ന്യൂഡൽഹി: ക്ഷേത്രങ്ങളിലെ പാരമ്പരേതര ട്രസ്റ്റി നിയമനങ്ങളിൽ ജാതി പരിഗണിക്കരുതെന്ന് സുപ്രീം കോടതി. തിരുനാവായ ശ്രീ വൈരങ്കോട് ക്ഷേത്രത്തിലെ പാരമ്പരേതര ട്രസ്റ്റി നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്. തിരുനാവായ ശ്രീ വൈരങ്കോട് ക്ഷേത്രത്തിലെ പാരമ്പരേതര ട്രസ്റ്റികളായി വിനോദ് കുമാർ എം പി, ദിലീപ് കെ, പ്രമോദ് ടി പി, ബാബു പി കെ എന്നിവരെ നിയമിച്ച മലബാർ ദേവസ്വം ബോർഡ് തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് എതിരായ ഹർജികൾ പരിഗണിച്ച ജസ്റ്റിസ് മാരായ എം എം സുന്ദരേഷ്, അരവിന്ദ് കുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് പാരമ്പരേതര ട്രസ്റ്റി നിയമനങ്ങളിൽ ജാതി പരിഗണിക്കരുത് എന്ന് നിർദേശിച്ചത്.
നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതി വിധി പൂർണ്ണമായും ശരിവച്ചാൽ ക്ഷേത്രങ്ങളിലെ പാരമ്പരേതര ട്രസ്റ്റി നിയമനങ്ങളിൽനിന്ന് പിന്നാക്ക വിഭാഗങ്ങൾ ഒഴിവാക്കപ്പെടുമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി വി ദിനേശ് ചൂണ്ടിക്കാട്ടി. പാരമ്പരേതര ട്രസ്റ്റി നിയമനങ്ങളിൽ തന്ത്രിയുടെ അഭിപ്രായം മാത്രം കേൾക്കുക എന്ന വ്യവസ്ഥ പിന്നാക്ക വിഭാഗങ്ങളുടെ ഒഴിവാക്കലിന് വഴിവയ്ക്കുമെന്നും മുതിർന്ന അഭിഭാഷകൻ പി വി ദിനേശും അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രനും വാദിച്ചു. തുടർന്നാണ് ഹൈക്കോടതി വിധി ശരിവയ്ക്കുക ആണെങ്കിലും പാരമ്പരേതര ട്രസ്റ്റി നിയമനങ്ങളിൽ ജാതി പരിഗണിക്കരുത് എന്ന് ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കി. സീനിയർ അഭിഭാഷകൻ പി വി ദിനേശിന് പുറമെ അഭിഭാഷകരായ കെ.ആർ സുഭാഷ് ചന്ദ്രൻ, കൃഷ്ണ എൽ.ആർ എന്നിവരും ഹർജിക്കാർക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായി.
സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ദിലീപ് കെ, AIYF ഭാരവാഹി ബാബു പി.കെ, എന്നിവർ സജീവ രാഷ്ട്രീയ പ്രവർത്തകരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇരുവരുടെയും നിയമനം സുപ്രീം കോടതി റദ്ദാക്കിയത്. സജീവ രാഷ്ട്രീയ പ്രവർത്തകർക്കോ രാഷ്ട്രീയ പാർട്ടികൾക്കോ ട്രസ്റ്റികൾ ആകാൻ കഴിയില്ലെന്ന ഹൈക്കോടതിയുടെ നിലപാട് സുപ്രീം കോടതി ശരിവച്ചു. മറ്റ് രണ്ട് പേരുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിയും സുപ്രീം കോടതി ശരിവച്ചു. എന്നാൽ ഹൈക്കോടതി ഉത്തരവ് ഈ നാല് പേരുടെയും ഭാവി നിയമനങ്ങളിൽ ബാധിക്കരുത് എന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
STORY HIGHLIGHT: sc caste temple trustee appointments