വടക്കു കിഴക്കന്‍ ചൈനയിൽ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഡാട്ടോങ്. പ്രകൃതിസൗന്ദര്യത്തിനൊപ്പം ചരിത്ര പ്രാധാന്യവുമുള്ള നിരവധി കേന്ദ്രങ്ങളാണ് ഡാട്ടോങ്ങിന്റെ സമ്പത്ത്. തൂങ്ങും ക്ഷേത്രവും ബുദ്ധ കലാസൃഷ്ടികളുള്ള ഗുഹകളും മലനിരകളുമെല്ലാം ഡാട്ടോങ്ങിലുണ്ട്. വടക്കന്‍ വെയ്, ജുര്‍ചെന്‍ ജിന്‍ രാജവംശങ്ങളുടെ ആസ്ഥാനമായിരുന്നുവെന്നതു തന്നെ ഡാട്ടോങ്ങിന്റെ ചരിത്രപരമായ പ്രാധാന്യം വ്യക്തമാക്കുന്നു. ഡാട്ടോങ്ങിന്റെ മുഖമുദ്രകളിലൊന്നായി അറിയപ്പെടുന്നത് ഹെങ്ഷാനിലെ തൂങ്ങും ക്ഷേത്രമാണ്. ഹെങ് മലനിരകളിലാണ് ഇതുള്ളത്. പൗരാണിക വാസ്തുവിദ്യയുടെ മികവിന്റെ ഉദാഹരണമാണിത്. ചെങ്കുത്തായ മലനിരയില്‍, തറനിരപ്പില്‍നിന്ന് 160 അടിയിലേറെ ഉയരത്തിലാണ് ഹെങ്ഷാന്‍ തൂങ്ങും ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. കീഴ്ക്കാംതൂക്കായ മലയുടെ നടുവിലായി നിര്‍മിച്ച ഈ സന്യാസിമഠം ഇന്നും അദ്ഭുതം തന്നെ.
മരംകൊണ്ടു നിര്‍മിച്ച ക്ഷേത്രം മരത്തൂണുകളിലാണ് നിൽക്കുന്നത്. ആറ് പ്രധാന ഹാളുകളാണ് ഇതിനുള്ളത്. ഇവ തമ്മില്‍ ബന്ധിപ്പിച്ച് പാലങ്ങളും നടപ്പാതകളുമുണ്ട്. 160 അടിയിലേറെ ഉയരത്തിലുള്ള ഹെങ്ഷാനില്‍ നിന്നുള്ള താഴ്‌വരയുടെ വിശാലമായ കാഴ്ചകള്‍ സവിശേഷ അനുഭവമാണ്. ചൈനയിലെ പ്രധാന ആത്മീയധാരകളായ ബുദ്ധിസം, താവോയിസം, കണ്‍ഫ്യൂഷനിസം എന്നിവയുടെ സംഗമഭൂമി കൂടിയാണ് ഈ ക്ഷേത്രം. ഡാട്ടോങ് നഗരത്തില്‍നിന്ന് 65 കിലോമീറ്റര്‍ തെക്കുമാറിയാണ് തടികൊണ്ടു നിര്‍മിച്ച യിങ്‌സിയാന്‍ പഗോഡ. 1056 ലെ കിറ്റന്‍ ലിയാ രാജവംശമാണ് ഇത് നിര്‍മിച്ചത്. ഒരു സഹസ്രാബ്ദത്തിന്റെ പഴക്കമുള്ള ഈ ആരാധനാലയം നിരവധി ഭൂകമ്പങ്ങളെയും അതിജീവിച്ചിട്ടുണ്ട്.
രണ്ടാം ലോക മഹായുദ്ധകാലത്ത് ജാപ്പനീസ് പട്ടാളവും യിങ്‌സിയാന്‍ പഗോഡയ്ക്ക് നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. എന്നിട്ടും തകരാതെ പിടിച്ചു നിന്ന യിങ്‌സിയാനാണ് ചൈനയിലെ ഏറ്റവും പഴക്കമുള്ള, ഇന്നും സജീവമായ മരംകൊണ്ടു നിര്‍മിച്ച പഗോഡ.പൗരാണിക ചൈനീസ് ബുദ്ധമതക്കാരുടെ ശ്രേഷ്ഠമായ കലാസൃഷ്ടി എന്നാണ് യുനെസ്‌കോ യുന്‍ഗാങ് ഗ്രോട്ടോസിലെ ബുദ്ധഗുഹകളെ വിശേഷിപ്പിച്ചത്. അഞ്ചാം നൂറ്റാണ്ടിലാണ് ഇത് നിര്‍മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. ബുദ്ധമതവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ശില്‍പങ്ങളുമാണ് ഇതില്‍ ആലേഖനം ചെയ്തിരിക്കുന്നത്. ഡാട്ടോങ്ങിന്റെ കിഴക്കു മാറിയാണ് യുന്‍ഗാങിന്റെ സ്ഥാനം. ഒരു കിലോമീറ്ററോളം നീളത്തില്‍ നീണ്ടു കിടക്കുന്ന ഈ ഗുഹകളില്‍ നിരവധി ചിത്രങ്ങളും ശില്‍പങ്ങളുമുണ്ട്.
മലകയറ്റക്കാരായ സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനാണ് ഹെങ് പര്‍വതം. ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനപ്പെട്ട 18 കേന്ദ്രങ്ങളാണുള്ളത്. പ്രധാന പര്‍വത നിരയുടെ മുകളിലെത്തിയാല്‍ മേഘങ്ങള്‍ പോലും കാല്‍ചുവട്ടിലാണെന്ന് തോന്നും. നിരവധി ഹൈക്കിങ് പ്രോഗ്രാമുകള്‍ ഇവിടെ ലഭ്യമാണ്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് ഡാട്ടോങ് സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. സഞ്ചാരികള്‍ക്ക് അനുയോജ്യമായ കാലാവസ്ഥയായിരിക്കും ഈ സമയത്ത്. പൊതുവേ കടുത്തതല്ല ഡാട്ടോങ്ങിലെ വേനല്‍. ഒരു വിമാനത്താവളവും രണ്ട് പ്രധാന റെയില്‍വേ സ്റ്റേഷനുകളും ഡാട്ടോങ്ങിലുണ്ട്. ബെയ്ജിങ്ങില്‍നിന്ന് ഏകദേശം 350 കിലോമീറ്റര്‍ ദൂരെയാണ് ഡാട്ടോങ്. ഹൈസ്പീഡ് ട്രെയിനില്‍ ബെയ്ജിങ്ങില്‍നിന്ന് രണ്ട് മണിക്കൂറില്‍ ഇവിടെയെത്താം.
STORY HIGHLLIGHTS :Datong Travel Guide China