ഖത്തറിന്റെ പുതിയ ദേശീയ ചിഹ്നം പുറത്തിറക്കി

qatar
 

ഖത്തറിന്റെ പുതിയ ദേശീയ ചിഹ്നം പുറത്തിറക്കി. ഖത്തര്‍ നാഷണല്‍ മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ ഖത്തര്‍ പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനിയാണ് ചിഹ്നം അനാച്ഛാദനം ചെയ്തത്. ചരിത്രപരമായി പ്രാധാന്യമുള്ള അടയാളങ്ങളായ 'സ്ഥാപകന്റെ ഉടവാള്‍', ഈന്തപ്പന, സമുദ്രം, മരം കൊണ്ട് നിര്‍മ്മിച്ച ജാല്‍ബൂത് എന്ന പരമ്പരാഗത വള്ളം എന്നിവ ഉള്‍പ്പെടുത്തിയതാണ് പുതിയ ദേശീയ ചിഹ്നം. 

സ്റ്റേറ്റ് ഓഫ് ഖത്തറിന്റെ ദേശീയ ചിഹ്നത്തിന്റെ 1966 മുതല്‍ ഇതുവരെയുള്ള ചരിത്രം വ്യക്തമാക്കുന്ന ഒരു വീഡിയോ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് പങ്കുവെച്ചിട്ടുണ്ട്.വെളുത്ത പ്രതലത്തില്‍ മെറൂണ്‍ നിറത്തിലാണ് ദേശീയ ചിഹ്നം രൂപകല്പന ചെയ്തിരിക്കുന്നത്. ഖത്തറിന്റെ സംസ്‌കാരം, ഭൂതകാലം, വര്‍ത്തമാനകാലം, ഭാവി എന്നിവയുടെ സമന്വയമാണ് ഈ പുതിയ ദേശീയ ചിഹ്നമെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് അറിയിച്ചു. 

പരമ്പരാഗത മൂല്യങ്ങളെയും, സാംസ്‌കാരികത്തനിമയെയും ചേര്‍ത്ത് പിടിച്ച് കൊണ്ട് ഭാവിയെ ലക്ഷ്യം വെയ്ക്കുന്ന രീതിയിലാണ് ഈ ചിഹ്നം രൂപപ്പെടുത്തിയിരിക്കുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.