യുഎഇയില്‍ കരിയര്‍ ഗുരുവിന്റെ ആദ്യ ബ്രാഞ്ചിന് തുടക്കം കുറിച്ചു

career guru
 

ഷാര്‍ജ : കോഴ്‌സുകള്‍, സ്ഥാപനങ്ങള്‍, അഡ്മിഷന്‍ രീതികള്‍, അറിയിപ്പുകള്‍ എന്നിവയെകുറിച്ച് വിശദമായ വിവരങ്ങള്‍  അറിയുന്നതിന് വിദ്യാര്ഥികളെയും രക്ഷിതാക്കളെയും സഹായിക്കുന്ന മികച്ച കരിയര്‍ ഗൈഡന്‍സ് സ്ഥാപനമായ കരിയര്‍ ഗുരുവിന്റെ  യുഎഇയിലെ  ആദ്യ ബ്രാഞ്ചിന് തുടക്കം കുറിച്ചു.

കഴിഞ്ഞ ദിവസം  ഷാര്‍ജയിലെ ദമാസ് 2000 ബില്‍ഡിങ്ങില്‍ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം ഷാര്‍ജ രാജകുടുംബാംഗം ഹിസ് ഹൈനസ് ശൈഖ് അബ്ദുല്‍ അസീസ് ഹുമൈദ് അല്‍ ഖാസിമി, പ്രമുഖ കരിയര്‍ ഗൈഡന്‍സ് വിദഗ്ധനും കരിയര്‍ ഗുരുവിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എം.എസ്.ജലീല്‍, യാബ് ലീഗല്‍ സര്‍വീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. 

നാളിതുവരെയായി കുട്ടികളുടെ അഭിരുചിയും താല്‍പര്യവും എന്താണെന്ന് ശാസ്ത്രീയമായി തിരിച്ചറിഞ്ഞ് അവര്‍ക്ക് വേണ്ട ഗൈഡന്‍സ് നല്‍കി വിജയത്തിന്റെ പാതയിലേക്ക് എത്തിക്കുന്ന കരിയര്‍ ഗൈഡന്‍സ് സ്ഥാപനമാണ് കരിയര്‍ ഗുരു. കഴിഞ്ഞ 13 വര്‍ഷക്കാലമായി കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കരിയര്‍ ഗുരുവിന്റെ പ്രവാസലോകത്തെ ആദ്യ ചുവടുവെപ്പിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. 

ചടങ്ങില്‍ അബുദാബിയിലെ ഫിനാന്‍ഷ്യല്‍ അക്കാദമിയുടെ സീനിയര്‍ ഡയറക്ടര്‍ സംഗീത് ഇബ്രാഹിം, സദ്ഭവന ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ അമീര്‍ തയ്യില്‍, കരിയര്‍ ഗുരുവിന്റെ ഡയറക്ടര്‍ ഫിറോസ് ബാബു, അഡ്വ. മുഹമ്മദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ സുഐദി, ലോയി അബു അമ്ര തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.