വിമാനക്കമ്പനികൾ മത്സരിച്ച് നിരക്ക് ഉയർത്തിയതോടെ നാട്ടിലേക്ക് പോകാൻ കഴിയാതെ സാധാരണക്കാരായ പ്രവാസികൾ

flight

അബുദാബി∙ വിമാനക്കമ്പനികൾ മത്സരിച്ച് നിരക്ക് ഉയർത്തിയതോടെ നാട്ടിലേക്ക് പോകാൻ കഴിയാതെ സാധാരണക്കാരായ പ്രവാസികൾ. നേരിട്ടുള്ള വിമാനങ്ങളിൽ സിറ്റ് കിട്ടാനില്ല. കണക്​ഷൻ വിമാനങ്ങളിലാകട്ടെ ആറിരട്ടി നിരക്കും. കോവിഡ് മൂലം നാട്ടിലേക്ക് പോകാൻ കഴിയാതെ വിഷമിച്ച പലരും ഈദ് ആഘോഷിക്കാനെങ്കിലും നാട്ടിൽ പോകാമെന്ന് കരുതിയെങ്കിലും അതിനും കഴിയാതെ വിഷമിക്കുകയാണ്. 

യുഎഇയിൽനിന്ന് കേരളത്തിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന വിമാനങ്ങളിൽ സീറ്റില്ല. ചില വിദേശ എയർലൈനിൽ പരിമിത സീറ്റ് ലഭ്യമാണെങ്കിലും ആറിരട്ടി തുക നൽകണം. മറ്റു രാജ്യങ്ങൾ വഴി കണക്​ഷൻ വിമാനത്തിൽ പോകുകയാണെങ്കിലും‍ ഏതാണ്ട് ഇതേ നിരക്ക് നൽകേണ്ടിവരും.

യുഎഇയിൽ പെരുന്നാളിന് ഒൻപത് ദിവസത്തെ അവധി പ്രഖ്യാപിച്ചതോടെ നാട്ടിലേക്കു പോകാനായി ടിക്കറ്റ് ബുക്ക് ചെയ്ത് പലരുടെയും കൈ പൊള്ളി. അഞ്ചിരട്ടി വരെയായിരുന്നു കഴിഞ്ഞ ആഴ്ചത്തെ വർധന.

ഇന്നലെ ടിക്കറ്റിനായി സമീപിച്ചവരോട് 2550 ദിർഹം (53126 രൂപ) മുടക്കാനുണ്ടെങ്കിൽ ഒരു വൺവേ ടിക്കറ്റ് ഒപ്പിക്കാമെന്നായിരുന്നു ട്രാവൽ ഏജന്റുമാരുടെ മറുപടി. പത്തു ദിവസം മുൻപ് 350 ദിർഹത്തിന് (7291 രൂപ) ലഭിച്ചിരുന്നു. മുംബൈ, ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കൊളംബൊ തുടങ്ങി സ്ഥലങ്ങൾ വഴി കണക്​ഷൻ വിമാനത്തിന് 2100 ദിർഹത്തിനു (43751 രൂപ) മുകളിലാണ് ശരാശരി നിരക്ക്.