നടിയെ ആക്രമിച്ച കേസിൽ പ്രതിയായ പൾസർ സുനിക്ക് ജാമ്യം നൽകി സുപ്രീംകോടതി.ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ 2017- ഫെബ്രുവരി 23 മുതൽ പൾസർ സുനി ജയിലിലാണ്. പൾസർ സുനിക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി ജാമ്യം നൽകുകയായിരുന്നു. കേസിൽ നീതിപൂർവ്വമായ വിചാരണ നടക്കുന്നില്ലെന്ന് പൾസർ സുനി പറഞ്ഞു. ദീലീപിൻറെ അഭിഭാഷകനാണ് വിചാരണ നീട്ടിക്കൊണ്ടു പോകുന്നതെന്ന് പൾസർ സുനി കോടതിയിൽ വാദിച്ചു.
വിചാരണ നീണ്ടു പോകുന്നതിനാൽ ജാമ്യം നല്കിയ കോടതി ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നല്കണമെന്നും ഉത്തരവിട്ടു. എന്നാൽ ജാമ്യം നൽകിയതിനെ ശക്തമായി സംസ്ഥാനം എതിർത്തു. നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനിക്ക് തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്തതിന് ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തിയിരുന്നു. ഏഴ് വർഷമായി ജയിലിൽ കഴിയുന്ന പ്രതി വിവിധ അഭിഭാഷകർ വഴി ഹൈക്കോടതിയിൽ മാത്രം 10 തവണയാണ് ജാമ്യഹർജി ഫയൽ ചെയ്തത്. രണ്ട് തവണ സുപ്രീംകോടതിയേയും സമീപിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.