കേരള സോപ്സ് ഇപ്പോഴും നഷ്ടത്തിലാണോ? - പി രാജീവ്

rajeev
കഴിഞ്ഞ ദിവസമാണ് മൈസൂർ സാൻ്റൽ സോപ്പിൻ്റെ ചിത്രമയച്ചുകൊണ്ട് കേരള സോപ്സ് ഇപ്പോഴും നഷ്ടത്തിലാണോ എന്ന് ഒരു സുഹൃത്ത് ചോദിച്ചത്. മുൻപ് നഷ്ടത്തിലായിരുന്നെങ്കിലും സംസ്ഥാന പൊതുമേഖയിൽ പ്രവർത്തിക്കുന്ന കേരളാ സോപ്സ് ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം തുടര്‍ച്ചയായി ലാഭം കൈവരിച്ച് മുന്നോട്ടുപോകുകയാണ്. 

എന്ന് മാത്രമല്ല നടപ്പ് സാമ്പത്തിക വർഷം ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം 571 ടൺ സോപ്പ് ഇന്ത്യയിലും വിദേശത്തുമുള്ള സോപ്പ് വിപണിയിലെത്തിക്കാൻ കേരള സോപ്സിന് സാധിച്ചിട്ടുമുണ്ട്. 

സോപ്പ് വിഭാഗത്തിൽ ചന്ദനം അടങ്ങിയ കേരള സാൻഡൽ സോപ്പിന് അയൽ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ആവശ്യക്കാരേറെയാണ്. നിലവിൽ 17 തരം സോപ്പുകൾ ഉത്പാദിപ്പിക്കുന്ന സ്ഥാപനം ഇപ്പോൾ പൊതുമേഖലാ മാസ്റ്റർ പ്ലാൻ പ്രകാരം മുഖം മിനുക്കാനുള്ള ശ്രമത്തിലാണ്. 

വൈവിധ്യവല്‍കരണത്തിലൂടെ പുതിയ മേഖലകളിലേക്ക് മുന്നേറിക്കൊണ്ട് സ്വകാര്യ നിർമ്മാതാക്കളുമായി കാര്യക്ഷമമായ മത്സരം കാഴ്ചവെക്കാനും ഇതിലൂടെ കൂടുതൽ ലാഭകരമായ ഒരു ബദൽ മാതൃക സൃഷ്ടിക്കാനും കേരള സോപ്സ് ലക്ഷ്യമിടുന്നു. അതിന്‍റെ ഭാഗമായി ലിക്വിഡ് ഡിറ്റർജൻ്റ്, ഫ്ലോർ ക്ലീനർ, ഡിഷ് വാഷ്  എന്നിവ ഉടന്‍ വിപണിയിലെത്തിക്കും. 

ഇതിനോടകം തന്നെ റിലയൻസ് ഗ്രൂപ്പുമായും അപ്പോളോ ഫാർമസി ഗ്രൂപ്പുമായും സ്ഥാപനം വിപണന  കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കയറ്റുമതി മേഖലയിലും പുതിയ വിപണികള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇതുവരെ ഇന്‍ഡ്യയിലെ ഇരുപതോളം സംസ്ഥാനങ്ങളിലും ഗള്‍ഫ് മേഖലയിലും സാന്നിധ്യമറിയിക്കാന്‍ കേരള സോപ്സിനായിട്ടുണ്ട്.