ശബരിമലയിലേക്ക് എത്തിയ തീര്‍ഥാടകര്‍ കനത്ത മഴയെ തുടര്‍ന്ന് പുല്ലുമേട് പാതയില്‍ കുടുങ്ങി. കഴുതക്കുഴി ഭാഗത്ത് ഞായറാഴ്ച വൈകിട്ടാണ് സംഭവം. 12 പേര് ആണ് കുടുങ്ങിയത്. പാതയില്‍ വഴുക്കിവീണ് ഇതില്‍ 2 പേര്‍ക്ക് സാരമായി പരുക്കേറ്റു. ഈ പ്രദേശത്തുള്ള വനം വകുപ്പ് ജീവനക്കാര്‍ വിവരം വനം വകുപ്പ് കണ്ട്രോള് ഓഫിസില്‍ അറിയിച്ചു. സന്നിധാനത്ത് നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരും ദുരന്ത നിവാരണ സേനയും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി ഇവരെ പുറത്തേക്ക് എത്തിക്കുകയായിരുന്നു. സാരമായി പരുക്കേറ്റവരെ സ്ട്രക്ചറിലാണ് ആശുപത്രിയില്‍ എത്തിച്ചത്.
മഴ കനത്തതോടെ പമ്പയില്‍ അതീവ ജാഗ്രത. ത്രിവേണിയില്‍ സംഗമിക്കുന്ന പമ്പ, കക്കി നദികളില്‍ നീരൊഴുക്ക് ശക്തമാണ്. കക്കിയാറ്റിലൂടെ വെള്ളം കലങ്ങിയാണ് വരുന്നത്. അതിനാല്‍ തീര്‍ഥാടകര്‍ പുണ്യസ്നാനം നടത്തുന്ന ഭാഗത്തെ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ജലസേചന വകുപ്പിന്റെ ത്രിവേണി പമ്പ് ഹൗസ്, ആറാട്ടുകടവ് എന്നിവിടങ്ങളിലെ തടയണകള്‍ തുറന്നു വിട്ട് വെള്ളം ഒഴുക്കി കളഞ്ഞു.
ശബരിമല എഡിഎം അരുണ്‍ എസ്.നായരുടെ അധ്യക്ഷതയില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം പമ്പയില്‍ ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. നദിയിലെ ജലനിരപ്പ് ഉയരുകയും ഒഴുക്ക് ശക്തമാകുകയും ചെയ്താല്‍ തീര്‍ഥാടകര്‍ സ്നാനത്തിന് ഇറങ്ങുന്നത് തടയാനാണ് തീരുമാനം. ഒഴുക്ക് ശക്തമായാല്‍ സ്നാനത്തിന് ഇറങ്ങുന്നത് അപകടമാണ്.
ശബരിമല പാതയില്‍ കണമല അട്ടിവളവില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഒരു മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് മണ്ണിടിഞ്ഞത്. രാവിലെ മുതല്‍ കനത്ത മഴയാണ് ഈ മേഖലയില്‍ പെയ്തത്. തീര്‍ഥാടന വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെയാണ് മണ്ണിടിഞ്ഞത്. എരുത്വാപ്പുഴ ഭാഗത്തും കണമല ഭാഗത്തും വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി മണ്ണ് മാന്തിയുടെ സഹായത്തോടെ റോഡില്‍ വീണ മണ്ണ് നീക്കം ചെയ്തു.
പമ്പയിലും സന്നിധാനത്തും മഴ തുടരുകയാണ്. മഴയ്ക്കൊപ്പം ഉച്ചകഴിഞ്ഞ് കോടമഞ്ഞുമുണ്ടായിരുന്നു. രാവിലെ ആരംഭിച്ച മഴ ഉച്ചയോടെ ശമിച്ചെങ്കിലും ഉച്ചകഴിഞ്ഞ് വീണ്ടും ശക്തിപ്പെട്ടു. രാവിലെ തീര്‍ഥാടകരുടെ തിരക്കുണ്ടായില്ല. എന്നാല്‍ ഉച്ചകഴിഞ്ഞ് തിരക്ക് അനുഭവപ്പെട്ടു. ഞായറാഴ്ച വൈകിട്ട് അഞ്ചുവരെ 49280 പേര് ദര്‍ശനം നടത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.