ഒ​മാ​നി​ലെ മു​ഴു​വ​ൻ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളും ജൂ​ൺ പ​ത്തി​ന് അ​ട​ക്കും

school

മ​സ്ക​ത്ത്: ഒ​മാ​നി​ലെ മു​ഴു​വ​ൻ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളും ജൂ​ൺ പ​ത്തി​ന് അ​ട​ക്കും. ഇ​തോ​ടെ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​ട​ക്ക​മു​ള്ള വി​മാ​ന ക​മ്പ​നി​ക​ൾ നി​ര​ക്കു​ക​ൾ ഉ​യ​ർ​ത്താ​ൻ തു​ട​ങ്ങി. സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന ആ​ഗ​സ്​​റ്റ്​ ആ​ദ്യ​വാ​ര​ത്തി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള നി​ര​ക്കു​ക​ളും ഉ​യ​ർ​ന്ന​താ​ണ്. വേ​ന​ല​വ​ധി ആ​രം​ഭി​ക്കു​ന്ന​ത് ജൂ​ൺ പ​ത്ത് മു​ത​ൽ 20 വ​രെ​യാ​ണ്. ആ​ഗ​സ്റ്റ്​ പ​ത്തോ​ടെ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യും. ഇ​ത് ചൂ​ഷ​ണം ചെ​യ്താ​ണ് വി​മാ​ന ക​മ്പ​നി​ക​ൾ നി​ര​ക്കു​ക​ൾ ഉ​യ​ർ​ത്തു​ന്ന​ത്.

സ്കൂ​ളു​ക​ൾ അ​ട​ക്കു​ന്ന ജൂ​ൺ ഒ​മ്പ​തു വ​രെ കേ​ര​ള​ത്തി​ലെ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കും താ​ര​ത​മ്യേ​ന കു​റ​ഞ്ഞ നി​ര​ക്കാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​ട​ക്ക​മു​ള്ള വി​മാ​ന ക​മ്പ​നി​ക​ൾ ഈ​ടാ​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലെ ചി​ല സെ​ക്ട​റു​ക​ളി​ലേ​ക്ക് 55 റി​യാ​ലി​ന് താ​ഴെ ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കു​ന്നു​ണ്ട്. ഈ ​മാ​സം ചി​ല ദി​വ​സ​ങ്ങ​ളി​ൽ മ​സ്ക​ത്തു​നി​ന്ന് കോ​ഴി​ക്കോ​​ട്ടേ​ക്ക് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന് 47 റി​യാ​ലി​ന് വ​രെ ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കു​ന്നു​ണ്ട്. ചി​ല ദി​വ​സ​ങ്ങ​ളി​ൽ മ​സ്ക​ത്തി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്കും 43 റി​യാ​ലി​ന് ടി​ക്ക​റ്റു​ക​ളു​ണ്ട്. എ​ന്നാ​ൽ, ക​ണ്ണൂ​രി​ലേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​മു​ള്ള നി​ര​ക്കു​ക​ളും താ​ര​ത​മ്യേ​ന കൂ​ടു​ത​ലാ​ണ്.

ജൂ​ൺ പ​ത്ത് മു​ത​ൽ കൊ​ച്ചി​യി​ലേ​ക്കു​ള്ള കു​റ​ഞ്ഞ നി​ര​ക്ക് 119 റി​യാ​ലാ​ണ്. 17ന് 161 ​റി​യാ​ലാ​യി ഉ​യ​രു​ന്നു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള കു​റ​ഞ്ഞ നി​ര​ക്ക് 109 റി​യാ​ലാ​ണ്. 17ന്​ 148 ​റി​യാ​ലാ​യി ഉ​യ​രു​ന്നു​ണ്ട്. ക​ണ്ണൂ​രി​ലേ​ക്ക് ജൂ​ൺ ഒ​മ്പ​തി​നു​ത​ന്നെ 137 ആ​ണ്​ നി​ര​ക്ക്. പി​ന്നീ​ട് നി​ര​ക്കു​ക​ൾ ചെ​റു​താ​യി കു​റ​യു​ന്നു​ണ്ടെ​ങ്കി​ലും 100 റി​യാ​ലി​ന് താ​ഴേ​ക്ക് പോ​വു​ന്നി​ല്ല.