വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നവരെ പൊലീസ് മര്‍ദ്ദിക്കുന്ന വീഡിയോ കേരളത്തിലേതോ?

01

കുത്തിയൊലിക്കുന്ന ഒരു വെള്ളച്ചാട്ടത്തിനു സമീപം നിന്ന് കുറച്ച് യുവാക്കളെ പൊലീസ് ലാത്തിവീശി ഓടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. കോഴിക്കോട് ജില്ലയിലെ തുഷാരഗിരി, ആനക്കാംപൊയില്‍ എന്നീ മേഖലകളില്‍ നിന്നുള്ള ദൃശ്യം എന്ന രീതിയിലാണ് ഇത് പ്രചരിക്കുന്നത്. 'ഇനി കുളിക്കാന്‍ ആനക്കാംപൊയില്‍, തുഷാരഗിരി തുടങ്ങിയ ഭാഗങ്ങളിലേക്ക് പോയാലുള്ള അനുഭവം ഇതായിരിക്കും' എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റർ പ്രചരിക്കുന്നത്. എന്നാല്‍, പ്രചരിക്കുന്ന ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ വീഡിയോ കേരളത്തിലേതല്ല. പ്രചരിക്കുന്ന വീഡിയോയില്‍ വെള്ളത്തിന്റെ ശബ്ദവും, കൂടി നില്‍ക്കുന്ന യുവാക്കളുടെ ആരവവും കേള്‍ക്കാനാകും. വീഡിയോയ്ക്കിടെ കേള്‍ക്കുന്ന ഭാഷ മലയാളമല്ല. സൂക്ഷമമായി ശ്രദ്ധിച്ചപ്പോള്‍ ഇത് ഹിന്ദിയോ സമാനമായ മറ്റു ഭാഷയോ ആയിരിക്കാമെന്ന് തോന്നും. വെള്ളച്ചാട്ടത്തിന് സമീപത്തുകൂടി മലയിലേക്ക് കയറാന്‍ ശ്രമിച്ച യുവാക്കളെയാണ് പൊലീസ് വിരട്ടുകയും ലാത്തി ഉപയോഗിച്ച് അടിച്ചോടിക്കുകയും ചെയ്യുന്നതെന്ന് മനസിലാകും. താഴെ അരുവിയില്‍ കുളിക്കുകയും ചിത്രങ്ങളെടുക്കുകയും ചെയ്യുന്ന യുവാക്കളാണ് കാഴ്ചക്കാര്‍. ഇവരില്‍ ആരോ പകര്‍ത്തിയ വീഡിയോ ആണിതെന്ന് വ്യക്തമാകും. 

1

തുഷാരഗിരി, ആനക്കാംപെയില്‍ വെള്ളച്ചാട്ടങ്ങളില്‍ ഇത്തരം സംഭവം നടന്നിട്ടുണ്ടോ എന്നറിയാന്‍ ഞങ്ങള്‍ പരിശോധന നടത്തി. ഇതില്‍ നിന്ന് അടുത്തിടെ തുഷാരഗിരിയില്‍ ഒരാളെ ഒഴുക്കില്‍പ്പെട്ട് കാണാതായ വാര്‍ത്ത ലഭ്യമായി. ഇവിടെ കുളിക്കാനെത്തിയ അഞ്ചംഗ സംഘത്തില്‍ രണ്ടുപേര്‍ ഒഴുക്കില്‍പ്പെടുകയും ഒരാളെ രക്ഷിക്കുകയും ചെയ്തതായി ഏഷ്യനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്തയിലുണ്ട്. ശക്തമായ കുത്തൊഴുക്കുള്ളതിനാല്‍ ഇവിടേയ്ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. എന്നാല്‍ ഇത്തരമൊരു ലാത്തി ചാര്‍ജ് നടത്തിയതായി വിവരം ലഭിച്ചില്ല. തുടര്‍ന്ന് വീഡിയോ കൂടുതലായി തിരഞ്ഞപ്പോൾ ഇതുമായി ബന്ധപ്പെട്ട ചില വാര്‍ത്തകള്‍ ലഭ്യമായി. ഇതില്‍ നിന്ന് മനസിലാക്കാനായത് സംഭവം നടന്നത് മഹാരാഷ്ട്രയിലെ റൗത്ത്‌വാടി വെള്ളച്ചാട്ടത്തിലാണ് എന്നാണ്. ജൂലൈ 17ന് ന്യൂസ് 18 നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം മഹാരാഷ്ട്രയിലെ റൗത്ത്‌വാടി വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തിയ യുവാക്കളെയാണ് പൊലീസ് വിരട്ടിയോടിക്കുന്നത്. കനത്ത മഴയെത്തുടര്‍ന്ന് ഡാമുകളും ജലാശയങ്ങളും നിറഞ്ഞ് വലിയ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലും അപകടകരമാം വിധം വെള്ളച്ചാട്ടത്തിനു സമീപമുള്ള കുന്നിലേക്ക് അതിസാഹസികമായി കയറാന്‍ ശ്രമിച്ച യുവാക്കളെ പൊലീസ് വിരട്ടിയോടിക്കുകയായിരുന്നു. ഇതോടെ പ്രചരിക്കുന്ന വീഡിയോ കേരളത്തിലേതല്ലെന്നും മഹാരാഷ്ട്രയിലെ റൗത്ത് വാടി വെള്ളച്ചാട്ടത്തില്‍ അടുത്തിടെ നടന്ന സംഭവമാണെന്നും വ്യക്തമായി.