‘പ്ലേഗും കോളറ’യും മത്സരിച്ച ഫ്രാൻസ്

immanuel macron

ഫ്രാൻസിന്റെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്ത രണ്ടാംഘട്ട മത്സരത്തെ പല ഫ്രഞ്ചുകാരും വിശേഷിപ്പിച്ചത് പ്ലേഗും കോളറയും തമ്മിലുള്ള മത്സരമെന്നാണ്. നിലവിലെ ഫ്രഞ്ച് പ്രസിഡന്റും മധ്യവലതുപക്ഷ നിലപാടുകാരനുമായ ഇമ്മാനുവൽ മാക്രോണും തീവ്രവലതുപക്ഷ നിലപാടുകാരിയായ മാരീൻ ലീ പെന്നും തമ്മിൽ നടന്ന മത്സരത്തിനാണ് ജനങ്ങൾ ഈ വിശേഷണം നൽകിയത്.
ഏപ്രിൽ 10നു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിൽ 12 സ്ഥാനാർഥികൾ മത്സരിച്ചതിൽ ആർക്കും 50 ശതമാനത്തിലേറെ വോട്ടു ലഭിച്ചില്ല. 28 ശതമാനത്തിലേറെ വോട്ടു നേടി ഒന്നാമതു വന്നത് നിലവിലെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും 23ശതമാനം വോട്ടു നേടി രണ്ടാമത്‌ എത്തിയത് തീവ്രദേശീയ നിലപാടുള്ള നാഷണൽ റാലി പാർടിയുടെ നേതാവ് മാരീൻ ലീ പെന്നുമാണ്. തീവ്രവലതുപക്ഷ പാർടിയായ നാഷണൽ ഫ്രണ്ട് (പിന്നീട് നാഷണൽ റാലിയായി) സ്ഥാപകനായ ഷോൺ മാരീ ലീ പെനിന്റെ മകളാണ് മാരീൻ ലീ പെൻ. ബ്രിട്ടനിലെ  ജെറമി കോർബിനെപ്പോലെയും അമേരിക്കയിലെ ബേണി സാൻഡേഴ്‌സണെപ്പോലെയും സോഷ്യലിസ്റ്റ് നേതാവായ ഴോങ്‌ ലൂക്‌ മിനോഷോം 22 ശതമാനത്തോളം വോട്ടു നേടി മൂന്നാമത്‌ എത്തിയിരുന്നു. ഒന്നും രണ്ടും സ്ഥാനത്തു വന്ന മാക്രോണും ലീ പെന്നും തമ്മിലാണ് രണ്ടാം റൗണ്ടിൽ മത്സരിച്ചത്.

വലതുപക്ഷ നിലപാടുകാരനായ മാക്രോണും തീവ്രവലതുപക്ഷ നവനാസി പാർടിയുടെ മാരീൻ ലെ പെന്നും തമ്മിലുള്ള മത്സരം സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ്‌, പുരോഗമന, പരിസ്ഥിതി പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുന്ന വോട്ടർമാരെ പ്രതിസന്ധിയിലാക്കിയെങ്കിലും അവരിൽ, വോട്ടെടുപ്പിൽ പങ്കെടുത്തവർ ഭൂരിപക്ഷവും  ലീ പെന്നിന്‌ എതിരായി മാക്രോണിനാണ് വോട്ടു രേഖപ്പെടുത്തിയത്. സമ്പന്നരുടെ പ്രസിഡന്റ് എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന മാക്രോണും നവനാസികക്ഷിയായി വിശേഷിപ്പിക്കപ്പെടുന്ന നാഷണൽ റാലിയുടെ മാരീൻ ലീ പെന്നും തമ്മിലായിരുന്നു രണ്ടാംഘട്ട മത്സരം എന്നതിനാൽ ജനങ്ങൾ ഈ തെരഞ്ഞെടുപ്പിനോട് വലിയ ആഭിമുഖ്യം കാണിച്ചില്ല. അതിനാൽ 1969നുശേഷം ഏറ്റവും കൂടുതൽ പേര് ബഹിഷ്കരിച്ച തെരഞ്ഞെടുപ്പിനാണ് ഫ്രാൻസ് സാക്ഷ്യംവഹിച്ചത്. ആകെ വോട്ടർമാരുടെ  ഏകദേശം 28 ശതമാനം പേരാണ് വോട്ടുചെയ്യാതെ ഒഴിഞ്ഞുനിന്നത്. തെരഞ്ഞെടുപ്പിൽ 58 ശതമാനത്തിലേറെ വോട്ടുനേടി വീണ്ടും വിജയിച്ചെങ്കിലും 1969നു ശേഷം തെരഞ്ഞെടുക്കപ്പെടുന്ന ഒരു പ്രസിഡന്റിനു ലഭിച്ച കുറഞ്ഞ ഭൂരിപക്ഷത്തോടെയാണ് മാക്രോൺ വീണ്ടും അധികാരത്തിലേറുന്നത്‌. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും മാരീൻ ലെ പെന്നിന് 41 ശതമാനത്തിലേറെ വോട്ടു ലഭിച്ചെന്നത് ഫ്രഞ്ച് രാഷ്ട്രീയം എങ്ങോട്ടു സഞ്ചരിക്കുന്നുവെന്നതിന്റെ സൂചനയാണ്. 2012ലും 2017ലും സ്ഥാനാർഥിയായിരുന്ന ലീ  പെന്നിന് 2017ൽ ലഭിച്ചതിനേക്കാൾ ഏഴു ശതമാനത്തോളം കൂടുതൽ വോട്ട് 2022ൽ ലഭിച്ചു. 

തെരഞ്ഞെടുപ്പു പരാജയം അംഗീകരിച്ചുകൊണ്ട് പാരീസിൽ നടത്തിയ പ്രസംഗത്തിൽ, ഇത്രയും ജനപിന്തുണ ലഭിച്ചതിനാൽ, തന്റെ പരാജയത്തെ വിജയമെന്നു വിശേഷിപ്പിച്ച ലീ പെൻ പറഞ്ഞത്, പാർടി മുന്നോട്ടുവച്ച ആശയങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചിരിക്കുന്നുവെന്നാണ്. അതിനാൽ ഈവർഷം ജൂണിൽ നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലും അഞ്ചു വർഷത്തിനുശേഷം നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലും വിജയിക്കാമെന്നാണ് ലീ പെൻ പ്രതീക്ഷിക്കുന്നത്. 2017ൽ ഇരുവരും ആദ്യമായി ഏറ്റുമുട്ടിയപ്പോൾ മാക്രോൺ 66 ശതമാനം വോട്ടു നേടിയാണ് വിജയിച്ചതെങ്കിൽ ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ 2022ൽ ലീ പെന്നിന്റെ വോട്ട് 2017ലെ 34ൽനിന്ന്‌ 41 ശതമാനമായി വർധിച്ചു. ഇത് ഫ്രാൻസിലെ വലതുപക്ഷ തീവ്രവാദശക്തികൾക്ക്  വർധിച്ചുവരുന്ന സ്വീകാര്യതയുടെ തെളിവായി വിലയിരുത്താവുന്നതാണ്.

വലത്തേക്കു തിരിയുന്ന ഫ്രാൻസ്
സമ്പന്നവിഭാഗങ്ങളെ സഹായിക്കുന്ന മാക്രോണിന്റെ സാമ്പത്തികനയങ്ങൾ സാധാരണക്കാരെയും തൊഴിലാളികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ ട്യൂഷൻ ഫീസ് വർധിപ്പിക്കുക, ക്ഷേമ പെൻഷനുകൾ നിർത്തലാക്കുക, പെൻഷൻ പ്രായം വർധിപ്പിക്കുക മുതലായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മാക്രോൺ പ്രഖ്യാപിച്ചുകഴിഞ്ഞു. സാധാരണക്കാരോട് അനുഭാവം പ്രകടിപ്പിക്കുന്നതിനായി, ലീ പെൻ ഈ നയങ്ങളെ പുറമെ എതിർക്കുന്നുണ്ട്. അതോടൊപ്പം ഫ്രഞ്ച് തീവ്രദേശീയത ആളിക്കത്തിക്കുന്നതിനായി ഫ്രഞ്ചുകാർക്കു മാത്രമുള്ളതാണ് ഫ്രാൻസ്  എന്ന ആശയം മുന്നിൽവച്ചുകൊണ്ട്, മറ്റു രാജ്യങ്ങളിൽനിന്ന്‌ ഫ്രാൻസിൽ എത്തിയവർക്കെതിരായി ശക്തമായ നിലപാടാണ് ലീ പെൻ ഉയർത്തുന്നത്. തീവ്രദേശീയ നവനാസി വിഭാഗങ്ങളുടെ ഒന്നാകലിനുള്ള സാധ്യതയും തെരഞ്ഞെടുപ്പിനുശേഷം കൂടിയിട്ടുണ്ട്. തെരഞ്ഞെടുപ്പുഫലം വന്നതിനുശേഷം പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലെ ഒന്നാം റൗണ്ടിൽ പരാജയപ്പെട്ട മറ്റൊരു നവനാസികക്ഷിയുടെ നേതാവ് എറിക് സെമൂർ, തീവ്രവലതുപക്ഷ കക്ഷികളെല്ലാം ഉടൻ ഒരുമിക്കണമെന്ന ആശയം അവതരിപ്പിച്ചുകഴിഞ്ഞു.

കഴിഞ്ഞ അഞ്ചുവർഷത്തെ മാക്രോണിന്റെ ഭരണകാലം തൊഴിലാളികൾക്കും സാധാരണക്കാർക്കും മതന്യൂനപക്ഷങ്ങൾക്കും വിദ്യാർഥികൾക്കും കഷ്ടനഷ്ടങ്ങളുടെ കാലമായിരുന്നു. ഇക്കാലയളവിൽ ചെലവുചുരുക്കലിന്റെ പേരിൽ ആരംഭിച്ച പരിഷ്കാരങ്ങൾക്കെതിരെ  വമ്പിച്ച പ്രക്ഷോഭം നടന്നു. 2018ൽ ആരംഭിച്ച മഞ്ഞയുടുപ്പു പ്രതിഷേധങ്ങൾ ഇന്ധനവില വർധന, ജീവിതച്ചെലവുകളിലെ വർധന, വർധിച്ചുവരുന്ന സാമ്പത്തികാസമത്വം എന്നിവയ്‌ക്കെതിരായുള്ളതായിരുന്നു. പെൻഷൻ പരിഷ്കരണത്തിനെതിരായി 2019ൽ ആരംഭിച്ച  റെയിൽവേ തൊഴിലാളികളുടെ പണിമുടക്ക് 1968നുശേഷം ഫ്രാൻസ്‌ കണ്ട  ഏറ്റവും വലിയ പണിമുടക്കായിരുന്നു. ഈ സമരങ്ങളെയെല്ലാം ക്രൂരമായി അടിച്ചൊതുക്കാനാണ് മാക്രോൺ ശ്രമിച്ചത്. നിരവധി മുസ്ലിം ആരാധനാലയങ്ങൾ അടച്ചുപൂട്ടി. അവർക്കെതിരെ കിരാതനിയമങ്ങളും പാസാക്കി.

മാക്രോണിന്റെ വിജയത്തോടെ ആശ്വാസത്തിന്റെ നെടുവീർപ്പിടുന്നുണ്ട് യൂറോപ്യൻ  യൂണിയൻ നേതൃത്വം. അതിനാലാണ് തെരഞ്ഞെടുപ്പുഫലം വന്നയുടൻ അവർ ഒന്നിനുപുറകെ ഒന്നായി ആശംസയുമായി എത്തിയത്. കാരണം, യൂറോപ്യൻ യൂണിയനിൽനിന്ന്‌ ഫ്രാൻസ് പുറത്തുവരണമെന്നും അതിനായി ബ്രെസ്കിറ്റിലൂടെ ബ്രിട്ടൻ പുറത്തുപോയതുപോലെ ‘ഫ്രെക്സിറ്റി'ലൂടെ ഫ്രാൻസും പുറത്തുപോകണമെന്ന നിലപാടുകാരിയാണ് ലീ പെൻ. യൂറോപ്യൻ യൂണിയനിലെ ഒരേയൊരു ആണവശക്തിയും ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗൺസിലിലെ അംഗവുമായ ഫ്രാൻസ്, ഇയുവിൽനിന്നും പുറത്തുപോകുന്നതിനെക്കുറിച്ച് ചിന്തിക്കാനാകുന്നതല്ല. റഷ്യക്കെതിരായി ഉക്രയിന് ആയുധവും അർഥവും നൽകി  യുദ്ധത്തിൽ ഉറപ്പിച്ചുനിർത്തുന്ന നാറ്റോക്കും ഇയുവിനും കൂടുതൽ കരുത്തുപകരുന്നതുകൂടിയാണ് മാക്രോണിന്റെ വിജയം.

അമേരിക്കയിൽനിന്ന്‌ പ്രസിദ്ധീകരിക്കുന്ന ‘ജെക്കോബിൻ’ മാഗസിനിൽ 2021 ഡിസംബറിൽ ടോം ബ്ലാക്ക്‌ബേൺ എഴുതിയ ലേഖനത്തിൽ  ഇമ്മാനുവൽ മാക്രോണിനെ വിശേഷിപ്പിക്കുന്നത്, ‘നവഉദാരവാദത്തിന്റെ 21–-ാം നൂറ്റാണ്ടിന്റെ മുഖം' എന്നാണ്‌. ബ്ലാക്ക്‌ബേൺ ഇങ്ങനെകൂടി പറഞ്ഞുവയ്ക്കുന്നു: മാക്രോണിലൂടെ വെളിവാകുന്നത് 21–-ാം നൂറ്റാണ്ടിൽ മധ്യവലതുപക്ഷത്തിന്റെ പ്രവർത്തനപദ്ധതികളാണ്; അത് തൊഴിലാളികൾക്കെതിരായി യുദ്ധം പ്രഖ്യാപിക്കുന്നു; ഏകാധിപത്യ വാചകമടി നടത്തുന്നു; അതിലൂടെ തീവ്രവലതുപക്ഷത്തെ ശക്തിപ്പെടുത്തുന്നു.

മാക്രോൺ നവഉദാരവാദത്തിന്റെ വികൃതമുഖം
ആഗോളവൽക്കരണത്തിന്റെ അസംതൃപ്തികൾ  തീവ്രദേശീയതയുടെയും വംശീയതയുടെയും വെറുപ്പിന്റെയും പതാകയേന്തുന്ന വലതുപക്ഷരാഷ്ട്രീയത്തിനാണ് ജന്മംനൽകിയത്. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും തീവ്രദേശീയതയും വംശീയതയും ഉയർത്തിപ്പിടിക്കുന്ന നേതാക്കൾ ഉയർന്നുവരികയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നതിന് ലോകം സാക്ഷിയാണ്. അമേരിക്കയിൽ ഡോണൾഡ്ട്രംപും ഹംഗറിയിൽ വിക്ടർ ഓർബാനും തുർക്കിയിൽ തയ്യിപ് എർദോഗനും  ശ്രീലങ്കയിൽ മഹിന്ദമാരും ഈ പുതിയ രാഷ്ട്രീയത്തിന്റെ സൃഷ്ടികളാണ്. ബ്രിട്ടനിലും  ജർമനിയിലും നെതർലൻഡ്‌സിലും മറ്റും ഭരണത്തിലേറാൻ കഴിഞ്ഞില്ലെങ്കിലും ഇത്തരം പാർടികൾ ശക്തമായ ഗ്രൂപ്പുകളായി നിൽക്കുന്നുമുണ്ട്. അതിന്റെ വളർച്ചയെത്തിയ രൂപമാണ് ഫ്രാൻസിലെ ഇപ്പോഴത്തെ രാഷ്ട്രീയം.

2017ലെ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പുവേളയിൽ ഫ്രാൻസിൽ പലയിടത്തും ഒരു ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടു. അത് ഇങ്ങനെയായിരുന്നു: മാക്രോൺ 2017 = ലീ പെൻ 2022. പ്രവചനം ഈ തെരഞ്ഞെടുപ്പിൽ ഏകദേശം ശരിയായി വന്നുവെന്നുതന്നെ പറയാം. മാക്രോൺ കൂടുതൽ തീവ്രനിലപാടുകളിലേക്കു വന്നപ്പോൾ, വോട്ടു നേടാനായി ലീ പെൻ, തീവ്രനിലപാടുകൾ അൽപ്പം മയപ്പെടുത്തി. അതുകൊണ്ടുതന്നെ ജയിച്ചെങ്കിലും മാക്രോണിന് 2017ൽ ലഭിച്ചതിനേക്കാൾ വോട്ടു കുറഞ്ഞപ്പോൾ ലീ പെന്നിന്‌ വോട്ട്‌ വർധിച്ചു.  രണ്ട്‌ പ്രധാന സ്ഥാനാർഥികളും തമ്മിലുള്ള അകലം ക്രമേണ കുറയുന്നു. ഇവർ രണ്ടും  ഫ്രാൻസിന് അപകടമാണെന്ന്  തിരിച്ചറിയുന്ന ഒരുവിഭാഗം ഫ്രാൻസിൽ ഉള്ളതുകൊണ്ടാണ് അവർ ഈ തെരഞ്ഞെടുപ്പിനെ പ്ലേഗും കോളറയും തമ്മിലുള്ള മത്സരമായി കണ്ടത്. ഇതുവരെയുള്ള സൂചന വച്ച്, 2022ലെ തെരഞ്ഞെടുപ്പ് സമാപിക്കുമ്പോൾ ഫ്രാൻസിന്റെ രാഷ്ട്രീയത്തിൽ തെളിയുന്ന ചുവരെഴുത്ത് ഇങ്ങനെയാണ്: മാക്രോൺ 2022 = ലെ പെൻ 2027. ഇപ്പോൾ ഉയർന്നുവരുന്ന ഈ രാഷ്ട്രീയ സമവാക്യം ഫ്രാൻസിനോ, യൂറോപ്പിനോ മാത്രമല്ല, മനുഷ്യതുല്യതയെ അംഗീകരിക്കുന്ന ആഗോള  രാഷ്ട്രീയത്തിനുതന്നെ ആപത്താണ്