സഞ്ചാരികൾക്ക് ഹരമായ പാലക്കാടിന്റെ ചരിത്രം | History of Palakkad | Anweshanam

google news
സഞ്ചാരികൾക്ക് ഹരമായ പാലക്കാടിന്റെ ചരിത്രം | History of Palakkad | Anweshanam

കരിമ്പനകളുടെയും നെല്‍പാടങ്ങളുടെയും നാടായ പാലക്കാട്. സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട നാട്.
1957 ജനുവരി 1 -നാണ് ഗ്രാമീണ ഭംഗി എക്കാലവും നിലനിർത്തുന്ന പാലക്കാട് ജില്ലാ രൂപീകൃതമാകുന്നത്. കേരളത്തിന്‍റെ ധാന്യപ്പുര, അല്ലെങ്കിൽ കേരളത്തിന്റെ  നെല്ലറ എന്നൊക്കെ വിശേഷിപ്പിക്കുന്ന പാലക്കാട്   ജില്ലയുടെ വടക്ക് പടിഞ്ഞാറ് മലപ്പുറവും , തെക്ക് പടിഞ്ഞാറ് തൃശൂരും,  വടക്ക് കിഴക്കായി നീലഗിരിയും, കിഴക്ക് കോയമ്പത്തൂര്‍ ജില്ലയും സ്ഥിതി ചെയ്യുന്നു. 
 

2006-ലാണ് കേരളത്തിലെ ഏറ്റവും വലിയ ജില്ലയായി പ്രഖ്യാപിക്കപ്പെട്ട പാലക്കാട്, നിബിഢമായ വനങ്ങളും, നദികളും കൊണ്ടും  സമ്പന്നമാണ്. പാല മരങ്ങൾ വളർന്നു നിന്നിരുന്ന കാട് ആണ് പാലക്കാട് ആയതെന്നു പറയപ്പെടുന്നു. സംഘകാലത്ത്   'പൊറൈനാട്‌' എന്നായിരുന്നു പാലക്കാട് അറിയപ്പെട്ടിരുന്നത്. 

ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസിന്  കീഴിലെ മലബാർ ജില്ലയുടെ ഭാഗമായിരുന്ന പാലക്കാട്, സ്വാതന്ത്ര്യത്തിന് ശേഷം, 1956ൽ കേരളം രൂപീകൃതമായപ്പൊൾ സംസ്ഥാനത്തിന് കീഴിലെ ഒരു പ്രത്യേക ജില്ലയായി പാലക്കാട് മാറ്റപ്പെട്ടു. 

ഗ്രാമീണ ഭംഗി ആസ്വദിക്കാൻ സഞ്ചാരികൾ എന്നും തിരഞ്ഞെടുക്കുന്ന നാട് കൂടിയാണ് പാലക്കാട്. നിത്യഹരിത വനമേഖലകളും, വെള്ളച്ചാട്ടങ്ങളും, പാലക്കാടിന്റെ മാത്രം രുചികളും സഞ്ചാരികൾക്കിടയിൽ എന്നും പ്രസിദ്ധമാണ്. 
അതിൽ പ്രധാനമാണ് പാലക്കാട് നഗര മധ്യത്തിൽ സ്ഥിതിചെയ്യുന്ന ടിപ്പു സുൽത്താന്റെ  കോട്ട.  1766 ൽ ഹൈദർ അലി ആണ് കോട്ട നിർമ്മിച്ചത്. പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള  കോട്ട ചരിത്രത്തിലെ ഒരു പ്രധാന ഭാഗമാണ്. 

1756ൽ കോഴിക്കോട് സാമൂതിരിയുടെ ശല്യം ഒഴിവാക്കാനായി, മൈസൂർ രാജാവിന്റെ  സേനാനായകനായ ഹൈദരാലിയെ ക്ഷണിക്കാൻ പാലക്കാട് രാജാവ് തീരുമാനിക്കുന്നിടത്താണ് കോട്ടയുടെ ചരിത്രം തുടങ്ങുന്നത്. ഏറെ പ്രധാനപ്പെട്ട മൈസൂർ ആക്രമണങ്ങളുടെ സ്മാരകമാണ് പാലക്കാട് കോട്ട. 

പാലക്കടിന്റെ മറ്റൊരു പ്രത്യേകാതെയാണ് മലമ്പുഴ, പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ നായരുടെ യക്ഷിയെന്ന ശില്പവും ഇവിടെയാണ് സ്ഥാപിച്ചിട്ടുള്ളത്. മലമ്പുഴയിൽ നിന്ന് അധികം ദൂരത്തല്ലാത്ത കവ പാലക്കാടിന്റെ മറ്റൊരു പ്രത്യേകതയാണ്. 

മറ്റൊന്നാണ് ഓ വി വിജയൻറെ 'ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലിന് കാരണമായ ഗ്രാമം ; തസ്രാക്ക് സ്ഥിതിചെയ്യുന്നതും പാലക്കാട് ജില്ലയിലാണ്. 

പാലക്കടിന്റെ സഞ്ചാരവീഥികളെ പറ്റി പറയുമ്പോൾ ഒഴുവാക്കാൻ പറ്റാത്ത ഒന്നുണ്ട്; കൊല്ലങ്കോടിന്റെ ചരിത്രവും ഭംഗിയും. പച്ചപ്പുനിറഞ്ഞ നെൽവയലുകളും, ഓല മേഞ്ഞ പുരകളും,  ഇന്ത്യയിലെ ഏറ്റവും സുന്ദരമായ പത്തു ഗ്രാമങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട പാലക്കാട്ടെ കൊല്ലങ്കോട് ഗ്രാമം പഴമയുടെ ഭംഗി നിറഞ്ഞ നിരവധി കാഴ്ചകൾ നിറഞ്ഞതാണ്. 

കേരളത്തിന്റെ ഏറ്റവും പുരാതനവും സമ്പന്നവുമായ സാംസ്കാരിക പൈതൃകം പേറുന്ന നാടെന്ന ഖ്യാതി പാലക്കാടിനുണ്ട്. കേരളത്തിന്റെ മണ്ണിൽ തമിഴ് സംസ്ക്കാരവും തമിഴ് ഭാഷയും പിന്തുടരുന്ന  അഗ്രഹാരങ്ങളും, കൽപ്പാത്തി രഥോത്സവവും,  ഐതിഹ്യങ്ങളിലൂടെ പേരുകേട്ട സീതാർകുണ്ടും, പാലക്കാടിനെ കൂടുതൽ ഭംഗിയുള്ളതാക്കി മാറ്റുന്നതാണ്. 

സങ്കര ഭാഷയാണ്‌ പാലക്കാടിന്റെ ഭാഷ. 
തനി തമിഴ്‌ സംസാരിക്കുന്നവരും, ശുദ്ധ മലയാളം സംസാരിക്കുന്ന വള്ളുവനാടൻ ഗ്രാമങ്ങളും, ഗോത്രഭാഷയും  ഒക്കെ ഉൾപ്പെട്ട  ഒരു സങ്കര ഭാഷാ സംസ്കാരമാണ്‌ പാലക്കാടിന്റേത്‌. 

ഏകദേശം 700 വർഷങ്ങൾക്ക് മുമ്പ് ചേര-പാണ്ഡ്യ രാജാക്കന്മാരുടെ ഭരണകാലത്ത് തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്ന് പാലക്കാട്ടേക്ക് കുടിയേറിയതോടെയാണ് പാലക്കാട്ടുള്ള തമിഴ് ബ്രാഹ്മണരുടെ ചരിത്രം ആരംഭിക്കുന്നത്. ചരിത്രം പറയുന്നത്                          ഭരണാധികാരിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് നമ്പൂതിരി പൂജാരിമാർ ജോലി ഉപേക്ഷിച്ചതോടെ  രാജശേഖര വർമ്മൻ രാജാവ്  തഞ്ചാവൂരിൽ നിന്ന് 10 തമിഴ് ബ്രാഹ്മണ കുടുംബങ്ങളെ പാലക്കാട്ടേക്ക് കൊണ്ടുവന്ന് ക്ഷേത്രങ്ങളിൽ പൂജകൾ നടത്തിയെന്നാണ്. 

അങ്ങനെയാണ് പാലക്കാടിന്റെ മണ്ണിൽ അഗ്രഹാരങ്ങൾ ഉണ്ടായതെന്നും, പിന്നീട് കര്ണാടിക് സംഗീതവും, കൽപ്പാത്തി രതോത്സവവും ഒക്കെ പാലക്കാട് പിറവിയെടുത്തതെന്നും പറയുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags