എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസിലെ പ്രതി തൃശൂര്‍ സ്വദേശി അബ്ദുല്‍ സനൂഫ് പൊലീസ് കസ്റ്റഡിയില്‍. ചെന്നൈ ആവടിയെ ഹോട്ടലില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. മലപ്പുറം വെട്ടത്തൂര്‍ കാപ്പ് പൊതാക്കല്ലിലെ ഫസീലയെയാണ് (33) ചൊവ്വാഴ്ച സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയശേഷം കൂടെയുണ്ടായിരുന്ന അബ്ദുല്‍ സനൂഫ് കടന്നുകളയുകയായിരുന്നു.
സനൂഫിനെതിരെ ഫസീല മുന്‍പ് പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ കേസ് പിന്നീട് ഒത്തുതീര്‍പ്പായിരുന്നു. ഇതിനു ശേഷവും ഫസീലയും സനൂഫും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്.
പൊലീസ് മൂന്നു സംഘമായാണ് പ്രതിക്കായി തിരച്ചില്‍ നടത്തിയത്. സനൂഫ് ബെംഗളൂരു മജസ്റ്റിക്കില്‍ നിന്ന് സുഹൃത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ബെംഗളൂരുവിലെത്തിയിരുന്നു. പ്രതിക്കുവേണ്ടി ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല.