രണ്ടു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും രണ്ടാനച്ഛനും ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ച കോടതി. വര്‍ക്കല ചെറുന്നിയൂര്‍ ഞെക്കാട് പോസ്റ്റാഫീസിന് സമീപം യുഎസ് നിവാസില്‍ രജീഷ്, ഉത്തര എന്നിവരെയാണ് വിവിധ വകുപ്പുകളിലായി ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചത്. കൂടാതെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം. ആറാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് പ്രതികളെ ശിക്ഷിച്ചത്.
2018 ഡിസംബര്‍ 15നാണ് ഉത്തരയുടെ മകൻ ഏകലവ്യനെ അവശനിലയില്‍ ചെറുന്നിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിക്ക് വയറിളക്കവും ചര്‍ദ്ദിയും ആണെന്നാണ് ഉത്തര ഡോക്ടറോട് പറഞ്ഞിരുന്നത്. കുട്ടിയുടെ അവശനില കണ്ട ഡോക്ടര്‍ എത്രയും വേഗം വെഞ്ഞാറമ്മൂട് മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചു. വെഞ്ഞാറമ്മൂട്ടിലേക്ക് പോകുന്ന വഴി കുട്ടിയുടെ നില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
പോസ്റ്റ്മാര്‍ട്ടത്തില്‍ 65 ഓളം ആന്തരിക മുറിവുകള്‍ ഉള്ളതായും, വയറ്റില്‍ ഏറ്റ ശക്തമായ തൊഴിച്ചത് കാരണം കുട്ടിയുടെ അന്നനാളം ചുരുങ്ങിയ അവസ്ഥയിലും കണ്ടെത്തിയിരുന്നു. തുടർന്ന് പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് രജീഷ് കുട്ടിയെ നിരന്തരം മര്‍ദിച്ചിരുന്നതായി ഉത്തര മൊഴി നല്‍കിയത്.
ഉത്തരയുടെ ആദ്യ ഭര്‍ത്താവിലെ കുട്ടിയായിരുന്നു ഏകലവ്യന്‍. കുട്ടിയെ എങ്ങനെയും ഒഴിവാക്കാനുളള രജീഷിന്റെ ക്രൂരതയ്ക്ക് ഉത്തരയുടെ മൗനാനുവാദം ഉണ്ടായിരുന്നെന്നാണ് പോലീസ് കേസ്.
STORY HIGHLIGHT: Two year old murder case