തൊടുപുഴ: കുമളിയില്‍ അഞ്ചു വയസുകാരന് ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. ഇടുക്കി ഒന്നാം ക്ലാസ് അഡീഷണല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഷഫീക്കിന്റെ പിതാവായ ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി പ്രസ്താവിക്കുന്നത്.
പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. 2013 ജൂലൈ 15 നാണ് ക്രൂരമര്‍ദ്ദനമേറ്റ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ദൃക്സാക്ഷികളില്ലാത്ത കേസില്‍ മെഡിക്കല്‍ തെളിവുകളുടേയും സാഹചര്യ തെളിവുകളുടേയും സഹായത്തോടെയാണ് പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. മര്‍ദ്ദനത്തില്‍ തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്.
പരമാവധി ശിക്ഷ നൽകണം എന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കുട്ടികളുണ്ടെന്നും പരിഗണന വേണമെന്നും പ്രതികള്‍ കോടതിയിൽ വാദിച്ചു. അനീഷക്കെതിരെ 307, ജെജെ ആക്ട പ്രകാരമുള്ള വകുപ്പുളും ചേര്‍ത്തിട്ടുണ്ട്. ഒന്നാം പ്രതി ശരീഫിനെതിരെ 326 പ്രകാരം മാരകമായ മുറിവേൽപ്പിക്കൽ അടക്കം ചുമത്തിയിട്ടുണ്ട്. വൈകാതെ കേസിൽ ഇരു പ്രതികള്‍ക്കുള്ള ശിക്ഷ കോടതി വിധിക്കും.
STORY HIGHLIGHT: shafeeq murder attempt case verdict