Health

എനിക്കെന്തെങ്കിലും രോഗമുണ്ടോ? അറിയാം രോഗഭയത്തെ എങ്ങനെ മറികടക്കാമെന്ന് – Fear of illness

പ്രധാനമായും രോഗങ്ങളെപ്പറ്റിയുള്ള ഗൂഗിൾ സേർച്ച് ഒഴിവാക്കുക

രോഗം വരുന്നതിനേക്കാളും എനിക്ക് എന്തെങ്കിലും രോഗമുണ്ടോ? എന്തെങ്കിലും രോഗം വരുമോ? എന്നുള്ള ഭയമായിരിക്കും ഏറെ ആളുകളിലും കാണുന്ന പ്രധാന പ്രശ്നം. ചെറുപ്പക്കാരിലും മുതിർന്നവരിലും രോഗഭയം കൂടുതാലായും കോവിഡ് കാലത്തിന് ശേഷമാണ് ഉയർന്നത്. തലയ്ക്ക് വേദനവന്നാൽ ബ്രെയിൻ ട്യൂമർ, നെഞ്ചിൽ ഭാരം അനുഭവപ്പെട്ടാൽ അറ്റാക്ക്, വയറുവേദന വന്നാൽ കുടിലിനു വരുന്ന ക്യാൻസർ… ഇങ്ങനെ സാധാരണ വരുന്ന എല്ലാ രോഗ ലക്ഷണങ്ങൾക്ക് പിന്നിലും മാരകമായ ഒരു രോഗമാണ് എന്ന് കരുതുന്ന അവസ്ഥ. രോഗനിർണയ പരിശോധനയിലൂടെ രോഗരഹിതരാണെന്ന് തെളിയിക്കപ്പെട്ടാലും സമാധാനം വരാത്ത അവസ്ഥയെയും ആരോഗ്യത്തെപ്പറ്റിയുള്ള അമിത ഉത്കണ്ഠയെയുമാണ് ഹെൽത്ത് ആൻസൈറ്റി അഥവാ രോഗഭയം എന്ന് പറയുന്നത്.

രോഗത്തെപ്പറ്റിയുള്ള അമിത ചിന്ത പല മാനസ്സിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇത്തരക്കാർക്ക് ഡോക്‌ടറുടെ ചികിത്സയിൽ തൃപ്തി ഉണ്ടാവുന്നില്ല. മാത്രമല്ല ആരോഗ്യനിലയെ പറ്റിയുള്ള വിവരങ്ങൾ ഇന്റർനെറ്റ്, ആരോഗ്യമാസികകൾ വഴി ശേഖരിയ്ക്കുകയും അതിനെപ്പറ്റി ചിന്തിച്ച് രൂക്ഷമായ മാനസിക സംഘർഷവും ഇത്തരക്കാർ  നേരിടുന്നു. അമിതമായ ഉത്കൺഠയുടെ ഫലമായി അമിതമായ വിയർപ്പ്, തലവേദന, പിരിമുറുക്കം, വയറുവേദന, ശരീരവേദന, തളർച്ച തുടങ്ങി ശാരീരിക ലക്ഷണങ്ങൾ ഉടലെടുക്കുകയും ഇവ മാരക രോഗത്തിൻ്റെ ലക്ഷണങ്ങളാണെന്ന് വിശ്വസിക്കുകയും താൻ മരിക്കാൻ പോകുന്നുവെന്ന ചിന്ത ഉണ്ടാകുകയും ചെയ്യുന്നു.

രോഗമുണ്ടെന്ന ചിന്ത ഉത്കണ്ഠ വർധിപ്പിക്കാൻ കാരണമാകുന്നു. ഇതുമൂലം ശാരീരിക ലക്ഷണങ്ങൾ ഉടലെടുക്കുകയും. ഈ ലക്ഷണങ്ങൾ വ്യക്തികളെ രോഗ വിഭ്രാന്തിയിലേക്ക് എത്തിക്കുകയും. കൂടുതൽ വിവരങ്ങൾക്കുവേണ്ടി സോഷ്യൽ മീഡിയയെ ആശ്രയിക്കുന്നവർ സത്യാവസ്ഥ തിരിച്ചറിയാതെ രോഗഭയം വർധിക്കുന്ന കൂടുതൽ മോശമായ അവസ്ഥയിലേക്കും കടക്കുന്നു. ഇതാണ് രോഗഭയം ഉള്ള എല്ലാവരിലും കാണുന്ന പ്രതിഭാസങ്ങൾ. രോഗഭയത്തെ കുറിച്ചുള്ള യഥാർത്ഥ കാരണങ്ങൾ പൂർണമായി കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല, എങ്കിലും ജീവിതത്തിലുണ്ടാകുന്ന സമ്മർദം, മരകരോഗങ്ങളാലുള്ള കൂടുതൽ പേരുടെ മരണം അറിയുന്നത്, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലൂടെ കടന്നുപോയ വ്യക്തിയാണെങ്കിൽ, കുടുംബത്തിൽ ആർക്കെങ്കിലും പ്രത്യേകിച്ച് മാതാപിതാക്കളിൽ അമിത ഉത്കണ്ഠ ഉണ്ടെങ്കിൽ; പാരമ്പര്യമായും തുടങ്ങി നിരവധി കാരണങ്ങൾ രോഗഭയത്തിന് പശ്ചാത്തലമാകുന്നു.

തനിക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന അറിവുതന്നെയാണ് രോഗഭയത്തിൽ നിന്ന് പുറത്തുവരുവാൻ സഹായിക്കുന്നത്. പ്രധാനമായും രോഗങ്ങളെപ്പറ്റിയുള്ള ഗൂഗിൾ സേർച്ച് ഒഴിവാക്കുക. കൂടാതെ രോഗലക്ഷണങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതും പരമാവധി ഉപേക്ഷിക്കുക. ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ വിദഗ്ധരുടെ അടുക്കൽ നിന്നുതന്നെ അതിനെക്കുറിച്ചുള്ള ശരിയായ അറിവ് നേടുക. റിലാക്‌സേഷൻ എക്സെർസൈസുകൾ പരമാവധി പരിശീലിക്കുന്നതും ഇത്തരം ചിന്തകളിൽ നിന്ന് മനസ്സിനെ വ്യതിചലിപ്പിക്കുവാൻ പരിശീലിക്കുന്നതും വളരെയേറെ ഗുണകരമായിരിക്കും.

story highlight: Fear of illness