തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർഥി കെ എസ് അരുൺകുമാർ അല്ല, ഡോ. ജോ ജോസഫ്

01

തൃക്കാക്കര നിയമസഭാ മണ്ഡലത്തിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഉമാ തോമസും എൽഡിഎഫ് സ്ഥാനാർത്ഥിയായി ഡോക്ടർ ജോ ജോസഫും മത്സരിക്കുമെന്ന് ഉറപ്പായതോടെ ഇരുമുന്നണികളും പ്രചരണ രംഗത്ത് സജീവമാണ്. സ്ഥാനാർഥികളുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ പല അഭ്യൂഹങ്ങളും വന്നിരുന്നു. അക്കൂട്ടത്തിൽ ഒന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഎമ്മിന്റെ അഡ്വക്കേറ്റ് കെ എസ് അരുൺകുമാർ ആകും തൃക്കാക്കരയിൽ മത്സരിക്കുക എന്ന വാദം. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതിനും മുമ്പുതന്നെ അരുൺകുമാറിനായുള്ള പ്രചരണം സമൂഹമാധ്യമങ്ങളിൽ ആരംഭിച്ചിരുന്നു. എന്നാൽ സ്ഥാനാർഥി എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്‌ധൻ ഡോ ജോ ജോസഫ് ആണ് എന്ന സ്ഥിരീകരണത്തിനുശേഷവും അരുൺകുമാറിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റുകൾ ഇപ്പോപ്പഴും സുലഭമാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് പോസ്റ്ററുകൾ പ്രചരിക്കുന്നത്. 

3

എൽ.ഡി.എഫ് നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിൽ മെയ് അഞ്ചിനാണ് മുന്നണിയുടെ കൺവീനർ ഇ പി ജയരാജൻ ഡോക്ടർ ജോ ജോസഫിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. തുടർന്ന് ഡോക്ടർ ജോ ജോസഫ് തന്നെ മന്ത്രി പി രാജീവ്, മുൻ എംഎൽഎ എം സ്വരാജ് എന്നിവരുടെ സാന്നിധ്യത്തിൽ ലിസി ഹോസ്പിറ്റലിൽ വെച്ച് മാധ്യമങ്ങളുമായി സംസാരിച്ചു. എന്നാൽ മെയ് 4 മുതൽ അരുൺകുമാറിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി അവതരിപ്പിച്ചു കൊണ്ടുള്ള പോസ്റ്റുകൾ നവമാധ്യമങ്ങൾ നിറഞ്ഞിരുന്നു. അരുൺകുമാറിനായി വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റുകളും മണ്ഡലത്തിൽ നടന്നുവരുന്ന ചുവരെഴുത്തുകളുടെ ചിത്രങ്ങളും  ഇക്കൂട്ടത്തിൽ പലരും പങ്കുവച്ചിരുന്നു. മെയ് അഞ്ചിന് ഔദ്യോഗികമായി മുന്നണി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനെ തുടർന്ന് ഈ പോസ്റ്റുകളിൽ ഭൂരിഭാഗവും അപ്രത്യക്ഷമായി. എന്നാൽ മെയ് അഞ്ചുവരെ പ്രചരിച്ചിരുന്ന ഫോട്ടോകളുടെയും പോസ്റ്റുകളുടെയും സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ചുകൊണ്ട് യുഡിഎഫ്, ബിജെപി അനുഭാവമുള്ള പ്രൊഫൈലുകൾ ട്രോളുകളും പരിഹാസ കുറിപ്പുകളൂം ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്.

2

ഡോ ജോ ജോസഫാണ് സ്ഥാനാർത്ഥി എന്നുറപ്പായതോടെ പലരും നീക്കംചെയ്ത പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ ഇങ്ങനെ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്. അരുൺകുമാറിനായി വോട്ട് ചോദിച്ചുകൊണ്ടുള്ള പോസ്റ്റുകളിൽ അധികവും ഇങ്ങനെ പ്രചരിപ്പിക്കപ്പെടുന്നവയാണ്. എങ്കിലും ഫേസ്‌ബുക്കിൽ നടത്തിയ തിരച്ചിലിൽ ജോ ജോസഫിൻറെ സ്ഥാനാർഥിത്വം ഔദ്യോഗികമായി വന്നിട്ടും അരുൺകുമാറിന് വേണ്ടിയുള്ള പ്രചരണം പൂർണമായും നിലച്ചിട്ടില്ല എന്ന് മനസ്സിലാക്കാൻ സാധിച്ചു. ഡോക്ടറുടെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കപ്പെട്ടതിന് മുമ്പ് ഷെയർ ചെയ്ത പോസ്റ്റുകളിൽ പലതും ഇപ്പോഴും ഫേസ്ബുക്കിൽ ലഭ്യമാണ്. സ്ഥാനാർത്ഥിയുടെ പേര് ഇടതുമുന്നണി കൺവീനറുടെ നേതൃത്വത്തിലാണ് പ്രഖ്യാപിച്ചതെന്നും ഡോക്ടർ ജോ ജോസഫിന്റെ പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നുമാണ് മെയ് 5ന് അരുൺ കുമാർ പറഞ്ഞത്. സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ട്രോളുകളെ രാഷ്ട്രീയമായാണ് കാണുന്നതെന്നും അതിനെ ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞതായുള്ള റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട് യാതൊരു അടിസ്ഥാനവുമില്ലാത്ത സമൂഹ മാധ്യമ പ്രചരണത്തിന്റെ ചുവട് പിടിച്ചാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ  എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് കെ എസ് അരുൺകുമാർ ആണ് എന്ന പ്രചാരണം നടക്കുന്നത് എന്ന് വ്യക്തമായി. 

1