Dummy article - ഉത്തരകാശി തുരങ്ക ദുരന്തം,രക്ഷാ ദൗത്യത്തിന് അന്താരാഷ്‌ട്ര വിദഗ്‌ധരെത്തി ; പ്രതീക്ഷയോടെ രാജ്യം

google news
Hero image
 

ഉത്തരാഖണ്ഡ് : ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ (Silkyara Tunnel) കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ഓപ്പറേഷന്‍ സുരംഗ് ദൗത്യം (Operation Surang) 9-ാം ദിവസവും തുടരുന്നു. തൊഴിലാളികള്‍ കുടുങ്ങി 216 മണിക്കൂറോളം പിന്നിടുമ്ബോള്‍ ഇവരെ പുറത്തെത്തിക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങളാണ് ഉത്തരാഖണ്ഡ് സര്‍ക്കാരും കേന്ദ്ര ഗവണ്‍മെന്‍റും നടത്തുന്നത്. അന്താരാഷ്ട്ര ടണലിങ് വിദഗ്‌ധന്‍ പ്രൊഫ. അര്‍നോള്‍ഡ് ഡിക്‌സ് അടക്കമുള്ളവരുടെ സഹായത്തോടെയാണ് നിലവില്‍ രക്ഷാ ദൗത്യം പുരോഗമിക്കുന്നത് (International Tunneling Expert Arnold Dix Arrives At Uttarakhand Mission Site). 

 

ദൗത്യ പ്രദേശത്തെത്തിയ പ്രൊഫ. ഡിക്‌സ് സില്‍ക്യാര ടണല്‍ സൈറ്റില്‍ പരിശോധന നടത്തുകയും, രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏജൻസികളുമായി സംസാരിക്കുകയും ചെയ്‌തു. ഒന്നിലധികം ഏജൻസികളും പദ്ധതികളും ഉള്ളതിനാല്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാന്‍ ഏറ്റവും മികച്ച പരിഹാരം കണ്ടെത്താനാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

"ഞങ്ങള്‍ ആ മനുഷ്യരെ പുറത്തെത്തിക്കാന്‍ പോകുന്നു. വലിയ ജോലിയാണ് ഇവിടെ നടക്കുന്നത്. ഞങ്ങളുടെ മുഴുവൻ ടീമും ഇവിടെയുണ്ട്, ഞങ്ങള്‍ ഒരു പരിഹാരം കണ്ടെത്തി അവരെ പുറത്തിറക്കാൻ പോകുകയാണ്. ഇവിടെ ധാരാളം ജോലികള്‍ നടക്കുന്നു. രക്ഷിക്കപ്പെടേണ്ടവരുടെ സുരക്ഷ പോലെ തന്നെ പ്രധാനമാണ് രക്ഷിക്കുന്നവരുടെ സുക്ഷയും. ലോകം മുഴുവന്‍ നമ്മെ സഹായിക്കുന്നു. ഇവിടെയുള്ള ടീം അതിശയിപ്പിക്കുന്നതാണ്. പദ്ധതികളും അതിശയകരമാണ്. ജോലി വളരെ ചിട്ടയായാണ് നടക്കുന്നത്. കുടുങ്ങിയവര്‍ക്ക് ഭക്ഷണവും മരുന്നുകളും കൃത്യമായി നല്‍കുന്നു."- പ്രൊഫസര്‍ ഡിക്‌സ് മാധ്യമങ്ങളോട് പറഞ്ഞു.

ഭൂഗര്‍ഭത്തിലൂടെയുള്ള തുരങ്ക നിര്‍മ്മാണത്തിലും, അതിനുവേണ്ട ഗതാഗത - അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും വിദഗ്‌ധനാണ് പ്രൊഫ. അര്‍നോള്‍ഡ് ഡിക്‌സ്. തുരങ്ക നിര്‍മ്മാണത്തിനിടെ ഉണ്ടായേക്കാവുന്ന വെല്ലുവിളികളെപ്പറ്റിയും, അപകട സാധ്യതകളെപ്പറ്റിയും, അപകടം നടന്നാല്‍ നടത്തേണ്ട രക്ഷാ പ്രവര്‍ത്തനങ്ങളെപ്പറ്റിയും വ്യക്‌തമായ അവഗാഹമുള്ളയാളാണ് ഇന്‍റര്‍നാഷണല്‍ ടണലിംഗ് ആന്‍ഡ് അണ്ടര്‍ഗ്രൗണ്ട് സ്പേസ് അസോസിയേഷന്‍ പ്രസിഡന്‍റ് കൂടിയായ പ്രൊഫ. ഡിക്‌സ്.

രക്ഷാ ദൗത്യവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുമായി (Pushkar Singh Dhami) ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. 41 തൊഴിലാളികളെ രക്ഷിക്കാന്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഇരുവരും ചര്‍ച്ച ചെയ്‌തു.

തകര്‍ന്ന തുരങ്ക ഭാഗത്ത് യുഎസ് നിര്‍മ്മിത ഓഗര്‍ മെഷീനുകള്‍ ഉപയോഗിച്ച്‌ അവശിഷ്‌ടങ്ങള്‍ നീക്കം ചെയ്യുന്ന ജോലിയാണ് നിലവില്‍ പുരോഗമിക്കുന്നത്. ഇതോടൊപ്പം കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ മനോവീര്യം നിലനിര്‍ത്താൻ അവരുമായി വാക്കി ടോക്കിയിലൂടെ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ഇതിനോടകം ഇവിടേക്ക് വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവര്‍ക്കാവശ്യമായ വെള്ളവും ഭക്ഷണവും പൈപ്പ് ലൈനുകളിലൂടെ ലഭ്യമാക്കുന്നുണ്ട്. 4 ഇഞ്ച് കംപ്രസര്‍ പൈപ്പ് ലൈൻ വഴി ചന്ന, പൊരി, ഡ്രൈഫ്രൂട്ട്, മരുന്നുകള്‍ എന്നിവ സുഗമമായി നല്‍കാനാകുന്നുണ്ട്.

Tags