മഞ്ജു വാര്യരുടെ എസ്ഡിപിഐ ബന്ധം പുറത്തായോ? പ്രചരിക്കുന്നത് വ്യാജ വാർത്ത

02
കുറച്ചു ദിവസം മുമ്പാണ് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിൽ നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയത്. ഇതിനിടയിൽ  മഞ്ജുവിനെപ്പറ്റി മറ്റൊരു വാർത്തയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നടിയുടെ എസ്ഡിപിഐ ബന്ധം പുറത്തായി എന്നും പൗരത്വ നിയമ (CAA) വിരുദ്ധ കലാപം നടത്താൻ മഞ്ജു വാര്യർക്ക് വിദേശഫണ്ട് ലഭിച്ചുവെന്നും അവകാശപ്പെടുന്ന 24ന്യൂസ് ലോഗോ അടങ്ങിയ കാർഡ് ഉപയോഗിച്ചുകൊണ്ടുള്ള  പ്രചാരണമായിരുന്നു അത്. "കാശ് ഉണ്ടാക്കുന്ന വഴി നോക്കിയേ," എന്ന കുറിപ്പിനൊപ്പം ആണ് പോസ്റ്റർ പ്രചരിച്ചത്. എന്നാൽ പ്രചരിക്കുന്ന വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ ന്യൂസ് കാർഡ് വ്യാജമാണ്.

1

24ന്യൂസ് ചാനലിന്റെ ഫേസ്ബുക്ക്, ട്വിറ്റർ പേജുകൾ പരിശോധിച്ചു. പ്രചരിക്കുന്ന കാർഡിൽ ഏപ്രിൽ 19 എന്ന തീയതി നൽകിയിരിക്കുന്നതിനാൽ. അന്നേ ദിവസം മഞ്ജു വാര്യരേ സംബന്ധിച്ച് ട്വൻറി ഫോർ ന്യൂസ് നൽകിയ വാർത്തകൾ പരിശോധിച്ചു. എന്നാൽ നടിയെ ആക്രമിച്ച കേസിൽ നിർണ്ണായകമായ ശബ്ദരേഖയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതുമായി ബന്ധപ്പെട്ട ഒരു വാർത്തയിലാണ് മഞ്ജുവിനെപ്പറ്റി പരാമർശമുള്ളത്. ഇതല്ലാതെ താരത്തെപ്പറ്റി മറ്റുവാർത്തകളൊന്നും ചാനൽ അന്ന് നൽകിയിരുന്നില്ല. 24 ന്യൂസുമായി ബന്ധപ്പെട്ടപ്പോൾ ഇങ്ങനെയൊരു കാർഡോ വാർത്തയോ സ്ഥാപനം നൽകിയിട്ടില്ലെന്നും, ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്നും സ്ഥിരീകരണം ലഭിച്ചു. ഇതോടെ പ്രചരിക്കുന്ന കാർഡ് വ്യാജമാണെന്ന് ഉറപ്പായി. 

2

CAA പ്രക്ഷോഭത്തിന് പിന്നാലെ 2020 ജനുവരിയിൽ ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് നേരെ നടന്ന  അക്രമം രാജ്യത്തുടനീളം പ്രതിഷേധങ്ങൾ ഉണ്ടാക്കിയിരുന്നു. ഈ സംഭവത്തിന് പിന്നാലെ മലയാളം സിനിമയിലെ പല പ്രമുഖ താരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ സംഭവത്തെ അപലപിക്കുകയും വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ നിരയിൽ മഞ്ജുവാര്യരും ഉണ്ടായിരുന്നു. ഇതിൽനിന്ന് മഞ്ജുവാര്യർക്ക് എസ്ഡിപിഐ ബന്ധമുണ്ടെന്നും CAA-വിരുദ്ധ കലാപങ്ങളിൽ പങ്കെടുക്കാൻ വിദേശത്തുനിന്ന് പണം ലഭിച്ചുവെന്നും അവകാശപ്പെടുന്ന വാർത്താ കാർഡ് പൂർണമായും വ്യാജമാണെന്ന് വെക്തമായി.