ആലപ്പുഴ: ലൗ ജിഹാദ് ആരോപിച്ച് ബന്ധുക്കളും അയല്‍ക്കാരും ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഝാര്‍ഖണ്ഡില്‍ നിന്നുള്ള കമിതാക്കള്‍ സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്ത് ആലപ്പുഴ ജില്ലയിലെ കായംകുളത്ത് എത്തി വിവാഹിതരായി. ഝാര്‍ഖണ്ഡിലെ രാംഗഡിലെ ചിതാര്‍പൂര്‍ സ്വദേശികളായ മുഹമ്മദ് ഗാലിബും (30), ആശാ വര്‍മ്മയുമാണ് (27) കേരളത്തില്‍ എത്തി വിവാഹം കഴിച്ചത്. ഫെബ്രുവരി 11 ന് കായംകുളത്തെ ഒരു പള്ളിയില്‍ ഇസ്ലാമിക മതാചാര പ്രകാരം ആദ്യം വിവാഹിതരായി. പിന്നീട്, ഫെബ്രുവരി 16ന് ഹിന്ദു ആചാരപ്രകാരം ക്ഷേത്രത്തില്‍ വച്ച് വീണ്ടും വിവാഹിതരായി. നിരവധി വര്‍ഷങ്ങളായി പ്രണയത്തിലാണെന്ന് ബുധനാഴ്ച ഇരുവരും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘സ്വന്തമായി തീരുമാനമെടുത്ത ശേഷമാണ് ഞങ്ങള്‍ വിവാഹിതരായത്. വ്യാജ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം, ഫെബ്രുവരി 14 ന് ഝാര്‍ഖണ്ഡ് പൊലീസ് എത്തി ഞങ്ങളുടെ മൊഴി രേഖപ്പെടുത്തി. കൂടാതെ, ആശയെ ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ച് എനിക്കെതിരെ മറ്റൊരു കള്ളക്കേസും ഫയല്‍ ചെയ്തു.ഝാര്‍ഖണ്ഡിലെ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാകാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കിയതിനും സഹായത്തിനും ഞങ്ങളുടെ അഭിഭാഷക ഗയ എസ് ലതയ്ക്കും മറ്റുള്ളവര്‍ക്കും നന്ദി പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’- ദമ്പതികള്‍ പറഞ്ഞു.
ഈ മാസം ആദ്യം ആശയുടെ ബന്ധുക്കള്‍ കായംകുളത്ത് എത്തിയെങ്കിലും ആശ അവരോടൊപ്പം പോകാന്‍ വിസമ്മതിച്ചു. ഗള്‍ഫില്‍ മുഹമ്മദിനൊപ്പം ജോലി ചെയ്തിരുന്ന കായംകുളത്തുനിന്നുള്ള ഒരു സുഹൃത്തിന്റെ ഉപദേശപ്രകാരമാണ് ദമ്പതികള്‍ കേരളത്തിലെത്തിയത്. ആശയുടെ കുടുംബം മറ്റൊരാളുമായി അവളുടെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെയാണ് ഇരുവരും കേരളത്തിലെത്തിയതെന്ന് അഭിഭാഷകയായ ഗയ പറഞ്ഞു.
”ആശയുടെ കുടുംബം മറ്റൊരാളുമായി അവളുടെ വിവാഹം ഉറപ്പിച്ചു എന്ന് കേട്ടതിന് പിന്നാലെ വിദേശത്ത് ജോലി ചെയ്തിരുന്ന മുഹമ്മദ് ഇന്ത്യയിലേക്ക് മടങ്ങി. അവര്‍ വ്യത്യസ്ത മതങ്ങളില്‍ പെട്ടവരായതിനാല്‍, അവരുടെ വിവാഹത്തിനെതിരായ എതിര്‍പ്പ് വളര്‍ന്നു. പ്രധാനമായും ആശയുടെ സമുദായത്തിലെ നേതാക്കളും അംഗങ്ങളുമാണ് എതിര്‍പ്പ് ഉന്നയിച്ചത്. തുടര്‍ന്ന്, മുഹമ്മദിനെതിരെ ‘ലൗ ജിഹാദ്’ ആരോപണങ്ങള്‍ ഉയര്‍ന്നു. ഇത് സംഘര്‍ഷത്തിലേക്ക് നയിച്ചു. ഇതിന് പിന്നാലെയാണ് ദമ്പതികള്‍ കായംകുളത്തേക്ക് പലായനം ചെയ്തത്’- ഗയ പറഞ്ഞു.
അവരുടെ വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുന്നതിന് കായംകുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഗയ പറഞ്ഞു. ആശ ‘ദുരഭിമാനക്കൊലയ്ക്ക്’ ഇരയാകുമെന്ന് ഭയന്ന് ദമ്പതികള്‍ കേരള ഹൈക്കോടതിയില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഒരു റിട്ട് ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്. ദമ്പതികള്‍ ആവശ്യപ്പെട്ടാല്‍ ആവശ്യമായ സംരക്ഷണം നല്‍കുമെന്ന് കായംകുളം ഡിവൈഎസ്പി എന്‍ ബാബുക്കുട്ടന്‍ പറഞ്ഞു.