട്ടയും, സമർപ്പണവും…
25 കുഴികളുള്ള (ഓരോന്നിനും അപ്പത്തിൻ്റെ വലുപ്പം) ‘കാര’യിലാണ് തയ്യാറാക്കുന്നത്…
കത്തിക്കാൻ ഉണങ്ങിയ തെങ്ങിൻകൊതുമ്പാണ് വേണ്ടത്…
60 ഓളം കീഴ്ശാന്തിമാർ മാറി,മാറി ഉണ്ണിയപ്പം തയ്യാറാക്കും…
തിടപ്പള്ളിയിലും, വാതിൽ മാടങ്ങളിലും, കൂത്തമ്പലത്തിനു മുന്നിലുമൊക്കെ ഉണ്ണിയപ്പങ്ങളുണ്ടാക്കും…
കൂടുതലെണ്ണം വേണ്ടിവരുമ്പോൾ മാത്രമേ, പാചകം തിടപ്പള്ളിയ്ക്കു പുറത്തേയ്ക്കാകൂ…
അതിരാവിലെ മുതൽ ഉണ്ണിയപ്പം തയ്യാറാക്കിത്തുടങ്ങും…നേന്ത്രപ്പഴം വേവിക്കുകയാണ് ആദ്യ ജോലി. നന്നായി വെന്താൽ ഇടിച്ചു കുഴമ്പുരൂപത്തിലാക്കും. അതിലേക്ക് ശർക്കര ഉരുക്കിയൊഴിയ്ക്കും…
പിന്നാലെ അരിപ്പൊടി ചേർക്കും. മൂന്നും ചേർത്ത് കുഴച്ചാൽ അപ്പത്തിന്റെ കൂട്ട് തയ്യാറായി…
അപ്പത്തിന് തനതു സുഗന്ധം വരാൻ ആവശ്യത്തിന് ചുക്കും, ജീരകപ്പൊടിയും കൂടി ചേർക്കും. ഇതോടെ ആദ്യഘട്ടം കഴിഞ്ഞു…
ഇനി ഉണ്ണിയപ്പം ഉണ്ടാക്കിത്തുടങ്ങാം…
ചൂളയുടെ ഇഷ്ടിക കൊണ്ടുണ്ടാക്കിയ അടുപ്പിലെ കൊതുമ്പിൽ തീ പടർന്നാൽ, കാരയിലേക്ക് നെയ്യ് ഒഴിയ്ക്കും…ചൂടാകുന്നതോടെ അപ്പക്കൂട്ട് ഓരോന്നിലേക്കും ഒഴിയ്ക്കും…
20 മിനിറ്റിനകം ഉണ്ണിയപ്പങ്ങൾ തയ്യാർ…
Content highlight : Guruvayur unnaipam recipe