‘ഓഷ്യാനസ് ചാലിയം’ ഉദ്ഘാടനം നാളെ; രാജ്യാന്തര ബീച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളെ മാതൃകയാക്കി കോഴിക്കോട് | oceanus-chalium-kadalundi

ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി ചാലിയം ബീച്ചിനെ മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

 

കോഴിക്കോട് : രാജ്യാന്തര ബീച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളെ മാതൃകയാക്കി കോഴിക്കോട് ഒരുങ്ങുന്ന ‘ഓഷ്യാനസ് ചാലിയം’മാതൃകാ ബീച്ച് തിങ്കളാഴ്ച്ച ഉദ്ഘാടനം നടക്കും. ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ആണ് ഉദ്ഘാനം നടത്തുക. 9.53 കോടി രൂപ ചിലവിട്ടാണ് ബീച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി ചാലിയം ബീച്ചിനെ മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

14 ബാംബൂ കിയോസ്കുകൾ, ബാംബൂ റസ്റ്റോറന്റ്, ഓവർഹെഡ് വാട്ടർ ടാങ്ക്, കണ്ടെയ്നർ ശുചിമുറി ബ്ലോക്കുകൾ, ബീച്ച് അംബ്രല്ല, വാച്ച് ടവർ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ചാലിയാർ അറബിക്കടലിൽ ചേരുന്ന തീരത്ത് കടലിലേക്ക് 1.25 കിലോമീറ്റർ നീളത്തിലുള്ള പുലിമുട്ടിൽ അലങ്കാര വിളക്കുകളും പണിതിട്ടുണ്ട്. മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കിലൂടെ ചാലിയത്തിന്റെ അന്നും ഇന്നും കാണിച്ച് വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

2022 ഫെബ്രുവരിയിലാണ് ബീച്ച് മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കേരളത്തിലെ ബീച്ചുകളില്‍ വാട്ടര്‍ സ്‌പോര്‍ട്‌സിനും സാഹസിക ടൂറിസത്തിനും ഏറെ അനുയോജ്യമായ പ്രദേശമാണ് ചാലിയമെന്നും തദ്ദേശീയവാസികളുടെയും മത്സ്യതൊഴിലാളികളുടെയും ജീവിതസാഹചര്യം മാറ്റുന്ന തരത്തിലുള്ള ഉത്തരവാദിത്ത ടൂറിസമാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും മുന്‍പ് ചാലിയം സന്ദര്‍ശിച്ച വേളയില്‍ മന്ത്രി പറഞ്ഞിരുന്നു.

 

content highlight : oceanus-chalium-kadalundi-tourism-project-will-inaugurate-tomorrow