റസ്റ്ററന്റ് നിക്ഷേപ തട്ടിപ്പിലൂടെ കോടികൾ തട്ടിയ മലയാളി ഇന്ത്യയിൽ നിന്ന് മുങ്ങി യുഎഇയിൽ

google news
uae currency

chungath new advt

ദുബായ്∙ കേരളത്തിലും കർണാടകയിലും ഫാസ്റ്റ്ഫുഡ് റസ്റ്ററന്റ് നിക്ഷേപ തട്ടിപ്പിലൂടെ കോടികൾ കൈക്കലാക്കിയ കോഴിക്കോട് കല്ലായി ആസ്ഥാനമായുള്ള റിജിഡ് ഫുഡ്സ് ഉടമ കോയത്തൊടുകയിൽ എം.എച്ച്. ഷുഹൈബ് ഇന്ത്യയിൽ നിന്ന് മുങ്ങി യുഎഇയിലെത്തിയതായി വിവരം ലഭിച്ചു. ഇയാളുടെ ഇരകളായ ഗൾഫിലെ പ്രവാസി മലയാളികള്‍ക്കാണ് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. 

താമസ കേന്ദ്രം കണ്ടെത്തിയാൽ ഇയാളെ കേരളത്തിൽ നിയമത്തിന് മുൻപിലെത്തിക്കാനുള്ള നടപടികൾ എല്ലാവരും ചേർന്ന് തീരുമാനിക്കും. കേരളത്തിലും കർണാടകത്തിലും ഫാസ്റ്റ്ഫുഡ് ശൃംഖല തുടങ്ങാനെന്ന പേരിൽ സമൂഹ മാധ്യമം ഉപയോഗിച്ച് രണ്ടു വർഷം മുൻപ് തട്ടിപ്പു നടത്തിയ ഇയാൾക്കെതിരെ കേരള ഹൈക്കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് യുഎഇയിലെത്തിയത്. കർണാടകയിലെ മംഗളൂരു അത്താവര പൊലീസ് ഇയാൾക്കെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 

യുഎഇ, സൗദി എന്നിവിടങ്ങളിൽ നിന്നുള്ള  പ്രവാസി ബിസിനസുകാരെയാണ് ഷുഹൈബ് പറ്റിച്ചത്. യുഎഇയിൽ ബിസിനസ് നടത്തുന്ന കോഴിക്കോട് സ്വദേശിയിൽ നിന്ന് 67 ലക്ഷം, സൗദിയിലെ മംഗളൂരു സ്വദേശിയിൽ നിന്ന് 70 ലക്ഷം, സൗദിയിലെ തന്നെ കാസർകോട് സ്വദേശിയായ മറ്റൊരു ബിസിനസുകാരനിൽ നിന്ന് 80 ലക്ഷം എന്നിങ്ങനെയാണ് ഷുഹൈബ് തട്ടിയെടുത്തത്. സംയുക്തമായി സ്ഥാപനം ആരംഭിക്കാമെന്ന പേരിൽ വൻതുക കൈപ്പറ്റുകയും തുടങ്ങിയ ശേഷം നഷ്ടത്തിലായി എന്ന പേരിൽ പൂട്ടുകയും ചെയ്താണ് തട്ടിപ്പ് നടത്തുന്നത്.

കോഴിക്കോട് ബീച്ചിലും മലപ്പുറം പെരിന്തൽമണ്ണയിലും ഫാസ്റ്റ് ഫുഡ് കട തുടങ്ങാമെന്ന് പറഞ്ഞ് തന്നിൽ നിന്ന് 70 ലക്ഷം രൂപ കൈപ്പറ്റിയതായി മംഗ്ലുരു അത്താവര ബോലാറിലെ ടി.എം.അബ്ദുൽ വാഹിദാണ് പൊലീസിൽ പരാതി നൽകിയത്. പ്രവാസി ബിസിനസുകാരിൽ നിന്നും ഇതുപോലെ വിവിധ ഇടങ്ങളിൽ  ഫ്രാഞ്ചൈസി തു‌ടങ്ങുന്നു എന്ന് പറഞ്ഞു തന്നെയാണ് ഷുഹൈബ് പണം കൈക്കലാക്കിയത്. പിന്നീട് നഷ്ടം സംഭവിച്ചു എന്നും സ്ഥാപനം പൂട്ടുകയാണെന്നും അറിയിച്ച് പറ്റിച്ചതായി യുഎഇയിൽ ബിസിനസുകാരനായ അഹമദ് സാലി പറഞ്ഞു. 

∙ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും പ്രതി മുങ്ങി നടന്നു

പ്രവാസികളുൾപ്പെടെ ഏതാണ്ട് 15 പേരിൽ നിന്നാണ് ബർഗർ ഫാസ്റ്റ് ഫുഡ് കടകൾ തുടങ്ങാമെന്ന് പറഞ്ഞ് ഷുഹൈബ് കോടികൾ കൈക്കലാക്കിയത്. ഒരോരുത്തരിൽ നിന്ന് ഒരു കോടിയോളം രൂപ കൈക്കലാക്കിയതനുസരിച്ച് ഭീമമായ തുക ഇയാൾ സ്വന്തമാക്കി. ഇതിൽ കുറഞ്ഞ ശതമാനമേ ഇയാൾ ചെലവഴിച്ചിട്ടുള്ളൂ.

സമൂഹമാധ്യമത്തിലൂടെ ഇരകൾക്ക് വിവരം കൈമാറിയ ശേഷം മാന്യനും വിശ്വസ്തനുമാണെന്ന് പറഞ്ഞ് പണം കൈക്കലാക്കുകയായിരുന്നു. വലിയ സംഖ്യയായിരുന്നു ലാഭം വാഗ്ദാനം ചെയ്തിരുന്നത്. സ്ഥാപനം താൻ തന്നെ നോക്കിക്കോളാമെന്നായിരുന്നു മറ്റൊരു പ്രലോഭനം. തങ്ങളുടെ ഇടപെടലുകളില്ലാതെ വൻ ലാഭം ലഭിക്കുന്ന ബിസിനസിലേയ്ക്ക് മറ്റൊന്നും അന്വേഷിക്കാതെ എല്ലാവരും വൻ തുകകൾ നിക്ഷേപിച്ചു. പിന്നീട് കട തുടങ്ങിയ ശേഷം വൻ നഷ്ടത്തിലേയ്ക്ക് കുതിക്കുയാണെന്നും ഉടൻ പൂട്ടിയില്ലെങ്കിൽ ഇതിലും വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നും പറഞ്ഞ് പറ്റിക്കുകയായിരുന്നു. 

ഷുഹൈബ് തങ്ങളെ പറ്റിക്കുകയാണെന്ന് മനസിലാക്കി നിക്ഷേപകർ പലരും പൊലീസിൽ പരാതി നൽകി. ഇയാൾക്കെതിരെ മംഗളൂരു അത്താവർ പൊലീസ് സ്റ്റേഷനിലെ പരാതിക്ക് പുറമെ കോഴിക്കോട് പന്നിയങ്കര, ചമ്മങ്ങാട് പൊലീസ് സ്റ്റേഷനുകളിൽ പരാതിയുണ്ട്. അത്താവര പൊലീസ് സ്റ്റേഷൻ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് പന്നിയങ്കര പൊലീസിൽ ലഭിച്ചെങ്കിലും തങ്ങളുടെ മുന്നിലൂടെ സ്വതന്ത്രനായി നടക്കുന്ന ഷുഹൈബിനെ പിടികൂടാൻ നിയമപാലകർ തയാറാകുന്നില്ലെന്ന് തട്ടിപ്പിനിരയായവർ പരാതിപ്പെട്ടിരുന്നു. ഒടുവിൽ കേരള ഹൈക്കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചപ്പോൾ പ്രതിക്ക് വിദേശത്ത് കടക്കാനുള്ള സാഹചര്യവും ഒരുക്കി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു