ആത്മകഥകൾ ഒരു പരിധിവരെ ആത്മനിഷ്ഠമായിരിക്കും – കാരണം എഴുതുന്ന വ്യക്തിയുടെ കാഴ്ചപ്പാടിലൂടെയാണല്ലോ കഥ വിരിയുന്നത്. അവയിൽ ഫാൻ്റസികളുണ്ടാകാം, അർദ്ധസത്യങ്ങളുണ്ടാകാം, അസത്യങ്ങളുണ്ടാകാം… തികച്ചും കപടമെന്നു തെളിഞ്ഞ അനുഭവ കഥകളും ലോകസാഹിത്യത്തിൽ ഏറെയുണ്ട്.
എന്നാൽ എങ്ങനെ വ്യാഖ്യാനിക്കണം എന്ന് പോലുമറിയാത്ത ഒരു ആത്മകഥയാണ് എച്ച്മുകുട്ടിയുടെ
അതുകൊണ്ട് “എച്ച്മുക്കുട്ടി പറഞ്ഞത് നുണയായിക്കൂടെ?” എന്നു ചോദിക്കുന്നവരോടു പറയാൻ എനിക്കുത്തരമില്ല.
എച്ചുമ്മുക്കുട്ടി തന്റെ ആത്മകഥയായ ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക എന്ന പുസ്തകത്തിൽ സമൂഹത്തിൽ ഒരുപാട് വലിയ സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികളെക്കുറിച്ച് പറയുന്നുണ്ട്. വി ജി തമ്പി, പത്മകുമാർ, ഇങ്ങനെ അതിൽ പ്രധാനപ്പെട്ടത് കവി അയ്യപ്പനായിരുന്നു.
അയാളിൽ ഒരു കവി എന്നതിലുപരി ഒരു മൃഗമുണ്ടായിരുന്നെന്ന് എച്ച്മുക്കുട്ടി പലയിടങ്ങളിലായി പറഞ്ഞിട്ടുമുണ്ട്.
അയാളെ മൃഗം എന്ന് പറയാൻ കഴിയില്ല മൃഗങ്ങൾക്ക് അതിഷ്ടമാകില്ല എന്നാണ് പറയുന്നത്.
2024 ൽ എച്ചുമ്മുക്കുട്ടി എഴുതിയ ഒരു ഫേസ്ബുക് പോസ്റ്റാണിത്.
സാഹിത്യ അക്കാദമിക്ക് പീഡകരെ മതി.
“ഇതെൻറെ രക്തമാണിതെൻറെ മാംസമാണെടുത്തു കൊള്ളുക” എന്നാണ് എൻറെ ആത്മകഥയുടെ പേര്. 2019 ൽ വന്ന ആത്മകഥയുടെ ഏഴാംപതിപ്പാണ് ഇപ്പോൾ മാർക്കറ്റിലുള്ളത്. സാഹിത്യ അക്കാദമിയുടെ അവാർഡ് പരിഗണനാലിസ്ററിൽ ആ ആത്മകഥ അഞ്ചാം സ്ഥാനത്ത് എത്തിയിരുന്നു.
വി. ജി. തമ്പി എന്ന തൃശൂർ കേരളവർമ്മ കോളേജിലെ അധ്യാപകനുമൊത്തുള്ള കൂട്ടുജീവിതവും അതിലെ ഗാർഹിക പീഡനങ്ങളും കണ്ണനൊപ്പം കുഞ്ഞിനേയും കൂട്ടി ദില്ലിക്ക് പോയതും കുഞ്ഞിനെ തമ്പി ബലമായി തൃശൂരേക്ക് കൊണ്ട് വന്നതും കുഞ്ഞിനായി ദില്ലി മുതൽ പോലീസിലും കോടതിയിലും ആയി പൊരുതിയതും കുഞ്ഞിനെ തമ്പി ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നതും ഉൾപ്പടെ സാറടീച്ചർ, ഷീന ജോസ് തുടങ്ങിയ ഫെമിനിസ്റ്റുകൾ ചെയ്ത വഞ്ചനകളും അയ്യപ്പൻ, ഡി. വിനയചന്ദ്രൻ എന്നിവർ എന്നോടു ചെയ്ത് ലൈംഗികപീഡനങ്ങളും ഇവയ്ക്കെല്ലാം തമ്പി നല്കിയ പിന്തുണയും ആത്മകഥയിൽ വെളിവാക്കിയിട്ടുണ്ട്. മതം മാറ്റുന്നതിനായി ക്രിസ്തുമതം ഏല്പിച്ച പീഡനങ്ങളും ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്.
പീഡനം ഏറ്റവർ ഒറ്റയ്ക്കും പീഡകർക്കൊപ്പം ആരവവും ആൾക്കൂട്ടവും പിന്തുണയും എന്നതാണല്ലോ നമ്മുടെ സംസ്ക്കാരം. അതുകൊണ്ട് തമ്പി എന്ന പ്രണയരക്തസാക്ഷിക്ക് എല്ലാവരും എല്ലായിടത്തും എല്ലായ്പ്പോഴും പിന്തുണ നല്കുന്നുണ്ട്.
ലൈംഗിക പീഡനമതിജീവിച്ച സ്തീകൾ ഉൾപ്പെടുന്ന ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൻറെ ആഭിമുഖ്യത്തിൽ ലൈംഗികപീഡകരെ സാംസ്കാരിക വേദികളിൽ നിന്നൊഴിവാക്കണം, അവാർഡു പരിഗണനയിൽ ഉൾപ്പെടുത്തരുത്, സാഹിത്യ ഉൽസവങ്ങളിൽ നിന്ന് മാറ്റി നിറുത്തണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പീഡകരുടെ(റൂബിൻ ഡിക്രൂസ്, സിവിക്ക് ചന്ദ്രൻ, അനിൽകുമാർ ഡി, വി. ജി.തമ്പി, വി.ടി. ജയദേവൻ, ശ്രീജിത്ത് അരിയല്ലൂർ, വി.ആർ സുധീഷ്, അർഷാദ് ബത്തേരി, വടേക്കണ്ടി നാരായണൻ, വിളയോടി ശിവൻകുട്ടി, ഗൗരിദാസൻ നായർ, വിജയ് ബാബു, അലൻസിയർ, ദിലീപ്, മാത്യുസാമുവൽ, വേണു ബാലകൃഷ്ണൻ, ശ്രീകാന്ത് വെട്ടിയാർ) പേരുകൾ സഹിതം ഡി സി ബുക്സിനും മാതൃഭൂമിക്കും സാഹിത്യ അക്കാദമിക്കും പരാതി നല്കിയിരുന്നു. വി ആർ സുധീഷിനെ ചെറുകഥാച്ചർച്ചയിൽ അധ്യക്ഷനായി വെച്ചിരുന്നത് ഈ പരാതി ഉയർന്നപ്പോൾ അക്കാദമി പിൻവലിച്ചു. കാരണം വി ആർ സുധീഷിനെതിരേ പോലീസ് കേസുണ്ട് എന്നതാണ് കാരണമെന്ന് അക്കാദമി വിശദമാക്കി. ഇ. സന്തോഷ് കുമാർ ആണ് അധ്യക്ഷത വഹിക്കുന്നത്. അതേസമയം അർഷാദ് ബത്തേരി എന്ന പീഡകനെ ആ ചർച്ചയിൽ നിന്ന് ഒഴിവാക്കിയിട്ടില്ല.
ഡി സി ബുക്സ് ലൈംഗികപീഡകരെ മുഴുവനായും അവരുടെ സാഹിത്യ ഉൽസവത്തിൽ നിന്ന് മാറ്റി നിറുത്തിയിട്ടുണ്ട്.
എന്നാൽ സാഹിത്യ അക്കാദമിയുടെ സാഹിത്യ ഉൽസവത്തിൽ നോവൽ പാനൽ ചർച്ചയിൽ ആകെപ്പാടെ ഒരു നോവൽ എഴുതിയ തമ്പിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. James Vj വി.ജെ. ജെയിംസ്, Jisa Jose ജിസ ജോസ്, Haritha Ivan ഹരിത സാവിത്രി, Sheela Tomy ഷീലാ ടോമി ഇവർക്കൊക്കെ ഒപ്പം. ഹരിതാസാവിത്രി അക്കാദമിയോട് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. തമ്പിയ്ക്ക് എതിരേ ഞാൻ പ്രത്യേകമായി പരാതി നല്കിയിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പ് നല്കിയ പരാതിക്കു പുറമേ…
അതിന് അക്കാദമി പ്രസിഡൻറ് സച്ചിദാനന്ദൻ സാർ നല്കിയ മറുപടിയാണ് ഇത്.
പ്രിയപ്പെട്ട എച്ച്മുക്കുട്ടി,
കേസ് നടപ്പിലുള്ള വി ആര്‍ സുധീഷിനെ ലിസ്റ്റില്‍ നിന്ന് മാറ്റിയിട്ടുണ്ട്.
ഒരു തെറ്റിനു പല ശിക്ഷകള്‍ പാടില്ലെന്ന് വിചാരിക്കുന്നു. കലയും ചിന്തയും വ്യക്തിപരമായ വ്യവഹാരവും കൂട്ടിക്കുഴയ്ക്കുന്നതും ശരിയാണെന്ന് കരുതുന്നില്ല. എങ്കില്‍ നമുക്കു മാര്‍ക്സ് ഉള്‍പ്പെടെയുള്ളവരെ പട്ടികയില്‍ നിന്ന് കളയേണ്ടി വരും ( മാര്‍ക്സിന് വിവാഹിതനായിരിക്കെ വീട്ടു സഹായിയില്‍ കുട്ടി ഉണ്ടായി) വ്യക്തിപരമായ തെറ്റു തെളിയിക്കപ്പെട്ടാല്‍ ശിക്ഷിക്കപ്പെടും ആ ശിക്ഷ കോടതി ആണ് നല്‍കേണ്ടത്, നാം ആരുമല്ല. കവിതയും പാട്ടും കലയും മറ്റും , വ്യക്തിയുടെ പെരുമാറ്റത്തിനും അപ്പുറം പോകുന്ന സൌന്ദര്യ വ്യവഹാരങ്ങള്‍ ആണ്.
ആത്മകഥ വായിച്ചിട്ടുണ്ട്. വേദനിച്ചിട്ടുണ്ട്.
സ്നേഹം
സച്ചിദാ
മാർക്സിനെപ്പോലും ഒഴിവാക്കേണ്ടി വരുമെന്ന് സാർ എഴുതുന്നു. എത്ര ഗംഭീരമായ ഉദാഹരണം!!! കോടതിയാണ് ശിക്ഷ നല്കേണ്ടത് എന്നദ്ദേഹം പറയുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടിരുന്നു. സാഹിത്യ അക്കാദമിയിൽ അയാൾ വിളിക്കപ്പെടുമോ? ഒരു തെറ്റിന് പല ശിക്ഷ പാടില്ലെന്ന് സച്ചിദാനന്ദൻ സാർ …വി. ജി. തമ്പിക്ക് കിട്ടിയ ഒരു ചെറിയ ശിക്ഷയെക്കുറിച്ചെങ്കിലും സാറിന് പറയാനാവുമോ? നിയമം മാത്രമല്ല നീതിയും നെറിയും ധാർമ്മികതയും കൂടിച്ചേരുമ്പോഴല്ലേ സച്ചിദാനന്ദൻ സാർ, അതൊരു നല്ല സമൂഹം ആവുക?. അത്തരമൊരു സമൂഹസൃഷ്ടിക്ക് സാറിനും ധാർമ്മികമായ ചുമതലയില്ലേ? വ്യക്തിപരമായ തെറ്റുകൾക്ക് കോടതിയാണ് ശിക്ഷ നല്കേണ്ടതെന്നും കലയും ചിന്തയും വ്യക്തിപരമായ വ്യവഹാരവും കൂട്ടിക്കുഴയ്ക്കരുതെന്നും സാറ് പറയുന്നു.
ഈ പാരസ്പര്യം എനിക്ക് നന്നായി മനസ്സിലാവുന്നു സാർ. അക്കാദമിക്ക് വേട്ടക്കാരൻ മതി. ഇര ഒഴിഞ്ഞു നില്ക്കണം. ( പതിനാറ് പുസ്തകങ്ങൾ മാർക്കറ്റിലുള്ള, നാല് നോവലുകൾ എഴുതിയ എന്നെ അക്കാദമി ഈ ഉൽസവം കാണാൻ പോലും വിളിച്ചിട്ടില്ല.) എൻറെ ആത്മകഥ വായിച്ച് സച്ചിദാനന്ദൻ സാർ വേദനിച്ചു എന്നെഴുതിയിട്ടുണ്ട്. അതാണ് ആകെപ്പാടെ എനിക്കാശ്വസിക്കാനായുള്ളത്.
പീഡിപ്പിക്കപ്പെടുമ്പോൾ തനിച്ചായിരുന്നു. അതിനെക്കുറിച്ച് പറയുമ്പോഴും തനിച്ചാണ്. പിന്നേയും പിന്നേയും പിന്നേയും തനിച്ചു തന്നെയാണ്.